ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

17-6-2017

♦♦നവ സാഹിതി♦♦

സ്വപ്ന
തോറ്റവരുടെ കുട്ടികൾ
🍂🍂🍂🍂🍂🍂🍂🍂

തോറ്റോടുന്ന ജനതയ്ക്ക്
മുഖമാവശ്യമില്ല,
വിജയികളുടെനേതാവിന്
മനസ്സു വേണ്ടാത്തതു പോലെ തന്നെ.
അവരുടെ കുഞ്ഞുങ്ങൾ
തലയുയർത്തിപ്പിടിക്കുന്നത്
ആകാശത്തു നിന്ന്
പൊഴിയുന്ന മിസൈലുകളെ
സ്വീകരിക്കാനായാണ്.
വിശപ്പിന്റെ മുദ്രാവാക്യങ്ങൾ
ഉരുവിടാൻ വേണ്ടിയാണ്
അവർ
വാക്കുകളെ സ്വന്തമാക്കുന്നത്.
അവരുടെ കൊടിക്കൂറകൾ
ഉടയാടകളെക്കുറിച്ചുള്ള
സങ്കല്പങ്ങളാണ്.
അവരുടെ സ്വപ്നങ്ങളിൽ
എതിർപ്പിന്റെ തീപ്പന്തങ്ങളെരിയുന്നു.
വിഷം നിറഞ്ഞ പാത്രങ്ങളിൽ
അവരുടെ മത്സ്യങ്ങൾ
നീന്തിത്തുടിക്കുന്നു.
അവരുടെ സുഗന്ധങ്ങൾ
ചീഞ്ഞളിഞ്ഞ യുദ്ധഭൂമിയുടേതാണ്.
തലയോട്ടികൾ
കളിപ്പാട്ടമാക്കേണ്ടി വരുന്ന കുട്ടികൾ
നിറഞ്ഞ
ലോകത്തിലേക്ക്
കൺതുറക്കാതിരിക്കാം
നമുക്ക്.
സുഖദ സ്വപ്നങ്ങളുടെ
മായക്കാഴ്ചകളിൽ
മാത്രമൊതുങ്ങി
നമുക്ക് നമ്മളെ മറക്കാം
മരിക്കാത്ത ശവങ്ങളാകാം.

സ്വപ്നാറാണി. .

