ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

16-6-2017

"മ്"
(ഷോഭാ ശക്തി )

രണ്ട് ചോദ്യങ്ങളിൽ നിന്ന് ഈ കുറിപ്പ് തുടങ്ങാം.

1) "മ്"...? എന്താണ് ഈ "മ്"..?
   ഷോഭാ ശക്തി എന്ന ശ്രീലങ്കാൻ എഴുത്തുകാരന്റെ      പുസ്തകത്തിന്റെ പേര് കേട്ടപ്പോൾ ഞാൻ സ്വയം ചോദിച്ച ഒരു ചോദ്യമായിരുന്നു ഇത്.
2) ഷോഭാ ശക്തി..?
 ഷോഭാ ശക്തി ഒരു തൂലികാ നാമമാണ്. ആന്റണി ദാസൻ എന്ന ഒരു ശ്രീലങ്കൻ തമിഴ് വിമോചന പോരാളിയുടെ തൂലികാ നാമം. തമിഴ് പുലികൾക്കൊപ്പം ആയുധമേന്തി യുദ്ധം  ചെയ്യുകയും പിന്നീട് എല്.ടി.ടി.ഇ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഫാസിസത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞു പ്രസ്ഥാനം ഉപേക്ഷിച്ച് യൂറോപ്പിൽ അഭയാർത്ഥിയായി കഴിയുന്ന ഒരു വ്യക്തി. ഞാൻ ഒരു സാഹിത്യകാരനല്ലെന്നും. കേവലം പത്താം ക്ലാസിൽ പഠിപ്പ് നിർത്തി ആയുധമേന്തിയ ഒരു ശ്രീലങ്കൻ തമിഴൻ മാത്രമാണെന്നും അദ്ദേഹം ആദ്യമേ പ്രസ്താവിച്ച് വയ്ക്കുന്നുണ്ട്.  ഒന്നും ചെയ്യാനില്ലതായപ്പൊൾ എഴുത്ത് തുടങ്ങിയ ഒരു ആൾ മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം നോവലിലേക്ക് കടക്കുന്നത് തന്നെ. എന്നാൽ ശ്രീലങ്കാൻ വംശീയ കലാപത്തിന്റെ പശ്ചാത്തളത്തിൽ തന്നെ " ഗറില്ല ", " ദേശദ്രോഹി " എന്നീ നോവലുകളുറെയും, സെങ്കടൽ എന്ന ചാല്ചിത്രത്തിന്റെയും രചയിതാവാണ് ഇന്ന് ഇദ്ദേഹം. ഇത്രയും ആമുഖമായി പറഞ്ഞു  "മ്" എന്ന നോവലിനെ പരിചയപ്പെടുത്തട്ടെ.



  "മ്" എന്ന ഒരു മൂളൽ ശബ്ദം എന്തിനെയൊക്കെ സൂചിപ്പിക്കുന്നു..? കേവലം ഒരു മൂളൽ ആണെങ്കിലും അതിനു പല അർത്ഥങ്ങളും കൽപ്പിക്കാം. ചിലപ്പോൾ ശരിയെന്ന അർത്ഥത്തിലാകാം. അമർത്തി മൂളിയാൽ സംശയം.. മറ്റൊരു തരത്തിൽ ദേഷ്യം പ്രകടിപ്പിക്കൽ, മാത്രമല്ല ഹാസ്യം, പരിഹാസം, ദൈന്യത എല്ലാത്തിനും ഈ മൂളൽ ശബ്ദം ഒരുപോലെ പ്രയോഗിക്കുക പതിവുണ്ട്‌. എന്നാൽ ഷോഭാശക്തിയുടെ  "മ്"  എന്ന നോവൽ ഇതൊന്നുമല്ല മുന്നോട്ട്‌ വയ്ക്കുന്നത്‌. നോവലിന്റെ ആരംഭത്തിൽ തന്നെ ഷോഭാശക്തി കുറിച്ച്‌ വച്ചിട്ടുള്ള ഒരു വാചകം ഇതിനുത്തരം പറയുന്നുണ്ട്‌. അത്‌ ഇങ്ങിനെയാണു

" മുപ്പത്‌ വർഷങ്ങളായി കൊടും യുദ്ധം ഒരു ലക്ഷം പേർ കൊല്ലപ്പെട്ടു, അൻപതിനായിരം വികലാംഗർ, ഇരുപതിനായിരം വിധവകൾ, പതിനായിരം പേർക്ക്‌ ഭ്രാന്ത്‌, നാട്‌ നഷ്ടപ്പെട്ടവർ, രാജ്യം നഷ്ടപ്പെട്ടവർ, തമിഴ്‌ ഈഴ നിയമം, ജയിൽ, പീഡനം, ചർച്ചകൾ, പൊതുസമ്മേളനങ്ങൾ ഉയരും തമിഴ്‌ കഥകളും, നീണ്ട കഥകളും പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നു. എല്ലാം കേട്ടിട്ടും  "മ്"  എന്ന് പറഞ്ഞ്‌ കൊണ്ടിരിക്കുന്ന എന്റെ ജനങ്ങൾക്ക്‌"

നിസ്സംഗതയാണ്  "മ്" എന്ന ശബ്ദം കൊണ്ട് നോവലിസ്റ്റ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. നോവലിൽ പല ഘട്ടത്തിലും ഈ നിസ്സംഗത നമുക്ക് കാണാൻ സാധിക്കും. ദൈന്യതയിൽ പോലും പലപ്പൊഴും ഒളിഞ്ഞിരിക്കുന്ന നിസ്സംഗതയെ കാണാം.

ഞാൻ ഇന്നോളം ഒരു നോവൽ  വായിച്ച് ഇത്രമേൽ അസ്വസ്ഥനായിട്ടില്ല. അത്രമേൽ മനസിനെ മഥിക്കുന്ന ഒരു നോവൽ ആണ്  "മ്". ഉത്തരം കിട്ടാത്ത സമസ്യ പോലെ ഒന്ന് രണ്ട് പ്രശ്നങ്ങൾ വായനക്കാർക്ക് മുന്നിലേക്ക് വച്ച് കൊടുത്ത് ഒരു അർദ്ധ വിരാമാത്തിൽ നോവൽ അവസാനിക്കുമ്പോൾ വാസ്തവത്തിൽ നെശകുമാരൻ എന്ന കഥാനായകനെക്കാൾ വലിയൊരു  "മ്..?" എന്ന പ്രശനം നമ്മുടെ മുന്നില് വന്ന് ഭവിക്കുന്നു.

ശ്രീലങ്കയിലെ വെളുകിട ജയിലിൽ 1983 ജൂലൈ 25,27 തീയതികളിൽ സിംഹളതടവുകാർ തമിഴ് വംശജരായ തടവ് പുള്ളികളെ കൂട്ടക്കൊല ചെയ്തതാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. അവിടെ നിന്ന് ഭാഗ്യത്തിന്റെ കടാക്ഷം ഒന്ന് കൊണ്ട് മാത്രം കഷ്ടിച്ച് രക്ഷപ്പെടുന്ന വിമോചന പോരാളിയായിരുന്ന  നേശകുമാരൻ തന്റെ അനുഭവങ്ങൾ  വിവരിക്കുകയാണ് നോവലിൽ. ജയിലിൽ വിചാരണയ്ക്കിടയിലും, അല്ലാതെയും അയാൾക്ക് നേരിടെണ്ടി വരുന്ന പീഡനങ്ങൾ  ഒരു തിരക്കഥയിലെന്ന പോലെ ചിത്രീകരിച്ച് വയ്ക്കുന്നുണ്ട് നോവലിൽ. മരണം തൊട്ട് മുന്നില് വാപിളർന്നു വരുന്ന ഘട്ടത്തിൽ സഹ തടവുകാരുടെ ദാരുണ മരണത്തെ വിവരിക്കുന്ന വരികളുണ്ട്. അതിനു ആമുഖമായി അദ്ദേഹം ഇങ്ങിനെ പറഞ്ഞു വയ്ക്കുന്നു.

"ഇനി ഞാൻ എഴുതുന്നത് വായിച്ചാൽ നിങ്ങൾക്ക് വെറുപ്പ് തോന്നും, മരണത്തെ പറ്റി വായിക്കുമ്പോൾ നിങ്ങൾക്ക് വിഷമം തോന്നരുത്. ഇനിയുള്ള പുറങ്ങൾ വായിക്കാതെ വിട്ടത് കൊണ്ടോ ഈ പുസ്തകം വലിച്ചെറിഞ്ഞത് കൊണ്ടോ ഒരു കാലഘട്ടത്തെ താണ്ടുവാൻ കഴിയുകയില്ല."

തുടർന്നുള്ള വരികൾ മരണത്തിന്റെ താണ്ഡവത്തെയാണു ചിത്രീകരിച്ചിരിക്കുന്നത്. സിംഹള തടവുകാര് ജയിലധിക്രുതരുടെ ഒത്താശയോടെ തമിഴ് തടവുകാരെ കൂട്ട കശാപ്പ് നടത്തുന്ന രംഗങ്ങൾ ദൃക്സാക്ഷി വിവരണം കണക്കെയാണ് വിവരിക്കുന്നത്.  ഒരു നടുക്കത്തൊടെ മാത്രമേ ആ പേജുകൾ നമുക്ക് താണ്ടുവാൻ സാധിക്കുള്ളൂ..

