ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

2-6-2017

 "" കഥകളിയുടെ സാഹിതൃവലോകനം""
 സീത 
                 
 🌀 കിരാതം 🌀

ആട്ടക്കഥാകാരൻ
ഇരട്ടക്കുളങ്ങര രാമവാര്യർ എഴുതിയ ആട്ടക്കഥ ആണ് കിരാതം എന്ന ഭക്തിനിർഭരമായ കഥ. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് വാര്യർ ജനിച്ചതെന്ന് പറയപ്പെടുന്നു. അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനടുത്താണ് വാര്യരുടെ ജന്മഗൃഹമായ ഇരട്ടക്കുളങ്ങര വാരിയം.  "ജന്മമൊടുങ്ങുവാൻ വരം കൽമഷാരേ തരേണമേ" എന്ന് ഈ കഥയിൽ എഴുതിയത് വാര്യർക്ക് അറം പറ്റി എന്ന് ഐതിഹ്യമുണ്ട്. കിരാതം കഥ എഴുതി മൂന്നുദിവസത്തിനുള്ള വാര്യർ ഒരു കാളയുടെ കുത്തേറ്റ് മരിച്ചെന്നാണ് കഥ. തികച്ചും ലളിതമായ മലയാളത്തിൽ എഴുതിയ കഥയാണ് കിരാതം. നാടകീയമായ കഥകളി രംഗങ്ങൾ ഒന്നുമില്ലെങ്കിലും ലളിതസുന്ദരകോമളപദാവലികൊണ്ട് കിരാതം ഭക്തിരസപ്രധാനമായ ആട്ടക്കഥയായി നിലകൊള്ളുന്നു.

