ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

14-7-2017

ആട്ടക്കഥാലോകത്തേയ്ക്ക് എല്ലാവർക്കും സ്വാഗതം🙏🏻
സീത
കർണ്ണ ശപഥം

വി. മാധവൻ നായർ (മാലി) രചിച്ചതാണ് 'കർണ്ണ ശപഥം' ആട്ടക്കഥ.                    

മാലി മാധവൻ നായർ
ശ്രീ രവീന്ദ്രനാഥടാഗോറിന്റെ കർണ്ണനും കുന്തിയും എന്ന ഏകാങ്കനാടകമാണ് ശ്രീ മാധവൻ നായർ കർണ്ണശപഥം എന്ന പേരിൽ കഥകളിരൂപമായി ആവിഷ്കരിച്ചത് .രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ദീർഘനേര ആട്ടക്കഥകൾ കാണികളെ മുഷിപ്പിച്ച കാലത്ത് കഥകളി പരിഷ്കരണം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ആകാശവാണി സ്റ്റേഷൻ ഡയറക്ടറായി ന്യൂ ഡൽഹിയിൽ ജോലി ചെയ്യുന്ന കാലത്താണ് മാലി ഈ കഥ രചിക്കുന്നത്. 1964 ഏപ്രിൽ 10 ന് ഡൽഹി ഇന്റർനാഷണൽ കഥകളി സെന്ററിലായിരുന്നു ആദ്യ അവതരണം. കഥകളിയിലെ പരീക്ഷണം എന്നു മാലി വിശേഷിപ്പിച്ച കർണ്ണശപഥം അതിലെ പദങ്ങളുടെ ലാളിത്യം, ഭാവ പ്രകടനത്തിന് അനുയോജ്യമായ സംഗീതം, നാടകീയമായ സന്ദർഭം തുടങ്ങിയവയാൽ ജനകീയമായി. 2016 ഓണക്കാലത്ത് ആദ്യാവതരണത്തിന്റെ അൻപതാം വാർഷികം പ്രമാണിച്ച് തൃശ്ശൂർ ആകാശവാണി റേഡിയോ നിലയം ഈ കഥ അവതരിപ്പിച്ചിരുന്നു. കഥകളിയിൽ, പുതുതായി എഴുതപ്പെട്ട കഥകളിൽ ശ്രദ്ധേയമായ ഒന്നായി ഈ കഥ വിലയിരുത്തപ്പെടുന്നു. അദ്ദേഹം മലയാളത്തിലെ പ്രശസ്തനായ ഒരു ബാലസാഹിത്യരചയിതാവായിരുന്നു. മാലി, ഒരേ ഒരു ആട്ടക്കഥ മാത്രമേ രചിച്ചിട്ടുള്ളൂ. അതാകട്ടെ ആസ്വാദകർ ഏറ്റെടുക്കുകയും ചെയ്തു.
അദ്ദേഹം ആനുകാലികങ്ങളിൽ കായിക ലേഖനങ്ങളും മറ്റ് ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിരുന്നു.അദ്ദേഹം കുട്ടികൾക്ക് വേണ്ടി അൻപതോളം നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. മാലിക എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുള്ള മാസികയുടെ എഡിറ്ററുമായിരുന്നുഅദ്ദേഹം അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് മാലി എന്ന പേര് ലഭിച്ചത് റേഡിയോയിൽ കമന്റേറ്ററുമായിരുന്നു. വളരെക്കാലം ആകാശവാണിയിൽ ജോലി ചെയ്തു. സ്റ്റേഷൻ ഡയറക്റ്ററായി വിരമിച്ചു. അവിടെ നിന്ന് ഡപ്യൂട്ടേഷനിൽ നാഷണൽ ബുക്ക്ട്രസ്റ്റിൽ എഡിറ്ററായും ജോലി ചെയ്തിരുന്നു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 1970-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1988-ൽ കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റിന്റെ ബാലസാഹിത്യ അവാർഡും ലഭിച്ചു.
സദസ്യതിലകൻ ടി.കെ. വേലുപ്പിള്ളയുടെ മകനായി 1915 ഡിസംബർ ആറിന് തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം മോഡൽ സ്‌കൂൾ, ഗവ. ആർട്‌സ്‌ കോളജ്‌, ഗവ. ലോ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയായി. അത്‌ലറ്റിക്‌സിൽ സംസ്‌ഥാന റെക്കോഡുകളുടെയും ഉടമയായിരുന്നു. നിരവധി സംസ്‌ഥാന-സംസ്‌ഥാനാന്തര മത്സരങ്ങളിൽ പങ്കെടുത്ത്‌ വിജയിച്ചു. ബി.എ., ബി.എൽ. പാസ്സായി കുറച്ചുകാലം വക്കീലായി പ്രാക്‌ടീസുചെയ്‌ത ശേഷം പത്രപ്രവർത്തകനായി. ഡൽഹിയിൽ ബ്രിട്ടീഷ് മിനിസ്ട്രി ഓഫ് ഇൻഫർമേഷനിലും മുംബൈയിൽ ഫ്രീ പ്രസ് ജേർണലിലും ജോലി ചെയ്തിരുന്നു. ആകാശവാണിയിലാണ് ദീർഘകാലം ജോലി ചെയ്തത്. ദി ഹിന്ദു, സ്റ്റേറ്റ്സ്മാൻ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലും എഴുതിയിരുന്നു.
ആകാശവാണിയിൽ നൂതന പരിപാടികൾ തുടങ്ങി. ബാലലോകം, രശ്മി തുടങ്ങിയ പരിപാടികൾ തുടക്കമിട്ടു. റേഡിയോ അമ്മാവൻ എന്നറിയപ്പെട്ടു. മാലി കഥ പറയുന്നു എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു.  കഥകളിയിൽ, പുതുതായി എഴുതപ്പെട്ട കഥകളിൽ ശ്രദ്ധേയമായ ഒന്നായി ഈ കഥ വിലയിരുത്തപ്പെടുന്നു.
മാലി എഴുതിയപ്പോൾ ഇതിൽ ശ്ലോകങ്ങൾ ഇല്ലായിരുന്നു. ആദ്യശ്ലോകം പിന്നീട് ആരോ കൂട്ടിച്ചേർത്തതാണ്.

കഥാസംഗ്രഹം
 മഹാഭാരത യുദ്ധത്തിനു  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളുടെ സൃഷ്ടിയാണ് കര്‍ണ്ണശപഥം.

കർണ്ണനു തന്റെ മാതാപിതാക്കൾ ആരെന്ന് ഉള്ള ആശങ്ക ആണ് ഈ കഥയുടെ കാതൽ.
ആദ്യരംഗത്തിൽ വിഷ്ണണയായി ഇരിക്കുന്ന ഭാനുമതിയുടെ സമീപം ദുര്യോധനൻ വന്ന് കാര്യമെന്താണെന്ന് അന്വേഷിക്കുന്നു. ഭാനുമതി, വരാൻ പോകുന്ന മഹാഭാരതയുദ്ധത്തിൽ ദുര്യോധനൻ മൃത്യു നേരിട്ടാലോ എന്ന ഭയമാണെന്ന് മറുപടി പറയുന്നു. അത് കേട്ട ദുര്യോധനൻ കൗരവപക്ഷത്ത് മഹാരഥന്മാർ എല്ലാവരും ഉണ്ട്, കൂടാതെ കർണ്ണനുമുണ്ട്, അതിനാൽ ഭീരുത വെടിയുവാൻ പറയുന്നു. ഈ സമയം കർണ്ണൻ പ്രവേശിക്കുന്നു. കർണ്ണനോട് ഭാനുമതിയെ സമാധാനിപ്പിക്കാൻ ദുര്യോധനൻ ആവശ്യപ്പെടുന്നു. സോദരീ മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ എന്ന് ചോദിച്ച് കർണ്ണൻ ഭാനുമതിയെ സമാധാനിപ്പിക്കുന്നു. കുരുവംശത്തിനു ഏകാലംബനം ആയിട്ടുള്ളത് നീ തന്നെ, അതിനാൽ കർണ്ണാ നീ പറയുന്ന വാക്കുകൾ എന്റെ മനസ്സിനു സുഖം നൽകുന്നു എന്ന് ഭാനുമതി പറയുന്നു. ആ സമയത്ത് ദുശ്ശാസനൻ അവിടെ വരുന്നു. യുദ്ധതന്ത്രവിചക്ഷണന്മാരായ മന്ത്രിമാർ, മന്ത്രഗൃഹത്തിൽ സമ്മേളിച്ചിട്ടുണ്ട്, അവിടെ പോയി യുദ്ധകാര്യങ്ങൾ ചർച്ചചെയ്യുകയല്ലേ എന്ന് ദുര്യോധനനോട് ചോദിക്കുന്നു. കർണ്ണൻ ആ സമയം ദുര്യോധനനോടും ദുശ്ശാസനനോടും മന്ത്രഗൃഹത്തിലേക്ക് പോകാൻ പറഞ്ഞ്, ഗംഗാസ്നാനത്തിനു പുറപ്പെടുന്നു.

രണ്ടാം രംഗത്തിൽ ഗംഗാസ്നാനം ചെയ്ത് ധ്യാനത്തിനു പുറപ്പെടുന്ന കർണ്ണൻ ആണ്. കർണ്ണനു ധ്യാനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. അതിനു കാരണം എന്താണെന്ന് സ്വയം ആലോചിക്കുന്ന എന്തിഹ മന്മാനസേ സന്ദേഹം വളരുന്നു എന്ന പദത്തോടെ രംഗം ആരംഭിക്കുന്നു.