"ഒരു മനുഷ്യനെ കൊടാലി കൊണ്ട് വെട്ടിക്കൊല്ലുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? അവന്റെ തൊണ്ടക്കുഴിയിൽ നിന്ന് രക്തം മീറ്റർ കണക്കിനു ഉയരത്തിൽ ചീറ്റി തെറിക്കും. മരിക്കുന്ന മനുഷ്യന്റെ ശബ്ദത്തിനു ഭാഷയുണ്ടാകില്ല. അവന്റെ ശബ്ദം അൽപ്പാൽപ്പമായി കുറഞ്ഞ് അവസാനം നിലയ്ക്കും.  മരണ ശേഷവും അവന്റെ തൊണ്ടയിൽ നിന്ന് ശബ്ദം പിരിഞ്ഞ് പൊയിക്കൊണ്ടേയിരിക്കും.  "

പോലീസിന്റെ പീഡനം, പട്ടാളത്തിന്റെ പീഡനം, ഒടുവിൽ ശിക്ഷ ഇളവ് ചെയ്ത് മോചനം ലഭിച്ചപ്പോൾ സ്വാതന്ത്ര്യം എന്ന സമാധാനത്തോടെ നാട്ടിലേക്ക് മടങ്ങിയപ്പോൾ അവിടെ കാത്തിരുന്നത് പുലികളുടെ പീഡനം. പുലിൽകൾ കേവലം വിമോചന പോരാളികൾ മാത്രമല്ലെന്നും അവർ അവിടെ തമിഴർക്കിടയിൽ നടപ്പാക്കിയത് ഫാസിസ്റ്റ് അടിച്ചമർത്തലുകൾ ആണെന്നും നെശകുമാരന്റെ അനുഭവത്തിലൂടെ നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നു. ഓരോ വരിയും ഒരു നോവൽ പോലെയല്ല ഒരു നേരനുഭവം പോലെയാണ് നമ്മൾ വായിച്ച് പോകുക. എന്നാൽ ഇത് ഒരിക്കലും ഒരു നേരനുഭാവമായിരിക്കല്ലേ.. കേവലം ഒരു നോവൽ മാത്രമായിരിക്കണേ എന്ന് ഓരോ വായനക്കാരനും ആശിച്ച് പോകുന്ന ഒരു ഘട്ടമുണ്ട് നോവലിൽ. അത് ആണു അതിന്റെ ക്ലൈമാക്സ്. കഥയുടെ ആരംഭത്തിൽ ഒരു ഫ്ലാഷ് ബാക്ക് അനുഭവക്കുറിപ്പായാണു കഥാ നായകൻ നേസകുമാരാൻ ഈ നോവൽ തുടങ്ങുന്നത്. നെശകുമാരന്റെ മകല നിറമി ൽ നിന്നാണു കഥയുടെ തുടക്കം. നോവൽ  അവസാനം വരെ നിറഞ്ഞു നില്ക്കുന്നത് ശ്രീലങ്കൻ തമിഴ് സംഘര്ഷം ആണെങ്കിലും നിറമി നോവലിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആ നിലയ്ക്ക് ഇത് നിറമിയുടെ കൂടി കഥയാണ്. എന്നാൽ ഇതിലെ ക്ലൈമാക്സ്. ഹൃദയം തകർക്കുന്ന ആ ക്ലൈമാക്സ്. ആ വരികൾ രണ്ടാവർത്തി വായിച്ച് നോക്കി. എനിക്ക് വായിച്ച് തെറ്റിയതാണോ എന്ന്. അല്ല. അത് തന്നെയാണ് ക്ലൈമാക്സ്. ബാക്കിയാവുന്ന അതെ നിസ്സംഗത.  "മ്".

പി.ജയനാരായണൻ
*****************************************************************************
*****************************************************************************

"" കഥകളിയുടെ സാഹിതൃവലോകനം""
സീത                  
പേരു കൊണ്ട് ചെറുതെങ്കിലും കഥ കൊണ്ട് വലുതായ ഒരു ആട്ടക്കഥയെ ആണ് ഇന്നു പരിചയപ്പെടുത്തുന്നത്                  
വായിക്കു, അഭിപ്രായങ്ങളും കൂട്ടിചേര്ക്കലുകളും ഉണ്ടാകുമല്ലോ                  
ബകവധം

തമ്പുരാന്‍റെ നാലു കഥകളിലുംവെച്ച് ലാളിത്യഗുണം വിശേഷിച്ച് ഈ കഥയ്ക്കുണ്ട്.

