ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

16-9-2017

📝 നവസാഹിതി📝
അവതരണം സ്വപ്നാറാണി
🖍🖍🖍🖍🖍🖍🖍
ഇന്നലത്തെ മഴ

അഗ്നിയും നീ തന്നെ
ജലവും നീ തന്നെ
ആളലും നീ തന്നെ
ശമനവും നീ തന്നെ
ഞാനാളുമ്പോൾ
നിൻ്റെ ജ്വാലകൾ 
ഞാനാഴുമ്പോൾ
നിൻ്റെ ചുഴികൾ
ഇന്നലെ പെയ്ത മഴ
രാത്രിയെ നന്നായി കഴുകി
നിനക്കു തന്നു
കത്തിച്ചു വെച്ച മെഴുകു തിരിനാളം
എനിക്കൊപ്പം ആ മഴ കാണുമ്പോൾ
 ഹൃദയം കഴുകുമ്പോലെയുള്ള
ആ കഴുകൽ കണാൻ
ഞാനും നീയും അടുത്തിരുന്നു
മഴയുടെ ശബ്ദത്തിൽ
മെഴുകുതിരിയുടെ
മഞ്ഞ വെളിച്ചം
കറുത്ത തടാകത്തിൽ
വിരിഞ്ഞ ആമ്പലായി
കാറ്റിലിളകുമ്പോൾ
അതിൻ്റെ ശോഭ
ഞാനും നീയമിറുത്തു വെച്ചു
അതൊരിക്കലും വാടില്ല
കൊടുംവേനലിൽ
നീയാളുമ്പോൾ
ഞാനുരുകുമ്പോൾ
ഒരോർമ്മയ്ക്കൊപ്പം
നമുക്കതെടുത്തു നോക്കണം
ആ മങ്ങിയ വെളിച്ചത്തിൻ്റെ
കണ്ണിലേക്കു നോക്കണം
ആരുടെ കണ്ണിൽ നിന്നാണന്നേരം
ആദ്യം മഴ പെയ്യുക?
ഇന്നലത്തെ പോലെ .


-മുനീർ അഗ്രഗാമി
****************************************
നാലുവരിപ്പാതയിലൂടെ കവിത ഓടിക്കുമ്പോൾ .....

വാക്കുകളുടെ
ദേശീയപാത നിറയെ
അപകടം
പതിയിരിക്കുന്ന
ഗട്ടറുകളാണ്
ഹെഡ്ലൈറ്റ് പോയ
കവിതയും കൊണ്ട്
രാത്രിയാത്ര
സാഹസം
തന്നെയാണ് ...
ഒലിച്ചിറങ്ങിയ
ചോര
ഉണങ്ങിപ്പിടിച്ച്
വാണിംഗ്സിഗ്നലുകളെല്ലാം
വിശന്നു നിൽക്കുന്നുണ്ടാവും
അടുത്ത
മഴയ്ക്ക് മുമ്പ്
അടക്കം തീർന്നെങ്കിലെന്ന
നാട്ടുമ്പുറത്തുകാരന്റെ
നനഞ്ഞ നിശ്ശബ്ദതയുമായി!
ഫസ്റ്റ്ഗിയറിൽത്തന്നെ
ഞരങ്ങിക്കറങ്ങി
സ്വപ്നങ്ങളുടെ
കമ്പി പുറത്താവും
ട്യൂബ് ലസ്സായ
ഹൃദയം
ഓരോ മിടിപ്പിലും
പൊട്ടിത്തെറിക്കാൻ
പാകപ്പെടും....
ആകയാൽ
ഒരിക്കലും
കവിതയ്ക്ക്
കൈ കാണിക്കരുത് ...
മരണത്തിലേക്കല്ലാതെ
ലിഫ്റ്റ് ചോദിക്കരുത്...
ഒഴിഞ്ഞു കിടന്നാലും
മുൻ സീറ്റിലിരിക്കരുത്
ഓടിത്തുടങ്ങിയാൽ
ബ്രേക്ക് മോഹിക്കരുത് ....
ഇന്ധനം തീർന്നോ
അർത്ഥമില്ലായ്മയിൽ
ചെന്നിടിച്ചോ
ഇരുട്ടിന്റെ
തീ പിടിച്ചോ
അക്ഷരങ്ങൾ
ഊരിത്തെറിച്ചോ
വെളിച്ചത്തിലേക്ക്
വണ്ടിയോടിച്ചതിന്
കവിതയുടെ മരണം ഉറപ്പാണ്......