കഥാസംഗ്രഹം
രംഗം 1
പാണ്ഡവന്മാർ ചൂതിൽ തോറ്റ് ദ്വൈതാടവിയിൽ വനവാസം ചെയ്യുന്ന കാലം. അർജ്ജുനൻ ശത്രുസംഹാരത്തിനായിക്കൊണ്ട് പാശുപതം എന്ന ദിവാസ്ത്രം പരമശിവനിൽ നിന്നും ലഭിക്കാനായി ശിവനെ തപസ്സ് ചെയ്യാനായി പുറപ്പെട്ടു. തപസ്സിനായി പാഞ്ചാലിയോട് വിടവാങ്ങുന്നതാണ് ഈ രംഗത്തിൽ.
രംഗം 2
അർജ്ജുനൻ തപോവനത്തിലേക്കുള്ള യാത്രയിൽ പരമശിവനെ മനസ്സിൽ ധ്യാനിക്കുന്നതാണ് പരമേശ പാഹി എന്ന ഈ ആത്മഗതം പോലുള്ള പദം.
രംഗം 3
ഇവിടെ അർജ്ജുനൻ തപസ്സ് ചെയ്യുന്നു. പരമിശിവന്റെ കേശാദിപാദ വർണ്ണന ആണ്.
രംഗം 4
അർജ്ജുനന്റെ തപസ്സ് ഇളക്കുവാനായി ഇന്ദ്രൻ ദേവസ്ത്രീകളെ അയക്കുന്നു.
രംഗം 5
ദേവസ്ത്രീകൾ അർജ്ജുനസമീപം എത്തി തപസ്സ് ഇളക്കാനായി ശ്രമിക്കുന്നു. അത് നിഷ്ഫലമാകുന്നു. ദേവസ്ത്രീകൾ തിരിച്ച് പോകുന്നു.
രംഗം 6
ഇന്ദ്രൻ, അർജ്ജുനന്റെ തപസ്സ് മുടക്കാൻ ശ്രമിച്ചിട്ടും പറ്റാതായപ്പോൾ, കൈലാസത്തിലെത്തി, പാർവ്വതീദേവിയെ കണ്ട് അർജ്ജുനനു വരങ്ങൾ നൽകി അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു. അത് കേട്ട് പാർവ്വതി പരമേശ്വരസമീപം ചെന്ന്, അർജ്ജുനനു എന്താണ് വേഗത്തിൽ വരങ്ങൾ നൽകാത്തത് എന്ന് അന്വേഷിക്കുന്നു. അർജ്ജുനന്റെ ഗർവ്വം കളഞ്ഞ് വരങ്ങൾ നൽകാം എന്ന് പരമേശ്വരൻ പാർവ്വതിയെ അറിയിക്കുന്നു. ആയതിനായി ശിവൻ ഒരു കാട്ടാളനഅകാമെന്നും, പാർവ്വതി ഒരു കാട്ടാളസ്ത്രീ ആയി വേഷം മാറിവരണമെന്നും ശിവൻ പറയുന്നു. ശേഷം അർജ്ജുനസമീപം ചെന്ന് അർജ്ജുനനുമായി ശണ്ഠകൂടാമെന്ന് പറയുന്നു. അർജ്ജുനൻ മനുഷ്യനാണ് അവന്റെ മാനം കളയരുത് -കാമദേവനെ ദഹിപ്പിച്ചപോലെ ദഹിപ്പിക്കരുത്- എന്ന് മറുപടിയായി പാർവ്വതി ശിവനോട് അഭ്യർത്ഥിക്കുന്നു. പണ്ട് കാമദേവനെ ദഹിപ്പിച്ചപോലെ അല്ല ഇത് അതുമായി താരതമ്യം ചെയ്യരുത് എന്ന് ശിവൻ പറയുന്നു.
ഇത്ഥം നിവേദ്യ ഗിരിപുത്രീം
ഈ ദണ്ഡകത്തിൽ ശിവപാർവ്വതിമാരുടെ വേഷം മാറി വരവും ഭൂതഗണങ്ങളുടെ വേഷം മാറലും എല്ലാവരും കൂടി കാടിളക്കി വേട്ടചെയ്ത് നടക്കുന്നതും ആണ് പറയുന്നത്. ആ സമയം ദുര്യോധനൻ അർജ്ജുനനെ കൊല്ലാനായി അയച്ച പന്നിവേഷം പൂണ്ടാ മൂകാസുരനെ അർജ്ജുനനെ വധിക്കാനയി വരുന്നു.
രംഗം 7
അർജ്ജുനനുസമീപം എത്തിയ കാട്ടാളത്തിയ്ക്ക്, കാട്ടാളന്റെ കണ്ണുകൾ വല്ലാതെ ചുകന്നുകണ്ട് ഭയമാകുന്നു. അർജ്ജുനനുവേഗം വരം കൊടുക്കാനായി ധൃതികൂട്ടുന്നു. കാട്ടാളൻ ആ സമയം മൂകാസുരൻ അർജ്ജുനനെ വധിക്കാനായി വരുന്നുണ്ട് എന്നും അവനെ കൊന്ന് അൽപ്പനേരം അർജ്ജുനനുമായി ശണ്ഠകൂടി ഗർവ്വം തീർത്ത് വരം കൊടുക്കാം എന്നും കാട്ടാളത്തിയെ ആശ്വസിപ്പിക്കുന്നു. കാട്ടാളത്തിയ്ക്ക് സമാധാനം ആകുന്നില്ല. അപ്പോൾ അർജ്ജുനസമീപം തന്റെ ഒപ്പം വരാനായി കാട്ടാളസ്ത്രീയോട് കാട്ടാളൻ പറയുന്നു. കാട്ടാളനു കോപം വർദ്ധിക്കുമ്പോൾ സാന്ത്വനവാക്കുകൾ പറഞ്ഞ് കോപം തണുപ്പിക്കണം എന്നും ആവശ്യപ്പെടുന്നു.
രംഗം 8
അർജ്ജുനസമീപം കാട്ടാളനും കാട്ടാളത്തിയും എത്തുന്നു. മൂകാസുരൻ പന്നിയുടെ രൂപം പൂണ്ട് അർജ്ജുനനെ വധിക്കാനായി വരുന്നു. കാട്ടാളൻ മൂകാസുരനുനേരെ അമ്പെയ്ത് വധിക്കുന്നു. അതേസമയം അർജ്ജുനനും മൂകാസുരനു നേരെ അമ്പെയ്യുന്നു. ഇത് ഒരു ശണ്ഠയ്ക്ക് വട്ടം കൂട്ടുന്നു. തുടർന്നുണ്ടായ യുദ്ധത്തിൽ കാട്ടാളൻ അർജ്ജുനനെ തൂക്കിയെറിയുന്നു. വീണസ്ഥലത്തുനിന്നും എഴുന്നേറ്റ് അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി പൂവിട്ട് ആരാധിക്കുന്നു. താനിട്ട പൂവുകൾ എല്ലാം കാട്ടാളന്റെ തലയിൽ കണ്ട് അർജ്ജുനൻ അത്ഭുതപരതന്ത്രനാകുന്നു. കാട്ട്റ്റാളനും കാട്ടാളത്തിയും രൂപം മാറി സ്വരൂപത്തിൽ-ശിവപാർവ്വതിമാരായി-പ്രത്യക്ഷപ്പെടുന്നു. അർജ്ജുനനെ അനുഗ്രഹിച്ച് പാശുപതാസ്ത്രം നൽകി മറയുന്നു.

