ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

13-7-2017

മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ
രജനി

ഗായത്രി രവീന്ദ്രബാബു
1957 മാർച്ച് 10 ന് തിരുവനന്തപുരം ജില്ലയിൽ ജനനം. ഫാത്തിമ മാത നാഷണൽ കോളേജിൽ നിന്നും ബി എസ് സി സുവോളജി ബിരുദം നേടി. ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോ ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്റർ ആയി സേവനം അനുഷ്ഠിക്കുന്നു. 1992 ൽ "കുറേക്കൂടി നിറങ്ങൾ" എന്ന നോവൽ ഗുരുവായൂർ ശ്രീവിദ്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു

ജസീല സി. വി. (ബീവി)
1987 മെയ് 27 ന് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ട് ജനിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസില്‍ നിന്നു തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. കഥ, കവിത, ലേഖനം എന്നിവ എഴുതുന്നു. ബീവി എന്ന തൂലികാനാമത്തിലും എഴുതിയിട്ടുണ്ട്. 2001-2002 ലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മലയാള കഥാരചനയില്‍ ഒന്നാം സ്ഥാനം നേടി.ചില പ്രാദേശിക മാസികകളിലും ആകാശവാണിയിലും കഥകള്‍ വന്നിട്ടുണ്ട്. ചന്ദ്രിക ആഴ്ചപ്പതിപ്പിലും ഭാഷാപോഷിണിയിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച څകടല്‍ കാണുമ്പോള്‍چ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രോടെസ്ക് ഇമേജുകളുടെ കര-കടല്‍ കാഴ്ചകളാണ് څകടല്‍ കാണുമ്പോള്‍چ എന്ന കവിത. വലതു കണ്ണ് കൊത്തിത്തിന്ന ശേഷം അതിനുള്ളില്‍ പാര്‍ക്കുന്ന കാക്ക മുതല്‍ മൂക്കിലെ പൊډാന്‍ വരെ പറക്കല്‍ എന്ന സ്വാന്ത്ര്യ സൂചകത്തെ അന്വേഷിക്കുകയാണ് കവയിത്രി. പര്‍ദ്ദയില്‍ നിന്ന് മുസ്ലീം സ്ത്രീയുടെ വിമോചനം സ്വപ്നം കാണുന്നുണ്ട് കവയിത്രി. അറബിക്കഥകളിലൂടെ കടലിലിറങ്ങുന്നു. തിരകളുടെ രൂപത്തില്‍ കടലിനും ചിറകു മുളയ്ക്കുന്നു. മുസ്ലീം സ്ത്രീക്ക് സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രതിരോധങ്ങളെ, വളരെ സമര്‍ത്ഥമായി ചുരുങ്ങിയ വാക്കുകളില്‍ ആവിഷ്കരിക്കുകയാണിവിടെ. ജഡ്ജിമാരുടെ കഷണ്ടികള്‍ക്കും രാഷ്ട്രീയക്കാരുടെ കാറുകള്‍ക്കും മീതേ സ്വാതന്ത്ര്യപ്പറവകളുടെ കാഷ്ഠം വന്നുവീഴുന്നു. ഇമേജറി സ്ത്രീവിമോചന വാദത്തിന്‍റെ ഉറച്ച നിലപാടായിത്തീരുന്നു.                  

