ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

10-6-2017

നവസാഹിതി
സ്വപ്ന

വേശ്യ
■□■□■□
ഗോപകുമാര്‍ തെങ്ങമം
■□■□■□■□■□■□■□

വേശ്യയുടെ ശരീരം
ഒരു യുദ്ധഭൂമിയാണ്
കുറുനരികൾ ഓരിയിടുന്ന
ശ്മശാനമാണവളുടെ ആത്മാവ്

യോദ്ധാവിന്
ആത്മവിശ്വാസം നല്കുന്ന
പടക്കളത്തിന്റെ ഉടമയാണവൾ

യുദ്ധത്തിന്റെ
കുടിലതന്ത്രങ്ങൾ,
നിയമങ്ങൾ,
കോലാഹലങ്ങൾ,
ചതികൾ,
മിന്നൽപ്പിണരുകൾ,
ലംഘനങ്ങൾ,
നുഴഞ്ഞുകയറ്റങ്ങൾ,
നിശ്ശബ്ദം സഹിക്കുന്ന ഭൂമി.

കടം പറഞ്ഞവനും
കളവു പറഞ്ഞവനും
ഇടം കൊടുത്തനുഗ്രഹിച്ച
ശ്രീകോവിലുണ്ട്
അവളുടെ ഹൃദയത്തിൽ

പ്രിയപ്പെട്ടവളേ..
നിന്റെ ഹൃദയം ചുട്ടെടുത്ത കവിതകളിൽ
കാമം കരിച്ച മാംസത്തിന്റെ ചൂരുണ്ട്.
നിന്റെ കണ്ണുകളിലെ നീലസാഗരങ്ങളിൽ
നീ കെടുത്തിവച്ച അഗ്നിപർവ്വതങ്ങളുണ്ട്......

നിന്റെ കവിളുകളിൽ
നീ ഒഴുക്കിത്തീർത്ത
കണ്ണീരിന്റെ നൈൽദൂരങ്ങളുണ്ട്
ചായം പുരട്ടി മറച്ച ചുണ്ടുകളിൽ
കാമത്തിന്റെ കോമ്പല്ല് കിളച്ച
കറുത്ത പാടുകളുണ്ട്.....

നിന്റെ
മുറിഞ്ഞ ശബ്ദങ്ങളിൽ
മരണമടുത്തവന്റെ തണുത്ത ചിരിയുണ്ട്.
നോക്കൂ....
നിനക്കും,
മരിച്ചു വീണ രണവീരർക്കൊപ്പം
സ്വർഗ്ഗത്തിലൊരിടം കിട്ടുമെന്ന്
എനിക്കുറപ്പുണ്ട്.

പ്രിയപ്പെട്ടവളേ...
ഞാനിപ്പോഴും
സൃഷ്ടിയോട് തർക്കത്തിലാണ് :
ദൈവത്തിന്
നിന്റെ ഹൃദയം കൊടുത്തിരുന്നെങ്കിൽ
വിശന്നു മരിക്കില്ലായിരുന്നു ഞങ്ങൾ
വിശന്നു മരിക്കില്ലായിരുന്നു ഞങ്ങൾ !

■□■□■□■□■□■□■□■□■□■□■□■□■

ഫ്രാന്‍സിസ് നൊറോണ എഴുതിയ കഥ 'കടവരാല്‍'

പഴേത്
..........................
       അരവിന്ദ് വട്ടംകുളം

🌾🌾🌾🌾🌾🌾🌾🌾


അവർക്കെന്നും
പുത്യേ ഉടുപ്പ്
പുത്യേ ചെരിപ്പ്
പുത്യേ കുട.

ഞങ്ങൾക്കു കിട്ടും
അവരുപേക്ഷിച്ച
പഴേ ഉടുപ്പ്
പഴേ ചെരിപ്പ്
പഴേ കുട.

പിൻവാതിലിലൂടെ
അവരുടെ അമ്മമ്മ
ഞങ്ങൾക്കു നീട്ടും
അവ ഓരോന്നോരോന്നായി.

കളിച്ചു മടുത്ത കളിപ്പാട്ടങ്ങൾ,
രുചിച്ചു വെറുത്ത മിഠായികൾ,
കാൽ കഴച്ച പേന....