മൂലകഥയിൽനിന്നുള്ള വ്യത്യാസങ്ങൾ
1.തപസ്സിനായി ഹിമാലയത്തിലെത്തുന്ന അർജ്ജുനന്റെ മുന്നിൽ ഒരു വൃദ്ധതാപസവേഷത്തിലെത്തി ഇന്ദ്രൻ വേണ്ടതായ നിദ്ദേശങ്ങൾ നൽകി അനുഗ്രഹിച്ചു എന്നാണ് മൂലകഥയിൽ. ഇത് ആട്ടക്കഥയിൽ പരാമർശ്ശിക്കുന്നില്ല. മറിച്ച്, ഇന്ദ്രൻ അർജ്ജുനന്റെ തപസ്സുമുടക്കുവാനായി അപ്സരസ്സുകളെ നിയോഗികുന്നതായാണ് ആട്ടക്കഥയിൽ ഉള്ളത്.
2.അർജ്ജുനൻ തപസ്സുചെയ്യുന്ന വിവരമറിയിച്ച് അവനിൽ പ്രീതനാകുവാൻ മഹർഷിമാർ വന്ന് ശിവനെ പ്രേരിപ്പിക്കുന്നതായാണ് മൂലകഥയിൽ. എന്നാൽ ആട്ടക്കഥയിൽ ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീപാർവ്വതിയാണ് അർജ്ജുനന് വരം നൽകുവാൻ ശിവനെ പ്രേരിപ്പിക്കുന്നത്.
3.ആട്ടക്കഥയിലേതുപോലെ കാട്ടാളനും അർജ്ജുനനുമായുള്ള യുദ്ധത്തിനിടയിൽ ഇടപെട്ട് കാട്ടാളസ്ത്രീ കാട്ടാളനെ സമാധാനിപ്പിക്കുകയോ, അർജ്ജുനനെ ശപിക്കുകയൊ ചെയ്യുന്നതായി മൂലകഥയിൽ പ്രസ്ഥാപിക്കുന്നില്ല. ഔചിത്യപരമായ ഈ മാറ്റത്തിലൂടെ അർജ്ജുനന്റെ പരാജയങ്ങൾക്ക് തക്കതായ കാരണങ്ങൾ സൃഷ്ടിക്കുവാനും, ഒപ്പം കാട്ടാളസ്ത്രീയ്ക്ക് അഭിനയിക്കുവാനായി കൂടുതൽ അവസരമൊരുക്കുവാനും ആട്ടക്കഥാകാരന് സാധിച്ചു.

വേഷങ്ങൾ
അർജ്ജുനൻ - പച്ച
പാഞ്ചാലി-സ്ത്രീവേഷം മിനുക്ക്
കാട്ടാളൻ-കരി
കാട്ടാളത്തി-മിനുക്ക് കരി
ഇന്ദ്രൻ-പച്ച
പാർവ്വതി-സ്ത്രീവേഷം മിനുക്ക്
ദേവസ്ത്രീകൾ-സ്ത്രീവേഷം മിനുക്ക്
ഉള്ളത്തിൽക്കപടങ്ങളെന്നതറിയാതപ്പാണ്ഡവന്മാർ

രംഗം 1 അർജ്ജുനനും പാഞ്ചാലിയും
രംഗം 2 തപോവനത്തിലേയ്ക്കുള്ള മാർഗ്ഗം
രംഗം 3 ഗംഗാതടം തപോവനം
രംഗം 4 ഇന്ദ്രപുരി
രംഗം 5 ദേവസ്ത്രീകൾ അർജ്ജുനസമീപത്ത് എത്തുന്നു
രംഗം 6 കൈലാസം
ഇത്ഥം നിവേദ്യ ഗിരിപുത്രീം
രംഗം 7 ഗംഗാതടത്തിൽ
രംഗം 8 ശിവാർജ്ജുനന്മാർ യുദ്ധം
ധനാശി

*********************************************************
അനില്‍: കിരാതം കഥകളി പരിചയപ്പെടുത്തിയ സീതാദേവി ടീച്ചർക്ക് നന്ദി...💐💐 കഥകളി എന്നാൽ നളചരിതം.
ആട്ടക്കഥാകാരൻ ഉണ്ണായിവാര്യർ ...
ഇതിലപ്പുറത്തേക്ക് കഥകളിയെ കുറിച്ച് ചിന്തകൾ പോകാറില്ല...                    

മിനി താഹിർ: നല്ല പരിചയപ്പെടുത്തൽ.. ടീച്ചർ...                    

സീത: ചില കഥകളൊക്കെ ഒന്ന് പരിചയപ്പെടുത്താമെന്നു കരുതി.                    