വിശദമായി കഥാവിവരണത്തിലേയ്ക്ക് കടക്കട്ടെ🙏🏻

ദുര്യോധനന്റെ തിരനോട്ടം
പാണ്ഡവ കൗരവരും തമ്മിലുള്ള യുദ്ധം ആസന്നമായ വേള. കൗരവരുടെ ജ്യേഷ്ഠനായ ദുര്യോധനൻ പത്നി ഭാനുമതിയുമൊന്നിച്ച് ഇരിക്കയാണ്. യുദ്ധഭയത്തെപ്പറ്റിയുള്ള ആശങ്ക ഭാനുമതി ദുര്യോധനനോട് പറയുന്നു. യുദ്ധത്തിൽ ദുര്യോധനൻ കൊല്ലപ്പെട്ടാൽ പിന്നൊരു നിമിഷം പോലും താൻ ജീവിച്ചിരിക്കില്ല എന്നു ഭാനുമതി പറയുമ്പോൾ അത്തരം ആശങ്ക വേണ്ട യുദ്ധത്തിൽ ശത്രുക്കളെ നിഗ്രഹിച്ച് താൻ വിജയശ്രീലാളതനായി വരുമെന്ന് ദുര്യോധനൻ സമാധാനിപ്പിക്കുന്നു. ശക്തരായ ബന്ധുക്കളും വിശ്വസ്തരായ ആശ്രിത രാജാക്കന്മാരും വീരന്മാരായ സുഹൃത്തുക്കളും ഗുരുക്കന്മാരും സർവോപരി കർണ്ണനും തന്റെയൊപ്പം ഉള്ളപ്പോൾ ഭയത്തിന് വകയെന്ത് എന്നും ദുര്യോധനൻ പറയുന്നു. ഭീമനേയും അർജ്ജുനനേയും ശ്രീകൃഷ്ണനേയും കുറിച്ചുള്ള ഉത്കണ്ഠ ഭാനുമതി പ്രകടിപ്പിക്കുമ്പോൾ തിന്നും കുടിച്ചും പൊണ്ണത്തടിയനായ ഭീമനെ ഞാൻ നിഗ്രഹിക്കും, അർജ്ജുനൻ കേവലം നിസാരൻ, എന്റെ പ്രാണസമനായ കർണ്ണൻ ഉള്ളപ്പോൾ അർജ്ജുനനെപ്പറ്റി ഉൽകണ്ഠ വേണ്ട. കൃഷ്ണന്റെ ചതിയും വഞ്ചനയും കുരുവീരന്മാരോടു നടപ്പില്ല. എന്നും മറ്റും വിവരിച്ച് ദുര്യോധനൻ ഭാനുമതിയെ സാന്ത്വനിപ്പിക്കുന്നു.

കർണ്ണന്റെ രംഗപ്രവേശം. ഭാനുമതിയുടെ ഉത്കണ്ഠയെപ്പറ്റി വിവരിച്ചിട്ടു ദുര്യോധനൻ കർണ്ണനോട് അവരെ സമാശ്വസിപ്പിക്കാൻ പറഞ്ഞിട്ട് രംഗം വിടുന്നു. പ്രിയമിത്രം ദുര്യോധനന് വേണ്ടി രക്തം ചീന്താൻ തയ്യാറാണെന്നും ദുര്യോധനൻ യുദ്ധം ജയിച്ച് രാജാവായി വാഴുമെന്നും കർണ്ണൻ ഭാനുമതിയ്ക്ക് ഉറപ്പു നൽകുന്നു. ആത്മവിശ്വാസം സ്ഫുരിക്കുന്ന കർണ്ണന്റെ വാക്കുകൾ കേട്ട് ഭാനുമതിയ്ക്ക് ആശ്വാസമായി. ദുര്യോധനൻ എത്തി. പത്നിയുടെ ആശങ്കകൾ അകന്നതുകണ്ട് സന്തുഷ്ടനായി. യുദ്ധസന്നാഹങ്ങളെപ്പറ്റി ആലോചിക്കാൻ മന്ത്രിമാർ കാത്തിരിക്കുന്നതായി ദുശ്ശാസനൻ എത്തി ദുര്യോധനനെ ധരിപ്പിക്കുന്നു.

കർണ്ണൻ ഗംഗാനദിയിൽ സ്നാനം ചെയ്ത് പ്രാർത്ഥിക്കാനായി പോയി. എന്റെ മാതാപിതാക്കൾ ആരാണ്? വളർത്തിയ അതിരഥന്റെയും, രാധയുടേയും മകനാണോ ഞാൻ? എന്നിങ്ങനെയെല്ലാമുള്ള ചിന്തകൾ കർണ്ണന്റെ മനസ്സിനെ മഥിച്ചു.

കുളികഴിഞ്ഞു കയറിയ കർണ്ണന്റെയടുത്ത് ഒരു സ്ത്രീ നടന്നു വരികയായി. പാണ്ഡവമാതാവായ കുന്തിദേവിയാണത് എന്ന് കർണ്ണൻ തിരിച്ചറിഞ്ഞു. ആദരപൂർവ്വം അവരെ സ്വീകരിച്ച കർണ്ണൻ ആഗമനോദ്ദേശ്യം ആരാഞ്ഞു. യുദ്ധത്തിൽ കൗരവ പക്ഷം വെടിഞ്ഞ് പാണ്ഡവർക്കൊപ്പം ചേരണമെന്ന അപേക്ഷയുമായാണ് വന്നിരിക്കുന്നതെന്ന കുന്തിദേവിയുടെ വാക്കുകേട്ട് അത്യന്തം ക്ഷുഭിതനായ കർണ്ണൻ 'നിങ്ങൾ ഒരു സ്ത്രീയായതിനാൽ ഞാൻ വധിക്കുന്നില്ല' എന്ന് ആക്രോശിക്കുകയും ചെയ്തു.

കർണ്ണൻ തന്റെ മൂത്തമകനാണെന്ന സത്യടം വെളിപ്പെടുത്താൻ കുന്തീദേവി നിർബന്ധിതയായി. നീ എന്റെ മകനാണ്. ഞാൻ പ്രസവിച്ച ആദ്യത്തെ കുഞ്ഞ്. അച്ഛൻ സൂര്യദേവനാണ്...കുന്തീദേവി പറഞ്ഞതുകേട്ട് കർണ്ണൻ സ്തബ്ധനായി നിന്നു മോഹാലസ്യപ്പെട്ടു. ബോധം വീണ്ടെടുത്തപ്പോൾ കുന്തീദേവിയുടെ കാൽക്കൽ വീണ് തന്റെ ജന്മ രഹസ്യം വെളിപ്പെടുത്താൻ അഭ്യർത്ഥിച്ചു. ദുർവ്വാസാവ് മഹർഷി രാജധാനിയിൽ എത്തിയതും താൻ അദ്ദേഹത്തെ പരിചരിച്ചതും സന്തുഷ്ടനായ മഹർഷി പുത്രലാഭത്തിനായുള്ള അഞ്ച് വരങ്ങൾ നൽകിയതും കുന്തീദേവി വിവരിച്ചു. യുവതിയും കന്യകയുമായ താൻ കൗതുകത്തിന് ഒരു വരം പരീക്ഷിച്ചതും സൂര്യദേവൻ പ്രത്യക്ഷപ്പെട്ടതും താൻ ഗർഭിണിയായതും കവചകുണ്ഡലങ്ങളോടു കൂടി കുഞ്ഞ് ജനിച്ചതും. അവിവാഹിതയായ താൻ പ്രസവിച്ചത് ഒരു കുടുംബത്തിന് തന്നെ മാനഹാനി വരുത്തുമെന്ന ഭയത്താൽ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് പെട്ടിയിലാക്കി നദിയിൽ ഒഴുക്കിയതുമെല്ലാം കുന്തീദേവി കർണ്ണനോട് വെളിപ്പെടുത്തി.

സ്വന്തം സഹോദരന്മാരായ പാണ്ഡവർക്കൊപ്പം നിൽക്കണമെന്ന അഭ്യർത്ഥന മാനിക്കാനാവാതെ കർണ്ണൻ വിഷണ്ണനായി. മുമ്പ് ആയുധ പരീക്ഷാവേളയിൽ പാണ്ഡവർ 'നീ രക്തത്തിൽ പിറന്നവനല്ല പരീക്ഷയിൽ പങ്കെടുക്കാൻ അയോഗ്യനാണ്ട എന്ന് പറഞ്ഞ് അപമാനിച്ചപ്പോൾ കൗരവർ സഹായത്തിനെത്തിയതും ദുര്യോധനൻ ആ സഭയിൽ വച്ച് കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിച്ചതും എല്ലാം കർണ്ണൻ സ്മരിച്ചു. അന്നു തുടങ്ങിയതാണ് ദുര്യോധനനും കർണ്ണനും തമ്മിലുള്ള ആത്മബന്ധം. ഒരു സാഹചര്യത്തിലും ദുര്യോധനനെ വിട്ടുപോകാൻ ആവില്ലെന്നും പറഞ്ഞ കർണ്ണൻ പാണ്ഡവരിൽ അർജ്ജുനൻ ഒഴികെയുള്ള മറ്റ് നാലുപേരെയും താൻ യുദ്ധത്തിൽ വധിക്കില്ലെന്ന് കുന്തീദേവിയ്ക്ക് ഉറപ്പു നൽകുന്നു.

കുന്തീദേവി നിരാശയായി മടങ്ങി. കർണ്ണൻ തന്റെ വസതിയിലേക്ക് പോയി. ഈ രംഗങ്ങളെല്ലാം കാണുകയായിരുന്നു ദുശ്ശാസനൻ.

ദുര്യോധനന്റെയടുത്ത് പാഞ്ഞെത്തി ദുശ്ശാസനൻ കർണ്ണൻ കുന്തീദേവിയുടെ മകനാണെന്നും പാണ്ഡവരുടെ ജ്യേഷ്ഠനാണെന്നും കർണ്ണനെ ഇനി വിശ്വസിക്കുകയോ ആശ്രയിക്കുകയോ ചെയ്യുന്നതിൽ കാര്യമില്ല എന്നും പറയുന്നു. കർണ്ണനെ വിളിച്ചുകൊണ്ടുവരാൻ ദുര്യോധനൻ ദുശ്ശാസനനോട് ആജ്ഞാപിക്കുന്നു.