ഗ്രേസി അലക്സ്
എറണാകുളം ജില്ലയിലെ വാരാപ്പുഴയില്‍ ജനിച്ചു. കൂട്ടാട്ട് മത്തായി തോമസിന്‍റെയും മറിയം തോമസിന്‍റെയും മകള്‍. ആലുവ സെന്‍റ് സേവിയേഴ്സ് കോളേജില്‍ നിന്നും ഇക്കണോമിക്സ് ബിരുദം നേടി. 1985 ല്‍ വിവാഹിതയായി. തുടര്‍ന്ന് 7 വര്‍ഷം കര്‍ണാടകയിലും ബോംബൈയിലുമായി കഴിഞ്ഞു. 1992 ല്‍ നാട്ടില്‍ തിരിച്ചു വന്നു. കലൂരിലുള്ള ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്നു. കേരള ടൈംസ് ദിനപ്പത്രത്തിന് വേണ്ടി ലേഖനങ്ങള്‍ എഴുതുന്നു. “നിമിത്തം” 1998 എന്ന സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. “നിമിത്തം” എന്ന കഥാസമാഹാരത്തിലെ ‘കറുത്തപ്പെണ്ണ്’ എന്ന കഥയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. നിറം കുറവായതിനാല്‍ വിവാഹം നടക്കാത്ത ലിസമ്മയെയാണ് ഈ കഥയില്‍ ആവിഷ്കരിക്കുന്നത്. ആരെങ്കിലും കാണാന്‍ വരുന്നത് ഇപ്പോള്‍ ലിസമ്മയ്ക്ക് ഒരു വികാരവും സൃഷ്ടിക്കുന്നില്ല. ഏതോ ഒരു കര്‍മ്മം നടക്കുന്ന പോലെ ഇടയ്ക്കിടെ ഒരു ദല്ലാളോടൊപ്പം കയറി വരുന്നയാളിന്‍റെ മുന്നില്‍ ഒട്ടും സങ്കോചമില്ലാതെ നിന്നു കൊടുക്കും. എത്ര പേരുടെ മുമ്പില്‍ പെണ്ണുകാണല്‍ ചടങ്ങ് നടത്തിയെന്ന് ഒരു നിശ്ചയവുമില്ല. പെണ്ണിന് നിറം കുറവാ, ചെറുക്കന് ഇഷ്ടപ്പെട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ ലിസമ്മയുടെ വിവാഹാലോചനകളെല്ലാം മുടങ്ങി. ആദ്യമൊക്കെ കരഞ്ഞു വിഷമിച്ചെങ്കിലും പിന്നീട് അതും അവള്‍ വേണ്ടെന്നു വച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വീണ്ടും പെണ്ണുകാണല്‍ ചടങ്ങിന് നിന്നു കൊടുക്കേണ്ടതായി വന്നു. അവസാനമായി ലിസമ്മയെ കാണാന്‍ വന്ന ചെറുക്കന് പത്താം തരത്തില്‍ പഠിക്കുന്ന അവളുടെ കൊച്ചനുജത്തിയെയാണ് ഇഷ്ടമാകുന്നത്. സ്ത്രീയുടെ ജീവിതത്തെപ്പോലെ ശോകപര്യവസായിയായ ഒരു നാടകമില്ല. പുഴുക്കുത്തു വീണ മോഹങ്ങളും നെഞ്ചോടു ചേര്‍ത്ത് അവിടം വിട്ടുപോരുമ്പോള്‍ അവളുടെ മനസ്സില്‍ ഭവ്യതയുടെ ഭാരമില്ല. രൗദ്രതയുടെ ഭയമില്ല. അവിടെയുണ്ടായിരുന്നത് സൗമ്യമായ സൗന്ദര്യവും അനന്തമായ ആനന്ദവും മാത്രം. അവളുടെ മനസ്സിന്‍റെ സൗന്ദര്യവും നന്‍മയും ആരും കണ്ടില്ല. സ്ത്രീ മനസ്സിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള കഴിവ് കഥാരാരിക്കുണ്ട് എന്നതിന് തെളിവാണ് ഈ കഥ.

ഡോ. പ്രേമ ലളിത
ഫുഡ് സയന്‍സ് ആന്‍റ് ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദവും ബയോകെമിസ്ട്രിയില്‍ പി. എച്ച്. ഡി. യും എടുത്തിട്ടുള്ള ഡോ. പ്രേമ ലളിത കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ 37 കൊല്ലം സര്‍വ്വീസ് കഴിഞ്ഞ്, പ്രൊഫസറും വകുപ്പുമേധാവിയുമായി റിട്ടയര്‍ ചെയ്തു. പോഷകാഹാര ശാസ്ത്രത്തില്‍ 150 ലേറെ ഗവേഷണ പ്രബന്ധങ്ങളും എട്ട് കൃതികളും രചിച്ചിട്ടുണ്ട്. "അമ്മിഞ്ഞപ്പാലിനുശേഷം" എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോഷകാഹാര ശാസ്ത്രത്തില്‍ നിപുണയായ ഡോ. പ്രേമ ലളിത കേരളത്തിലെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന സമ്പൂര്‍ണ്ണ പോഷകാഹാര രീതികളും പാചകക്കുറിപ്പുകളുമടങ്ങുന്ന കൃതിയാണ് "അമ്മിഞ്ഞപ്പാലിനുശേഷം". പോഷകാഹാരം ആരോഗ്യത്തിന് അത്യാവശ്യമാണ്. പോഷക സമൃദ്ധമായ ആഹാരം മാത്രമേ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവൂ. കുഞ്ഞുങ്ങള്‍ക്ക് ഓരോ പ്രായത്തിലും നല്‍കാവുന്ന ആഹാരത്തെ കുറിച്ചും ആഹാരം പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ശുചിത്വത്തിന്‍റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വളരെ വ്യക്തമായി ഇതില്‍ പ്രതിപാദിക്കുന്നു.
“അമ്മിഞ്ഞപ്പാലിനുശേഷം”. ചെങ്ങന്നൂര്‍: റെയിന്‍ബോ ബുക്സ് പബ്ലിഷേഴ്സ്, 2008.

*********************************************************