ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

15-6-2017

ചിത്രം വിചിത്രം
അഷോക് ഡിക്രൂസ്

ചിത്രം വിചിത്രത്തിന്റെ മറ്റൊരു സ്നിപ്പിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🏽    
        
കഴിഞ്ഞ തവണ യുദ്ധത്തിന്റെ പ്രതീകമായ ചിത്രമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സമാധാനത്തിന്റെ പ്രതീകമെന്ന് ലോകം ആഘോഷിക്കുന്ന ഒരു ചിത്രമാണ് പരിചയപ്പെടുത്തുന്നത്.

ഇന്ത്യയിൽ ജനിച്ച ആരും തന്നെ ഈ ചിത്രം കാണാതിരിക്കാൻ വഴിയില്ല. ചർക്കയുടെ സമീപമിരിക്കുന്ന ഗാന്ധിജി ഇന്ത്യൻ ഐക്കണായി മാറിയ ചിത്രമാണ്.
           
ലൈഫ് മാഗസിനു വേണ്ടി ഈ ചിത്രം പകർത്തിയത് മാർഗരറ്റ് ബ്രൂക്ക് വൈറ്റ് ആയിരുന്നു. ലൈഫ് മാസികയുടെ ആദ്യ വനിതാ ഫോട്ടോഗ്രാഫറായിരുന്നു മാർഗരറ്റ്. 1946ൽ ഇന്ത്യൻ സ്വാതന്ത്ര്യസമര ചിത്രങ്ങൾ പകർത്താൻ നിയോഗിക്കപ്പെട്ട അവർ അക്കാലത്ത് ഗാന്ധിജി ചർക്കയോടൊപ്പമിരിക്കുന്ന ഒരു ചിത്രമെടുക്കാൻ അനുവാദം ചോദിച്ചു. ചിത്രമെടുക്കാൻ അനുവാദം നൽകണമെങ്കിൽ ചർക്ക ഉപയോഗിക്കാൻ പഠിക്കണമെന്ന് ഗാന്ധിജിയുടെ കൂടെയുണ്ടായിരുന്ന ആരോ പറഞ്ഞു. അങ്ങനെ ചർക്കയിൽ നൂൽനൂൽക്കാൻ പഠിച്ചിട്ടായിരുന്നു ആ സ്ത്രീ ഫോട്ടോയെടുക്കാൻ ചെന്നത്.
ഫോട്ടോയെടുക്കാൻ അനുവാദം കിട്ടിയ ദിവസം അതിനേക്കാൾ കഷ്ടമായിരുന്നു. ഗാന്ധിജി മൗനവ്രതത്തിലായിരുന്ന ദിവസമായിരുന്നു അത്.
ഗാന്ധിജിക്ക് ക്യാമറയിൽ നിന്നു വരുന്ന കടുത്ത വെളിച്ചം ഒട്ടും ഇഷ്ടമായിരുന്നില്ല. അതു കൊണ്ട് ഫ്ലാഷ് ഒഴിവാക്കണമെന്ന് കൂടെയുണ്ടായിരുന്നവർ ആവശ്യപ്പെട്ടു.
അങ്ങനെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട്, എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ചു കൊണ്ട് മൂന്നാം ശ്രമത്തിലാണ് ഈ ചിത്രം പകർത്തിയത്.
തികച്ചും യാദൃച്ഛികമെന്നു പറയട്ടെ, ഗാന്ധിജി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു മുമ്പ്, 1948 ജനുവരി 30 ന് തന്നെ, ഗാന്ധിജിയുടെ ചിത്രം പകർത്താനും അഭിമുഖ സംഭാഷണത്തിൽ ഏർപ്പെടാനും മാർഗരറ്റിന് ഭാഗ്യം ലഭിച്ചു.
മാർഗരറ്റ് ബ്രൂക്കിന് പണി കിട്ടിയപ്പോൾ                  


1941ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ക്രെംലിനിൽ യുദ്ധ ചിത്രങ്ങളെടുക്കാൻ മാർഗരറ്റുമുണ്ടായിരുന്നു. സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ ചിത്രം പകർത്താൻ അനുവാദം ലഭിച്ചത് അക്കാലത്താണ്.                  