ദുശ്ശാസനനോട് ഒപ്പം എത്തുന്ന കർണനോട്-താങ്കൾ കുന്തീപുത്രനാണ് എന്ന വിവരം എനിക്ക് അറിവായി. എന്റെയൊപ്പം നിൽക്കാൻ ഞാൻ നിർബന്ധിക്കില്ല. പോകൂ നിങ്ങളുടെ സഹോദരങ്ങൾക്കൊപ്പം ചേരാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്- എന്ന് ദുര്യോധനൻ പറയുന്നു.

കർണ്ണൻ ഇതെല്ലാം കേട്ട് അസ്വസ്ഥനായി. സുഹൃത്തായ അങ്ങയെ ഞാൻ വിട്ടുപിരിയുന്ന പ്രശ്നമേയില്ല. നന്ദികേടുകാട്ടിയവൻ എന്നറിയപ്പെടാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജന്മരഹസ്യം അറിഞ്ഞതുമൂല എന്റെ ആത്മസുഹൃത്തിനോടുള്ള സ്‌നേഹം തകരുകയില്ല.- എന്നു പറഞ്ഞുകൊണ്ട് കർണ്ണൻ തന്റെ ആത്മാർത്ഥതയിൽ ദുര്യോധനന് സംശയമുണ്ടായ നിലയ്ക്ക് ഇനി താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞ് കഴുത്തറുത്ത് ജീവനൊടുക്കാൻ തുനിയുന്നു. ദുര്യോധനൻ തടഞ്ഞു. കർണ്ണാ താങ്കളുടെ ആത്മാർത്ഥതയിൽ എനിയ്ക്ക് ലവലേശം പോലും സംശയമില്ല. സ്വന്തം പാത തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകിയത് അങ്ങയെ ധർമ്മ സങ്കടത്തിൽ നിന്ന് രക്ഷിക്കാനാണ്.- എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു. ഭാനുമതിയും കർണ്ണനെ സമാശ്വസിപ്പിക്കുന്നു. സംശയിച്ചതിൽ ദുശ്ശാസനൻ കർണ്ണനോട് മാപ്പ് ചോദിക്കുന്നു.

ആത്മസുഹൃത്തായ ദുര്യോധനന് വേണ്ടി ഞാൻ എന്റെ അമ്മയേയും സഹോദരങ്ങളെയും ഉപേക്ഷിക്കുന്നു എന്ന് ശപഥം ചെയ്യുന്നു കർണ്ണൻ. യുദ്ധത്തിൽ അർജ്ജുനനോ ഞാനോ ആരെങ്കിലും ഒരാൾ മാത്രമേ ജീവിക്കൂ. ദുര്യോധനനെ രക്ഷിക്കാൻ യുദ്ധഭൂമിയിൽ വീരമൃത്യു വരിക്കാനും ഞാൻ തയ്യാർ എന്നും കർണ്ണൻ ശപഥം ചെയ്യുന്നു.

വേഷങ്ങൾ;ഫോട്ടോകൾ




പാവം കർണ്ണൻ.... ജീവിതത്തിൽ അരക്ഷിതാവസ്ഥയും സ്വസ്ഥതയുമില്ലാത്ത മറ്റൊരു കഥാപാത്രമില്ല ഭാരതത്തിൽ.... എത്ര താഴ്ത്തികെട്ടിയാലും മിഴിവാർന്നു നിൽക്കുന്ന വ്യക്തിത്വം.... മറക്കില്ല ആരും കർണ്ണനെ...RAJANI

****************************************************************************
🌹 ആനുകാലികങ്ങൾ 🌹
മിനി താഹിര്‍

മാധ്യമം ആഴ്ചപ്പതിപ്പ്
      2017   ജൂലൈ 17
     1011  പുസ്തകം  20

സമരം, പ്രതിരോധം, കല, സാഹിത്യം,  സംവാദം ഇങ്ങനെ  വ്യത്യസ്തമായ ചേരുവകൾ കൃത്യമായ അനുപാതത്തിൽ, പതിവുപോലെ മാധ്യമം  ആഴ്ചപ്പതിപ്പ് ഈ ലക്കവും തരുന്നു.

✍ തുടക്കം (എഡിറ്റോറിയൽ)

നികുതി മാറ്റങ്ങൾ നടത്തേണ്ടത് കൃത്യമായ തയ്യാറെപ്പോടെ ആയിരിക്കണം. ഇവിടെ നടപ്പാക്കിയിരിക്കുന്ന ജി. എസ്. ടി. സാധാരണ പൗരനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംസ്ഥാന ധനമന്ത്രിമാരുമായി ചർച്ച നടത്തിയെന്ന് കേന്ദ്രസർക്കാർ പറയുന്നു.  എന്നാൽ കൃത്യമായി  ഇതിനെ നിർവചിക്കാനോ ഗുണദോഷഫലങ്ങൾ പറഞ്ഞു കൊടുക്കാനോ ആർക്കും അറിയില്ല എന്നതാണ് വസ്തുത. എതിർത്തും അനുകൂലിച്ചുമുള്ള വാദപ്രതിവാദങ്ങൾ ഉയരുന്നതിനിടെ നിത്യജീവിത പ്രശ്നങ്ങളുമായി കെട്ടിമറിയുന്ന സാധാരണക്കാരൻ സംഘർഷത്തിലാണ്.
എഡിറ്റോറിയൽ പറയുന്നു.

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

മലയാളി എഴുത്തുകാർക്ക് സമയവും ക്ഷമയുമില്ല
ടി. പി. രാജീവനുമായി വി. മുസഫർ അഹമ്മദ് നടത്തുന്ന  സംഭാഷണം.

പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ.കോട്ടൂർ  എഴുത്തും ജീവിതവും  എന്നീ നോവലുകൾക്ക് ശേഷമുള്ള ക്രിയാശേഷം എന്ന പുതിയ നോവലിനെക്കുറിച്ചും അതെഴുതാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും നോവലിസ്റ്റും കവിയുമായ ടി. പി. രാജീവൻ  സംസാരിക്കുന്നു.

എം. സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടർച്ചയായി വേണമെങ്കിൽ  ഇതിനെ കരുതാം. ശേഷക്രിയയിലെ കുഞ്ഞയ്യപ്പന്റെ മകൻ, കൊച്ചുനാണുവിന്റെ വർത്തമാനകാല ജീവിതമാണ് താൻ നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്.

പാലേരി മാണിക്യവും കെ.ടി. എൻ കോട്ടൂരും ഭൂതകാലത്തിന്റെ ചിത്രീകരണമെങ്കിൽ ക്രിയാശേഷം വർത്തമാനത്തിലാണ് ആഖ്യാനം നടത്തുന്നത്.

കൂടാതെ എഴുത്തുകാരന് കൊടുക്കേണ്ട സ്വകാര്യത, സമൂഹം നല്കേണ്ട സുരക്ഷ എന്നീ കാര്യങ്ങളുണ്ട്. അത് കാശ് കൊടുക്കൽ മാത്രമല്ല. അയാൾക്ക്എഴുതാനുള്ള സൗകര്യം കൊടുക്കണം, സ്പെയ്സ് കൊടുക്കണം.
ധർണ്ണ, സമരം, ഉദ്ഘാടനം എന്നിവയിൽ തളയ്ക്കപ്പെടുകയാണ് മലയാളി എഴുത്തുകാർ. അതിനിടയിൽ ധൃതിപിടിച്ച് ചെയ്യുന്ന  ഒരു കർമമായി എഴുത്തുമാറുന്നു. അതിനാൽ  അതിന്റെ ഗൗരവം കുറയുന്നു.  രാജീവൻ  മനസ്സു തുറക്കുന്നു.

💧💧💧💧💧💧💧💧💧💧💧

തൊപ്പി ധരിച്ചില്ലായിരുന്നെങ്കിൽ അവൻ ഇന്നും ജീവിച്ചിരുന്നേനേ
കൊല്ലപ്പെട്ട  ജുനൈദിന്റെ സഹോദരൻ  ഹാഷിം സംസാരിക്കുന്നു. മൊഴിമാറ്റം:  നഹീമ പൂന്തോട്ടത്തിൽ

ജൂൺ 22ന് ജുനൈദ്  എന്ന പതിനാറുകാരനെ ഹിന്ദുത്വവാദികൾ തീവണ്ടിയിൽ കുത്തിക്കൊലപ്പെടുത്തി.

നീതിതേടിയും ഇനിയൊരു വർഗ്ഗീയ കൊലപാതകം ആവർത്തിക്കാതിരിക്കാനും ജുനൈദിന്റെ ജ്യേഷ്ഠസഹോദരൻ ഹാഷിം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുക്കുകയാണിപ്പോൾ.  കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിക്കെത്തിയ ഹാഷീം താൻ സാക്ഷിയായ സഹോദരന്റെ കൊലപാതകം വിവരിക്കുന്നു.

ഒരുപാട് സ്വപ്നങ്ങൾ സൂക്ഷിച്ചിരുന്ന എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്ന കുഞ്ഞനിയനെ ഒരു പറ്റം മതഭ്രാന്തന്മാർ കത്തിയിൽ കോർക്കുന്നത് കണ്ടുനില്ക്കുക.....
ഒരിറ്റുവെള്ളം പോലും ലഭിക്കാതെ റെയിൽവേ ഫ്ലാറ്റുഫോമിൽ പിടഞ്ഞുതീരുന്ന സഹോദരനെ ചേർത്ത് പിടിച്ച് ഇരിക്കേണ്ടി വരിക........അപ്പോഴും അതെല്ലാം മൊബൈലിൽ പകർത്താനാളുകൾ ഉണ്ടായിരുന്നു.
ഹാഷിമിന്റെ കണ്ണിൽ പൊടിയുന്നത് നീർത്തുള്ളിയല്ല. ചോരയാണ്.


🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

കോർപ്പറേറ്റുകളിലേക്കുള്ള അധികാരകൈമാറ്റം
ലേഖനം : പി. ജെ. ജയിംസ്
ജി. എസ്. ടി. എന്ന നവ ഉദാര നികുതി പരിഷ്കാരത്തിലേക്ക് ദേശം കടന്നു.  
നോട്ടു നിരോധനം ഏല്പിച്ച തകർച്ച ഒരു വശത്ത് തുടരുമ്പോൾ കൃത്യമായ പ്ളാനിംഗ് ഇല്ലാതെയും ആസൂത്രണമില്ലാതെയും നടപ്പാക്കിയ ഈ നവ ഉദാര നികുതി പ്രഖ്യാപനം എരിതീയിൽ നിന്ന് വറചട്ടിയിലേക്കുള്ള മാറ്റമാണെന്ന് ലേഖകൻ പറയുന്നു.  ഒരു തനത് ഇന്ത്യൻ ആവിഷ്കാരമായി ഇപ്പോൾ അവതരിപ്പിച്ച ജി. എസ്. ടി 1980 മുതൽ തുടങ്ങിയ നവ ഉദാരീകരണം മുന്നോട്ട് വയ്ക്കുകയും കോർപ്പറേറ്റുകളിൽ സമ്പത്ത് കേന്ദ്രീകരിക്കുകയും ചെയ്ത കാലം മുതൽ പല രീതിയിൽ കൂടുതൽ കേന്ദ്രീകരണത്തിനായി തത്പ്പരകക്ഷികൾ നടത്തിയ ഗവേഷണത്തിന്റെ  ബാക്കിപത്രമാണ്.

വാറ്റ് നടപ്പാക്കിയ കാലത്തും വില കുറയും എന്ന ശക്തമായ പ്രചരണം നടത്തിയിരുന്നു. അതുതന്നെയാണ്  ഇവിടെയും സംഭവിക്കുക. 
തന്റെ  ആശങ്കകളും നിഗമനങ്ങളും ലേഖകൻ പങ്കുവെയ്ക്കുന്നു.

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

അധികാര വ്യവസ്ഥകളുടെ രാവണൻ കോട്ട 
നോവൽ പഠനം : എൻ ശശിധരൻ 

ബാബു ഭരദ്വാജിന്റെ അവസാന നോവലായ നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്ക് എന്ന നോവലിന്റെ പഠനം അവതരിപ്പിക്കുകയാണ് നിരൂപകൻ കൂടിയായ എൻ ശശിധരൻ.  

മെറ്റാഫിക്ഷൻ എന്ന  വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന മലയാളത്തിലെ അപൂർവ്വം നോവലുകളിലൊന്നാണ് ഭരദ്വാജിന്റെ *നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്ക്. 
ഘടനയും ആഖ്യാനരീതിയും പോലെ മൗലികത പുലർത്തുന്നതാണ് നോവലിലെ ഭാഷ. സവിശേഷമായ ഒരു അപ്രതിരോധ്യതയാണ് ആ നോവൽ  അനുഭവിപ്പിക്കുന്നത്. എഴുത്തിനെ ആഘോഷമാക്കുന്ന ഒരു നോവൽ  എന്ന്  ഇതിനെ നിസ്സംശയം വിശേഷിപ്പിക്കാം എന്ന് എൻ. ശശിധരൻ തന്റെ പഠനത്തിൽ വ്യക്തമാക്കുന്നു.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ഫാഷിസത്തിന്റെ ഇന്നലെകളും ഇന്നും
വായന : കെ. വേണു.

മണർകാട് മാത്യൂ രചിച്ച അഡോൾഫ് ഹിറ്റ്ലർ  (പഠനം) എന്ന പുസ്തകത്തിന്റെ വായനയനുഭവം അതിലെ രാഷ്ട്രീയം എന്നിവ രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ കെ.  വേണു വിലയിരുത്തുന്നു. 
വംശീയ വാദത്തിന്റെ ചരിത്രം ഹിറ്റ്ലറിൽ തുടങ്ങുന്നതല്ല. ജർമ്മൻകാരാണ് ലോകത്തെ നയിക്കാൻ അർഹരെന്ന് വാദിച്ച ബ്രിട്ടീഷ്,  ഫ്രഞ്ച് ചിന്തകർ പോലുമുണ്ട്. ഹിറ്റ്ലറുടെ ക്രൂരതയ്ക്ക് ഇപ്പോൾ ചില മനശാസ്ത്ര വിശകലനവും മനോരോഗ പരിവേഷവും ചാർത്തുന്നു. അത് ശരിയല്ല. രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ മനശാസ്ത്രവീക്ഷണത്തിൽ പെടുത്തുന്നത് ശരിയല്ല. അത്തരം വിശകലനങ്ങൾ പുസ്തകത്തിന്റെ പൊതുലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നുണ്ട്. എങ്കിലും കാലിക പ്രസക്തിയുള്ള ഈ പുസ്തകം ഏതൊരു വായനക്കാരനും മുതൽക്കൂട്ടായിരിക്കും. ശ്രീ. വേണു വിലയിരുത്തുന്നു.


🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഒരു പ്രേമകഥ
കഥ : പി.എ. ദിവാകരൻ 

പെണ്ണ്,
മെഴുകുതിരി
രണ്ടു കഥകൾ 
മുഹമ്മദ് ഹാഫിൽ 

കവിതകൾ

അവനവൾ 
 പി. ടി. ബിനു

ഉപന്യാസം
ദിവാകരൻ വിഷ്ണുമംഗലം 

ഫൈനൽ കട്ട് പ്രോ
കന്നി. എം

മരിച്ചു പോയ കൂട്ടുകാരന്
റഷീദ് ചേന്ദമംഗലൂർ

നിങ്ങളോടെന്ന വ്യാജേന എനിക്ക് എന്നോടു ചിലത് പറയാനുണ്ട്.
സൗമ്യ ഗോപിനാഥൻ

*മീഡിയാ സ്കാൻ, 
*രണ്ടു നോവലുകൾ, 
*യാത്രാവിവരണം,
*പ്രതികരണങ്ങൾ,
*ബുക്ക് ഷെൽഫ് 
*ഫേഡ് ഇൻ ( ഫോട്ടോ ഗാലറി) 
*ഒടുക്കം 

തുടങ്ങി  സ്ഥിരം പംക്തികൾ വേറെയും.

എന്റെ  വീക്ഷണം: 

കൃത്യമായ വിശകലനങ്ങൾ, പ്രതിരോധത്തിന്റെ പാഠങ്ങൾ, ഫാസിസത്തിനും വർഗീയതയ്ക്കുമെതിരെയുള്ള ചെറുത്തു നില്പ്. ഇവയൊക്കെ മാധ്യമത്തിന്റെ നിലപാടുകൾ ആണ്. അതിൽ ലേശം പോലും വെള്ളം ചേർക്കാതെ മുന്നോട്ട് പോകുന്നു. 

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

തയ്യാറാക്കിയത്  :
കുരുവിള ജോൺ 
9495161182 

ഉള്ളടക്കം വായിച്ചു  സ്വതന്ത്രമായി തയ്യാറാക്കുന്നത്. 


☘☘☘☘☘☘☘☘☘☘☘

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

✍ കവിത

മരിച്ചു പോയ കൂട്ടുകാരന്
റഷീദ് ചേന്ദമംഗല്ലൂർ

പ്രിയപ്പെട്ട കൂട്ടുകാരാ
നീ മരിച്ചേൽപ്പിന്നെ
ഇവിടമാകെ മാറിയ മാതിരി.

ഒരച്ഛൻ ജഡം ചുമലിലേറ്റി കാതങ്ങൾ താണ്ടുന്ന കാഴ്ചകണ്ട്  ഗ്രാമം ഉണരുന്നു. 

നിന്റെ അസത്യങ്ങളിൽ വെള്ളം ചേർത്തൊരാൾ പുതിയ വണിക്കായി മാറി.

തെരുവുവിളക്കുതി കെടുത്തി
ഈയാംപാറ്റയെ ആരോ പീഡിപ്പിച്ച കാലം വന്നു. 

നിനക്ക് പാൽ തന്നിരുന്ന
കാർത്ത്യായനി ചേച്ചിയും പശുവും ആധാർ ക്യൂവിലാണ്. 

അന്ന്  നീയിത്തിരി സ്മോളടിച്ച ആൽമരച്ചുവട് പിളർന്ന് ഒരു വലിയ ബാർ വന്നു.

പിന്നെ,  നമ്മുടെ പുഴ, നിളയെപ്പോലൊഴുകിപ്പോയവൾ വറ്റി, വിളറി വെളുത്തപോലായി.

ഒരു കോമരം വന്നുത്സവം തുള്ളി,  നടന്നിരുന്നമ്പലമുറ്റത്തിന്നാരോ താണ്ഡവമാടുന്നു.

നീ ഉയിർത്തെഴുന്നേല്ക്കുകിൽ തിരികെ 
കല്ലറയിലേക്കുള്ള വഴി അടയാളപ്പെടുത്തണേ.

            💧💧💧 

2017 ജൂലൈ 17 ലക്കം  മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കവിത                        

💧💧💧💧💧💧💧💧💧💧💧



മാതൃഭൂമി ആഴ്ചപ്പതിപ്പ്
2017 ജൂലായ്  16
പുസ്തകം - 95, ലക്കം - 18 

✍ കലയും,  സാഹിത്യവും , സമരവും ഒക്കെയായി സമസ്ത മേഖലകളെയും അവതരിപ്പിക്കുകയാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്. 

മുഖ്യ ധാരയുടെ ഭാഗമാകാം, എന്നാലും അതിലെ പ്രവണതകളെ ചെറുക്കാം - അഭിമുഖം 

പ്രശസ്ത ചിത്രകാരിയും കലാചരിത്രകാരിയും അടുത്ത കൊച്ചി - മുസിരിസ് ബിനാലെയുടെ ക്യൂറേറ്ററായ ആദ്യ വനിതയുമായ അനിതാ ദുബെ യുമായി എൻ. കെ. ഭൂപേഷ് നടത്തുന്ന  അഭിമുഖം. 