അശോക് ഡിക്രൂസ്: നന്നായിട്ടുണ്ട് അവതരണം!                    
                   
സീത: കിരാതം ആട്ടകഥയുടെ ദൃശ്യകലാനുഭവത്തെപ്പറ്റി അല്പം👇🏻                    
ദൃശ്യവേദി  'കേരള രംഗകലോല്‍സവ'ത്തിൽ ഇരട്ടക്കുളങ്ങര രാമവാര്യര്‍ രചിച്ച 'കിരാതം' ആട്ടക്കഥ അവതരിപ്പിച്ചതിനെക്കുറിച്ച്

പ്രധാനവേഷങ്ങളായ കാട്ടാളനേയും അര്‍ജ്ജുനനേയും യഥാക്രമം ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ളയും കലാമണ്ഡലം രതീശനും അവതരിപ്പിച്ചു. കലാമണ്ഡലം ജയപ്രകാശ് പൊന്നാനി പാടിയപ്പോള്‍, ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ കലാമണ്ഡലം വേണുക്കുട്ടനും മേളത്തിനു കൂടി. മാര്‍ഗി ഹരവത്സന്‍ (കാട്ടാളത്തി), മാര്‍ഗി രവീന്ദ്രന്‍ നായര്‍ (ശിവന്‍), മാര്‍ഗി സുകുമാരന്‍ (പാര്‍വതി), കലാമണ്ഡലം സുധീഷ് (പാട്ട്-ശിങ്കിടി), മാര്‍ഗി രവീന്ദ്രന്‍ നായര്‍ (ചുട്ടി) എന്നിവരായിരുന്നു പങ്കെടുത്ത മറ്റ് കലാകാരന്മാര്‍. കൈലാസനാഥനായ ശ്രീപരമേശ്വരനെ തപസുചെയ്ത് പാശുപതാസ്ത്രം നേടുവാനായി തിരിക്കുന്ന അര്‍ജ്ജുനനില്‍ നിന്നുമാണ്‌ 'കിരാതം' ആരംഭിക്കുന്നത്.

"പരമേശ! പാഹി, പാഹിമാം!" എന്നു തുടങ്ങുന്ന അര്‍ജ്ജുനന്റെ പദത്തോടെയാണ്‌ കഥ തുടങ്ങുന്നത്. തന്റെ അവസ്ഥയില്‍ കരുണ തോന്നേണമേ എന്ന് പരമശിവനോട് പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ശത്രുക്കളില്‍ നീന്നേറ്റ പരാജയത്തെക്കുറിച്ച് ഓര്‍മ്മിക്കുകയും ചെയ്യുന്നു അര്‍ജ്ജുനനിതില്‍. പദാവസാനം ഇനി കൈലാസപര്‍വ്വത സമീപമെത്തി തപസുചെയ്യുക തന്നെ എന്നാടി യാത്ര തിരിക്കുന്നു. യാത്രയില്‍ സിംഹത്തെയും പാമ്പിനെയുമൊക്കെ കാണുന്നതായി ആടിയെങ്കിലും, കാര്യമാത്രപ്രസക്തമായ ഒരു ആട്ടം വരുന്നത് ഗംഗാനദിക്കരയില്‍ എത്തിയതിനു ശേഷമാണ്‌. 'ഗംഗോല്‍പത്തി' എന്ന കഥയാണ്‌ രതീശന്‍ ചുരുക്കത്തില്‍ അവതരിപ്പിച്ചത്. ശേഷം, പിതാവായ ഇന്ദ്രന്‍ ഒരു വൃദ്ധസന്യാസിയായി അര്‍ജ്ജുനനെ അനുഗ്രഹിക്കുന്നതായും രതീശന്‍ ആടുകയുണ്ടായി. തപസ്സിന്‌ ഉചിതമായ സ്ഥലം കണ്ടെത്തിയതിനു ശേഷം; മരവുരിയണിഞ്ഞ് ജടാധാരിയായി ഭസ്മവും പൂശി അര്‍ജ്ജുനന്‍ തപസു തുടങ്ങുന്നു. "ഗൌരീശം മമ..." എന്ന പദം പശ്ചാത്തലത്തില്‍ ആലപിക്കുമ്പോള്‍, തിരശീല പാതി താഴ്ത്തിയ നിലയില്‍ അര്‍ജ്ജുനന്‍ അമ്പും വില്ലും കൂപ്പി തപസനുഷ്‍ഠിക്കുന്നു.

Actors
Inchakkadu Ramachandran Pillai as Kattalan
Kalamandalam Ratheesan as Arjunan
Margi Harivalsan as Kattalathi
Margi Raveendran Nair as Sivan
Margi Sukumaran as Parvathi
Singers
Kalamandalam Jayaprakash
Kalamandalam Sudheesh
Accompaniments
Kalabharathi Unnikrishnan in Chenda
Kalamandalam Venukkuttan in Maddalam
Chutty
Margi Raveendran Nair
Kaliyogam
Margi, Thiruvananthapuram

