ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

2-9-2017

📝നവസാഹിതി📝
📝സ്വപ്ന📝
🖍🖍🖍🖍🖍🖍🖍

വരാന്തകൾ

വരാന്തകൾക്ക് പറയാനുളളത് കാത്തിരിപ്പിന്റെ കഥകളാണ്...
ഇടുങ്ങിയതോ വിശാലമായതോ ആകട്ടെ, അവയ്ക്കെല്ലാം നിർവ്വികാരത കയ്ക്കുന്ന മുഖമാണ്.
മരുന്നുചീട്ടുമായ് ഊഴം കാത്തിരിക്കുന്ന ആശുപത്രി വരാന്തയ്ക്ക്  സ്പിരിറ്റ്  മണത്തിന്റെ ഒരു ഉത്ക്കണ്ഠയുണ്ട്.
വിങ്ങുന്ന വേദനകളിലേക്ക് നീറ്റമുളളൊരു മരുന്നുപോലെ വരാന്ത അത് ചേർത്തുവയ്ക്കും
വെയിൽ ചായുന്ന സന്ധ്യകളിൽ വീട്ടു വരാന്തയിലെ ഇരുൾ നിറഞ്ഞ മൗനം  പരിചിതമായ ഒരു  കാലടിശബ്ദം അപായമേതുമില്ലാതെ വീടെത്താൻ  പ്രാത്ഥനകളുരുവിടും
പളളിക്കൂടത്തിന്റെ നീളൻ വരാന്തകൾ  ഓഫീസ്  കലണ്ടറിലെ പ്രവർത്തിദിനങ്ങളെ എത്തിനോക്കി ആരവങ്ങളുടെ ഉത്സവദിനങ്ങളെണ്ണും.
വൃദ്ധസദനത്തിലെ ഇടുങ്ങിയ വരാന്തകളിൽ വാർദ്ധക്യം മണക്കുന്ന  ശരീരങ്ങൾ  വെളിച്ചംകെട്ടുപോയ കണ്ണുകളാൽ ഓർമ്മയുടെ പുസ്തകത്താളുകളുകളിൽ വേണ്ടപ്പെട്ടവരെ തിരയും.
മരണവീട്ടിലെ വരാന്തയിൽ, ദുഃഖം കരഞ്ഞു തളർന്ന് ചുരുണ്ടുകിടക്കും.
മരണമറിഞ്ഞെത്തുന്നവരുടെ താഴ്ന്ന ശബ്ദത്തിലുളള കുശുകുശുക്കലുകൾക്ക് കാതോർത്തുകൊണ്ട്.
കാത്തിരിപ്പും ഉത്ക്കണ്ഠയും കൂടുന്തോറും  വരാന്ത കനത്ത മൗനങ്ങളിലേക്ക് വഴുതിവീഴും.,
ചെറിയ ശബ്ദം  പോലും  വരാന്തയുടെ   ഹൃദയത്തിൽ ആഴമുളളൊരു മുറിവാകും.


ഷീലാറാണി
******************************************************

ഉയിർപ്പിലേക്കുള്ള പലായനങ്ങൾ


നിങ്ങളെപ്പോഴെങ്കിലും
രാജ്യത്തിന്റെ
അതിർത്തി കടന്നിട്ടുണ്ടോ,
ചുവന്നുപുകഞ്ഞ
ആകാശങ്ങളിലെ
മിസൈലുകൾക്കു കീഴെ
രക്തമുറഞ്ഞ
ഭാണ്ഡവസ്ത്രങ്ങളഴിച്ച്
ഒരു കുറ്റവാളിയെപ്പോലെ,
അല്ലെങ്കിൽ
ഗതിമുട്ടിയവന്റെ
ഭ്രാന്തിലിറങ്ങി
ഒരിക്കലെങ്കിലും....
മുടന്തി നടത്തങ്ങളിൽ
സെൻസർ ക്യാമറകളിലുടക്കി
വൈദ്യുതവേലികളിൽ
കൊരുത്ത്
വെടിയുണ്ടകൾ തുളഞ്ഞ്
ഇരുട്ടിൽ ചിതറിയ
വിലാസങ്ങൾ നഷ്ടപ്പെട്ട
ഹൃദയോട്ടികളെ കുറിച്ചല്ല
സഖേ
ഞാൻ ചോദിക്കുന്നത്,
കുരുക്കിടാൻ വരുന്ന
കണ്ണിന്
കെറ്റാമെയ്ൻ *കൊടുത്ത്,
വേട്ടപ്പട്ടികളെ
ഇണക്കിയെറിഞ്ഞ്
തോക്കുകളുടെ
ചൊരുക്കു തീർത്ത്,
വിഷപ്പുഴവറ്റിച്ച്,
മൈനുകൾക്കിടയിലെ
മരുജമന്തികളെ
ചുംബിച്ച്
ഉറച്ച കാലടികളാൽ
പുഞ്ചിരിയോടെ
ശാന്തിയുടെ
താഴ്വാരങ്ങളിലേക്ക്
കുടിയേറിയവർ,
സ്ക്രീനിൽ
ഇനിയും തെളിയാത്ത
ഹെർക്കുലീസുമാർ .....
പറയൂ,
നിങ്ങളെപ്പോഴെങ്കിലും
അതിർത്തി കടന്നിട്ടുണ്ടോ,
സ്വപ്നങ്ങളുടെ
അടിവേരറുത്ത്,
ജീവന്റെ
അവസാനതെളിവും
കരിച്ചു കളയുന്ന
വേദനകളുടെരാജ്യത്തിന്റെ
കറുത്ത
മരണാതിർത്തികൾ ......