ഹിംസാത്മക പ്രവർത്തനങ്ങൾ സമൂഹത്തിൽ പടരുന്നു. ആൾക്കുട്ട അതിക്രമമായാലും, വ്യക്തികളും സംഘടനകളും നടത്തുന്നതായാലും എവിടെയും ഹിംസയുടെ വ്യാപനം കാണാൻ കഴിയും. ഊതിവീർപ്പിച്ച ആണധികാരത്തിന്റെ പ്രയോഗമായിട്ടേ ഇതിനെ കാണാൻ കഴിയൂ. സമൂഹത്തിന്റെ,  കലയുടെ മുഖ്യധാരയിൽ നിന്നുകൊണ്ട് തന്നെ ഇതിനെ ചെറുക്കാൻ കഴിയണം. അത്  കലാകാരന്മാർക്ക് സാധിക്കും.... സാധിക്കണം.  
അധികാരത്തിന്റെ ശീതളിമ തേടുന്നവരുണ്ടാകാം എന്നാൽ കൂടുതൽ ചെറുത്തുനില്പ് ഉണ്ടാകുന്നത് കലയിലൂടെത്തന്നെയാണ്.

അരികുജീവിതങ്ങളുടെ ആവിഷ്കാരവും,  മാറ്റിനിറുത്തപ്പെട്ട, അല്ലെങ്കിൽ മുഖ്യധാരയിലേക്കു വരാത്ത കലാരൂപങ്ങളും അടുത്ത ബിനാലെയിൽ അവതരിപ്പിക്കാൻ  ശ്രമിക്കുന്നു. 

കലയെ സംബന്ധിച്ച നിർവചനം തന്നെ മാറിപ്പോയിരിക്കുന്നു. 

നിങ്ങൾ  ആരോട് കല വഴി ഇന്ററാക്ട് ചെയ്യുന്നുവോ  അവരുടെ രാഷ്ട്രീയമായിരിക്കും ബോധ്യമാക്കേണ്ടത്. 

കണ്ടന്റിനോടോപ്പം റപ്രസന്റേഷനും പ്രധാനമാണ്. അപ്പോഴെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടു എന്നു പറയാൻ പറ്റൂ.

അനിതാ ദുബെ മനസ്സു തുറക്കുന്നു.

തവള മനുഷ്യന്റെ കണ്ണാടിയാണ്
അഭിമുഖം 

പ്രശസ്ത എൻവയൺമെന്റൽ ബയോളജിസ്റ്റായ ഡോ. അനിൽ സഖറിയയുമായി താഹ മാടായി നടത്തുന്ന സംഭാഷണം.

പ്രകൃതിയിലെ ഏറ്റവും പ്രായം ചെന്ന സ്പീഷിസ് ആണ് തവള. അവയുടെ താളം പ്രകൃതിയുടെ താളം തന്നെയാണ്.  മനുഷ്യൻ ആ താളം തെറ്റിക്കുമ്പോൾ തവളകൾ നശിക്കുന്നു. അത് അധികം വൈകാതെ മനുഷ്യവംശത്തിന്റെ നാശത്തിനു കാരണമാകും.

വംശ നാശ ഭീഷണി മനുഷ്യൻ തവളകൾക്ക് വരുത്തുമ്പോൾ തന്റെ തന്നെ വംശത്തിന്റെ കടയ്ക്കലാണ് കത്തി വയ്ക്കുന്നത്  എന്നറിയുന്നില്ല. 
ശാസ്ത്രീയ നിഗമനങ്ങളോടെ ഡോക്ടർ അനിൽ സഖറിയ വിശദീകരിക്കുന്നു. 

താഹ മാടായിയുടെ ഏറ്റവും മോശം പ്രകടനം എന്ന് എനിക്ക്  ഈ അഭിമുഖത്തെക്കുറിച്ച് പറയേണ്ടിവരും. വിഷയം പഠിക്കാതെ ഉന്നയിക്കുന്ന ചില ബാലിശമായ ചോദ്യങ്ങൾ  ഇതിലുണ്ട്. 


🏹🏹🏹🏹🏹🏹🏹🏹🏹🏹🏹
വൈപ്പിനിലേക്ക് വരൂ... ജനങ്ങളുടെ ശബ്ദം കേൾക്കൂ
പുരുഷൻ  ഏലൂർ 

ചില പോദ്യങ്ങൾക്ക് ഭരണകൂടം ഉത്തരം പറയണം.
കാരണം ഭരണവർഗം ഉണ്ടാക്കിയ നിയമങ്ങൾ അത് അനുസരിക്കാൻ ജനം ( ഭരിക്കപ്പെടുന്നവർ) ബാധ്യസ്ഥരാണെന്നപോലെ അത് കർശനമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഭരണകൂടവും ബാധ്യസ്ഥരല്ലേ....
ഇതാണ് വൈപ്പിൻ ടെർമിനലിനെതിരെ തുടരുന്ന സമരത്തിലുയരുന്ന ചോദ്യം

എന്തുകൊണ്ട് ജനങ്ങൾ  ആശങ്കയിൽ നില്ക്കുമ്പോൾ അത് പരിഹരിക്കാൻ  ജനകീയ സർക്കാർ തയ്യാറാകുന്നില്ല. 

ഏത് പദ്ധതിയും ജനങ്ങൾക്കായി എന്നാണല്ലോ പറയപ്പെടുന്നത്. 
ജനത്തിനു വേണ്ട എങ്കിൽ  പിന്നെ  ആർക്കുവേണ്ടി....
ഈ ചോദ്യം  പല പദ്ധതികളുടെയും പിന്നിലുണ്ട്.

വികസന വിരോധികൾ എന്ന പഴി ചുമത്തി ഒരു പ്രദേശവാസികളെ ഒന്നടങ്കം ഒറ്റപ്പെടുത്തുവാനുള്ള നീക്കമാണ്  ഭരണകൂടം നടത്തുന്നത്. 

കൃത്യമായി നിയമങ്ങളും തീരദേശ പരിപാലന നിയന്ത്രണങ്ങളും പരിസ്ഥിതി ലോല പ്രദേശത്തെ നിർമ്മാണത്തിന് സർക്കാർ തന്നെ കൊണ്ടു വന്നിട്ടുള്ള  നിയമങ്ങളും പാലിക്കണം. 

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചു എന്നു പറഞ്ഞിരുന്ന ഭോപ്പാലിൽ ദുരന്തം ഉണ്ടായില്ലേ......
അത്തരം ധാരാളം  ഉദാഹരണങ്ങൾ പുരുഷൻ ഏലൂർ നിരത്തുന്നു.

സമരപക്ഷത്തുനിന്ന് ഭരണപക്ഷത്തേക്കുള്ള പതനം
ലേഖനം  : സി. ആർ. നീലകണ്ഠൻ 
വൈപ്പിൻ സമരം. 
തദ്ദേശ വാസികളുടെ ആശങ്കയ്ക്ക് ഭരണകൂടം മറുപടി പറയേണ്ടത് പോലീസ് രാജിലൂടെയോ ഭീകര, തീവ്രവാദ പിന്തുണ ആരോപിച്ചോ അല്ല. 
എന്തുകൊണ്ട് സർക്കാർ ചർച്ചയുടെയോ സമവായത്തിന്റെയോ നയം സ്വീകരിക്കുന്നില്ല.  ആരെയാണ് ഭരണകൂടം ഭയക്കുന്നത്.  പരിസ്ഥിതി ലോല പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്.  ഇവ പാലിക്കാതെ നിർമ്മാണം നടത്തുന്നു എന്ന് സമരക്കാർ  ആരോപിക്കുമ്പോൾ അത് വ്യക്തമാക്കാനുള്ള ബാധ്യത ഭരണകൂടത്തിനില്ലേ.......

സമരങ്ങൾക്ക് നേതൃത്വം നല്കി, ചോരയിൽ മുക്കിയ സമരങ്ങൾ നയിച്ച് അധികാരത്തിലെത്തിയവർ എന്തിന്  സമരങ്ങളെ ഭയപ്പെടണം. 

വലതും  ഇടതും , രണ്ടു കക്ഷികളും സമരങ്ങളെ ഭയപ്പെടുന്നു. അവരുടെ സമരങ്ങളിൽ,  പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന  അണികൾ കേവലം തങ്ങളുടെ രാഷ്ട്രീയ കടമ, അല്ലെങ്കിൽ സാന്നിധ്യം നല്കുക മാത്രമാണ് ചെയ്യുന്നത്.  അല്ലാതെ ആ സമരത്തോടോ പ്രതിഷേധത്തോടോ യാതൊരുവിധ താത്പര്യവും അവർക്കില്ല.

വൈപ്പിൻ സമരത്തിൽ മാത്രമല്ല ഇതിനുമുമ്പ് നടന്ന  ജനകീയ സമരങ്ങളിലെല്ലാം സ്ത്രീ സാന്നിധ്യം ശക്തമായിരുന്നു. ഏതെങ്കിലും പ്രേരണയാലോ, വാഗ്ദാനങ്ങളാലോ തീവ്രമായ സമരമുഖത്തേക്ക് സ്ത്രീ പങ്കാളിത്തം എത്തിക്കുക എന്നത് നടക്കുന്ന കാര്യമാണോ.

സി. പി.  ഐ ഒഴിച്ചുള്ള പാർട്ടികൾ  ജനകീയ സമരങ്ങളോട് പുലർത്തുന്ന  അസഹിഷ്ണുത  പഠന വിഷയമാക്കേണ്ടതാണ്.
ജനം രാജാവാകുന്നതിനെ ആരാണ്  ഭയപ്പെടുന്നത്.
സി. ആർ. നീലകണ്ഠൻ ചോദിക്കുന്നു.