അവർ സൈക്കിളിൽ പോകുന്നതും
സ്കൂൾ ബസിൽ പോകുന്നതും
വഴിവക്കിൽ ഞങ്ങൾ
കണ്ടു നിൽക്കുന്നു.
അവരുടെ വീട്ടിലേക്ക്
പുതിയ ടി.വി.യും കാറും
കൊണ്ടുവരുന്നു.

ഇന്നലെ ആരോ പറയുന്നതു കേട്ടു ,
ആ വീട് പുതുക്കി പണിയുകയാണെന്ന് .

പിൻവാതിലിലൂടെ
പതിവുപോലെ
അവരുടെ അമ്മമ്മ
ഞങ്ങൾക്ക് നീട്ടിത്തരുമോ
അവരുപേക്ഷിക്കുന്ന
പഴയ വീട്!

🌾🌾🌾🌾🌾🌾🌾🌾                    

പനി

വിട്ടു പോകുന്നില്ലവൾ
യാത്ര പറഞ്ഞിട്ടും
പിരിഞ്ഞു പോകാത്ത
കാമിനിയെപ്പോൽ.
കുളിരേകുന്നുവെങ്കിലും
സഗാഢം പുണരുന്നില്ലവൾ.
രുചികളെല്ലാം
മരവിച്ചുവെങ്കിലും
രസ നയിലൊരു
 കടു രസം ത്രസിപ്പൂ.
വയ്യ ഇനിയുമീ
കരിമ്പടത്തിനുള്ളിൽ  വിങ്ങി വിയർക്കു വാനെങ്കിലും
സുഖമീപ്പനി
സ്വപ്നമേകും
ജ്വരം

വാസുദേവന്‍ 

അതിരുകളിൽ നിന്ന്‌
🍁🍁🍁🍁🍁🍁🍁🍁                        

ഞാൻ രാജ്യമില്ലാത്തവൻ
അതിരുകളെക്കുറിച്ച്
എന്നോട്
സംസാരിക്കാതിരിക്കുക.
ഒരിക്കലും പുറപ്പെടാത്ത
ഒരു യാത്രയുടെ
അവസാന പാദത്തിലാണ് ഞാൻ
വാൾത്തലപ്പുകളിൽ
ചോരപ്പൂക്കൾ വിരിയുന്ന
ഓർമ്മ മരങ്ങളാണ്
എന്റെ ചുറ്റും.
നിങ്ങൾ
അപ്പത്തെയും വീഞ്ഞിനെയും
കുറിച്ച് പറയാതിരിക്കുക .
ചുട്ടുപഴുത്ത
മണലാഴങ്ങളാണെന്റെ
വിശപ്പിന്റെ മാറ്റൊലി.
ഇടിമിന്നലുകൾ
പെയ്തിറങ്ങുന്ന
ആകാശച്ചെരുവുകളിലൂടെയാണ്
എന്റെ അലസ സഞ്ചാരം.
എന്റെ കണ്ണുകളുടെ ആവേഗം
അളക്കാതിരിക്കുക
അടുത്തെത്തുമ്പോൾ
ശൂന്യമാകുന്ന
അതിരുകളുടെ
മായക്കാഴ്ചകളിൽ
എന്നെ
ചങ്ങലയ്ക്കിടാതിരിക്കുക.
കൂട്ടക്കുരുതികൾക്കിടയിലും
ഞാനൊരൊറ്റപ്പെട്ടവന്റെ
ഒരിക്കലും വറ്റാത്ത
ചോരത്തുള്ളി
🍁🍁🍁🍁🍁🍁🍁🍁

     സ്വപ്നാ റാണി

മഴ നനയാപ്പെണ്ണ്..!!