ലൈഫ് മാഗസിനിൽ വന്ന റിപ്പോർട്ടും മാർഗരറ്റിന്റെ ഫോട്ടോയും.                  


1904 ജൂൺ 14ന് ജനിച്ച ബ്രൂക്ക് വൈറ്റ് 1971 ൽ അന്തരിച്ചു.                  


ഇന്നത്തെ ചിത്രം വിചിത്രം അവസാനിക്കുന്നു. ഏവരുടെയും പ്രതികരണങ്ങളും കൂട്ടിച്ചേർക്കലുകളും പ്രതീക്ഷിക്കുന്നു.🙏🏽

⁠⁠⁠⁠⁠
********************************************
ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇങ്ങനെയൊക്കെയാണെന്ന് അറിയാനായതില് സന്തോഷം.അശോക് സാറിന് 💐                  

ബ്രൂക്ക് വൈറ്റിനെക്കുറിച്ച് ഇത് വായിച്ച ശേഷം നെറ്റിൽ പരതി വായിക്കാനായി.
🙏സാർ.
ഇവരെ അറിയിച്ചതിന്                  
ചിത്രത്തിന്റെ പിന്നിലെ ചിത്രം മനസ്സിലൊരു ചിത്രമായി....🙏                  
അറിയില്ലായിരുന്നു ഈ വിവരങ്ങളൊന്നും
നന്ദി സാർ!                  
സർ
👌👌👌👌                  

ചർക്കക്കു പിന്നിൽ ഗാന്ധിജിയെ കാണാറുണ്ട്
അതിനു പിന്നിൽ ഇങ്ങനെ ഒരു കഥയുണ്ടെന്നറിയച്ച ഡോ. അശോകിന്
🙏🏻🙏🏻🙏🏻                  

ഓരോ ചിത്രത്തിനും പറയാൻ എന്തെല്ലാം മനോഹരമായ കാര്യങ്ങൾ!                  

ചിത്രം വിചിത്രം'മാർഗരറ്റ് ബ്രൂക്ക് വെെറ്റിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചറിയാൻ ഇടയാക്കി.നന്ദി അശോക് സർ 1

ചിത്രത്തിനു പിന്നിലെ വിചിത്രമായ ചിത്രം... അതിന് ഇത്തരമൊരു കഥയുണ്ടെന്നത് പുതിയ അറിവ്.
കഥ പറയുന്ന ചിത്രങ്ങൾ.🌹🌹🌹🌹                  

വളരെ പരിചിതമായ ആ ഗാന്ധിജിച്ചിത്രത്തിനു പിന്നിലെ വിചിത്രമായ കഥകൾ, വിശേഷിച്ചും രാഷ്ട്രപിതാവ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് അത് പകർത്തിയതെന്ന അറിവ്, ഇവയൊക്കെ ലഭിച്ചതിൽ സന്തോഷം🙏🏻                  

ചിത്രം വിചിത്രം ഇത്തവണയും ഹൃദ്യമായ ഒരനുഭൂതിയായി ..
ഓരോ ചിത്രത്തിനും ഇങ്ങനെയുള്ള കഥകൾ പറയാനുണ്ടാവും എന്നതും വിചിത്രം തന്നെ