കൃത്യമായ വിശകലനങ്ങളോടെ, കേരളത്തിൽ  അടുത്ത കാലങ്ങളിൽ നടന്ന സമരങ്ങളിൽ മുഖ്യധാരാ കക്ഷികളുടെ ഇടപെടൽ തുലോം പരിമിതമായിരുന്നു എന്ന്  സമർത്ഥിക്കുന്നു.  പ്ലാച്ചിമട,  മുത്തങ്ങ, ചെങ്ങറ, കിനാലൂർ,  മൂന്നാർ തുടങ്ങി  അനേകം സമരങ്ങൾ ഉദാഹരണമായി നിരത്തുന്നു.
ഇത്  സമരപക്ഷത്തുനിന്നും ഭരണപക്ഷത്തേക്കുള്ള പതനമായി കാണാം. 
ശ്രീ. സി. ആർ. നീലകണ്ഠൻ  എഴുതുന്നു. 


🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

ഉയിരെഴുത്ത്
കഥ : വി. ജെ. ജയിംസ്. 

കഥ പറയാൻ  അറിയുന്ന കഥാകാരനാണ് വി.  ജെ  ജയിംസ്.  
പുറപ്പാടിന്റെ പുസ്തകം,  ദത്താപഹാരം, ചോരശാസ്ത്രം, നിരിശ്വരൻ, ലെയ്ക്ക തുടങ്ങിയ നോവലുകളിൽ കഥ  പറച്ചിലിന്റെ വ്യത്യസ്തമായ ആഖ്യാന ശൈലികൾ നമ്മൾ പരിചയപ്പെട്ടതാണ്.
നോവലുകളുടെ ചെറുരൂപമെന്ന് ചെറുകഥയെ പറയുമ്പോഴും അതിന്  അതിന്റേതായ ഒരു രൂപ ഘടനയുണ്ട്.
ആ ഘടനയിൽ നിന്നുകൊണ്ട് കഥ പറയാൻ  ഈ കഥാകാരന് പ്രത്യേക കഴിവുണ്ട്. 

സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്ന ചിലർ ചെന്നുപെടുന്ന ചില ഊരാക്കുടുക്കുകൾ ഉണ്ട്.  

തന്റെ മരണ സമയം കൃത്യമായി നിശ്ചയിക്കുന്ന ഒരു  പ്രോഗ്രാമിൽ കേവല തമാശയ്ക്കായി പങ്കെടുക്കുകയാണ് ഈ കഥയിലെ പുരോഗമന ചിന്താഗതിക്കാരനായ നായകൻ.....

അവസാനം....
അത്  ഞാനല്ല  എന്ന ഒരു വാക്കിൽ കത്തിമുനയിൽ നിന്ന്  ജീവിതം തിരിച്ചു കിട്ടുന്നു. 

അത് സൂക്കറിന്റെ ഫേസ് ബുക്ക് തന്ന ജീവിതമല്ല.... 
എന്ന തിരിച്ചറിവ്  അയാളുടെ ജീവിതം മാറ്റിമറിക്കുന്നു.

എഴുത്തിന്റെ  വേറിട്ട രീതിയും പ്രമേയവും.
മനോഹരമായ കഥ.

മഴവിൽ നിറങ്ങളിൽ മനുഷ്യൻ
ലേഖനം : ജിജോ കുരിയാക്കോസ്.

ലൈംഗിക വിദ്യാഭ്യാസം  എന്തിന്.... എങ്ങനെ...
അത്  ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് എത്രമാത്രം ഗുണകരമാകും... എന്നെല്ലാം ഈ ലേഖനം പരിശോധിക്കുന്നു. 

കുടുംബ കേന്ദ്രീകൃത ഇന്ത്യൻ വരേണ്യ വ്യവസ്ഥയുടെ സാംസ്കാരിക അടയാളങ്ങളും അനുബന്ധ കുരുക്കുകളും ഇന്ത്യയിലെ പാഠ്യപദ്ധതികളെവരെ സ്വാധീനിച്ചിരിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ ലൈംഗിക വിദ്യാഭ്യാസം  എത്രമാത്രം ഫലപ്രദമാകും എന്ന്  ലേഖകൻ  ആശങ്കപ്പെടുന്നു.  

വഴിയെത്ര വഴികളീ മനുഷ്യൻ നടക്കണം 
സോളോ സ്റ്റോറീസ് : വേണു.

ചരിത്രം കടന്നു പോന്ന വഴികളിലൂടെ ഒരു യാത്ര. 1435 ൽ നിർമ്മിച്ച വിജയസ്മാരകത്തിനു മുൻപിൽ നില്ക്കുമ്പോൾ എന്തൊക്കെ  ആയിരിക്കും നമ്മുടെ മനസ്സിലോടിയെത്തുക.
പ്രാചീന സ്മാരകങ്ങളിലേക്ക്, ഓർമ്മകളിലേക്ക് വർത്തമാന കാല യാഥാർത്ഥ്യങ്ങളിലൂടെ വേണു നടത്തുന്ന  ഒറ്റയാൾ സഞ്ചാരം. 
മനോഹരമായ ഫോട്ടോകൾ വിവരണത്തിനൊപ്പമുള്ളത് കൂടുതൽ ഹൃദ്യമാകുന്നു.

അന്നത്തെ ആഴ്ചപ്പതിപ്പ് /1932

പാശ്ചാത്യ പരിഷ്കാരവും ഭാരതീയരുടെ ലിംഗബന്ധനിലയും
ഇന്നത്തെ പരിഷ്കാരികളുടെ ചില തെറ്റിദ്ധാരണകൾ 
ലേഖനം  : ഏ.  ബാലകൃഷ്ണപിള്ള  - 
ബി. എ. , ബി. എൽ.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കത്തിൽ കേസരി  എ. ബാലകൃഷ്ണപിള്ള  എഴുതിയ ലേഖനമാണിത്. അസാമാന്യമായ ധിഷണയുടെ പ്രകാശനമായിരുന്നു കേസരിയുടെ ജീവിതം. 
അദ്ദേഹത്തിന്റെ പ്രതിഭ ഈ ലേഖനത്തിൽ തെളിഞ്ഞു കാണാം. 
പുനർവായനയുടെ പൂക്കാലമെന്ന് നിസംശയം പറയാം.

* കവിത  - പ്രേതഭാഷയുടെ പാഠ പുസ്തകം  - അനിത തമ്പി
* പ്രതികരണങ്ങൾ
* നോവൽ 
* കോളേജ് മാഗസിൻ 
* ബാല പംക്തി 
* മധുര ചൂരൽ 
* ചോക്കുപൊടി
* പുസ്തകക്കുറപ്പുകൾ
* ട്രൂകോപ്പി

മുതലായ  സ്ഥിരം പംക്തികളും.

എന്റെ  വീക്ഷണം :

കഴിഞ്ഞ ലക്കത്തെ അപേക്ഷിച്ച് വളരെയധികം സമകാലിക വിഷയത്തിൽ  ഇടപെടുന്ന  സമീപനമാണ്  ഈ ലക്കത്തിൽ കണ്ടത്.
മധ്യമ നിലവാരം പുലർത്തി  മാതൃഭൂമി ആഴ്ചപ്പതിപ്പ് മുന്നോട്ട് പോകുന്നു. 

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 

തയ്യാറാക്കിയത് : 
കുരുവിള ജോൺ 
9495161182

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

🚈🚈🚈🚈🚈🚈🚈🚈🚈🚈🚈

      🚆🚆  മെട്രോ 🚆🚆
                     കവിത 
ദ്രുപത് ഗൗതം
+2സയൻസ്,
ഗവ.എച്ച്. എസ്. എസ്., മീനങ്ങാടി,  വയനാട്. 

🚃🚃🚃🚃🚃🚃🚃🚃🚃🚃🚃

ഇരുട്ടിന്റെ കാത്തിരിപ്പിലേക്ക്,
ഒരു  തെറുപ്പുബീഡി കത്തിച്ച് 
ചുമച്ച് ചുമച്ച് ചോരതുപ്പി  
പിടിച്ചുപറിക്കാരനായ ഒരു പകൽ വന്നു നില്ക്കുന്നു......!

പണിതുകൊണ്ടിരുന്ന ആവി പറക്കുന്ന തണൽ
വെയിലിന്
കിട്ടിയ കാശിനുവിറ്റ്
മരം  അതിൽ ഓടിക്കയറുന്നു......!
രാജ്യദ്രോഹകുറ്റം ചുമത്തിയ,
പുരാതനമായ എല്ലാ ഓർമ്മകളും അതിന്റെ ഇറക്കത്തിന്റെ വളവിൽ വെച്ചേ കൊല്ലപ്പെടുന്നു....!

അതിന്റെ സൃഷ്ടാവിനെ...
ഉപേക്ഷിക്കുന്നതോടെ,
പൂർത്തീകരിക്കപ്പെടുന്നതുപോലെ,
അത്രയും സൂക്ഷ്മതയിൽ
അളന്നളന്നുവെട്ടിയതിന്റെ
പാടുകൾ ചേർത്തുവെച്ചതായിരിക്കും എല്ലാ നിർമ്മിതികളും......!

ഒരാശ്ചര്യവും അതിന്റെ...
ചിഹ്നത്തിലേക്ക് വാഴ്ത്തപ്പെടുന്നില്ലന്നതുപോലെ 
ഒരക്ഷരവും....
അതിന്റെ.........
വാക്കുകളിൽ......
സുരക്ഷിതമാക്കപ്പെടുന്നില്ല....!

സൂക്ഷിക്കൂ.....,
വാക്കിന്റെ 
ഏറ്റവും അപകടംപിടിച്ച 
വളവാണ്
കവിത.....


🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

2017 ജൂലായ് 16 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന  കവിത.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹☘☘☘☘☘☘☘☘☘☘☘

📕📕📕📕📕📕📕📕📕📕📕



   ☘    ഭാഷാപോഷിണി ☘
ജൂലൈ 2017 
പുസ്തകം - 41ലക്കം - 7

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കലയും കലയുടെ വിവിധ  ആഖ്യാനരീതികളും സമകാലിക സംഭവങ്ങളുടെ ചർച്ചകളുമൊക്കെയായി വിഭവ സമൃദ്ധമായ സദ്യയാണ് ഭാഷാപോഷിണി ഈ ലക്കം  നമുക്ക് തരുന്നത്. 


