ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

15-7-2017

♦♦നവ സാഹിതി♦♦
സ്വപ്ന
കവിതയിലും
കാണും
ചിലവാക്കുകൾ

തെരുവിലലയുന്ന
കുഞ്ഞുങ്ങളെ പോലെ

ചിത്ത രോഗാശുപത്രിയിലെ
മിത്രങ്ങളെ പോലെ

ചുവന്ന ലഹരി ക ളെ
കറുപ്പിക്കുന്ന
ആർത്തവങ്ങൾ പോലെ

ചുരമിറങ്ങിയ
ഇടിമുഴക്കങ്ങൾ പോലെ

ഒരിക്കലും ഒരിക്കലും
ഞാൻ
നിന്റെ ത്
ആവാത്തതുപോലെ

കവിതയിലും
കാണും
ചില
ഉദ്ധരിക്കാത്ത
പ്രാർത്ഥനകൾ !

പവിത്രൻ തീക്കനി

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

✍ കവിത

മരിച്ചു പോയ കൂട്ടുകാരന്
റഷീദ് ചേന്ദമംഗല്ലൂർ

പ്രിയപ്പെട്ട കൂട്ടുകാരാ
നീ മരിച്ചേൽപ്പിന്നെ
ഇവിടമാകെ മാറിയ മാതിരി.

ഒരച്ഛൻ ജഡം ചുമലിലേറ്റി കാതങ്ങൾ താണ്ടുന്ന കാഴ്ചകണ്ട്  ഗ്രാമം ഉണരുന്നു. 

നിന്റെ അസത്യങ്ങളിൽ വെള്ളം ചേർത്തൊരാൾ പുതിയ വണിക്കായി മാറി.

തെരുവുവിളക്കുതി കെടുത്തി
ഈയാംപാറ്റയെ ആരോ പീഡിപ്പിച്ച കാലം വന്നു. 

നിനക്ക് പാൽ തന്നിരുന്ന
കാർത്ത്യായനി ചേച്ചിയും പശുവും ആധാർ ക്യൂവിലാണ്. 

അന്ന്  നീയിത്തിരി സ്മോളടിച്ച ആൽമരച്ചുവട് പിളർന്ന് ഒരു വലിയ ബാർ വന്നു.

പിന്നെ,  നമ്മുടെ പുഴ, നിളയെപ്പോലൊഴുകിപ്പോയവൾ വറ്റി, വിളറി വെളുത്തപോലായി.

ഒരു കോമരം വന്നുത്സവം തുള്ളി,  നടന്നിരുന്നമ്പലമുറ്റത്തിന്നാരോ താണ്ഡവമാടുന്നു.

നീ ഉയിർത്തെഴുന്നേല്ക്കുകിൽ തിരികെ 
കല്ലറയിലേക്കുള്ള വഴി അടയാളപ്പെടുത്തണേ.

            💧💧💧 

2017 ജൂലൈ 17 ലക്കം  മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കവിത

ഉയിര്
സൈനബ്, ചാവക്കാട്

ഇലകൊഴിഞ്ഞ
വസന്തത്തെ തേടിപ്പോയ
കാറ്റിന്റെ
തിരോധാനം...

രാകനവുകളുടെ
പാതയോരത്ത്
ഒറ്റമരത്തിന്റെ
പച്ചപ്പടർപ്പുകളിൽ
കേൾക്കാം ,,
എന്റെ യും നിന്റെയും
ആത്മാക്കളുടെ
വിരഹഗാനം ...
അടർന്നുവീണ
ഇലഞരമ്പുകൾ
തേടുന്നുണ്ട്
ഉയിരുപകരാൻ
ഒരു പച്ചപ്പിനെ ...

പിൻവിളി  

 ശൂന്യതയുടെ
ആവരണം
പുതച്ചു കൊണ്ട്
ഞാൻ തിരിഞ്ഞു നടന്നു.
ദൂരെ നിന്ന് വീശിക്കൊണ്ടിരിക്കുന്ന
അവളുടെ കൈത്തലം
ഒന്നുകൂടി
അണച്ചു പിടിയ്ക്കാൻ
വെമ്പിയിരുന്നു ഹൃദയം.
പുറപ്പെട്ടു നിന്ന ഒരു
നീർക്കണത്തെ
കണ്ണിനുള്ളിലേക്ക്
അവൾ കാണാതെ
തിരിച്ചയക്കുന്ന വിദ്യയും
ഞാൻ പഠിക്കേണ്ടിയിരിക്കുന്നു.
ഗൗരവത്തിന്റെ
മുഖപടത്തിനുള്ളിലേക്ക്
സ്വയം കുടിയിരുത്തിക്കൊണ്ട്
ഞാൻ
പിൻമടങ്ങുന്നു.
              സ്വപ്നാ റാണി


***********************************************************