       ▪നൂറ.വി▪


* റേപ്പ് ഡ്രഗ്സ്

******************************************************


******************************************************

ബാബുവേട്ടന്റെ ചിരി

      പ്രവീൺ സാർ പറഞ്ഞ ബാബു വേട്ടന്റെ മുഖം എന്റെയുള്ളിൽ നിന്ന് മായുന്നേയില്ല.ക്ലാസ് കഴിഞ്ഞിട്ടിപ്പോൾ ഏകദേശം ഒരു മാസമായി.
            സംസ്ഥാന സർക്കാർ ലൈബ്രറി കൗൺസിൽ മുഖേന പെയിൻ ആന്റ് പാലിയേറ്റീവ് കെയർ രംഗത്തേക്ക് ഗ്രന്ധശാല പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് "ഉറ്റോർക്കൂട്ടം" എന്ന പേരിൽ രണ്ടു ദിവസത്തെ പരിശീലന ക്ലാസ് നടത്തിയിരുന്നു.
            അതിന്റെ ഭാഗമാകാൻ ദൈവം എനിക്കും ഒരവസരം നൽകി.
            വിവധ രോഗങ്ങളാൽ പാടേ കട്ടിലിൽ കിടന്നു പോയ അനവധി രോഗികളുടെ ദൈന്യത മുറ്റിയ ചിത്രം അന്നു ക്ലാസെടുത്ത പ്രവീൺ സാർ ഞങ്ങൾക്ക് മുമ്പിൽ നൊമ്പരത്തോടെ വരഞ്ഞിട്ടു...
            ദൈവത്തിന്റെ ആൾരൂപമായി പാലിയേറ്റീവ് പ്രവർത്തകർ ആ രംഗത്ത് നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ എന്റെയുള്ളിലെ പച്ചമനുഷ്യൻ പിടഞ്ഞു. ആ പിടച്ചിലിന്റെ ബാക്കിയാണ് ഈ നൊമ്പരപ്പെടുത്തുന്ന ഓർമ്മ.
            ഏകദേശം രണ്ടു വർഷം മുമ്പ് നട്ടെല്ലിന് ക്ഷതം പറ്റി കിടന്നു പോയ ആളാണ് ബാബുവേട്ടൻ. ഒന്നങ്ങാൻ പോലും കഴിയാതെ സ്വന്തം തടി കട്ടിലിന് പണയപ്പെടുത്തിയ നിർഭാഗ്യജന്മം.ആറടിക്കട്ടിലിന്റെ ജൻമി.
            ആ നാട്ടിലെ പേരുകേട്ട ആശാരിയായിരുന്നത്രേ ബാബുവേട്ടൻ.ഒത്ത ശരീരം, തികഞ്ഞ ആരോഗ്യം ആരുടെ മുന്നിലും പണയം വെച്ചിട്ടില്ലാത്ത ചങ്കൂറ്റം.
            പണിക്കാർക്കിടയിൽ പണിയിൽ തികഞ്ഞവനെന്ന കലർപ്പില്ലാത്ത അംഗീകാരം. ആ ആത്മ വിശ്വാസം മുറുക്കെ പിടിച്ചു കൊണ്ടാണ് അന്നും അദ്ദേഹം ഈർന്നെടുത്ത തടി കഷ്ണങ്ങളോടൊപ്പം വീടിന്റെ ഉത്തരക്കൂട് പണിയാൻ മുകളിലേക്ക് കയറിയത്.
            മീനമാസ സൂര്യൻ ഉച്ചിയിലുദിച്ചപ്പോൾ ചെന്നിയിലൂടെ വിയർപ്പു ചാലുകളൊഴുകി തലക്ക് മുകളിൽ സൂര്യ രഥം വെട്ടിത്തിളങ്ങുന്ന കാഴ്ചയിലേക്ക് മുഖമൊന്നുയർന്നതാണ്................................ പിന്നെയൊന്നും ഓർമ്മയില്ല.
            ഈർന്നു മുറിച്ച ചിപ്ലിക്കിട്ടെടുത്ത മിനുസമാർന്ന തെങ്ങിൻ തടിക്കഷ്ണമാണോ അതോ ഈർച്ചമരങ്ങളുടെ നിറമുള്ള ബാബുവേട്ടന്റെ ശരീരമാണോ താഴേ ആദ്യമെത്തിയതെന്ന് ആർക്കും മനസ്സിലായില്ല.