💧💧💧💧💧💧💧💧💧💧💧
ശവപ്പറമ്പിൽ ആത്മാവിനെ തിരയുമ്പോൾ
പുസ്തക പരിചയം  : എൻ. ഇ. സുധീർ

അരുന്ധതി റോയിയുടെ ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് എന്ന നോവലിന്റെ വായന നമുക്കായി പങ്കുവയ്ക്കുകയാണ് ലേഖകൻ. 

ആഖ്യാനതലത്തിൽ നിലവിലുള്ള സമ്പ്രദായിക ക്രമങ്ങളെ അതിലംഘിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് നോവലിസ്റ്റ് പറഞ്ഞത് ശരിവയ്ക്കുകയാണ് സുധീർ.   
അൻജും എന്ന  ഹിജഡ കാണുന്ന ഇന്ത്യയും,  തിലോത്തമയിലൂടെ വരച്ചിടുന്ന കാശ്മീരും, ഒക്കെ വായനയുടെ വേറിട്ട അനുഭൂതികളിലേക്കും മായക്കാഴ്ചകളിലേക്കും ആസ്വാദകനെ കൂട്ടും എന്ന് ലേഖകൻ സമർത്ഥിക്കുന്നു.

വീട്ടാത്ത കടങ്ങൾ
പെരുമാൾ മുരുകൻ

അർദ്ധനാരീശ്വരൻ എന്ന  ഒരു നോവലിലൂടെ ഭാരതം മുഴുവൻ ചർച്ചയാവുകയും മതഭീകരരുടെ ഭീഷണിയെത്തുടർന്ന് എഴുത്തു നിറുത്തുന്നു എന്ന്  പ്രഖ്യാപിക്കുകയും ചെയ്ത പെരുമാൾ മുരുകൻ , മലയാളികളെ അഭിസംബോധന ചെയ്യുന്നു. ഏപ്രിലിൽ  അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ നടത്തിയ എഴുത്തും പ്രതിരോധവും എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം  ശ്രീ. ശാന്തൻ മൊഴിമാറ്റം നടത്തി നമുക്ക് തരുന്നു.

തമിഴ് സാഹിത്യകാരൻ ജയമോഹൻ,  അയ്യപ്പപ്പണിക്കരുടെ കുതിരനൃത്തം  എന്ന കവിത തമിഴിലേക്ക് മൊഴിമാറ്റം നടത്തിയത് താൻ വായിച്ചിട്ടുണ്ട്. എന്താണ്  ഈ കവിതയുടെ അർത്ഥം.... അല്ലെങ്കിൽ കവിതയ്ക്ക് തിണസങ്കല്പം വച്ച് നേരായ അർത്ഥം  ഉണ്ടോ.... അതെന്തായാലും ഒറ്റക്കാലൻ കുതിരയാണ് പ്രതിരോധത്തിന്റെ രൂപം.  ഒറ്റക്കാലൻ കുതിര ചെയ്യുന്നത് മറ്റു കുതിരകൾക്ക് ചെയ്യാൻ പറ്റാത്തത്  എന്തുകൊണ്ടാണ്. ചിന്തിക്കണം പ്രതിഷേധത്തെ അടിസ്ഥാനമാക്കുന്ന സാഹിത്യം  വർത്തമാന കാലത്തിൽ ഏത് രൂപത്തിൽ  ആയിരിക്കണം.  നേരായ അർത്ഥം മാത്രമുള്ളതായാൽ പോരാ. പരോക്ഷമായ അർത്ഥവും അതിനുള്ള സൂചനയും അതിലുണ്ടായിരിക്കണം.

മാതോരൂപാകൻ ( അർദ്ധനാരീശ്വരൻ)
എന്ന പ്രസിദ്ധമായ നോവലിന്റെ കർത്താവ് ശ്രീ പെരുമാൾ മുരുകൻ മലയാളത്തോട് മനസ്സു തുറക്കുന്നു.

മലയാളി നല്കുന്ന ഊഷ്മളതയ്ക്കും വിശാല ചിന്തയ്ക്കും നന്ദി പറയാൻ  അദ്ദേഹം മറക്കുന്നില്ല. ജാതിവെറിക്കെതിരെയുള്ള സിംബലായി മലയാളം  തന്നെ കാണുന്നു എന്നുകൂടി പറയുന്നു. 

സമർപ്പണം ചെയ്ത കലാജീവിതം
(അഭിമുഖം) 
കൊച്ചി - മുസിരിസ്സ് ബിനാലെയിലൂടെ മലയാളിക്ക് കൂടുതൽ പരിചിതനായ കലാകാരൻ ശ്രീ. ബോസ് കൃഷ്മാചാരിയുമായി രാമാനുജൻ നടത്തുന്ന  അഭിമുഖം. 

അങ്കമാലിക്കടുത്ത് തീരെ അവികസിതമായ ഒരു ഗ്രാമത്തിൽ നിന്ന് തുടങ്ങുന്ന തന്റെ ജീവിതവും, ചിത്രകാരൻ  എന്നനിലയിൽ നിന്ന്  ക്രിയേറ്റർ എന്ന തലത്തിലേക്ക്  ഉയർന്ന സാഹചര്യങ്ങളും വളർച്ചയുടെ പടവുകളും പങ്കു വയ്ക്കുന്നു.

ചിത്രങ്ങൾ വരയ്ക്കപ്പെടുന്നു. അത് കലാകാരന്റെ സൃഷ്ടിയാണ്. അതെങ്ങിനെ പ്രദർശിപ്പിക്കണം , കൂടുതൽ  ആളുകളിലേക്ക് സംവേദനം ചെയ്യണം എന്നതൊക്കെ  ശ്രദ്ധിക്കേണ്ട ഒരു കാലമാണ്  ഇത്. ശരിയായ മാനേജ്മെന്റ് വീക്ഷണം കൂടിയുണ്ടെങ്കിലേ കലയെ അത് എത്തേണ്ടിടത്ത് എത്തിക്കാൻ പറ്റൂ....

നമ്മുടെ കലാനിരൂപകർ എന്നവകാശപ്പെടുന്നവരുടെ യോഗ്യതയും പരാമർശ വിഷയമാകുന്നു. ക്രിട്ടിക്കുകൾ എല്ലാവരുടെയും സുഹൃത്തുക്കൾ ആയിരിക്കും. അല്ലെങ്കിൽ ശത്രുക്കൾ. നിർഭാഗ്യമെന്നു പറയട്ടെ ഇതു രണ്ടുമല്ലാതെ കലാകാരനെയും ആസ്വാദകനെയും നവീകരിക്കുന്ന നിരൂപകർ നമ്മുടെ ഇടയിലില്ല. പ്രത്യേകിച്ച് കലാനിരൂപണത്തിൽ 
ശ്രീ. ബോസ് കൃഷ്ണമാചാരി തുറന്നടിക്കുന്നു.
ബാല്യകൗമാരങ്ങളിലൂടെ, നേടിയ വളർച്ചയിൽ താണ്ടിയ വഴിയിടങ്ങൾ വായനക്കാർക്കായി തുറക്കുന്നു.

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

കഥകൾ

രണ്ടു കഥകളാണ് ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സൽമാൻ ഖാന്റെ ഡിഫിക്കൾട്ടീസ് എന്ന എം. എസ്. ശ്രീറാമിന്റെ കന്നട കഥയും   
ഗൂഢം എന്ന ശ്രീ രാജീവ് ശിവശങ്കറിന്റെ കഥയും. 

സൽമാൻ ഖാന്റെ ഡിഫിക്കൾട്ടീസ്
കന്നട കഥ
എം. എസ്. ശ്രീറാം.
വിവ:  എ. കെ. റിയാസ് മുഹമ്മദ്.

തികച്ചും സാധാരണ ജീവിതം നയിക്കുന്ന  ഒരു പെൺകുട്ടി.  അവൾക്ക് സൽമാൻ ഖാനുമായി ഒരു ബന്ധവും ഉണ്ടാകേണ്ട കാര്യമില്ല.  എന്നാൽ  അവളുടെയും കുടുംബത്തെയും സൽമാൻ ഖാൻ  എന്ന സിനിമാ നടൻ  എങ്ങനെ  ബാധിക്കുന്നു  എന്ന് ഈ കഥ നമുക്ക് പറഞ്ഞു തരുന്നു.  യാദൃശ്ചികതകളുടെ ആകെത്തുകയായ ജീവിതം.  അതിന്റെ  ഇരയായി മാറുന്ന  ഒരു പിടി നേരിന്റെ സുഗന്ധം പരത്തുന്ന സാധാരണ ജന്മങ്ങൾ പക്ഷേ  ലോകം അവർക്ക് സമ്മാനിക്കുന്നത്  എന്താണ്........
മനോഹരമായ കഥ.

ഗൂഢം
രാജീവ് ശിവശങ്കർ.


നാൽപ്പത്തേഴു വർഷവും മൂന്നു മാസവും കഴിഞ്ഞു കൂട്ടുകാരെത്തേടി എത്തിയവൻ. തമ്പാൻ....
എന്തായിരുന്നു തമ്പാന്റെ വരവിനു പിന്നിൽ.....
കോട്ടപ്പാറക്കുന്നിലേക്ക്, പഴയ ഒരു സംഭവത്തിന്റെ മുറിപ്പാടുകൾ ചിതറിക്കിടക്കുന്ന അവിടേക്ക് തന്നെ  ഈ കൂട്ടുകാരെ തമ്പാൻ കൂട്ടുന്നതെന്തിനാവും.....
ചില ചോദ്യങ്ങൾ.....അവ  ഉത്തരം കിട്ടിയേ അടങ്ങൂ....നാല്പത്തേഴു വർഷമല്ല ... അതിലും നാളുകൾ കടന്നാലും ഉത്തരം കിട്ടണം... അതിനായ് ചില  ആത്മാക്കൾ പൊരുതും........
തമ്പാന്റെ കത്തിമുനയിൽ നില്ക്കുന്ന എൽദോയേയും രമേശനേയും വിട്ട് രാജപ്പൻ എന്ന രായപ്പൻ ഓടിയതെന്തിനാവാം.......