കഥസംഗ്രഹം
ഇതിവൃത്തം: മഹാഭാരതം സംഭവപര്‍വ്വത്തില്‍നിന്ന്.
പാണ്ഡവൻമാരുടെ പുറപ്പാടോടുകൂടി കഥ തുടങ്ങുന്നു.
ഒന്നാം രംഗത്തിൽ, തന്‍റെ മക്കളും പാണ്ഡവന്മാരുമായി വര്‍ദ്ധിച്ചുവരുന്ന മത്സരം കണ്ടറിഞ്ഞ് ധൃതരാഷ്ട്രന്‍ അവരെ അകറ്റിയിരുത്തുന്നതാണ് ക്ഷേമം എന്നു കരുതി ധര്‍മ്മപുത്രനോട് വാരണാവതമെന്ന ദിക്ക് സുഖവാസത്തിന്‌ പറ്റിയ സ്ഥലമാണെന്നും അവിടെ അമ്മയോടും അനുജന്മാരോടും കൂടി പാര്‍ക്കുവാന്‍ വിശേഷപ്പെട്ട ഒരു ഭവനം പണിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ജനങ്ങള്‍ക്കു പാണ്ഡവരോടു സ്നേഹ വിശ്വാസങ്ങള്‍ ഏറെയുണ്ടെന്നു കണ്ടു അസൂയാലുവായിത്തീര്‍ന്ന ദുര്യോധനന്‍റെ നിര്‍ബ്ബന്ധത്താലാണ് അദ്ദേഹം ഈ ഉപദേശം ചെയ്തത്‌. പിതൃതുല്യനായ ധൃതരാഷ്ട്രന്‍റെ ഹിതം ചെയ്യേണ്ടത് തന്‍റെ കര്‍ത്തവ്യമാണെന്നുറച്ച് ധര്‍മ്മപുത്രന്‍ അമ്മയോടും അനുജന്മാരോടും കൂടി വാരണാവതത്തിലെത്തി.
രണ്ടാം രംഗത്തിൽ, വാരണാവതത്തിൽ ദുര്യോധനന്‍റെ കിങ്കരനായ പുരോചനന്‍ പാണ്ഡവരേയും കുന്തിയേയും  ആശ്രിതഭാവത്തില്‍ സ്വാഗതംചെയ്തു പുതിയ ഭവനത്തിലേക്ക്‌ ആനയിച്ചു. ധൃതരാഷ്ട്രരുടെ കൽ‌പ്പന പ്രകാരം ഇവിടെ താമസിക്കുന്ന ഞങ്ങൾക്ക് നല്ലതല്ലാതെ ഒന്നും വരികയില്ല എന്ന് സ്വയം സമാധാനിച്ച് ധർമ്മപുത്രരും കൂട്ടരും അവിടെ താമസം തുടങ്ങുന്നു.
രംഗം മൂന്ന് അരക്ക് മുതലായ തീപ്പിടിക്കുന്ന വസ്തുക്കളെക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ ഭവനം പാണ്ഡവന്മാരെല്ലാം അപകടമൊന്നും ശങ്കിക്കാതെ കിടന്നുറങ്ങുമ്പോള്‍ കൊള്ളിവെക്കണമെന്നായിരുന്നു പുരോചനന്‍റെ ഉദ്ദേശ്യം; ഈ വസ്തുതയറിഞ്ഞ വിദുരന്‍ ഒരു ഖനകനെ (കുഴിക്കുന്നവന്‍-കളിയില്‍ "ആശാരി") ഗൂഢമായി പാണ്ഡവരുടെ അടുക്കലേക്കയക്കുകയും അവന്‍ അവരോടു ദുരോധനന്‍റെ ചതിപ്രയോഗവും അതില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി ഗൂഢമായ ഒരു തുരങ്കം നിർമ്മിയ്ക്കുന്നു. ആശാരി സംമാനവും വാങ്ങി പോകുന്നു. ആശാരി യാത്രപോയ ശേഷം ഭീമന്‍  വീണ്ടും രംഗത്തിലേക്ക് തിരിഞ്ഞ് മലര്‍ത്തിയ ഇടം കയ്യും ഗദപിടിച്ച വലത്തെ കയ്യും മാറിനടുത്ത് മടക്കി പിടിച്ച് രദ്രഭാവത്തോടെ ഭീമന്‍ ദുര്യോധനനേയും കൂട്ടരേയും വധിക്കുവാന്‍ ധര്‍മ്മപുത്രരുടെ അനുവാദം ചോദിക്കുന്നു. ധര്‍മ്മപുത്രരാകട്ടെ സാഹസം ചെയ്യരുത് എന്ന് ഭീമനെ ഉപദേശിക്കുന്നു. അർജ്ജുനനും കൗരവാദികളോടുള്ള തന്റെ ദേഷ്യം ധർമ്മപുത്രരോട് പറയുന്നു. ഈ വസതി കത്തിച്ച് ദൂരെ പോകാം എന്നും അഭിപ്രായപ്പെടുന്നു.
രംഗം നാലിൽ വായുപുത്രനായ ഭീമന്‍ അര്‍ജ്ജുനന്‍റെ വാക്കുകളാല്‍ പ്രചോദിതനായി അരക്കില്ലത്തിനു തീ കൊടുത്ത്‌ ഗുഹാ മാര്‍ഗ്ഗത്തിലൂടെ അമ്മയോടും സഹോദരന്മാരോടും കൂടി ഗംഗാ നദി കടന്ന് ഹിഡിംബ വനത്തില്‍ എത്തിച്ചേര്‍ന്നു. ദുഷ്ടനായ പുരോചനന്‍ അരക്കില്ലത്തിൽ കിടന്നു വെന്തുമരിച്ചു. കുന്തിയും മക്കളും ബകവനത്തിലേക്ക് യാത്ര ആവുന്നു. പുത്രന്മാരുടെ മുഖത്ത് നോക്കി എല്ലാവര്‍ക്കും ശോകം ഭവിച്ചത് കഷ്ടം തന്നെ എന്ന് പറഞ്ഞ് തനിക്ക് ദാഹം തോന്നുന്നതായി ഭീമസേനനെ അറിയിക്കുന്നു. ഭീമന്‍ കുന്തിയെയും സഹോദരന്മാരേയും മുന്നില്‍ കണ്ട ഒരു പേരാലിന്‍ ചുവട്ടില്‍ ഇരുത്തി  വെള്ളം തേടി പോകുന്നു.
രംഗം അഞ്ച് ഭീമന്‍ അമ്മയെയും സഹോദരന്മാരേയും പേരാലിന്‍റെ ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടതിനുശേഷം സരസ്സില്‍ പോയി താമരയിലയില്‍ വെള്ളവുമായി തിരിച്ചെത്തുന്നു. ആല്‍ച്ചുവട്ടില്‍ തളര്‍ന്നുറങ്ങുന്ന സഹോദരന്മാരെക്കണ്ട് ദു:ഖവും കൌരവരോട് കോപവും വന്നു നടത്തുന്ന ആത്മഗതമാണ് ഈ രംഗം.
രംഗം ആറിൽ ഭീമസേനന്റെ ബാഹുബലത്തില്‍ ആശ്വാസം കൊണ്ടു യുധിഷ്ഠിരന്‍ മുതലായവര്‍ ഉറക്കം പൂണ്ടപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന ഹിഡിംബന്‍ ഈ മര്‍ത്ത്യര്‍ ആരെന്നറിയാഞ്ഞു ക്രോധത്തോടെ സ്വന്തം സഹോദരിയായ ഹിഡിംബിയോട് അവരെ പിടിച്ചുകൊണ്ട് വന്ന് [വൈകുന്നേരം 7:34 -നു, 16/6/2017] സീത ടീച്ചർ: പ്രാതലിനായി തരാൻ ആവശ്യപ്പെടുന്നു. ഹിഡുംബി അപ്രകാരം ചെയ്യാനായി നിഷ്ക്രമിക്കുന്നു.
രംഗം ഏഴിൽ ഹിഡിംബന്റെ ആജ്ഞപ്രകാരം പാണ്ഡവരെ കൊല്ലാനായി പുറപ്പെട്ട ഹിഡിംബി ഭീമസേനനെ കണ്ടപ്പോള്‍ കാമാപരവശയാകുന്നു. അവള്‍ സുന്ദരീരൂപം ധരിച്ചു ഭീമന്റെ സമീപത്തുചെന്ന് തന്റെ ആഗമനോദ്ദേശം അറിയിക്കുന്നു. താന്‍ രാക്ഷസനായ ഹിഡിംബന്റെ സഹോദരി ഹിഡിംബിയാണെന്നും സഹോദരന്റെ ആജ്ഞ പ്രകാരം പാണ്ഡവരെ കൊല്ലാന്‍ വേണ്ടിയാണ് വന്നതെന്നും പറഞ്ഞു. ഭീമനോടു തനിക്ക് അനുരാഗം തോന്നുകയാല്‍ വധ ശ്രമം ഉപേക്ഷിച്ചു എന്നും, രാക്ഷസനായ ഹിഡിംബന്‍ വരുന്നതിനു മുമ്പ് രണ്ടുപേര്‍ക്കും എവിടെക്കെങ്കിലും പോകാം എന്നും പറയുന്നു. എന്നാല്‍ ഭീമനാകട്ടെ, തന്റെ അഗ്രജനായ ധര്‍മ്മജന്‍ വിവാഹം ചെയ്തിട്ടില്ലാത്തതിനാല്‍ താന്‍ വിവാഹം ചെയ്യുന്നത് ഉചിതമല്ലെന്നും  ഉറങ്ങിക്കിടക്കുന്ന ഇവരെ ഉപേക്ഷിക്കുന്നത് തെറ്റാണെന്നും പറയുന്നു. ഈ സമയത്ത് ഹിഡിംബന്‍ അവിടെ വരികയും ലളിത വേഷ ധാരിണിയായ ഹിഡിംബിയെക്കണ്ട് കോപാകുലനാവുകയും ചെയ്യുന്നു. മനുഷ്യനെ കാമിച്ച ഹിഡിംബിയെയും, ഭീമസേനേയും അധിക്ഷേപിച്ച ഹിഡിംബനെ ഭീമന്‍ പോരിനു വിളിക്കയും യുദ്ധത്തില്‍ അവനെ വധിക്കയും ചെയ്യുന്നു. ഭീമസേനന്‍ ഹിഡിംബനെ കൊന്ന ഉടന്‍തന്നെ കുന്തീദേവിയും പുത്രന്മാരും ഞെട്ടിയുണര്‍ന്നു. വിജയലക്ഷ്മിയോ എന്ന് തോന്നുമാറുള്ള ഹിഡിംബിയോടു കൂടിയ ഭീമസേനനെ കണ്ടു അവര്‍ വിസ്മയിച്ചു.
രംഗം എട്ടിൽ ഹിഡിംബന്റെ മരണാനന്തരം ഒരു ദിവസം വ്യാസമഹര്‍ഷി  അവിടെ വരികയും പാണ്ഡവര്‍ ഹിഡിംബിയോട് കൂടി അദ്ദേഹത്തെ നമസ്കരിച്ചു കുശലപ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അരക്കില്ലത്തില്‍ താമസിച്ചതും വിദുരന്റെ കൃപയാല്‍ അവിടെ നിന്ന് രക്ഷപ്പെട്ടതും കാട്ടില്‍ വന്നതുമായ കാര്യങ്ങള്‍ ഭീമന്‍ വ്യാസനോടു പറയുന്നു. വ്യാസനാകട്ടെ ശ്രീകൃഷ്ണന്‍ നിങ്ങളുടെ ബന്ധുവായി വരുമെന്നും വിഷമിക്കേണ്ട ആവശ്യമില്ലെന്നും ആശ്വസിപ്പിക്കുന്നു. ഭീമസേനനോട് ഹിഡുംബിയെ സ്വീകരിക്കാനും അവള്‍ക്ക് ഒരു പുത്രനുണ്ടാകുന്നതുവരെ അവളെ അനുസരിക്കാനും പറഞ്ഞ് അനുഗ്രഹിച്ചു യാത്രയാകുന്നു.
രംഗം ഒമ്പതിൽ ഭീമനും ഹിഡിംബിയും തമ്മിലുള്ള പ്രേമസല്ലാപമാണ്. ബാലേ വരിക.., കോലാഹലമോടു നല്ല.., ചെന്താർബാണ മണിച്ചെപ്പും തുടങ്ങിയ പ്രസിദ്ധ പദങ്ങൾ ഈ രംഗത്താണ്. വേദവ്യാസ മഹര്‍ഷിയുടെ ഉപദേശത്താല്‍ സംശയമെല്ലാമകന്നു കര്‍ത്തവ്യബോധമുദിച്ച ഭീമസേനന്‍ ക്ഷണത്തില്‍ യൌവ്വനപൂര്‍ത്തി വന്ന ഘടോല്‍ക്കചന്‍ എന്ന പുത്രനെ ഹിഡിംബിയില്‍ ഉത്പാദിപ്പിച്ചു.
രംഗം പത്തിൽ ഘടോല്‍കചന്‍ ജനിച്ചയുടന്‍ തന്നെ അവന് യൌവ്വനപൂര്‍ത്തി വരികയും ഭീമസേനനെ വന്ദിച്ച് അമ്മയായ ഹിഡിംബിയോടൊപ്പം യാത്രയാവാന്‍ അനുമതി ചോദിക്കുകയും ചെയ്തു. ഭീമന്‍ യാത്രാനുമതി നല്‍കുകയും ചെയ്തു. ഘടോല്‍ക്കചനാകട്ടെ മനസ്സില്‍ വിചാരിക്കുന്ന സമയത്തുതന്നെ വന്നു കണ്ടുകൊള്ളാം എന്നു പറഞ്ഞ് യാത്രയായി.
ഘടോല്‍ക്കചന്‍ അമ്മയുമൊരുമിച്ച് പോയതിനുശേഷം പാണ്ഡവര്‍ ബ്രാഹ്മണ വേഷം ധരിച്ച് ഏകചക്രയില്‍ ചെന്ന് ഭിക്ഷാവൃത്തിയോടെ സസുഖം വസിച്ചു.
രംഗം പതിനൊന്ന് പാണ്ഡവന്മാര്‍ അങ്ങിനെ ബ്രാഹ്മണ വേഷം  ധരിച്ച് ഏകചക്രയില്‍ ബ്രാഹ്മണര്‍ക്കൊപ്പം താമസം തുടങ്ങി. പതിവ് പ്രകാരം രാക്ഷസനായ ബകന് ചോറ് കൊണ്ടുക്കൊടുക്കേണ്ട ഊഴം കൈവന്ന ഒരു ബ്രാഹ്മണന്‍ തന്റെ പത്നിയെയും മക്കളെയും അടുത്തിരുത്തി തങ്ങളുടെ ദുര്‍വ്വിധിയോര്‍ത്തു വിലപിക്കുന്നതാണ് ഈ രംഗം.
രംഗം പന്ത്രണ്ടിൽ ബ്രാഹ്മണന്റെ ദു:ഖം കണ്ടിട്ട് കുന്തീദേവി അടുത്തുചെന്ന് കാര്യം അന്വേഷിക്കുന്നു. ബ്രാഹ്മണന്‍ ബകന് ഭക്ഷണം കൊണ്ടുപോകാന്‍ എന്നെയല്ലാതെ ആരെയും കാണുന്നില്ലെന്ന് പറഞ്ഞ് കരയുന്നു. കുന്തീദേവി, തനിക്ക് ബലവാനായ ഒരു പുത്രനുണ്ടെന്നും  അവനെ ബകന്റെ അടുക്കല്‍  അയക്കാം എന്നും പറഞ്ഞ് ബ്രാഹ്മണനെ സമാശ്വസിപ്പിക്കുന്നു.
രംഗം പതിമൂന്നിൽ ബ്രാഹ്മണനെ ആശ്വസിപ്പിച്ച കുന്തിക്കരികിലേക്ക് ഭീമസേനന്‍ വരുന്നു.ബ്രാഹ്മണനോട് പറഞ്ഞ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഭീമന്‍ ചോദിച്ചറിയുന്നു.  ചോറും കറികളും കൊണ്ടുപോയി ബകനെ കൊന്ന് ബ്രാഹ്മണരുടെ ദു;ഖം മാറ്റാന്‍കുന്തീദേവി ഭീമനോട് പറഞ്ഞു. ഭീമന്‍ കുന്തീദേവിയുടെ ആജ്ഞ ശിരസാ വഹിക്കുന്നു.
രംഗം പതിന്നാലിൽ അമ്മയുടെ വാക്കുകള്‍ കേട്ട ഭീമന്‍ ബ്രാഹ്മണന്റെ അടുത്തു ചെന്ന്  ബകന് ചോറ്‌ കൊണ്ടുപോകാന്‍ താന്‍ തയ്യാറാണെന്നും അവനെ കൊന്നുവരാം എന്നും പറയുന്നു. ചോറും കറികളും ഒരുക്കിവക്കാന്‍ പറയുന്നു. ബ്രാഹ്മണന്‍ ചോറ്കൊണ്ടുപോകാനുള്ള വണ്ടി ഭീമന് കാണിച്ചു കൊടുക്കുന്നു. എല്ലാ കറികളുമായി പോയി വരാന്‍ പറയുന്നു. ബകന്റെ കാട്ടിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് ഭീമനെ അനുഗ്രഹിക്കുന്നു.
രംഗം പതിനഞ്ചിൽ ബ്രാഹ്മണര്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ച ഭീമസേനന്‍ ചോറും കറികളും നിറച്ച വണ്ടിയില്‍ കയറി ബകവനത്തിലേക്ക് യാത്രയാകുന്നു. ബ്രാഹ്മണന്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം കണ്ട് ബകവനമാണെന്നുറപ്പിച്ച് ബകനെ പോരിനു വിളിക്കുന്നു. അതിനുശേഷം ബകന്റെ ഗുഹയുടെ മുന്നില്‍ ഇരുന്ന്, കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുന്നു.
രംഗം പതിനാറിൽ ഭീമന്‍ താന്‍ കൊണ്ടുവന്ന ചോറും കറികളും ഭക്ഷിക്കാന്‍ തുടങ്ങവേ, ബകന്‍ വിശപ്പ്‌ സഹിക്കാതെ ദേഷ്യത്തോടെ കഠോരമായി അട്ടഹസിച്ചുകൊണ്ട് ഭീമന്‍റെ നേരെ പാഞ്ഞടുക്കുന്നു. ഭീമനും ബകനും തമ്മില്‍ വാഗ്വാദം തുടരുകയും ഒടുവില്‍ യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. തന്റെ ഗദകൊണ്ട് ബകന്റെ മാറില്‍ ശക്തിയായി താഡനം ഏല്‍പ്പിച്ച് ഭീമന്‍ അവനെ നിഗ്രഹിക്കുന്നു. ബകന്‍ മരിച്ചതറിഞ്ഞ ബ്രാഹ്മണര്‍ ഭീമനെ അനുഗ്രഹിക്കുന്നു. ഇതോടേ ബകവധം ആട്ടക്കഥ സമാപിക്കുന്നു.

മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങള
പുരാണത്തില്‍നിന്നു വലിയ മാറ്റമൊന്നും ആട്ടക്കഥയില്‍ ഇല്ല. എന്നാല്‍ ഭാരതത്തില്‍ പ്രസ്താവിച്ച നിഷാദിയും മക്കളും ആട്ടക്കഥയില്‍ വിട്ടിരിക്കുന്നു. അരക്കില്ലത്തില്‍ വസിക്കുന്നകാലത്ത് ദുഷ്ടനായ ദുര്യോധന്റെ ദുഷ്വിത്തികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് അവനെ വധിക്കാന്‍ അനുമതി തരണമെന്ന് ഭീമന്‍ ധര്‍മ്മപൂത്രനോട് ആവശ്യപ്പെടുന്നതായി മൂലത്തില്‍ പ്രസ്താവാന ഇല്ല. കുന്തിയുടെ അനുമതിയോടെയുള്ള ധര്‍മ്മപുത്രന്റെ നിദ്ദേശ്ശാനുസരണം ഹിഡിംബിയെ ഭീമന്‍ സ്വീകരിച്ചു എന്നാണ് മൂലത്തില്‍ കാണുന്നത്. ഭാരതത്തില്‍ ഘടോത്കചനും ഹിഡിംബിയും പിരിഞ്ഞതിനു ശേഷമാണ് വേദവ്യാസന്‍ പാണ്ഡവരുടെ സമീപമെത്തുന്നത്. തുടര്‍ന്ന് വ്യാസനാണ് അവരെ ഏകചക്രയീല്‍ കൊണ്ടുപോയി വസിക്കൂവാന്‍ ഏര്‍പ്പാട് ചെയ്യുന്നതും.