അര്‍ജ്ജുനനായുള്ള കലാമണ്ഡലം രതീശന്റെ പ്രവര്‍ത്തിക്ക് ഏറെ മികവ് പറയുവാനില്ല. അര്‍ജ്ജുനന്റെ പരമശിവനോടുള്ള ഭക്തിയും അതിനോടൊപ്പം തങ്ങള്‍ക്കു വന്നു ചേര്‍ന്ന ദുര്യോഗത്തെക്കുറിച്ചുള്ള ദുഃഖവും സമാസമം ചേരുന്ന ആദ്യപദം അത്രകണ്ട് അനുഭവവേദ്യമാക്കുവാന്‍ രതീശനായില്ല. കുറഞ്ഞപക്ഷം, 'വൈരീവീരര്‍', 'ദുഷ്ടബുദ്ധികള്‍ നൂറ്റുവര്‍' എന്നീ ഭാഗങ്ങളിലൊക്കെ ഊര്‍ജ്ജം കൂടുതലായി നല്‍കി, കൌരവരോടുള്ള വെറുപ്പ് പൂര്‍ണമായി പ്രകടിപ്പിക്കുകയെങ്കിലുമാവാം. മുദ്രകള്‍ ആവശ്യത്തിനു സമയമെടുത്ത് കാണികള്‍ക്ക് മനസിലാക്കുവാനുള്ള സാവകാശം നല്‍കി അവതരിപ്പിക്കുക എന്നതും പ്രധാനമാണ്‌. മനോധര്‍മ്മങ്ങള്‍ ആടുമ്പോള്‍ പ്രത്യേകിച്ചും ഈ കാര്യത്തില്‍ മനസുവെയ്ക്കേണ്ടതുണ്ട്. ഒരു മുദ്ര തുടങ്ങി അത് പൂര്‍ത്തീകരിക്കാതെ അടുത്തതിലേക്ക് പോവുന്നു രതീശന്‍. ആടിയതെന്തെന്ന് പൂര്‍ണരൂപത്തില്‍ ഗ്രഹിക്കുവാന്‍ കഴിയാതെ, അവിടുന്നുമിവിടുന്നും കിട്ടുന്ന സൂചനകളില്‍ നിന്നും മനസിലാക്കിയെടുക്കേണ്ടി വരുന്നു. ഈ കാര്യങ്ങളില്‍ കൂടിയൊക്കെ ശ്രദ്ധവെച്ചാല്‍ ഇനിയുമേറെ മെച്ചപ്പെടുവാന്‍ കലാമണ്ഡലം രതീശന്‌ കഴിയും എന്നു തന്നെ കരുതുന്നു.

"ഇത്ഥം നിവേദ്യ ഗിരിപുത്രീം..." എന്നു തുടങ്ങുന്ന ദണ്ഡകമാണ്‌ തുടര്‍ന്ന്. ദണ്ഡകാവസാനം കിരാതവേഷത്തില്‍ പരമശിവനും പാര്‍വ്വതിയും അര്‍ജ്ജുനന്‍ തപസുചെയ്യുന്ന കാട്ടില്‍ [രാത്രി 8:24 -നു, 2/6/2017] സീത ടീച്ചർ: പ്രത്യക്ഷപ്പെടുന്നു. ഭൂതഗണങ്ങളുമുണ്ട് കൂട്ടത്തില്‍. അര്‍ജ്ജുനന്‌ വരം കൊടുക്കുവാനായി ഇങ്ങിനെ വേഷം മാറിയൊക്കെ വരേണ്ടതുണ്ടോ എന്നു സംശയിക്കുന്ന പാര്‍വ്വതിയോട്, പണ്ട് ഭസ്മാസുരന്‌ വരം നല്‍കി ഒടുവിലവര്‍ തനിക്കു തന്നെ എതിരായ കഥ ഓര്‍മ്മയില്ലേ എന്നു ചോദിച്ച് ആ കഥഹൃസ്വമായി അവതരിപ്പിക്കുന്നു. (തുടര്‍ന്ന് തൃപുരന്മാരെക്കുറിച്ചൊരു സൂചനയുമുണ്ടായി, എന്താണ്‌ ഉദ്ദേശിച്ചതെന്ന് മനസിലായില്ല!) തുടര്‍ന്ന് പതിവ് ആട്ടങ്ങളായ ആയുധം മൂര്‍ച്ച‍വെപ്പിക്കലും, വലകെട്ടലുമൊക്കെ വിശദമായിത്തന്നെ ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ളയും മാര്‍ഗി ഹരിവത്സനും ചേര്‍ന്ന് അവതരിപ്പിച്ചു. ഒടുവില്‍ ദുര്യോധനനയച്ച മൂകാസുരന്‍ എന്ന അസുരന്‍ കാട്ടുപന്നിയുടെ രൂപത്തില്‍ അര്‍ജ്ജുനന്റെ നേര്‍ക്ക് പായുന്നതു കണ്ട് അതിനെ പിന്തുടര്‍ന്നു ചെന്ന് എയ്ത് കൊല്ലുന്നു. അതേ സമയം തന്നെ, അപായം മനസിലാക്കി അര്‍ജ്ജുനനും തപസില്‍ നിന്നുമുണര്‍ന്ന് പന്നിയെ എയ്യുന്നു.