*******************************************************
മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ
രജനി


ഹേമലതാ നമ്പ്യാര്‍

1937 ഒക്ടോബര്‍ 17 ന് തൃശൂരില്‍ ജനിച്ചു. രാമന്‍ മേനോന്‍റെയും രത്നമ്മയുടെയും മകള്‍. തൃശൂര്‍ വിക്ടോറിയ ഗേള്‍സ് സ്കൂളിലും സെന്‍റ് മേരീസ് കോളേജിലും പഠിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബി. എസ്സി. ഓണേഴ്സ് ബിരുദം നേടി. 1952 ല്‍ തൃശ്ശിനാപള്ളി ഹോളിക്രോസ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. മുപ്പതു കൊല്ലത്തോളം  അധ്യാപികയായി സേവനം അനുഷ്ഠിച്ച് 1987 ല്‍ റിട്ടയര്‍ ചെയ്തു.
“ഒരു തുള്ളികണ്ണുനീര്‍”  എന്ന ചെറുകഥാ സമാഹാരമാണ് പ്രസിദ്ധീകൃതമായ കൃതി.
ജീവിതത്തിലെവിടെയോ വഴിതെറ്റി പോയ മകനെ കുറിച്ച് ഓര്‍ത്ത് ദുഃഖിക്കുന്ന ഒരു കുടുംബത്തിന്‍റെ ദുഃഖഭാരമാണ് ‘ഭാരം ചുമക്കുന്നവര്‍’ എന്ന കഥയില്‍ ആവിഷ്കരിക്കുന്നത്. മകന്‍റെ എല്ലാ പിറന്നാളും ആഘോഷിക്കുന്ന ഒരു കുടുംബം, ദൂരെ പഠിക്കുന്ന മകന്‍റെ വരവും കാത്ത് ഇരിക്കുന്നു. വിപ്ലവകാരി എന്ന് മുദ്രകുത്തി മകനെ പോലീസ് കൊണ്ടുപോയി എന്ന് അറിയുമ്പോള്‍ ആ കുടുംബം ആകെ തളര്‍ന്നു പോകുന്നു. മഴയത്ത് ഒലിച്ചു പോകുന്ന ഉറമ്പുകളെ രക്ഷിച്ച് “പാവം! ഉറുമ്പും കുട്ട്യോളൊക്കെ ചത്തുപോയേനെ, ഞാനില്ലെങ്കില്‍!” എന്ന് പറയുന്ന തന്‍റെ മകനെ കുറിച്ച് ആ പിതാവ് ഇങ്ങനെ ചിന്തിക്കുന്നു. “ആരുടെയും വേദന കണ്ടു സഹിക്കാന്‍ കഴിയാത്ത എന്‍റെ കുഞ്ഞ് ആ നീയാണോ, കൂട്ടുകാരുമായി ചേര്‍ന്ന് വിപ്ലവമുണ്ടാക്കി. ആളുകളെ കുത്താനും കൊല്ലാനും നടക്കുന്നത്, എന്നു കേള്‍ക്കുന്നത് ? ഞാനിതു വിശ്വസിക്കണോ, രാജാ? നിന്‍റെ അമ്മ? ആരുടെ പാവഭാരമാണ് കുഞ്ഞേ നീ ചുമക്കുന്നത്?.............” മകനെയും പ്രതീക്ഷിച്ച് ഇരിക്കുന്ന ആ കുടുംബത്തിലെ ഓരോ വ്യക്തികളുടേയും ആത്മദുഃഖം വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുവാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
“ഒരു തുള്ളി കണ്ണുനീര്‍” (ചെറുകഥാസമാഹാരം). തൃശൂര്‍: കറന്‍റ് ബുക്സ്, 1998.                

ഹൃദയകുമാരി

1930 സെപ്തംബറില്‍ ജനിച്ചു. കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബോധേശ്വരന്‍റെയും വി. കെ. കാര്‍ത്യായനി അമ്മയുടെയും മകള്‍. കവയിത്രി സുഗതകുമാരിയുടെ സഹോദരി. കോട്ടണ്‍ഹില്‍ സ്കൂള്‍, വിമന്‍സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ. ബിരുദം. യൂണിവേഴ്സിറ്റി കോളേജിലും വിമന്‍സ് കോളേജിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു. വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി 1986 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. സാഹിത്യപഠനങ്ങള്‍ കൂടാതെ വിദ്യാഭ്യാസം, സാമൂഹ്യ വിഷയങ്ങള്‍ എന്നിവയെ ആസ്പദമാക്കി നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും തര്‍ജ്ജമകളും ചെയ്തിട്ടുണ്ട്.