നീ അറിഞ്ഞോ പെണ്ണേ
നല്ല മഴപെയ്യുന്നു...
വാ നമുക്ക് ഈ ഇറയത്ത്
ഇത്തിരിനേരം ഇരിക്കാം
മഴയുടെ കുളിരേറ്റ്
പാതി നനഞ്ഞ്
കൈകോർത്തിരിക്കാം
ഞാനപ്പോൾ വിയർക്കുന്നുണ്ടാകും..
നീ ചിരിക്കും
ഇടയ്ക്ക് കൊള്ളിയാൻ
മിന്നലിൽ നീ എന്നെ മുറുക്കെ പുണരും...
മുന്നിലേക്ക് നീട്ടിയിട്ട നമ്മുടെ കാലിലെ വിരലുകൾ പുണരും..
നീ കേൾക്കാത്ത വിധം
ഞാൻ ചിലതുചോദിക്കും..
മഴയുടെ താളത്തിൽ
നീ ചിരിക്കും..
നീ അകത്തേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടാകും..
വീണ്ടുമൊരു കൊള്ളിയാൻ
നീ വീണ്ടും ചേർന്നിരിക്കും..
മഴ വല്ലാതെ കൂടും
നിന്റെചുണ്ടുകൾ വിറതുടങ്ങും..
കണ്ണുകൊണ്ടകത്തേക്ക് നീ വിളിക്കും..
ഞാൻ കാണാത്ത രൂപത്തിലിരിക്കും..
നിന്റെ ചുണ്ടെന്റെ തേളത്തു ചേർന്നിരിക്കും..
ഇടിനാദത്തിൽ നീ ഭയക്കും
എന്റെ
ശരീരത്തിൽ രോമാഞ്ചം കൂണുകളായി മുളയ്ക്കും..
പിന്നെയും കണ്ണുകളെന്നെ വലിക്കും.
മഴയുറയ്ക്കും.
ഒരു മിന്നലേറ്റെന്നവ്യാജേന
കിടക്കയിലേക്ക് നമ്മളോടും.
പെയ്ത്തിന്റെ താളത്തിൽ
നമ്മളും പെയ്യും...
പെയ്തു പെയ്ത്
മഴതോരുന്നുണ്ടോയെന്ന് നോക്കാൻ നീ മുടികെട്ടി പുറത്തിറങ്ങും...

പെണ്ണേ
മഴപെയ്യുന്നു
നീ നനയുന്നുണ്ടോ...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)


ഇരുളിലെന്നും കടലിരമ്പൽ

മഴപ്പെയ്ത്തിൽ,പുഴയൊഴുക്കിൽ,
കാറ്റിറങ്ങും മരച്ചാർത്തിൽ,

മലയിടുക്കിൽ,വയലിറമ്പിൽ,
മിഴികുഴിഞ്ഞുകുലച്ചനെഞ്ചിൽ,

കിളിപ്പേച്ചിൽ,കുളിർത്തണ്ടിൽ,
കുതിരുമഴകിൻനടനമുനയിൽ,

പാതാളക്കിണർവക്കിൽ,
വേതാളശവക്കൊക്കിൽ,

ചൂതാടുംചതിക്കൂട്ടിൽ,
കൂത്തടിച്ചുകുനിഞ്ഞനോക്കിൽ,

വേരറ്റുമലച്ച മാറിൽ ,
ചേറിട്ടുമറച്ച മണ്ണിൽ,

കാട്ടുതീയിലുയർന്ന പുകയിൽ,
ജഡപിരിഞ്ഞ,യഴിഞ്ഞ മുടിയിൽ,

ഇരുളിലെന്നും കടലിരമ്പൽ.

കരളിലമ്പിളിവിരിയുമോർമ്മ-
പ്പെരുമവന്നുവലഞ്ഞ വാവിൽ,

ചുരുളഴിഞ്ഞിഴയുന്നയുരഗ-
ഫണമുണർന്നുമറന്ന കാവിൽ,

സ്വയമുരിഞ്ഞുകിടന്നുവെന്തു -
തിളച്ചുവറ്റിയ ചോരനീരിൽ ,

ഇരുളിലെന്നും കടലിരമ്പൽ.

ചുട്ടുമിന്നും താരകത്തിൽ,
പുൽനാമ്പിലെ ജലകണത്തിൽ,

എരിഞ്ഞമരും കർമ്മസാക്ഷി
പോയ്മറയുമിരുണ്ടനാളിൽ,

ഇരുളിലെന്നും കടലിരമ്പൽ.