ഉപകഥകള്‍
ഗംഗോല്‍പത്തി
സൂര്യവംശരാജാവായ സഗരന്റെ പുത്രന്മാര്‍ക്ക് മോക്ഷം നല്‍കുവാനായി, സഗരപൌത്രനായ അംശുമാന്റെ മകനായ ദിലീപന്റെ പുത്രന്‍ ഭഗീരഥന്‍ സുരഗംഗയെ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തുന്നു. തന്റെ ആവശ്യം പറയുമ്പോള്‍, ഭൂമിയില്‍ പതിക്കുന്ന തന്നെ താങ്ങുവാന്‍ ശ്രീപരമേശ്വരനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഗംഗയില്‍ നിന്നുമറിയുന്ന ഭഗീരഥന്‍ ശിവനെ തപസുചെയ്യുന്നു. ഗംഗയെ ഭൂമിയില്‍ വഹിക്കുവാന്‍ ശിവന്‍ തയ്യാറാവുന്നു. എന്നാല്‍ ഗര്‍വിഷ്ഠയായ ഗംഗ ശിവനെക്കൂടി ഒഴുക്കിക്കളയുവാന്‍ ഉദ്ദേശിച്ച് വളരെ ശക്തിയോടെ താഴേക്ക് പതിക്കുന്നു. ഇതുമനസിലാക്കി ശിവന്‍ ഗംഗയെ തന്റെ ജടയ്ക്കുള്ളില്‍ തടഞ്ഞുവെയ്ക്കുന്നു. വീണ്ടും ഭഗീരഥന്‍ ശിവനെ തപസുചെയ്ത് പ്രസാദിപ്പിക്കുന്നു. ശിവന്‍ ഗംഗയെ കൈവഴികളായി ഒഴുക്കുന്നു. ഒരു കൈവഴി ഭഗീരഥനെ അനുഗമിച്ച് പാതാളത്തിലെത്തി സഗരപുത്രന്മാര്‍ക്ക് മോക്ഷപ്രാപ്തി നല്‍കുന്നു. ('ഭഗീരഥപ്രയത്നം' എന്ന വിശേഷണം ഈ കഥയില്‍ നിന്നുമാണ്‌ ഉണ്ടായത്.)
ഭസ്മാസുരനിഗ്രഹം
പരമശിവന്റെ ഭസ്മധൂളിയില്‍ നിന്നു ജന്മമെടുത്ത അസുരനാണ്‌ ഭസ്മാസുരന്‍. ശിവനെ തപസുചെയ്ത് പ്രീണിപ്പിച്ച്, ആരുടെ ശിരസില്‍ കൈവെയ്ക്കുന്നുവോ അയാള്‍ ചാരമായി മാറും എന്ന വരം ഭസ്മാസുരന്‍ നേടുന്നു. വരലബ്ധിയില്‍ അഹങ്കാരിയായി മാറുന്ന ഭസ്മാസുരന്‍ ശിവന്റെ ശിരസില്‍ തന്നെ തൊട്ട് വരം പരീക്ഷിക്കുവാന്‍ മുതിരുന്നു. രക്ഷനേടി പലയിടങ്ങളിലും പാലായനം ചെയ്ത ശിവനെ ഒടുവില്‍ തൊടുമെന്ന നിലയായപ്പോള്‍ മഹാവിഷ്ണു ഒരു മോഹിനിയായി ഭസ്മാസുരന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു. മോഹിനിയില്‍ മോഹിതനായി ഭസ്മാസുരന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. തന്റെയൊപ്പം നൃത്തം ചെയ്യാമെങ്കില്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ സ്വയം മറന്ന് ഭസ്മാസുരന്‍ മോഹിനിയോടൊപ്പം നൃത്തം ആരംഭിക്കുന്നു. ഒടുവില്‍ ശിരസില്‍ തൊടുന്നൊരു മുദ്രയില്‍ മോഹിനി നൃത്തം അവസാനിപ്പിച്ചതു കണ്ട് അതു പോലെ ഭസ്മാസുരനും നൃത്തം അവസാനിപ്പിക്കുന്നു. വരശക്തിയാല്‍ ആ അസുരന്‍ ചാരമായിത്തീരുന്നു.
കലാമണ്ഡലം രതീശന്റെ ആട്ടം ദ്രുതമെങ്കില്‍ ഇഞ്ചക്കാടന്റേത് അതിദ്രുതമെന്നു പറയണം. ഒരു മുദ്രതുടങ്ങി അതെന്തെന്ന് മനസിലാക്കി വരുമ്പോഴേക്കും അടുത്തതിലേക്കും അതിന്റടുത്തതിലേക്കും ഓടിക്കഴിയും അദ്ദേഹം! പുരാണജ്ഞാനമുണ്ട്, അതൊക്കെ രംഗത്തവതരിപ്പിക്കുവാന്‍ തോന്നുകയും ചെയ്യും; എന്നാലത് കാണികള്‍ക്ക് മനസിലാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു കാര്യം! വരം മേടിച്ച് ശിവനെതിരേ തിരിഞ്ഞ ഭസ്മാസുരന്റെ കഥ എത്രത്തോളം സന്ദര്‍ഭത്തിനു യോജിക്കുമെന്ന് സംശയമുണ്ട്. വരം മേടിച്ചു കഴിഞ്ഞ് അര്‍ജ്ജുനന്‍ തനിക്കെതിരേ തിരിയുമെന്നൊരു സംശയം ശിവനുണ്ട് എന്നുവരുന്നു ഈ കഥയാടുമ്പോള്‍‍‍. ത്രിപുരന്മാരെക്കുറിച്ചുള്ള ആട്ടം എങ്ങിനെയാണ്‌ ഇവിടെ ചേര്‍ത്തതെന്നും മനസിലായില്ല. ആയുധം മൂര്‍ച്ചവെപ്പിക്കല്‍, വല കെട്ടല്‍ തുടങ്ങിയ കാട്ടാളന്റെ പതിവ് ആട്ടങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ സരസമായി അദ്ദേഹം രംഗത്തവതരിപ്പിച്ചു. മാര്‍ഗി ഹരിവത്സന്റെ കാട്ടാളത്തി ഈ ഭാഗങ്ങളിലൊക്കെ വേണ്ടും വണ്ണം കാട്ടാളന്‌ പിന്തുണ നല്‍കുകയും ചെയ്തു.