രംഗങ്ങളും അവതരണരീതിയും
പുറപ്പാട്-പഞ്ചപാണ്ഡവന്മാര്‍ രംഗം  1 . ധൃതരാഷ്ട്രന്‍, ധര്‍മപുത്രന്‍; രംഗം 2 .ധര്‍മപുത്രന്‍, പുരോചനന്‍; രംഗം 3 . ധര്‍മപുത്രന്‍, ആശാരി, ഭീമന്‍, അര്‍ജ്ജുനന്‍; രംഗം 4 . കുന്തി, [ധര്‍മപുത്രന്‍] ഭീമന്‍, [അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍]; രംഗം 5 . ഭീമന്‍, [കുന്തിയും പാണ്ഡവരും]; രംഗം 6 . ഹിഡിംബന്‍, ഹിഡിംബി; രംഗം 7 . ലളിത, ഭീമന്‍, ഹിഡിംബന്‍; രംഗം 8 . വ്യാസന്‍, ഭീമന്‍; രംഗം 9 . ഭീമന്‍, ലളിത; രംഗം 10 . ഘടോല്ക്കചന്‍, ഭീമന്‍, ലളിത; രംഗം 11 . ബ്രാഹ്മണനും പത്നിയും; രംഗം 12 . കുന്തി, ബ്രാഹ്മണന്‍; രംഗം 13 . ഭീമന്‍, കുന്തി; രംഗം 14 . ഭീമന്‍, ബ്രാഹ്മണന്‍; രംഗം 15 . ഭീമന്‍; ബകവധം കഴിഞ്ഞ ഉടനെ (താടിക്ക് എഴുന്നേറ്റ് പോകാന്‍) തിരശ്ശീല വേണമെങ്കിലും ബ്രാഹ്മണര്‍ പ്രവേശിക്കുന്നത് ഒരു പ്രത്യേക രംഗമായി കവി കല്പിച്ചിട്ടില്ല- പതിവുപോലുള്ള ശ്ലോകമില്ല-ഭീമന്‍ ധനാശി തൊഴുന്നു. 1 ധൃതരാഷ്ട്രന്‍ പച്ച ɪɪ ചുട്ടിയുടെ സ്ഥാനത്തു നീണ്ട കറുത്ത താടി 2 ധര്‍മ്മപുത്രന്‍ പച്ച ɪɪ 3 പുരോചനന്‍ മിനുക്ക്‌ കുട്ടി ദൂതന്‍ പോലെ 4 ആശാരി മിനുക്ക്‌ ɪɪ ചടങ്ങില്‍ പ്രത്യേക അഭ്യാസം വേണം 5 ഭീമന്‍ പച്ച ɪɪ, കുട്ടി 5 ഭീമന്‍ പച്ച ɪ വ്യാസന്‍ മുതല്‍ 6 അര്‍ജ്ജുനന്‍ പച്ച കുട്ടി 7 കുന്തി സ്ത്രീ രണ്ടാം സ്ത്രീ 8 ഹിഡിംബന്‍ കത്തി ɪɪ 9 ഹിഡിംബി കരി രണ്ടാം താടി 9 ,, ലളിത സ്ത്രീ ഒന്നാം സ്ത്രീ 10 വ്യാസന്‍ മഹര്‍ഷി ɪɪ 11 ഘടോല്ക്കചന്‍ കത്തി കുട്ടി 12 ബ്രാഹ്മണന്‍ മിനുക്ക്‌ ɪɪ 13 ബ്രാഹ്മണസ്ത്രീ ɪɪ, കുട്ടി 14 ബകന്‍ ചുവന്ന താടി ഒന്നാം താടി 15, 16 ബ്രാഹ്മണന്‍ കുട്ടി 4 -ഉം 5 -ഉം രംഗങ്ങളില്‍ നകുല സഹദേവന്മാരും വേണ്ടതാണ്-അവര്‍ക്കൊന്നും ആടാനില്ലെങ്കിലും. ബ്രാഹ്മണ പത്നിക്ക്‌ സ്ത്രീ വേഷം കെട്ടാതെ തല മൂടിപ്പുതച്ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്-ബ്രാഹ്മണ സ്ത്രീയായതുകൊണ്ടും ഏറെ ആടുവാനില്ലാത്തതിനാലും അങ്ങനെയാക്കിയാല്‍ തെറ്റില്ല. ആദ്യവസാനം ഭീമനാണ്. എന്നാല്‍ മുഴുവന്‍ കളിക്കുമ്പോള്‍ ഹിഡിംബവധം കഴിയുന്നതുവരെ ഇടക്ക്‌ (വ്യാസന്‍റെ രംഗം കൂടി) ഭീമന്‍ ഇടത്തരമായിരിക്കും. ഇങ്ങനെ ഒന്നാംതരം ആദ്യവസാനത്തിനും ഒന്നാംതരം സ്ത്രീവേഷത്തിനും ഒന്നാംതരം താടിക്കും ഒന്നാംതരം കുട്ടിത്തരത്തിനും (പുരോചനന്‍, ഘടോല്ക്കചന്‍) വകയുള്ള കഥയാണ് ബകവധം.

പ്രത്യേകത
സാമാന്യം മറ്റു കോട്ടയം കഥകളെപ്പോലെ വീരരസപ്രധാനമാണെങ്കിലും ശൃംഗാര കരുണങ്ങള്‍ക്കും ഏതാണ്ട് അത്രതന്നെ പ്രാധാന്യം നല്‍കിയിരിക്കുന്നു ഈ കഥയില്‍. ആശാരിയെപ്പോലെ ഒരു വിനോദപാത്രം വേറൊരു കഥയിലും കാണുകയില്ല. എന്നാല്‍ ഗൌരവമായ ഒരു സന്ദേശം വഹിച്ചുവരുന്ന ആശാരി വിദ്ദ്യുജ്ജിഹ്വനെപ്പോലെ ഒരു കോമാളിയല്ല-മാത്രമല്ല ആശാരി കെട്ടി ഫലിപ്പിക്കുവാന്‍ അതിന്‍റെ ചടങ്ങുകളില്‍ പ്രത്യേക പരിശീലനവും നല്ല മെയ്യും കൂടി വേണ്ടിയിരിക്കുന്നു. കുട്ടിത്തരം കത്തി ഉത്ഭവത്തിനു പുറമെ സൌഗന്ധികത്തിലും ബകവധത്തിലും മാത്രമേ ഉള്ളൂ.

ലളിത ഭീമനെസമീപിക്കുന്ന ‘മാരസദ്യശ’ എന്ന പദം മുതല്‍ ഘടോല്‍ക്കചന്റെ രംഗംവരേയുള്ള ഭാഗങ്ങള്‍ ചൊല്ലിയാട്ട പ്രധാനങ്ങളാണ്. രാഗാലാപനത്തോടെ ആരംഭിക്കുന്ന സാരിനൃത്തം, വിളംബകാലത്തിലുള്ളതും പതിഞ്ഞ ഇരട്ടിനൃത്തങ്ങളോടു കൂടിയതുമായ ‘മാരസദ്യശ’ എന്ന പദത്തിന്റെ അവതരണം‍, ഭീമന്‍ വ്യാസനെ വണങ്ങുന്ന ‘താപസകുലതിലക’ പതിഞ്ഞ ഇരട്ടികളോടുകൂടിയ പദത്തിന്റെ പതിഞ്ഞകാലത്തിലുള്ള അവതരണം,. ‘ബാലേവരിക’ എന്ന പതിഞ്ഞപദത്തിന്റെ അവതരണം, ‘ചെന്താര്‍ബാണ’ എന്ന ചരണാത്തെ തുടര്‍ന്നുള്ള ഇരട്ടിയുടെ അന്ത്യത്തില്‍ ഭീമന്‍ ഹിഡിംബിയെ ആലിംഗനംചെയ്തുള്ള നൃത്തത്തോടുക്കൂടിയുള്ള നിഷക്രമണം, ഘടോല്‍ക്കചന്റെ എടുത്തുകലാശത്തോടെയുള്ള പ്രവേശം, നിര്‍ഗ്ഗമനത്തില്‍ ‘സൂചിക്കിരിക്ക’ലോടുകൂടിയ  നാലിരട്ടികലാശം എന്നീ പ്രത്യേകതകള്‍ കളരിച്ചിട്ടയുടെ സൌന്ദര്യം തികഞ്ഞ അവതരണ സങ്കേതങ്ങളാണ്.
നാട്ട്യധര്‍മ്മി വിടാതെ ലോകധര്‍മ്മി കലര്‍ത്തിയുള്ള അനേകം പ്രത്യേകതകളുള്ള അവതരണപ്രകാരമാണ് ആശാരിക്കുള്ളത്. ആശാരിയുടെ പദത്തിന്റെ ഇടക്കലാശങ്ങളും പ്രത്യേകതകളുള്ളതാണ്.

ഇപ്പോള്‍ നിലവിലുള്ള അവതരണരീതി
*രംഗം മൂന്നാം രംഗവും(ആശാരിയുടെ പ്രവേശം മുതല്‍ നിഷ്ക്രമണം അവരെയുള്ള ഭാഗം മാത്രം), 7മുതല്‍ 16വരെയുള്ള രംഗങ്ങളുമാണ് ഇപ്പോള്‍ സാധാരണയായി അവതരിപ്പിച്ചുവരുന്നത്.
*ആദ്യ 2രംഗങ്ങളും, 4,5,6രംഗങ്ങളും ഇപ്പോള്‍ നടപ്പിലില്ലാത്തവയാണ്.


അനുബന്ധ വിവരം:
ഒരു രാത്രി കളിക്കാനുണ്ട്. എന്നാല്‍ ബ്രാഹ്മണന്‍റെ (പതിനൊന്നാം) രംഗം മുതല്‍ ആടുകയാണെങ്കില്‍ 2 മണിക്കൂര്‍ മതിയാകും. ഒമ്പതാം രംഗം (പതിഞ്ഞ പദം) മുതല്‍ക്കാണെങ്കില്‍ മൂന്നര മണിക്കൂര്‍. അടുത്തകാലത്തായി ആദ്യത്തെ രണ്ടു രംഗങ്ങള്‍ ലുപ്തപ്രചാരമായിരിക്കുന്നു. തിരുവിതാങ്കൂറില്‍ ആ രംഗങ്ങള്‍ തീരെ പതിവില്ല. കാലകേയവധത്തില്‍ സലജ്ജോഹം ആടുന്നതില്‍ പേരെടുത്തിരുന്ന കാവുങ്ങല്‍ വലിയ ചാത്തുണ്ണിപ്പണിക്കര്‍ "തുഹിനകരകുലാവതംസമേ" എന്ന് ആടുന്നതിലും പ്രസിദ്ധനായിരുന്നു. ആദ്യവസാനമല്ലെങ്കിലും ധര്‍മ്മപുത്രന്‍റെ വേഷത്തിന്നു പ്രാധാന്യമുണ്ടായിരുന്നു. മിക്കപ്പോഴും ഒടുവിലത്തെ രംഗം വധത്തോടുകൂടി കഴിയും. ബ്രാഹ്മണര്‍ അപൂര്‍വ്വമായേ ഉണ്ടാവൂ.