ശംഖുടഞ്ഞമണൽപ്പറമ്പിൽ
വമ്പെരിഞ്ഞചിതയ്ക്കുമുന്നിൽ,
ചങ്കുതല്ലിയഴിഞ്ഞതിരയുടെ -
യെന്തിനെന്നില്ലാത്ത തേങ്ങൽ.

ഇരുളിലെന്നും കടലിരമ്പൽ.

കൂട്ടിലെക്കിളിമക്കളെല്ലാം
തായകന്നു തനിച്ചിരിക്കേ,
നീരുപാറ്റിക്കുളിരുചാറി
കാറ്റൊരമ്മച്ചിറകുനൽകി,
വാനമേകിപ്പുൽകിയെത്തേ,
എങ്ങുപോകുവതെന്നതില്ല,
കിതച്ചു കാലം പായവേ.
താരാട്ടിന്നീണമില്ലാ
തിലകൊഴിഞ്ഞുപറക്കവേ,

ചുട്ടെരിഞ്ഞുകരിഞ്ഞ മനസ്സിൽ
ചുണ്ടുപൊട്ടിയടർന്ന നോവിൽ
കണ്ണുകുത്തിപ്പെട്ട മുറിവിൽ
കാലിടറിത്തട്ടിമറിയും
പൂർവ്വകാലക്കർമ്മപുണ്യ -
ത്തോലുമൂടിയജനിതകത്തിൽ,

ഇരുളിലെന്നും കടലിരമ്പൽ.

കരളിലമ്മ ചുരന്നതേനിൻ
പൊരുളടങ്ങിയ വർണ്ണമായ്,
വിധിയെഴുത്തുംകൊണ്ടുണർന്ന
കുഞ്ഞുപൂവിൻ സൗരഭം.

കാറ്റടിച്ചുലയുന്നകൊമ്പിൽ
ഇലകൾതമ്മിലിടഞ്ഞിടെ,
ഏറിയേറിപ്പെയ്ത മഴയുടെ
കലപിലക്കലിമർമ്മരം.

ഇരുളിലിത്തിരിവെട്ട,മൂറാൻ
കരളലിഞ്ഞുയിർമിന്നലായ് -
ത്തെരുവിലെ, ചിരിപൂത്തകോണിൽ
മയിലിറങ്ങിയ നർത്തനം.

ഇരുളിലെന്നും കടലിരമ്പൽ
കരളിലിത്തിരി കത്തവേ.

വിനയൻ


⁠⁠⁠⁠⁠പ്രണയമഴ ...
💦💦💦💦
വെയിലുടുപ്പുകൾ
അഴിച്ചുമാറ്റി
നിന്റെ കുളിരി ലൊന്ന ലിയണം ..

ഇറയത്ത്
നീ വരച്ച
ഓർമ്മ ചിത്രങ്ങളിൽ
മതി വരുവോളം
ചുംബിക്കണം ..

നീ പൈയ്തിറങ്ങും
രാത്രി ക ളിൽ
നിലാവിന്റെ മുഖം മറച്ച
കൈകളിൽ ചേർന്ന്
സുഖാലസ്യത്തിൽ
മയങ്ങണം ..

നീ മീട്ടുന്ന പ്രണയ സംഗീതങ്ങളെ
പ്രാപിച്ച്
പുലർകാലങ്ങളെ
വരവേൽക്കണം

(സൈനബ്, ചാവക്കാട്)

കഥാ ഗുളിക

പരിസ്ഥിതി ദിനം
- - - - - - - - - - - - - - - -
സൂര്യൻ പതിവ് പോലെ ഉദിച്ച് അസ്തമിച്ചു

ചിരിച്ചു കൊണ്ട് ചിലർ നട്ട തൈകൾ അടുത്ത പ്രഭാതത്തിൽ കരിഞ്ഞു പോയി .

അവർ തൈ നടാൻ തീർത്ത കുഴികൾക്കുവേണ്ടി പിഴുതെറിഞ്ഞ കാട്ടുപുല്ലുകളിൽ മഴ തുള്ളികൾ കണ്ണീർ കണം പോലെ തൂങ്ങി കിടന്നു .


രൂപേഷ് മലയാളി