പന്നിയെ എയ്തതിന്റെ പേരില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്ന കാട്ടാളനും അര്‍ജ്ജുനനും ഒടുവില്‍ ബലപരീക്ഷണത്തിനു മുതിരുന്നു. പാര്‍വതി വിലക്കുവാന്‍ ഇടയ്ക്ക് ശ്രമിക്കുന്നെങ്കിലും അര്‍ജ്ജുനന്‍ പിന്മാറുന്നില്ല. എയ്യുന്ന അമ്പെല്ലാം പുഷ്പങ്ങളായിമാറട്ടെ, അമ്പൊഴിയാത്ത ആവനാഴി ശൂന്യമാവട്ടെ തുടങ്ങിയ പാര്‍വതിയുടെ ശാപങ്ങള്‍ക്കും അര്‍ജ്ജുനനെ പിന്തിരിപ്പിക്കുവാന്‍ കഴിയുന്നില്ല. ഒടുവില്‍ വില്ലെടുത്ത് കാട്ടാളന്റെ തലയില്‍ പ്രഹരിക്കവേ, തല്ലുകൊണ്ട ഗംഗാദേവി വില്ല് പിടിച്ചെടുക്കുന്നു. ഗംഗാദേവിക്ക് തല്ലുകൊള്ളുന്നതു കണ്ട് പാര്‍വതി മന്ദഹസിക്കുന്നു. തുടര്‍ന്നുള്ള മല്ലയുദ്ധത്തിനൊടുവില്‍ കാട്ടാളന്‍ അര്‍ജ്ജുനനെ എടുത്തെറിയുന്നു. അര്‍ജ്ജുനന്‍ ബോധരഹിതനായി വീണു കിടക്കുന്നു. പിന്നീട് പാര്‍വതിയുടെ ഇച്ഛാനുസരണം പാര്‍വതീപരമേശ്വരന്മാര്‍ അര്‍ജ്ജുനന്റെ ക്ലേശങ്ങളകറ്റി മറയുന്നു. ബോധമുണരുന്ന അര്‍ജ്ജുനന്‍ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി പുഷ്പാര്‍ച്ചന ചെയ്ത് പ്രാര്‍ത്ഥിക്കുന്നു. പുഷ്പങ്ങള്‍ കാട്ടാളന്റെ മൌലിയില്‍ വീഴുന്നതായി കണ്ട് അര്‍ജ്ജുനന്‍ തനിക്കു പറ്റിയ പിഴവ് മനസിലാക്കുന്നു. പാര്‍വതീപരമേശ്വരന്മാര്‍ സ്വരൂപത്തില്‍ പ്രത്യക്ഷരായി അര്‍ജ്ജുനന്‌ പാശുപതാസ്ത്രം വരമായി നല്‍കുന്നു.