നിഗൂഢ മനോവ്യാപാരങ്ങൾ പ്രമേയമാക്കുന്ന രാജീവ് ശിവശങ്കറിന്റെ മനോഹരമായ കഥ.

പ്രവാസലോകം

അസ്മ കഥ 
കെ. യു. ഇഖ്ബാൽ 

പ്രവാസിയുടെ കഥ. ചില ദുരന്തങ്ങൾ നമ്മെ തേടി വരും. നാം  എവിടെയും പോകണ്ട. അവിചാരിതമായി അത് നമ്മെ നിലതെറ്റിക്കും. 
കൂട്ടുകാരനെ സഹായിക്കാൻ ശ്രമിച്ച്  അവസാനം കൊലക്കുറ്റം തലയിലായി വിദേശ ജയിലിൽ  വധശിക്ഷയും കാത്തു കഴിയുന്ന നസീറിന്റെയും അവനെ പുറത്തിറക്കാനായി അവതരിക്കുന്ന രക്ഷകനെ കാത്തിരിക്കുന്ന അസ്മയുടെയും കഥ. പൊള്ളുന്ന മനസ്സോടെ മാത്രമേ വായിക്കാൻ പറ്റൂ.......

ലേഖനങ്ങൾ

ഗ്രാഫിക് ആഖ്യാനത്തിന്റെ സാധ്യതകൾ
ഇ. പി. ഉണ്ണി.

ഗ്രാഫിക് നോവൽ മലയാളിക്ക് പുതുമയുള്ള സാഹിത്യ രൂപമാണ്. കാർട്ടൂണിനേക്കാൾ, കോമിക് ആർട്ടിനേക്കാൾ സാംസ്കാരിക ഉന്നതിയുള്ള രൂപമായി തോന്നാം. പുതിയ എന്തിനെയും കൊട്ടിഘോഷിച്ച് അപായപ്പെടുത്തുന്ന മലയാള രീതി നാം സ്വീകരിച്ചാൽ വിപുലമായ ആവിഷ്കാര സാധ്യതയുള്ള ഈ കാർട്ടൂൺ ആഖ്യാനത്തിന്റെ വായനലോകം ചുരുങ്ങുകയേ ഉള്ളൂ...
ലേഖകൻ  ഓർമിപ്പിക്കുന്നു.

സംഗീത കലയുടെ വിധി വൈപരീത്യം
വി.  കലാധരൻ

പുതിയ സമീപനങ്ങൾ സംഗീത രംഗത്ത്,  വിശേഷിച്ച് ശാസ്ത്രീയ സംഗീത രംഗത്ത് ചില മാറ്റങ്ങൾ കാണിക്കുന്നു. പ്രതിഭകളുടെ കുലവും ജാതിയും അവരുടെ ബാല്യത്തിലെ അരക്ഷിതാവസ്ഥയും പ്രചരണോപാധിയാക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുന്നതായി കലാധരൻ കരുതുന്നു. 

അമ്പലത്തിൽ കയറുന്നപോലെ
ഓർമ്മ  - ഡോ. എസ്. ശ്രീദേവി.

പ്രസിദ്ധ ചലച്ചിത്രകാരനും ചിത്രകാരനുമായ ശ്രീ അരവിന്ദനെക്കുറിച്ചും അദ്ദേഹത്തിന്റെയും തന്റെയും കുടുംബ ബന്ധങ്ങളും അവയുടെ ഇഴയടുപ്പവും ലേഖിക വിവരിക്കുന്നു. 
ആത്മാവിൽ തൊട്ട ബന്ധങ്ങളെ പേരിട്ട് വിളിക്കാനാവില്ല. പതിറ്റാണ്ടുകൾക്ക് മുൻപേ അത്തരം ഊഷ്മളത ലഭിച്ച അനുഭവം ഡോ.    എസ്.  ശ്രീദേവി പങ്കുവെയ്ക്കുന്നു. 

പരമാണു മുതൽ പരമപിതാവു വരെ
കലാലയ സ്മരണ - മാത്യു പ്രാൽ. 

അര നൂറ്റാണ്ട് മുൻപ് താൻ പഠിച്ച പാലാ സെന്റ് തോമസ് കോളേജിലെ നാലു വർഷത്തെ ജീവിതം ശ്രീ  മാത്യു പ്രാൽ  ഓർത്തെടുക്കുന്നു. ഓർത്തെടുക്കേണ്ടതില്ല ഒന്നും തന്നെ  കാരണം മറവിയിലേക്കെറിയുവാൻ ആവുന്നതല്ലല്ലോ ആ നനുത്ത ഓർമ്മകൾ. 
കാലമായധികമിന്നൊരക്ഷരം പോലുമായതിൽ മറപ്പതില്ല ഞാൻ  (നളിനി) 

ഗുരു ശിഷ്യ ബന്ധത്തിന്റെ,  പിതാ പുത്ര ബന്ധത്തിന്റെ ചില സവിശേഷ തലങ്ങൾ ഈ ഓർമ്മയിൽ നമുക്ക് കാണാം.

പ - പീ : മഹാനിഘണ്ടുവിൽ കാണാത്തത്
മങ്ങാട് രത്നാകരൻ 

മലയാള മഹാനിഘണ്ടു പ-പീ യിലെ ചില വിട്ടുപോകലുകൾ അവയെ ഈ ലേഖനത്തിൽ പരാമർശിക്കുന്നു. ചെയ്ത മഹത്തായ സേവനത്തെ കുറച്ചു കാണലല്ല തന്റെ ലക്ഷ്യം  എന്നു പറയുമ്പോൾ തന്നെ ഒരു ഭാഷാ നിഘണ്ടു തയ്യാറാക്കുമ്പോൾ ചെയ്യേണ്ട പഠന നിരീക്ഷണങ്ങളുടെ അഭാവം വലിയ തെളിവുകളോടെതന്നെ ലേഖകൻ അവതരിപ്പിക്കുന്നു.
ഭാഷാ സ്നേഹികൾ വായിച്ചിരിക്കേണ്ട ഒരു ലേഖനമാണിത്.

ധിഷണയുടെ കവചകുണ്ഡലങ്ങൾ
വിടപറയും മുൻപേ : ശ്രീജിത് പെരുന്തച്ചൻ

സഹോദരൻ അയ്യപ്പന്റെ ചിന്താധാരയോടുള്ള അടുപ്പമായിരിക്കാം പി. കെ. ബാലകൃഷ്ണനെയും എം. കെ. സാനുവിനേയും തമ്മിൽ  അടുപ്പിച്ചത്. പരിചയപ്പെട്ടതു മുതൽ വല്ലാത്ത ഒരാത്മബന്ധം അവർ തമ്മിൽ പുലർത്തിയിരുന്നു. 
പി. കെ. ബാലകൃഷ്ണനുമായി നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചക്കായി വളിക്കുമ്പോൾ മരണ വാർത്ത കേൾക്കുക.... അതൊരു വല്ലാത്ത  അനുഭവം തന്നെയാണ്. 


മൂർക്കോത്ത് കുമാരൻ
പഴമയിൽ നിന്ന്
ജി. പ്രിയദർശനൻ

കവി, കഥാകാരൻ, വിമർശകൻ, ജീവചരിത്രകാരൻ, പ്രബന്ധകാരൻ, അദ്ധ്യാപകൻ,  പത്രപ്രവർത്തകൻ,  സമുദായ പ്രവർത്തകൻ തുടങ്ങി വിപുലമായ പ്രവർത്തനരംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ മൂർക്കോത്ത് കുമാരനെ അനുസ്മരിക്കുന്നു. 

മലബാറിലെ കിരീടം വയ്ക്കാത്ത രാജാവ്  എന്ന്  ഉള്ളൂർ പറയാൻ മാത്രം പ്രമുഖമായിരുന്നു മൂർക്കോത്ത് കുമാരന്റെ ജീവിതവും പ്രവർത്തനവും.

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

കവിതകൾ
മഹാകാവ്യം  - സെബാസ്റ്റ്യൻ 

അമ്മയെ വായിച്ചെടുക്കാൻ - ഗിരിജ പി. പാതേക്കര 

ആട്ടക്കളം  - രാജഗോപാലൻ നാട്ടുകൽ

വിചിത്രാവതി - പ്രമോദ് പുനലൂർ 

ശുഭപ്രതീക്ഷാഭരിതമായ ഒരു ഭ്രാന്തൻ സ്വപ്നം - 
നിരഞ്ജൻ

വരി - സന്ധ്യ  എൻ. പി

കാഞ്ചനസീത - രാജേശ്വരി

അതായിരുന്നു അവൾ - 
ജിലു ജോസഫ്

തീവണ്ടിയാത്ര  - ദീപാ നിശാന്ത് 

പുസ്തകലോകം,
സ്നേഹപൂർവ്വം 
തുടങ്ങിയ സ്ഥിരം പംക്തികൾ ......

എന്റെ  വീക്ഷണം  :
ഭാഷാപോഷിണിയുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന്  ഒട്ടും വ്യതിചലിക്കാത്ത വിഭവങ്ങൾ. 
കല, സാഹിത്യം, സംഗീതം, സംസ്കാരം  ഇവയെ പരിപോഷിപ്പിക്കുന്ന ലൈനിൽ നിന്ന് മാറാതെ തുടരുന്നു. 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

തയ്യാറാക്കിയത് : 
കുരുവിള ജോൺ 
9495161182

സ്വതന്ത്രമായി തയ്യാറാക്കുന്ന കുറിപ്പാണിത്. 

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
**************************************************