ശ്രീനിവാസൻ തൂണേരി
****************************************
വൈരുദ്ധ്യം

കറിക്കുപ്പില്ലല്ലോ എന്നവൻ
കണ്ണീരിലുണ്ടല്ലോ വേണ്ടുവോളമെന്നവൾ
എരിവും പുളിയുമില്ല എന്നവൻ
നിങ്ങടെ വാക്കുകളിലുണ്ടല്ലോ എന്നവളും
ഇന്ന് വിരിച്ച വിരിപ്പിലെത്ര നിറങ്ങളെന്നവൻ
അതെന്റെ സ്വപ്നങ്ങളാണെ ന്നവൾ
പുറത്തിന്ന് കൂരിരുട്ടാണല്ലോ എന്നവൻ
അതെന്റെ ചിന്തകളല്ലേ എന്നവളും
പുലരുന്ന പകലിനെന്ത് ഭംഗിയെന്നവൻ
അതെന്റെ പ്രതീക്ഷകളാണെന്നവൾ
പടിഞ്ഞാറു താഴുന്ന സൂര്യനെന്തേ മൗനമെന്നവൻ
അത് ഞാനല്ലേ എന്നവളും
ഇടകലർന്ന വൈരുദ്ധ്യത്തിന്നിടയിലവൾ ഉറങ്ങുന്ന ജീവ ശകലങ്ങളെ കണ്ടു..
ഇരുളും വെളിച്ചവും ഏതെന്നറിയേണ്ടെന്നുറച്ചവൾ
ഇമകളടച്ചു..


സംഗീത വികെ
(കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കുന്ന ധാർമികത മാസിക- പ്രജിത)
****************************************

പിറക്കും മുമ്പേ....

എന്നെ ഞാനറിയാത്ത ഒരു ഇരുട്ട്
കൂടെ നടന്നിരുന്നു,
ശിരസ്സിലും കൈവെള്ളയിലും
അജ്ഞാതമായ എന്റെ രേഖാചിത്രങ്ങൾ വരച്ചു വെച്ചിരുന്നു,
രാപ്പകലുകൾ അറിയാതെ തിന്നു തീർക്കുന്ന മിടിപ്പുകളിൽ അനന്തമായ യാത്രാ സമയം 
എഴുതിച്ചേർത്തിരുന്നു ,
സ്വപ്നങ്ങളുടെ അതിലോലമായ
ചിറകൊച്ചകൾ
എന്നിലേക്ക് ചേക്കേറിയിരുന്നു ,
"പിറക്കും മുമ്പേ പിറന്ന വനെന്നറിയാത്തവൻ "
സൂര്യോ ദയങ്ങളുടെ
സാക്ഷിമൊഴി കേട്ടാണ്
ഉണർന്നത് ...
"ഉപേക്ഷിച്ച പകലുകളെ തിരിച്ചറിയാത്തവൻ "
അസ്തമയ ദിക്കിലെത്തിയപ്പോൾ
തിരമാലകൾ ആർത്ത് പരിഹസിച്ചു ..
മരിച്ചിട്ടും മരിക്കാത്തവനെന്ന അറിവു തന്നത്
കൂടെ പതുങ്ങി വന്ന
ഒറ്റയടിപ്പാതയിലെ

കൂരിരുട്ടായിരുന്നു

സൈനബ് ചാവക്കാട്

****************************************