                “കാല്പനികത” (1990), “ഓര്‍മ്മകളിലെ വസന്തം” (2007), “നവോത്ഥാനം ആംഗലസമൂഹത്തില്‍” (2004) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. “കാല്പനികത” എന്ന ഗ്രന്ഥത്തിന് സോഫിയ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും, “നവോത്ഥാനം ആംഗല സമൂഹത്തില്‍” എന്ന ഗ്രന്ഥത്തിന് 2004, ആര്‍. ശങ്കര നാരായണന്‍ തമ്പി അവാര്‍ഡും, ദിശ ഗ്രീന്‍ ഗ്ലോബ് അവാര്‍ഡ്, ഗുപ്തന്‍ നായര്‍ അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

                കാല്പനികതയെക്കുറിച്ചുള്ള വ്യത്യസ്തമായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പഠനഗ്രന്ഥമാണ് “കാല്പനികത”. കാല്പനികാനുഭവങ്ങളുടെ ഒരവലോകനമാണ് ഈ ഗ്രന്ഥം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കുറേ കവിതകളെ ആധാരമാക്കി കാല്പനിക മനസ്സിലെയും കാല്പനികാനുഭവത്തെയും നോക്കിക്കാണാന്‍ ശ്രമിച്ചിരിക്കുന്നു. വേഡ്സ്വര്‍ത്ത്, കോള്‍റിഡ്ജ്, ഷെല്ലി, ബൈറണ്‍, കീറ്റ്സ് എന്നീ ആംഗല കവികളെയും ആശാന്‍, ചങ്ങമ്പുഴ, ഇടപ്പള്ളി എന്നീ മലയാള കവികളെയുമാണ് പഠനവിധേയമാക്കിയിരിക്കുന്നത്.

“കാല്പനികത”. കോട്ടയം: ഡി.സി.ബുക്സ്, 1990. “നവോത്ഥാനം ആംഗല സമൂഹത്തില്‍”. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഒക്ടോബര്‍ 2004. “ഓര്‍മ്മകളിലെ വസന്തകാലം”. കോട്ടയം: ഡി.സി.ബുക്സ്, 2007. “വള്ളത്തോള്‍”. തൃശൂര്‍: കേന്ദ്രസാഹിത്യ അക്കാദമി. “ഹൃദയപൂര്‍വ്വം”. തിരുവല്ല: ക്രൈസ്തവ സാഹിത്യസമിതി,. “രവീന്ദ്രനാഥ ടാഗോര്‍” തൃശൂര്‍: കേന്ദ്രസാഹിത്യ അക്കാദമി.

ജസീന്താ ജോസഫ്

1955 ല്‍ തിരുവനനന്തപുരം നന്ദാവനത്ത് ജനിച്ചു. മണക്കാട് പട്ടം താണുപിള്ള സ്കൂളിലും ഹോളി എയ്ഞ്ചല്‍സിലും അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. നാടകം, ചെറുകഥ, നോവല്‍, തിരക്കഥ, കവിത തുടങ്ങിയവ രചിക്കാറുണ്ട്. നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാത്തലിക്ക് മൂവ്മെന്‍റ്സിന്‍റെ ആള്‍ കേരള നാടക മത്സരത്തില്‍ ഒന്നാം സമ്മാനം (1976, “ചിലന്തിവല”), 1977 ല്‍ സുന്ദരേശന്‍ മെമ്മോറിയല്‍ റോളിങ് ട്രോഫിയും 5000/- രൂപയും (“ചിലന്തിവല”) 1981 ല്‍ നാന തിരക്കഥാ മത്സരത്തില്‍ സമ്മാനം, (“തീരം തേടുന്ന തിരകള്‍”), 1982 ല്‍ അബുദാബി മലയാളി സമാജം നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം (“കറുത്തപക്ഷം”) എന്നിവ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി വാരികയില്‍ “അലകളും ചുഴികളും” എന്ന നോവലിനെക്കുറിച്ചുള്ള നിരൂപണം വന്നിട്ടുണ്ട്. മലയാള മനോരമ, ദേശാഭിമാനി, ഇന്ത്യന്‍ എക്സ്പ്രസ്സ്, ഗള്‍ഫ് മലയാള പത്രം, സൂര്യ ടി. വി., കൈരളി, ഏഷ്യാനെറ്റ്, കൊല്ലം കേബിള്‍ തുടങ്ങിയവയ്ക്ക് അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. ലളിതമായ ആഖ്യാന ശൈലിയും ഭാഷാരീതിയും ആണ് രചനയില്‍ എടുത്തു പറയാവുന്ന ഗുണങ്ങള്‍. “അലകളും ചുഴികളും” എന്ന കൃതിയില്‍ (നോവല്‍) ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധവും ആ ബന്ധത്തിന്‍റെ തകര്‍ച്ചയും നാശവും അവതരിപ്പിക്കുന്നു. അമ്മ തിډയുടെ മൂര്‍ത്ത രൂപമാണെങ്കില്‍ മകള്‍ നډയുടെ ഇരിപ്പിടമാണ്. സുഖസൗകര്യങ്ങള്‍ക്കു പിന്നാലെ പാഞ്ഞു പോകുന്ന ഒരു സ്ത്രീയാണ് അമ്മ. സ്വന്തം മകളെ നശിപ്പിക്കാന്‍ പോലും അവര്‍ കാരണമാവുന്നു. ഒരു ദുരന്തകഥയാണിത്. ഭാവനയുടെ സാദ്ധ്യതകളെയാണ് ഈ നോവല്‍ കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. മകള്‍ ഉമയും അവളുടെ കാമുകന്‍ രഞ്ജിത്തും മരണത്തിലേക്ക് കാറോടിച്ച് പോകുന്നു. ഇത്തരമൊരവസാനം കാല്പനികമായ കൃതിയെന്ന് ഈ നോവലിനെ വിളിക്കാന്‍ പ്രേരിപ്പിക്കുന്നു.