ആദ്യവസാനമായ ഭീമന്‍ (രംഗം ഒമ്പത് മുതല്‍) കെട്ടുന്നതില്‍ കടത്തനാട്ട് കുഞ്ഞിക്കുട്ടി നായര്‍, പുറ്റാടന്‍ അനന്തന്‍ നായര്‍, പള്ളിച്ചാല്‍ കൃഷ്ണന്‍ നായര്‍, കാവുങ്കല്‍ രാവുണ്ണിപ്പണിക്കര്‍, ഇട്ടിരാരിച്ചമേനോന്‍, കോറണാത്ത് അച്ചുതമേനോന്‍, കേശവക്കുറുപ്പ്, പട്ടിയ്ക്കാന്തൊടി രാവുണ്ണിമേനോന്‍, കരുണാകര മേനോന്‍, കാവുങ്കല്‍ ശങ്കരപ്പണിക്കര്‍, മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍, കീരിക്കാട്ട് കൊച്ചുവേലുപിള്ള എന്നിവരെല്ലാം പേരെടുത്തവരാണ്. ആശാരിയുടെ വേഷത്തിന് പേരെടുത്തവരാണ് തെക്കുമ്പുറത്തെ ഗോവിന്ദപ്പണിക്കര്‍, അരിമ്പൂര്‍ രാമന്‍ മേനോന്‍, കോപ്പന്‍നായര്‍, കലവൂര്‍ നാരായണമേനോന്‍, കരീത്ര രാമപ്പണിക്കര്‍, ഐക്കര കര്‍ത്താവ്‌, തകഴി കേശവപ്പണിക്കര്‍, ചമ്പക്കുളം ശങ്കുപ്പിള്ളയാശാന്‍, കരിപ്പുഴ വേലു, ചമ്പക്കുളം പരമുപ്പിള്ള എന്നിവര്‍. വണ്ടൂര്‍ കൃഷ്ണന്‍നായര്‍, അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപിള്ള, തിരുവല്ലാ കുഞ്ഞുപിള്ള എന്നിവര്‍ ബകവധം ലളിതക്കും കുത്തനൂര്‍ ഗോവിന്ദപ്പണിക്കര്‍, നൊച്ചൊള്ളി രാമന്‍നായര്‍, വെച്ചൂര്‍ രാമന്‍പിള്ള എന്നിവരുടെ ബകനും പേരു കേട്ടിരുന്നു.

(ഇത്രയും വിവരങ്ങൾ കെ.പി.എസ് മേനോന്റെ കഥകളി ആട്ടപ്രകാരം എന്ന പുസ്തകത്തിൽ നിന്നും)                
ചില ഫോട്ടോസ് കൂടി ഇടുന്നു





കഥാപാത്രമായ "ഖനകനെ"പററി ഒരു ആസ്വാദകന്റെ അഭിപ്രായം കൂടി ഇവിടെ ചേര്ക്കുന്നു
ഖനകൻ വെറുമൊരു കോമാളി ആശാരിയോ?
അങ്ങനെ ആവാൻ തരമില്ല എന്നത് "അരക്കിട്ട് " ഉറപ്പിക്കുന്നതായിരുന്നു ഈ കഴിഞ്ഞ ദിവസം പാലക്കാട് പീശപ്പിള്ളി രാജിവൻ വെത്യസ്ത്തമാർന്ന രീതിയിൽ അവതരിപ്പിച്ച ബകവധത്തിലെ ഖനകൻ. (ബകവധം - ആശാരി എന്ന് പരക്കെ വിശേഷിപ്പിക്ക പെടുന്നു)
കഥകളിയുടെ പിതാവെന്ന് പോലും പറയാവുന്ന കോട്ടയത്ത് തമ്പുരാൻ എഴുതിയ ആദ്യ കഥയായ ബകവധത്തിൽ തന്നെ കഥകളിത്തം (എന്ന് നമ്മൾ പറഞ്ഞ് കൊണ്ടിരിക്കുന്ന ഒരു വസ്തു ) അശേഷം ഇല്ലാത്ത ഒരു അവതരണ രീതി അദ്ദേഹം ചിന്തിച്ചിരിക്കാൻ വഴിയില്ല എന്നാണ് എനിക്ക് ചിന്തിക്കാൻ താത്പര്യം.
അരക്ക് കൊണ്ട് നിർമ്മിച്ച ഒരു കൊട്ടാരത്തിൽ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന അവസ്ഥയിൽ വിദുരരാൽ നിയോഗിക്കപ്പെട്ട ഒരു ഖനകൻ വെറും ഒരു കോമാളി ആവാൻ തരമില്ല .... അല്ലെങ്കിൽ അങ്ങനെ ആവരുത് .....
അരക്കില്ലത്തിൽ എത്തുന്നതുവരെ അയാൾ ആളേ തിരിച്ചറിയാതിരിക്കാൻ കാണിക്കാവുന്ന ചില പ്രയോഗങ്ങൾ പാണ്ഡവരേ കാണുന്നതോടേ മാറി , അല്ലെങ്കിൽ മാറണം എന്ന് എനിക്കും തോന്നി. പിന്നെ അയാൾ പറയുന്ന ഓരോ കാര്യങ്ങളും സീരിയസ്സാണ്.
തണുപ്പു മാറ്റാൻ സഹായിക്കുന്ന ഒരാൾക്ക് ഒരു കാട് ചുട്ടെരിക്കാൻ കഴിയും എന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പറയുന്ന ബഹുവാക്ക് മുതൽ അയാളുടെ പ്രവൃത്തി ഇവരെ രക്ഷിക്കുക എന്നത് മാത്രമാണ്. ശത്രുവിന്റെ ആയുധം അമ്പും വില്ലും വാളും മാത്രമല്ലന്നും , രക്ഷപ്പെടാൻ മുള്ളൻപന്നിയെ നിരീക്ഷിക്കണമെന്നും പറയുന്നിടത്ത് അതിന്റെ ഗൗരവം കൂടുന്നു .
നാളെ അമാവാസി ആണെന്നും അന്ന് ദുഷ്ടനായ പുരോചനൻ നിങ്ങൾ ഉറങ്ങുന്ന നേരം ആരും അറിയാതെ നിങ്ങൾ അടങ്ങുന്ന ഈ ഗൃഹം ചുട്ടെരിക്കും എന്നും ഈ ഭിത്തി മുഴുവൻ അരക്കാണെന്നും പാണ്ഡവരെ അറിയിക്കുന്നത് മുറിയിലെ ജനലുകൾ പോലും അടച്ചിട്ടിട്ടാണ് . ഭീമനനോട് ഒരു പോളപോലും നാളെ കണ്ണടയ്ക്കരുത് എന്ന് നിർദ്ദേശം നൽകുന്ന ഖനകൻ , താൻ രഹസ്യമായി നിർമ്മിച്ച മുറിക്കടിയിലേ തുരങ്കത്തിലേക്ക് പ്രവേശിക്കാൻ ഉള്ള സ്ഥലവും പറഞ്ഞു കൊടുക്കുന്നു.
ഇപ്രകാരം ഉള്ള പ്രവൃത്തിയിൽ സാധാരണ കഥകളിയിൽ ഉപയോഗിക്കുന്ന ചിട്ടയായ കലാശങ്ങളിൽ നിന്ന് മാറ്റതെ രാജീവൻ അരങ്ങിൽ അവതരിപ്പിച്ചത് ഏറെ ഹൃദ്യമായി .......
ആഹാര്യത്തിലെ പുതുമയും തികച്ചും കഥകളിക്ക് അനുയോജ്യം തന്നെ (നിറം വേണമെങ്കിൽ ഒന്നു കൂടി ചിന്തിച്ച് പരിഷ്ക്കരിക്കാവുന്നതാണ്)
ഈ നിലയിലുള്ള ഒരു ബകവധം ആശാരി ആണെങ്കിൽ ഒന്നു കൂടി സൂക്ഷ്മതയോടെ കാണാം (കാണണം) എന്ന് തോന്നൽ എന്നിൽ ഉണ്ടാക്കാൻ ഈ കളി ഉപകരിച്ചു എന്ന് പറയാതെ വെയ്യാ .....
ഏതായാലും രാജിവന്റെ ഈ പരിഷ്ക്കാരം കഥകളിയുടെ മൂല്യം നഷ്ടപ്പെടുത്തുന്ന ഒന്നല്ല എന്ന് നിഷ്പ്രയാസം പറയാം .....
കൂടുതൽ ചിലതുകൂടി കൂട്ടി ചേർക്കാനുള്ളവർ ഉണ്ടാവും എന്ന തോന്നലോടെ ..........
തൃപ്തനായ ഒരു ആസ്വാദകൻ .