ഭാവമുള്‍ക്കൊണ്ടുള്ള ആലാപനമാണല്ലോ കഥകളിക്കാവശ്യം. അങ്ങിനെ പാടുന്നതില്‍ കലാമണ്ഡലം ജയപ്രകാശ് ഇവിടെ പിന്നിലായി. ഒടുവിലുള്ള "മന്മഥനാശന!" എന്ന പദം മാത്രമാണ്‌ അല്‍പമെങ്കിലും ഭാവമുള്‍ക്കൊണ്ട് പാടിയത്. കലാമണ്ഡലം സുധീഷിന്റെ പാട്ടില്‍ പരിശീലനത്തിന്റെ കുറവ് വളരെ പ്രകടം. രാഗാലാപനത്തിലുള്‍പ്പടെ സുധീഷ് മെച്ചപ്പെടേണ്ടിയിരിക്കുന്നു. ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ കലാമണ്ഡലം വേണുക്കുട്ടനും ശരാശരി നിലവാരം പുലര്‍ത്തി. ചെണ്ടയും വേഷവും പലയിടത്തും ചേര്‍ന്നു പോയില്ല. ചെണ്ടകൊട്ടുവാന്‍ വേഷക്കാര്‍ പലപ്പോഴും ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. ഒരുപക്ഷെ, ഇരു വേഷക്കാരുടേയും ഓടിച്ചുള്ള മുദ്രകാട്ടലിനൊപ്പിച്ച് കൊട്ടുവാന്‍ കലാഭാരതി ഉണ്ണികൃഷ്ണന്‌ സാധിക്കാഞ്ഞതുമാവാം. മാര്‍ഗി രവീന്ദ്രന്‍ നായരുടെ ചുട്ടിയും മാര്‍ഗിയുടെ കോപ്പുകളും പതിവുമികവ് പുലര്‍ത്തി. ചുരുക്കത്തില്‍, എല്ലാം കണക്കിലെടുക്കുമ്പോള്‍ ഏറെ മികവൊന്നും പറയുവാനില്ലാത്ത ഒരു 'കിരാത'മായിരുന്നു കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അരങ്ങേറിയത്.                    

വിജു: ബിരുദ പഠന കാലത്ത് ഇത്രയും അറിവില്ലായിരുന്നു പഠിക്കാനുണ്ടായിരുന്നതുകൊണ്ട് പഠിച്ചു. വിശദാംശങ്ങൾ തേടിയില്ല! പിന്നീട് ഇപ്പോൾ കൂടുതൽ വ്യക്തമായി!                    

രജനി: പറമ്പത്ത് കാവ്, കൊടുമുടിക്കാവ്, കണക്കർ കാവ്... സഹോദരികളാണിവർ.കണക്കരുടെ കാവാണ് കണക്കർ കാവ്... പൂജ Sc വിഭാഗത്തിലെ കണക്കർ... എം.ടി കഥകളിൽ പറയുന്നു ണ്ട് കണക്കർ കാവിനെ കുറിച്ച്.. വളാഞ്ചേരി ,ഇരിമ്പിളിയം പരിസരങ്ങളിലാണീ കാവുകൾ അടുത്ത കാലത്ത് പറമ്പത്ത് കാവിൽ നിന്ന് ഭൂമിയ്ക്കടിയിൽ നിന്ന് മൺ ശിലാ ശില്പങ്ങളും മറ്റും ധാരാളം ലഭിച്ചു.ആനയേയും വെടിക്കെട്ടിനെയും പേടിയുള്ള ദേവിയാണത്രേ പറമ്പത്ത് കാവിലെ ദേവി.. അതിനാൽ ആനയെഴുന്നെള്ളിപ്പോ വെടി ക്കെട്ടോ ഇല്ല.. എന്നാൽ ഗംഭീരകാള വേലയാണുള്ളത്.. കണക്കനായ ഒരാൾ മീൻ പിടിക്കുന്നത് കണ്ട്.. ആ മീനിൽ കൊതിപൂണ്ടാണത്രേ ആകണക്കന്റെ കൂടെ ദേവി വന്നത്. കൊയ്ത്ത എന്ന ആ മീനിനെ പിടിക്കുന്ന രീതിയെ അനുകരിച്ച്... ദേവിയെ ആറാട്ടിനെഴുന്നെള്ളിക്കുമ്പോൾ കൊയ്ത്ത കോരൽ എന്ന ചടങ്ങ് നടത്തുന്നുണ്ട്... പറമ്പത്ത് കാവിലെ ഉഗ്രമൂർത്തിയാണ്. ആഭിചാര കർമ്മങ്ങൾ നടത്തിയിരുന്നു എന്നു സങ്കൽപ്പുണ്ട്. ശത്രുവിനെ ഇല്ലാതാക്കാൻ ചില കഠിന ക്രിയകളൊക്കെ ഉണ്ടെന്ന് പറയപ്പെടുന്നു.അങ്ങനെയങ്ങനെ... വളാഞ്ചേരിക്കും തിരുവേഗപ്പുറയ്ക്കും കാടാമ്പുഴയ്ക്കുമൊക്കെ ഒരു പാട് ഐതിഹ്യങ്ങൾ പറയാനുണ്ട്.                  

******************************************************************