            പച്ചമടൽ വെടിയിട്ടതു പോലെ ബാബുവേട്ടൻ കയ്യും കാലും വിരിച്ച് വെറും നിലത്ത് പരന്ന് കിടന്നു.
            കഴുത്തിന് പിന്നിലെ പ്രധാന ആരമ്പൊന്ന് പൊട്ടി.
            അവിടെ അന്നവസാനിച്ചു എല്ലാ താളവും.!!
            ഇന്നോളം ആ മനുഷ്യൻ അനുഭവിച്ചൊതൊക്കെയും ദൈവത്തിനു തന്നെ തിരിച്ചു കൊടുത്ത് ഒരു ദീർഘചതുര കട്ടിലിലൊതുങ്ങി അയാളുടെ ലോകം.
            സ്വന്തം ശരീരത്തിന്റെ തടവറയിൽ ആത്മാവിനെ ബന്ധിച്ച ചങ്ങലയുമായി ആയുസ്സിന്റെ കരകാണാക്കടൽ നീന്തിക്കടക്കാൻ പ്രയാസപ്പെട്ട്.......... ഋതുഭേദങ്ങൾക്ക് സാക്ഷിയായി അയാൾ.
            ചുമരിനോട് ചാരിയിട്ട കട്ടിലും പുറം ലോകത്തേക്ക് തുറക്കുന്ന ഒരു ജനാലയും മാത്രമായി പിന്നെ അയാളുടെ ആധാരരേഖകൾ.
            ജനൽ ചതുരത്തിലൂടെ ഇറങ്ങി വരുന്ന ആകാശ മുഖത്തിന് എന്നും ഒരേ ഛായ...........
            കാലചക്രം തിരിഞ്ഞപ്പോൾ........ വസന്തവും ശ്രീഷ്മവും,ശിശിരവും മാറി മാറിയെത്തി. പൂവിട്ടും, കായ്ച്ചും, മൂത്തും, പഴുത്തും പ്രകൃതി തളിരിട്ടു നിന്നു..... പലതവണ
            മക്കളില്ലാത്ത ബാബുവേട്ടനും ഭാര്യയും ആ ചെറിയ വീട്ടിൽ കാലത്തിന്റെ ഗതിവേഗങ്ങൾക്കൊപ്പം ചലിക്കാനാവാതെ ദൈവത്തിന്റെ തീരുമാനങ്ങൾ കാത്തുകിടന്നു. ദാരിദ്രവും രോഗവും തീർത്ത പടുകുഴിയിൽ നിന്ന് മോചനമില്ലാതെ ക്രമേണ അദ്ദേഹത്തിന്റെ ഭാര്യയും രോഗിണിയായി.
           ഇങ്ങനെയൊക്കെയാണെങ്കിലും....... ബാബുവേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ, എല്ലാമാസവും അദ്ദേഹത്തിനൊരു ലോട്ടറി അടിക്കും.
      മാസത്തിലൊരിക്കൽ മാത്രം സാധ്യമായിരുന്ന ഒരുകുളിയായിരുന്നു അത്.
      അന്നേ ദിവസം ആലോട്ടറി പ്രതീക്ഷിച്ച് അതിരാവിലെ എഴുന്നേറ്റ് ....(ക്ഷമിക്കണം എഴുന്നേൽക്കുക എന്ന പദം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയിട്ട് വർഷങ്ങളായി) പ്രതീക്ഷയോടെ പുറത്തേക്ക് ചെവിയോർത്ത് കാത്തു കിടക്കും.
      ഒരു വിനോദയാത്രക്കിറങ്ങാൻ വണ്ടി കാത്തു നിൽക്കുന്ന കുട്ടിയേപ്പോലെ.
      പാലിയേറ്റീവ് കെയറിന്റെ വണ്ടി ബാബുവേട്ടന്റെ മുറ്റത്ത് ബ്രേക്ക് ഇടുന്നതോടെ ഒരു കൊച്ചു കുഞ്ഞിന്റെ ആവേശത്തോടെ കട്ടിലിൽ കിടന്ന് ഒച്ചവെച്ചു കൊണ്ടിരിക്കും അദ്ദേഹം.