ബകവധം രംഗാവതരണം ആരംഭിച്ചു.
ആശാരിയുടെ രംഗം മുതലായിരുന്നു ആരംഭം.  ഹിഡുബവനത്തിലെത്തിയശേഷം കുന്തിയും പാണ്ഡവരുമായുള്ള 2രംഗങ്ങൾ ഒഴിച്ച് തുടർന്നങ്ങോട്ടുള്ള മുഴുവൻ ഭാഗങ്ങളും ഈ ദിവസം അവതരിപ്പിക്കപ്പെട്ടിരുന്നു.
ആശാരിയായി ആർ.എൽ.വി.പ്രമോദും,
ധർമ്മപുത്രരായി പാർവ്വതി ഹരിയും, ആദ്യഭാഗത്തെ ഭീമനായി ആർച്ച വർമ്മയും, കുന്തിയായി രാധിക അജയനും വേഷമിട്ടു. ഹിഡുബനായി ഫാക്ട് ബിജുഭാസ്ക്കരനും ഹിഡിബിയായി അഡ്വ.രഞ്ജിനി സുരേഷും അരങ്ങിലെത്തി. അധികമായി അരങ്ങിലവതരിപ്പിച്ചുവരാറില്ലാത്ത ഈ വേഷങ്ങൾ സാമാന്യം ഭംഗിയായിത്തന്നെ ഇവർ അവതരിപ്പിച്ചു. തിരനോട്ടശേഷം തന്റേടാട്ടത്തോടെ ആരംഭിച്ച ഹിഡിബൻ, മനുഷ്യമണം വരുന്നതായി നടിച്ചിട്ട്, ‘തന്നെ ഭയന്ന് ഈ കാട്ടിൽ മനുഷ്യരാരും വരാറില്ലാത്തതിനാൽ വളരെക്കാലമായി മനുഷ്യമാസം ഭക്ഷിച്ചിട്ട്, ഇന്ന് അതിന് ശ്രമിക്കുകതന്നെ’ അന്നുപറഞ്ഞ് സഹോദരിയെ കണ്ട്, അവളെ മനുഷ്യരേപിടിച്ചുകൊണ്ടുവരുവാൻ നിയോഗിക്കുന്നു. അതിനുപുറപ്പെട്ട ഹിഡിബിയാകട്ടെ വഴിയിൽ കുയിലിണകളേയും മയിലിണകളേയും കണ്ട് ‘തനിക്കിതുപോലെ ഒരു ഇണയില്ലല്ലോ’ എന്ന് സങ്കടപ്പെടുന്നു. മാത്രമല്ല;  ‘കുട്ടിക്കാലം മുതൽ ഞാനിങ്ങിനെ സഹോദരനു ഇരതേടിപ്പിടിച്ചുകൊടുത്തു കഴിയുന്നു. എനിക്ക് ഒരു സുഖജീവിതമില്ലയോ’ എന്ന് ഉള്ളിലുള്ള ‘കോപ്ളക്സ്’ തികട്ടിവരുന്നതായും ഇവിടെ കണ്ടു. കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ട് കഥാസന്ദർഭത്തിനനുഗുണമായി അവതരിപ്പിച്ചതായി ഈ ആട്ടങ്ങൾ കണക്കാക്കാം. ഇന്നാലിവിടെ ചില സംശയങ്ങൾ തോന്നി. കാട്ടിൽ കിടക്കുന്ന പക്ഷികളെ ഹിഡുബി നിത്യം കാണ്ടുകൊണ്ടിരിക്കുന്നതല്ലേ, ഇവിടത്തെ കാഴ്ച്ചയിൽ എന്തു പ്രത്യേകത? മാംസഭക്ഷണപ്രിയയായ ഈ രാക്ഷസിക്ക് പക്ഷിമൃഗാദികളെ കണ്ടാൽ ‘എത്രമാസം അതിനുണ്ട്, പിടിച്ച് ഭക്ഷിക്കാനാകുമോ’ എന്നൊക്കെയല്ലാതെ സൗന്ദര്യചിന്തയൊക്കെ ഉണ്ടാകുമോ? ഭക്ഷിക്കാനായ് കണക്കാക്കിയിരുന്ന ഭീമനിൽ ഈ ചിന്തയുണ്ടായല്ലോ എന്നാണെങ്കിൽ, ഇതുപോലെ ഒരു സാമാന്യജീവിയല്ലല്ലോ ഭീമസേനൻ.  പരാക്രമികളായ രാക്ഷസരെയൊക്കെ നിസ്സാരമായി വധിക്കുവാൻപോന്നവനായ ഭീമന്റെ പ്രഭാവം അതിനുപോരുന്നതായിരുന്നു. മനുഷ്യരേതേടി പുറപ്പെട്ടശേഷമുണ്ടായ ഈ ആട്ടങ്ങളേക്കാളും നല്ലത്; തിരനോട്ടശേഷം കരിവട്ടം(കഥകളിസമ്പ്രദായപ്രകാരം കരിവേഷം ആദ്യം ചെയ്യേണ്ടതായ ചടങ്ങ്) ചെയ്തിട്ട് ഇതിന്റെ അന്ത്യത്തിൽ ‘ഇങ്ങിനെ ഒരുങ്ങിയിട്ട് എന്തുകാര്യം? ഇതൊക്കെ കാണാനൊരാളില്ലാതെപോയല്ലോ! എനിക്കും ഭർത്തൃഭാഗ്യം ലഭിക്കുകയില്ലേ?’ എന്നിങ്ങിനെയാടി സന്ദർഭസംബന്ധിയാക്കുന്നതാണ്. അങ്ങിനെ ചെയ്യുവാനാണ് കൃഷ്ണൻനായരാശാൻ നിർദ്ദേശിച്ചിട്ടുള്ളതും(കോട്ടയം കഥകളുടെ രംഗവ്യാഖ്യയിൽ).
സദനം വിജയനായിരുന്നു ലളിതയായി അഭിനയിച്ചത്.
മൊത്തത്തിൽ നന്നായിരുന്നു എങ്കിലും പരിചയക്കുറവിന്റെ സംഭ്രമം മൂലമാവാം സാങ്കേതികമായ പ്രശ്നങ്ങൾ ചിലത് തോന്നിച്ചിരുന്നു.
'അഗ്രജാ വൈകാതവരെ'
പതിഞ്ഞപദങ്ങൾ ഉൾപ്പെടെയുള്ള ചൊല്ലിയാട്ടഭാഗങ്ങൾ
തരക്കേടില്ലാതെ അവതരിപ്പിച്ചു എന്നതൊഴിച്ചാൽ മറ്റെല്ലാത്തരത്തിലും പരാജയമായിരുന്നു ആദ്യാവസാനഭീമാവതരണം. വേഷമൊരുങ്ങുകയും ചൊല്ലിയാടി ശീലിക്കുകയും ചെയ്തു എന്നതുകൊണ്ട് ആദ്യാവസാനവേഷം ചെയ്ത് വിജയിപ്പിക്കുവാനാവില്ല എന്ന് ഈ കലാകാരന് ഇനിയെങ്കിലും മനസ്സിലാവട്ടെ. കെട്ടിപ്പഴക്കമില്ലായ്മയുടെ സംഭ്രമവും സാങ്കേതികമായ പോരായ്മകളും മനസ്സിലാക്കാം, എന്നാൽ കഥാപാത്രത്തെയും സന്ദർഭങ്ങളെയും മനസ്സിലാക്കിയുള്ള ആട്ടങ്ങളും അഭിനയങ്ങളും ചെയ്യാനാകാത്തത് വേണ്ടരീതിയിൽഉള്ള തയ്യാറെടുപ്പില്ലായ്ക കൊണ്ടുതന്നെയാണ്. ആദ്യാവസാനവേഷം കൈകാര്യംചെയ്യുമ്പോൾ തന്റെ പദം ചൊല്ലിയാടിക്കഴിഞ്ഞ് ബാക്കിഭാഗമെല്ലാം പട്ടുത്തരീയങ്ങളും പിഠിച്ച് പീഠത്തിൽ ഒരേ ഇരുപ്പിരുന്നിട്ട്(ഹിഡുബൻ വാന്നാലും ഹിഡുബിവന്നാലും വ്യാസൻ വന്നാലും ഇവരൊക്കെ എന്തുതന്നെ പറഞ്ഞാലും കൂസലില്ലാതെ) ഒരു കാര്യവുമില്ല. ഹിഡിബവധത്തോടേയാണ് ബകവധം ആട്ടക്കഥയുടെ
പൂർവ്വാർദ്ധം അവസാനിക്കുന്നത്. ഈ ഭാഗം വരെ ആദ്യഭീമൻ തന്നെയാണ് അരങ്ങത്ത് അഭിനയിക്കേണ്ടത്. ഇവിടെ ഒരു യുദ്ധവട്ടത്തോടെ പൂർണ്ണമായി ഊജ്ജം ചിലവഴിച്ചുകൊണ്ട് ആദ്യഭീമനായ നടന് വേഷമഴിക്കാം. തുടർന്നുവരുന്ന വ്യാസന്റെ രംഗം മുതലാണ് ആദ്യാവസാന വേഷക്കാരൻ ഭീമനായി രംഗത്ത് വരുക. എന്നാൽ ഇവിടെ ലളിതയുടെ രംഗം മുതൽ തന്നെ ആദ്യാവസാനവേഷക്കാരനായിരുന്നു ഭീമനായെത്തിയത്. അതിനാൽ യുദ്ധവട്ടങ്ങൾക്കൊക്കെ ശേഷം പതിഞ്ഞപദങ്ങളിലേയ്ക്ക് ഇദ്ദേഹത്തിന് കടക്കേണ്ടിവന്നു! നടപ്പിലില്ലാത്ത രംഗങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ ഒന്നുകൂടി സൂക്ഷമമായ ശ്രദ്ധ വേണ്ടിയിരുന്നു. പല രംഗങ്ങളിലും ഔചിത്യപരമായ പ്രശ്നങ്ങൾ കാണപ്പെട്ടിരുന്നു. ഹിഡിബൻ വലത്തുകോണിൽ നിന്നും പെട്ടന്നു പ്രവേശിച്ച്  ഭീമന്റേയും ലളിതയുടേയും മദ്ധ്യത്തിലെത്തുന്നതായാണ് ഈ രംഗത്തിൽ കണ്ടിരിക്കുന്നതും കേട്ടിരിക്കുന്നതും. എന്നാൽ ഇവിടെ ഹിഡിബൻ ഇടതുഭാഗത്തുകൂടി പ്രവേശിച്ചു എന്നു മാത്രമല്ല, ‘അഡിഡക്കട്’ചവുട്ടി നിന്ന് ‘മനുഷ്യരെ പിടിച്ചുകൊണ്ടുവരുവാനായിപോയ സഹോദരിയെ കണ്ടില്ലല്ലോ? ഇനി തിരഞ്ഞ് കണ്ടുപിടിക്കുകതന്നെ’ എന്നൊക്കെ ആടിയിട്ടാണ് പിന്നെ ഭീമനേയും ലളിതയേയും കണ്ടത്.  ഇതിന്റെ ആവശ്യമുണ്ടന്ന് തോന്നിയില്ല. പദഭാഗം കഴിഞ്ഞതോടെ ലളിത വലതുഭാഗത്തേയ്ക്ക്-ഭീമന്റെ പിന്നിലേയ്ക്ക് സ്ഥാനം മാറിനിന്നതും ശരിയായില്ല.
വ്യാസനായി ആർ.വി.ശശികുമാർ വേഷമിട്ടപ്പോൾ
ഘടോത്കചനായി ആർ.എൽ.വി.പ്രമോദ് തന്നെയാണ് എത്തിയത്.  ഭംഗിയുള്ള ചൊല്ലിയാട്ടങ്ങളും സൂചിക്കിരക്കൽ ഉൾപ്പെടെയുള്ള കലാശഭാഗങ്ങളും വൃത്തിയായി അവതരിപ്പിച്ചുകൊണ്ട് പ്രമോദ് ഈ കുട്ടിത്തരം കത്തിവേഷം ഭംഗിയായി അവതരിപ്പിച്ചു.
കളരിയുടെ ചിട്ടകളിൽ ബദ്ധപ്പെട്ടുകിടക്കുന്ന കോട്ടയം കഥകൾ
കളരിയിൽ ക്രമമായി അഭ്യസനം നേടി ഉറപ്പിച്ചവരും, നല്ല മെയ്യുള്ളവരുമായ കലാകാരന്മാർ അവതരിപ്പിച്ചാൽത്തന്നെയാണ് കാണാൻ അഴകുണ്ടാവുക. അല്ലാത്തവർക്ക് അവതരിപ്പിച്ച് ഒപ്പിക്കാം, ആഗ്രഹം തീർക്കാം എന്നുതന്നെയെയുള്ളു.
ലളിതമുതൽ ഘടോത്കചൻ വരെയുള്ള ഭാഗത്ത്
കലാ:ഗോപാലകൃഷ്ണനും തൃപ്പൂണിത്തുറ അർജ്ജുൻ രാജും ചേർന്നായിരുന്നു പാട്ട്. കലാ:ശ്രീജിത്തും ശ്രീരാഗ് വർമ്മയും ചേർന്നാണ് അതിനുമുൻപും പിൻപുമുള്ള രംഗങ്ങൾ പാടിയത്.