“വര” (നോവല്‍). തിരുവനന്തപുരം: അയ്യനേത്തു ബുക്ക് ക്ലബ്ബ്, 1989. “അലകളും ചുഴികളും”. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്, 1999.

ലളിതാംബിക അന്തര്‍ജ്ജനം

കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കടുത്ത് കോടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെ പുത്രിയായി 1909 മാര്‍ച്ച് 30 ന് ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പണ്ഡിതനും സമുദായ പരിഷ്കര്‍ത്താവുമായിരുന്നു. മാതാവ് ചെങ്ങാരപ്പളളി നങ്ങയ്യ അന്തര്‍ജനം. കേരള നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന സി. ദാമോദരന്‍ പോറ്റി ഉള്‍പ്പെടെ എട്ട് സഹോദരന്‍മാരുടെ ഏക സഹോദരി. പാലാ രാമപുരത്ത് അമനക്കര ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്. യുവ തലമുറയിലെ പ്രമുഖ കഥാകൃത്തുക്കളില്‍ ഒരാളായ എന്‍. മോഹനന്‍ ഇവരുടെ രണ്ടാമത്തെ പുത്രനാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വീട്ടിലിരുന്ന് ഗുരുക്കډാരുടെ അടുത്ത് നിന്ന് സംസ്കൃതവും, മലയാളവും പഠിച്ചു. ഇംഗ്ലീഷിലും, ഹിന്ദിയിലും പരിജ്ഞാനം നേടി. തിരുവിതാംകൂര്‍ ഭാഗത്ത് നമ്പൂതിരി സമുദായത്തില്‍ നടന്ന പരി ഷ്കരണ പരിപാടികളില്‍ ആദ്യകാലത്ത് പങ്കെടുത്തിരുന്ന കവിതയിലൂടെയാണ് സാഹിത്യ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് കഥാരചനയില്‍ ഏര്‍പ്പെട്ട് പേരെടുത്തു. സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് , സാഹിത്യ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് പാഠപുസ്തക കമ്മറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു. നോവല്‍, കഥാസമാഹാരം, കവിതാസമാഹാരം, നാടകം, ബാലസാഹിത്യം തുടങ്ങി സാഹിത്യത്തിന്‍റെ വിവിധ മേഖലകളിലായി മുപ്പതിലധികം കൃതികള്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. 