✍🏾✍🏾✍🏾✍🏾✍🏾✍🏾✍🏾✍🏾✍🏾✍🏾

ജാനകീ, പോരൂ
 സച്ചിദാനന്ദന്‍
🦋🦋🦋🦋🦋🦋🦋

സന്ധ്യ ചായുകയാവും
ലങ്കയിലിപ്പോള്‍, ഭൂവിന്‍
സംഗീതമെല്ലാമൊറ്റ
രാക്കിളിയുടെ ചുണ്ടില്‍
വന്നലിയികയാവും
മല്ലികാ സുഗന്ധത്തില്‍.
മന്തകാന്തിയാം ശരത്-
ചന്ദ്രനു കീഴേ കടല്‍
പൊന്നുരുക്കുകയാവും,
പോര്‍നിലങ്ങളില്‍ മഴ
പെയ്യുകയാവും നിണം
മായ്,ച്ചെന്‍റെ പ്രിയ ജനം
പിന്നെയും തുമ്പപ്പൂക്കള്‍
സ്വപ്നം കാണുകയാവും.
ഇങ്ങു ഞാനേകാന്തത്തില്‍
വന്നിരിക്കുകയാണ്
ഖിന്നനായ്, ഇത് സ്വര്‍ഗ-
മെന്നു വിശ്വസിക്കുവാന്‍
വയ്യാതെ, നീയില്ലാതെ,
ലങ്ക തന്‍ കാറ്റില്ലാതെ .
ജാനകി, നീറിദ്ദഹി-
ക്കുന്നു ഞാന്‍ താഴത്തു നിന്‍
പാതിരാ കണക്കുള്ള
സാന്ദ്ര കുന്തള ഭാരം
മോഹന ഹിമാചല
സാനു പോലുള്ളാച്ചുമല്‍-
മേലഴിച്ചിട്ടാ മുഖം
ലങ്കയെത്തിളക്കുവാന്‍
മേഘങ്ങള്‍ക്കിടയ്ക്കെത്തും
പൂര്‍ണചന്ദ്രനെപ്പോലെ
നീയുയര്‍ത്തുമ്പോള്‍, നെറ്റി-
ത്തട്ടിനു കീഴില്‍ നീല-
നീലയാം മിഴികള്‍ തന്‍
സാഗരമിരമ്പുമ്പോള്‍
രാഗത്താല്‍ വിടര്‍ന്ന നി-
ന്നരുണാധരങ്ങളെ-
യീറനാക്കുവാനെന്‍റെ
ചുണ്ടുകള്‍ തരിക്കുന്നു
പ്രേമ പൂജതന്‍ തീഷ്ണ
കര്‍പ്പൂരഗന്ധം പേറു-
മാ മലകളില്‍ മല-
യാനിലനെപ്പോല്‍ വീശി
ഏലത്തിന്‍ രുചി പേറും
നാവിനാലുണര്‍ത്തുവാന്‍
ക്ഷീരവും നക്ഷത്രവും
ശൈശവ സ്മൃതികളും
എന്‍ കരാംഗുലീ ലീല
കൊണ്ടുനിന്നുദരത്തിന്‍
പൊന്‍ വയലിന്മേല്‍ തൃഷ്ണാ
പുളകം വിതയ്ക്കുവാന്‍
പൂക്കിലയുടെ മദം
പൂണ്ട നിന്‍ തുടകളെ
വാക്കിനാല്‍ സ്പര്‍ശത്തിനാല്‍
നിര്‍വാണപഥമാക്കാന്‍
ഹാ, വിറയ്ക്കുകയാണെന്‍
മേനിയിതസഹ്യമാം
പ്രേമത്തിന്‍ ഗ്രീഷ്മോഗ്രമാം
നിര്‍ന്നിദ്ര ജ്വരത്തിനാല്‍.
പോരിക ഹേ,വൈദേഹി,
പുലരിയിളംതെന്നല്‍
പോല്‍ നീണ്ട വിരലിനാല്‍
നീ തുറക്കുകീ വാതില്‍
കേവലം പാഴ്പ്പേച്ചിന്ന്‍
കാതോര്‍ത്ത് ക്രൂരം നിന്നെ-
ത്തീയിന്ന് വിധിച്ചവ-
നല്ലിന്ന്‍ വിളിക്കുന്നു
ഹേ, പവിത്രേ, നീയിനി-
ത്തേടേണ്ട, വരില്ലൊറ്റ-
യ്ക്കാ വിജനമാം വന-
മമ്മയാകുവാന്‍, നിന്‍റെ
കാടുകള്‍ പിളരില്ല
താരതന്‍ ആക്രന്ദനം.
ഊര്‍മ്മിളയുടെ ദീര്‍ഘ-
ശ്വാസവും ശംബൂകന്‍റെ
ദ്വീപില്‍ നിന്‍ പുമാന്‍ കൊന്ന
വീരരാം നിശാചരര്‍
തന്‍ യുവ വിധവകള്‍
വാനരികളുമൊത്തു
വ്യോമഭേദിയായ് കേഴു-
മാരവങ്ങളും, ഒരു
വാലില്‍ നിന്നുയരുന്ന
തീയില്‍ വീണടിയുമ്പോള്‍
കിളിയും പൂവും കാവും
ഭൂമിയെ വിളിച്ചാര്‍ത്തു
കേണിടുമൊലികളും,
കേവലമിവിടത്ത്തില്‍
ഇലമേല്‍ മഞ്ഞിന്‍തുള്ളി
പോലെ ലോലമായ്‌ വീഴു-
മെന്‍ രാഗ മൃദുമന്ത്രം ,
കേവലം വിദൂരമാം
വിപിന ജലപാതം
പോല്‍ നിരന്തരമെന്‍റെ
സ്വര്‍ണവീണതന്‍ നാദം.
കേവലം രതോന്മാദ
മൂര്‍ച്ഛയാലാവിഷ്ടര്‍ നാം
കാമികള്‍ പറക്കുമ്പോ-
ഴുതിര്‍ക്കും കളകളം.
ആര്‍ ജിതന്‍? പരാജിതന്‍?
ആര്‍ രാഗി, ആര്‍ വൈരാഗി?
ആര്‍, പ്രണയികളല്ലാ-
താരാണു പ്രണയത്തിന്‍
നീതിയും നിയമവും
നിര്‍മിച്ചു നടത്തേണ്ടോര്‍?
ഹാ, ജയിച്ചുവോ രാമന്‍
ഭൂമിപുത്രി നീ താണു-
പോയ ശൂന്യത്തെപ്പുണര്‍-
ന്നീടുവാന്‍ കൈ നീട്ടുമ്പോള്‍?
രാമബാണത്താല്‍ പിള-
രാത്തൊരെന്‍ ദൃഢ സ്വപ്ന
വീര്യത്താലണുവണു-
വായി ഞാന്‍ സ്വര്‍ലോകത്തി-
ലീവിധമെന്നപ്പുന:
സൃഷ്ടിച്ചു ജയിക്കുമ്പോള്‍?
പോരിക സീതേ, വേണ്ട
ഇനിയപ്പതിവൃതാ
ഭീകര ജന്മം ! ഞാനു-
ണ്ടിവിടെയനശ്വര-
പ്രേമമൂര്‍ത്തിയായ്,പറ-
കമ്മയോടെനിക്കായ് നീ
പേറിടും രാഗം, പോരു-
കീ വിശാലമാം ഹൃത്തി-
ലേറെയാണിടം, ഇതു
നിറഞ്ഞില്ലൊരു സ്ത്രീയാല്‍.
വീഴട്ടെന്‍ ചെവികളി-
ലൊക്കെയും നടരാജ-
നാടിടും ചിലങ്ക പോല്‍
നിന്‍ ചിരിയുടെ ശബ്ദം.
ഞാനലിയട്ടേ നിന്‍റെ-
യമ്ലത്തില്‍! വിഷം കുടി-
ച്ചോളെ! നിന്‍ കിനാവിന്‍റെ
കനല്‍ നൃത്തത്തില്‍, രൂക്ഷേ!