      പ്രവീണേ.... അസീസേ, ഷാജുവേ..... ബാലാ.... മക്കളേ......
      കിടക്കക്കിടപ്പിൽ കൂവി വിളിച്ച് അവരെ സ്വാഗതം ചെയ്യും. (പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ വളണ്ടിയർമാരാണ് അവർ )
      അതുവരെ ഉറങ്ങിക്കിടന്ന അന്തരീക്ഷം പെട്ടെന്ന് ജീവൻ വെക്കും ആ ഒറ്റമുറി വീട്ടിൽ ചിരിയും ബഹളവും വന്നു നിറയും.
      വെന്ത നിശ്വാസങ്ങൾ പാടകെട്ടിയ ആ കൊച്ചുമുറിയിൽ നിന്ന്...... ജനാലകൾ സ്വന്തമാക്കിയ ആകാശതുണ്ടുകളിൽ നിന്ന്..... നാലു ചുവരുകൾക്കുള്ളിൽ നിത്യവും കണ്ടു മടുത്ത് വിരസതയേറ്റുന്ന കാഴ്ചകളിൽ നിന്ന്.... നിമിഷങ്ങൾക്കകം കിടക്കുന്ന കട്ടിലോടെ ബാബുവേട്ടൻ മുറ്റത്തിനരികിലെ കിണറ്റിൻ കരയിലെത്തും.
      രണ്ട് ഇഷ്ടിക വെച്ച് കട്ടിലിന്റെ തലഭാഗമൊന്നുയർത്തി വെക്കുന്നതോടെ തുടങ്ങുകയായി............
      അൻപത്തിയഞ്ചാം വയസ്സിൽ ദൈവം തനിക്ക് നിഷേധിച്ച കാറ്റിനേയും പൂക്കളേയും കിളികളേയും കണ്ണിലേക്കാവാഹിച്ച്, ആവോളം ശുദ്ധവായു നുണഞ്ഞ് ഒരിത്തിരിനേരം......
      ആകാശ മനസ്സും ശരീരവും ഒന്നിച്ചു പറക്കുന്ന നിമിഷത്തിൽ ബാബുവേട്ടനൊന്ന് തളിർക്കും........
      അതു കണ്ട് പേരമരച്ചില്ലയിലിരുന്ന് അണ്ണാറക്കണ്ണൻ തെരുതെരെ ചിലക്കും. പയ്യാരം പറയാനെത്തിയ വണ്ണാത്തിപ്പുള്ളും............. അരളി മരത്തിൽ കൂടുകൂട്ടിയ കാക്കക്കയിലും അതിനുപല്ലവി പാടും. അതിന്റെ ബാക്കി വരി മൂളിയെത്തിയ തെക്കൻ കാറ്റും ഏറ്റു പിടിച്ചു കൊണ്ട് ബാബുവേട്ടനെ തഴുകി തലോടി കടന്നു പോകും.
      ആദ്യത്തെ തവണ തൊട്ടിയും കയറും ഊക്കോടെ കിണറ്റിലേക്ക് പതിക്കുന്ന ശബ്ദം കേൾക്കുമ്പോൾ ബാബുവേട്ടൻ അരുമയോടെ മിഴികൾ പൂട്ടി പ്രാർത്ഥനയെന്ന പോലെ മിണ്ടാതെ കിടക്കും.
      ആ നിമിഷങ്ങളിൽ അയാൾ ഒഴുകുന്ന .മൈലാടിപ്പുഴയുടെ സംഗീതമറിയും........ഒഴുക്കിനെതിരെ നീന്തിയ തീഷ്ണയൗവ്വനത്തിന്റെ ചൂടുകാറ്ററിയും..............
      വിലക്കപ്പെട്ട നിധി ഏറ്റുവാങ്ങാനെന്ന പോലെ, അദ്ദേഹത്തിന്റെ മനസ്സും ശരീരവും അപ്പോൾ ആ അനർഘ നിമിഷങ്ങളെ കാത്തു കിടക്കും.
      പിന്നെ കേൾക്കുന്നതൊരു പൊട്ടിച്ചിരിയാണ്. തലവഴി ഒഴുകുന്ന വെള്ളത്തിനൊപ്പം............. പൊട്ടിച്ചിരിക്കുന്ന ബാബുവേട്ടൻ. തുടരെ തുടരെ വെള്ളത്തിന്റെ കുത്തൊഴുക്ക്..........
      ആർത്താർത്തു ചിരിക്കുന്ന ബാബുവേട്ടൻ ആ ചിരി പിന്നെ............... പ്രവീണിന്റേയും, ബാലന്റെയും, അസീസിന്റേയും ചിരിയായി അവിടെ ഒഴുകിപ്പരക്കുന്നു.
      ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വെള്ളത്തുള്ളികൾക്കൊപ്പം ചിരിച്ചാർത്തു കൊണ്ട് ആ നിമിഷങ്ങളിൽ ബാബുവേട്ടൻ ഒരെട്ടു വയസ്സുകാരനാകും.
      പ്രവീൺ സാറിന്റെ ഭാഷയിൽ പറഞ്ഞാൽ ആ നാൽവർ സംഘം ബാബുവേട്ടന്റെ എൺപത്തിയഞ്ച് കിലോ ഭാരമുള്ള ശരീരം പതപ്പിച്ച്, കുളിപ്പിച്ച്, വെളുപ്പിച്ച് തോർത്തി തുടച്ചെടുക്കും.
            നരച്ചെതെങ്കിലും അലക്കിവെടുപ്പാക്കിയ വസ്ത്രം ധരിച്ച് മുടി ചീകി പൗഡറിട്ട് അവർ അദ്ദേഹത്തെ സുന്ദരനാക്കും
            മടങ്ങിപ്പോകാൻ നേരത്ത് ബാബുവേട്ടന്റെ വക അവർക്കൊരു സമ്മാനമുണ്ട് അന്നുവരെ ആരും നൽകിയിട്ടില്ലാത്ത ഒരമൂല്ല്യസമ്മാനം.
            കഴുത്തിനു താഴെ ഒരവയവം പോലും ചലിപ്പിക്കാനാകാത്ത ആ മനുഷ്യൻ നക്ഷത്രങ്ങൾ തിളങ്ങുന്ന കണ്ണുകളാൽ അവരെ അടുത്തേക്ക് മാടി വിളിക്കും എന്നിട്ട് ആ കൈ വെള്ളയിലൊരു ചുംബനം നൽകും.
            നിറഞ്ഞ മനസ്സോടെ ബാബുവേട്ടൻ നൽകുന്ന ആ നിധി.......... തുളുമ്പുന്ന ഹൃദയത്തോടെ............ നനവാർന്ന കണ്ണുകളോടെ അവർ കൈവെള്ളയിലേറ്റു വാങ്ങും.
            കണ്ണുനീർത്തുള്ളികൾ തിളങ്ങുന്ന ആ കണ്ണുകളിലേക്ക് നോക്കി യാത്രാനുമതി ചോദിക്കാതെ അവരി റങ്ങുമ്പോൾ പിന്നിൽ നിന്നും അദ്ദേഹത്തിന്റെ ശബ്ദംപടി വരെ അവരെ അനുഗമിക്കും.
            നാലു ദിവസം ഉണരാതെ ഉറങ്ങാൻ എനിക്കിതുമതി മക്കളേ..........
      അപ്പോൾ കൈവെള്ളയിലൊതുങ്ങാത്ത ബാബുവേട്ടന്റെ മുത്തം നൂറായി...........
ആയിരമായി.......... നിറഞ്ഞ് നിറഞ്ഞ് ആകാശത്തിന്റെ അതിരുകളോളമെത്തുന്ന നിർവൃതിയായി തങ്ങളെ പൊതിയുന്നത് അവരറിയും.

വാൽക്കഷ്ണം:-
      ഓരോ പഞ്ചായത്തിലും കിടപ്പിലായിപ്പോയ രോഗികളുടെ ശരാശരിയനുസരിച്ച് അവരെ പരിചരിക്കുവാനായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ എണ്ണം നാലിലൊന്നു പോലും തികയില്ല.
      നമ്മളും ആ രോഗികളിലൊരാളാകും മുമ്പെ സർവ്വശ്വര്യങ്ങളോടെ ദൈവം നൽകിയ ഈ ജൻമ്മവും അതിൽ ബോണസ്സായി നൽകിയ ആരോഗ്യവും പകരം നൽകി സ്വാന്തന പരിപാലന രംഗത്തേക്കിറങ്ങി അവരിലൊരാളാവാൻ നമ്മുടെ യുവത്വത്തിന് സന്മനസ്സുണ്ടാകട്ടെ എന്ന പ്രത്യാശയോടേ.......

റൂബി നിലമ്പൂർ

******************************************************