കലാ:വിനോദ് ചെണ്ടയിലും കലാ:വിനീതും ആർ.എൽ.വി.ജിതിൻ മദ്ദളത്തിലും
മേളമുതിർത്ത കളിക്ക് കലാ:സജിയും എരൂർ മനോജും ആയിരുന്നു ചുട്ടി കലാകാരന്മാർ. എരൂർ ശശി, എരൂർ സുരേന്ദ്രൻ തുടങ്ങിയവരാണ് അണിയറസഹായികളായി വർത്തിച്ചിരുന്നത്. എരൂർ ഭവാനീശ്വരം, എരൂർ വൈകുണ്ഠേശ്വരം എന്നീ കളിയോങ്ങളിൽനിന്നും സംയുക്തമായാണ് ചമയങ്ങൾ ഉപയോഗിച്ചിരുന്നത്.

നിലത്തും ഉയർന്ന ഇരുപ്പിടങ്ങളിലും ഇരുന്നുകാണുവാനുതകുന്ന രീതിയിയിലുള്ള വേദി,
കറുത്ത പിൻ കർട്ടൻ, നല്ല ശബ്ദ പ്രകാശ ക്രമീകരണങ്ങൾ, വേദിയിലും സദസ്സിലും ആവിശ്യത്തിനുള്ള കൂളർ-ഫാൻ സംവിധാനങ്ങൾ, സദസ്സ്യർക്ക് ചയ,കുടിവെള്ളം ക്രമീകരണങ്ങൾ ഇങ്ങിനെ എല്ലാത്തരത്തിലും ഭംഗിയായ സംവിധാനങ്ങൾ ഒരുക്കിയതിൽ കഥകളികേന്ദ്രം അഭിനന്ദനമർഹിക്കുന്നു.

********************************************
പ്രവീണ്‍ വര്‍മ്മ: ബകവധാവതരണം ഭംഗിയായി ടീച്ചർ.                  

അശോക് ഡിക്രൂസ്: അവതരണം സമ്പൂർണം🙏🏽                  

വാസുദേവന്‍: വധം സ്വാനുഭവത്തോടെ വധമാവാതെ രസകമാക്കിയ വതരിപ്പിച്ച സീത ടീച്ചർക്ക് ആയിരം പൂച്ചെണ്ടുകൾ🌻🌻🌻🌻🌻🌻                  

മിനി താഹിർ: ബാക്കിയുള്ളത് ഞങ്ങൾക്കൊക്കെ തന്നേക്ക്....😜😜😜
ബകവധം അവതരണം നന്നായി ടീച്ചർ....🙏                                          

സ്വപ്നa: ബകവധം കഥാവതരണവും ചിത്രങ്ങളും ആസ്വാദനവുമെല്ലാം ചേർത്ത് അതിഗംഭീരമാക്കി ടീച്ചർ💐💐💐💐💐💐                  

ശിവശങ്കരൻ: ബകവധം
ആട്ടക്കഥ പോലെ തന്നെ
അവതരണവും ഭംഗിയായി മനോഹരമായി ഹൃദയഹാരിയായി ..
ഭാവുകങ്ങൾ ടീച്ചർ                  

സീത: ആട്ടക്കഥ  വായിച്ചവര്ക്കും ആസ്വദിച്ചവര്ക്കും അഭിപ്രായങ്ങളറിയിച്ചവര്ക്കും🙏🏻🙏🏻🙏🏻                  

വിജു: ബകവധം പൊളിച്ചു! സമ്പൂർണ്ണം !                  

രജനി: അസ്സലായീട്ടോ... സീത ടീച്ചറേ                  

രതീഷ്: കളി കാണാൻ കുറച്ചു കൂടി പഠിക്കാനുണ്ടെന്നു പഠിപ്പിച്ചു ബകവധം
🌺🌸🌼🌻🥀🌹🌷                  

അനില്‍ യൂണി: സീതടീച്ചറേ...
 നന്നായി.
അഭിനന്ദനങ്ങൾ💐💐💐                  
            
സ്വപ്ന: അത് പറ്റില്ല, കിർമ്മീരവധവും കീചകവധവുമൊക്കെ പിന്നെ ആരുചെയ്യും?😂😂😂                  

സീത: ചത്തതു കീചകനെങ്കില് കൊന്നതുഭിമന്തന്നെ😄🙏🏻                  

പ്രജിത: എന്റെ ഉള്ളിന്റെയുള്ളിൽ കഥകളി പഠിക്കണമെന്ന നടക്കില്ലാത്ത മോഹമുണ്ട്.സീതടീച്ചറുടെ കഥകളി സാഹിത്യാവലോകനവും,ഫോട്ടോകളും വായിച്ചും കണ്ടും കഴിയുമ്പോൾ എന്റെ മോഹങ്ങൾക്ക് ചിറക് മുളയ്ക്കുന്നുണ്ടോ എന്ന് സംശയം.അഭിനന്ദനങ്ങൾ സീത ടീച്ചർ🌻🌻                  

വാസുദേവന്‍: അംഗനമാർ മൗലേ
ബാലേ
ആശയെന്തയിതേ ?
എങ്ങനെ പഠിക്കുന്നു
ഗഹനചാരിയാ മെന്നെ നീ യി നി ?                  

വാർദ്ധക്യം വന്നുദിച്ചിട്ടും.........
ചെറുപ്പം!                  

 പ്രജിത ടീച്ചറേ
വെറുതേ ഒരു തമാശയാണേ.
കഥകളിയുടെ കനം ഒന്നു കുറയ്ക്കാൻ🙏🙏🙏🙏🙏🙏
*****************************************************************