1973 ല്‍ “സീത മുതല്‍ സത്യവതി വരെ” എന്ന പഠന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. “കുഞ്ഞോമന” എന്ന ബാല സാഹിത്യ കൃതിക്ക് 1964 ല്‍ കല്യാണി കൃഷ്ണമേനോന്‍ പ്രൈസും, “ഗോസായി പറഞ്ഞ കഥ”യ്ക്ക് 1965 ല്‍ കേരള സാഹിത്യ അക്കാദമി സമ്മാനവും ലഭിച്ചു. “അഗ്നിസാക്ഷി” എന്ന ഏക നോവലിന് 1977 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ സമ്മാനം, ആദ്യത്തെ വയലാര്‍ അവാര്‍ഡ് എന്നിവയെല്ലാം ലഭിച്ചു. കേരളീയ സമൂഹത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ലളിതാംബിക അന്തര്‍ജനത്തിന്‍റെ “അഗ്നിസാക്ഷി” എന്ന നോവല്‍. അഗ്നിസാക്ഷിയായി വേളി കഴിച്ച് ഇല്ലത്തിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട അത്തേډാരുടെ ഏകാന്ത ദുഃഖത്തിന്‍റെയും ഗദ്ഗദങ്ങളുടേയും തുടിപ്പുകള്‍ ഇതില്‍ ദര്‍ശിക്കാം. സ്വന്തം ധര്‍മ്മ പത്നിയുടെ കിടപ്പറയില്‍ കടക്കാന്‍ നല്ല നേരം നോക്കുന്ന ഉണ്ണിയേട്ടന്‍റെ പത്നിയായി മാനമ്പളളി സ്വരൂപത്തില്‍ വന്ന തേതികികുട്ടിക്കാവിന് പഴകിയ ആചാരങ്ങളില്‍ കുമിഞ്ഞു കിടന്ന ആ സാഹചര്യത്തോടു പൊരുത്തപ്പെടാനായില്ല. പെണ്ണ് എന്നൊരു ജാതിയുടെ മുഖത്തു നോക്കി തന്‍റെ മുറിയിലേക്ക് കടന്നു വരുന്ന ആചാരങ്ങളെ പേടിച്ച് ഉരിയാടാത്ത ആ മനുഷ്യന്‍റെ വലിപ്പം അവര്‍ക്ക് അറിയാമായിരുന്നു. പക്ഷെ സമുദായ പരിഷ്കരണ വാദിയും എഴുത്തുകാരനുമായ പി. കെ. പി നമ്പൂതിരിയുടെ പെങ്ങളായ ദേവകിക്ക് അതിനനുസരിച്ച് അവനവനെ മാറ്റിപ്പണിയാനായില്ല. ഗംഗയിലെ തീര്‍ത്ഥ ഘട്ടില്‍ നീരാജനം ഉഴിയുന്ന തേജസ്വിനിയായ അമ്മയെ - സുമിത്രാനജയെ കണ്ടപ്പോഴുണ്ടായ മിസിസ് തങ്കം നായരുടെ ഭൂതകാല സ്മൃതികളിലൂടെ ഒരു കാലഘട്ടത്തിന്‍റെ ഐതിഹാസികവും വേദനാജനകവുമായ ചിത്രം അനാവരണം ചെയ്യുകയാണ് അന്തര്‍ജ്ജനം.

“ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ കഥകള്‍ സമ്പൂര്‍ണ്ണം” – കോട്ടയം: ഡി. സി ബുക്സ് 2009. “അംബികാഞ്ജലി” - 1937. “മൂടുപടത്തില്‍”  - 1946. “കാലത്തിന്‍റെ ഏടുകള്‍” - 1949. “തകര്‍ന്ന തലമുറ”  - 1949. “കിളിവാതിലിലൂടെ”  - 1950. “കൊടുങ്കാറ്റില്‍ നിന്ന് “- 1951. “കണ്ണീരിന്‍റെ പുഞ്ചിരി “ - 1955. “അഗ്നിപുഷ്പങ്ങള്‍” -  1960. “തിരഞ്ഞെടുത്ത കഥകള്‍” -1966. “സത്യത്തിന്‍റെ സ്വരം” - 1968. “വിശ്വരൂപം”  -  1971. “ ധീരേന്ദ്രമജുംദാറിന്‍റെ അമ്മ” - 1973. “പവിത്രമോതിരം”  - 1979.
**********************************************************