ഹിഡിംബി
♦♦♦♦♦♦♦

ഞാൻ ഹിഡിംബി
ഒന്നിനും വന്നതല്ല
വെറുതേ ഒന്ന്
കണ്ടുപോകാൻ....മാത്രം!
ഞാൻ തിരിച്ചറിയുന്നു,
എനിക്കും ഇരുളിനും
ഇടയിൽ മറകളില്ല.
എന്റെ ദംഷ്ട്ര മുനകൾ
നിന്നെ
വേദനിപ്പിച്ചേക്കാം ....
എങ്കിലും
എന്തിനായിരുന്നു
ഈയുള്ളവളെ നീ .....
നിനക്ക് ദ്രുപദപുത്രിയുണ്ട്
സുന്ദരിദാസിമാരുണ്ട്
പക്ഷേ
അന്നെന്തേ നീ
ഇരുളിനെ പ്രണയിച്ചത്!
നിനക്ക് തരാൻ
എന്നിൽ നിലാവുകളില്ല'
പിന്നെന്തേ
നീ എന്നെ .....?
നിനക്കായ്
ഒരു പകൽ
കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞിട്ടും?
♦♦♦♦♦♦♦♦

         ഷാദിയ. ടി

🍀🍀🍀🍀🍀🍀🍀🍀
മണങ്ങൾ  അടയാളപ്പെടുത്തും വിധം
.........................
     ധന്യാ ലാൽ
➖➖➖➖➖➖➖➖
മണങ്ങൾ എല്ലാ അളവടയാളങ്ങൾക്കും അപ്പുറമാണ്
രേഖപ്പെടുത്താനാവാത്തത്ര
വ്യാപ്തിയുള്ളവ
മണങ്ങൾ  ചാലകങ്ങളാകുമ്പോൾ
ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് അതിവേഗ പ്രസരണം സാധ്യമാക്കുന്നു, ആലിംഗനാവസാനം ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്കോ തിരിച്ചോ പ്രവഹിക്കുന്നതു പോലെ!
ചില മണങ്ങളെ ഇങ്ങനെയും അടയാളപ്പെടുത്താം....
ആട്ടിയ മാവിന്റെയും പഴകിയ ചോറിന്റെയും മണം അമ്മയ്ക്ക്..
വിയർപ്പ് ഉണങ്ങിയുണങ്ങി ഉപ്പുകെട്ടിയ മണം അച്ഛന്..
മല്ലിപ്പാത്രത്തിലെ നീക്കിയിരുപ്പിന്റെ മണം ഏട്ടന്...
മുഷിഞ്ഞ പാവാട മണമാണ് ഏട്ടത്തി

സ്വഗൃഹ മണങ്ങൾ അടയാളപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ ഇങ്ങനെ തുടങ്ങാം....!
വിശപ്പിന് ഭക്ഷിച്ച മലത്തിന്റെ  മണമുള്ള കുർദികൾ...
തൊട്ടിലിലേയ്ക്ക് പൊട്ടി വിരിഞ്ഞ യുദ്ധ മണമുള്ള സിറിയ...
മണ്ണപ്പമണമുള്ള ഹെയ്ത്തികൾ
അമിത ആത്മവിശ്വാസത്തിന്റെ ത്രേസ്യാമ്മമണങ്ങൾ,
ഭൂമിയെ പുകച്ച ബ്രക്സിറ്റ് മണങ്ങൾ,
അന്യന്റെ കറിച്ചട്ടിയിൽ  കൈയിട്ട  ഗോമണങ്ങൾ…
 വിലക്കപ്പെട്ട ഖത്തർ മണങ്ങൾ,
ചുമരിലെ ആണിയിൽ തൂങ്ങുന്ന അലക്കാത്ത ഷർട്ടിന്റെ ആൺ കൂതറ മണം, അനവധിയനവധിയായങ്ങനെ.... മണമലകൾ!

അതിനിടയിൽ വിട്ടു പോയൊരു
കിടിലൻ സോഷ്യലിസ്റ്റ്  മണമുണ്ട്:
ആകാശപാതയ്ക്കടിയിൽ  നാട്ടിലെ ഏതു മണമായും  മണക്കാവുന്ന
 പെൺമണം
🍀🍀🍀🍀🍀🍀🍀🍀

********************************************************