ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

20-7-2017

മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ
രജനി
കെ. ജി. ശ്രീവിദ്യ
പത്തനംതിട്ടയിലെ മലയാലപ്പുഴയില്‍ ജനിച്ചു. കാത്തോലിക്കേറ്റ് പത്തനംതിട്ടയില്‍ നിന്നു സ്കൂള്‍ കോളേജ് വിദ്യാഭ്യാസം ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ താമസിക്കുന്നു. മലയാള പുസ്തകവേദി പ്രസിദ്ധീകരിച്ച “ഇന്ദ്രപ്രസ്ഥം കഥകള്‍” എന്ന സമാഹാരത്തിലെ ‘അടഞ്ഞ വാതിലുകള്‍’ എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ. ജി. ശ്രീവിദ്യയുടെ ‘അടഞ്ഞ വാതിലുകള്‍’ എന്ന കഥ രൂപഭാവങ്ങളുടെ കുടമാറ്റങ്ങള്‍ നടത്തുന്ന മലയാള കഥാപരിസ്ഥിതിയില്‍ ഒരു സാധാരണാഖ്യാനമായി തോന്നാം. പക്ഷേ, അതിനുള്ളിലേക്ക് കടന്ന് ബന്ധങ്ങളുടെ പ്രത്യയശാസ്ത്രമാരായുമ്പോള്‍ പിതൃ കേന്ദ്രിത കുടുംബഘടനയില്‍ സ്ത്രീ അനുഭവിക്കുന്ന വിഷമതകളുടെയും സങ്കടങ്ങളുടെയും കഥയായിത്തീരുന്നതായി ഡോ. പി. സോമന്‍ നിരീക്ഷിക്കുന്നു. തന്നെ ഉപേക്ഷിച്ചാല്‍ തിരിച്ചുപോകാന്‍ ഒരിടവും ബാക്കിയില്ല എന്ന നായികയുടെ നിരാലംബബോധം ഇന്ത്യന്‍ സ്ത്രീത്വത്തിന്‍റെ ശോചനീയാവസ്ഥയാണ്. കുടുംബത്തിനു പുറത്തു സമൂഹത്തില്‍ സ്ത്രീക്കൊരു ഇടമില്ല. അത് സ്ത്രീയുടെ കീഴടങ്ങലിനു കളമൊരുക്കുന്നു. ഈ കഥയിലെ നായിക ജീവിത ദു:ഖത്തില്‍ നിന്നുള്ള മോചനമായി കാണുന്നത് ആശ്രമവാസമാണ്. ഒടുവില്‍ മകനും തന്‍റെ പ്രണയ ജീവിത കഥ തുടരാന്‍ തുനിയുമ്പോള്‍ ദുരിതപൂര്‍ണമായ ജീവിതത്തിന്‍റെ അനുഭൂതി ഓര്‍ത്തുകൊണ്ടു കൈവീശുന്നു.
“ഇന്ദ്രപ്രസ്ഥം കഥകള്‍” (ചെറുകഥാ സമാഹാരം). ന്യൂഡല്‍ഹി : മലയാള പുസ്തക വേദി, 2002.

കേശിനി കൃഷ്ണന്‍ പാറശാല
ആര്‍. കാര്‍ത്തികേശിനി അമ്മ എന്നാണ് ശരിയായ പേര്. കേശിനി കൃഷ്ണന്‍ പാറശ്ശാല എന്ന പേരില്‍ എഴുതുന്നു. 1947 ല്‍ കന്യാകുമാരി ജില്ലയിലെ പള്ളിയാടി അദ്ധ്യാപികയായി. മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം ഹെഡ്മിസ്ട്രസ്സ് ആയിരിക്കെ ജോലിയില്‍ നിന്ന് പിരിഞ്ഞു. വിദ്യാര്‍ത്ഥിനി ആയിരിക്കെ തന്നെ കവിതാ രചനയിലും കഥാ രചനയിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അദ്ധ്യാപക കലാസാഹിത്യ സമിതി വര്‍ഷം തോറും നടത്താറുള്ള മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടി. 2002 ല്‍ എ. കെ. എസ്. എസിന്‍റെ അദ്ധ്യാപക പ്രതിഭാ സംസ്ഥാന അവാര്‍ഡിനും അര്‍ഹയായി. 2005 ല്‍ വര്‍ക്കല ശിവഗിരി മഠത്തിന്‍റെ കാവ്യശ്രേഷ്ഠം അവാര്‍ഡ് ‘ഒരു വിലാപം’ എന്ന കവിതക്ക് ലഭിച്ചു. 2008 ല്‍ “ഒരു ദലിത് ഗ്രാമത്തിന്‍റെ കഥ” എന്ന നോവലിന് കേന്ദ്ര ദലിത് സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ഡോ. ബി. ആര്‍. അംബേദ്കര്‍ അവാര്‍ഡ് ലഭിച്ചു 2009 ല്‍ “ദുര്യോഗം” എന്ന ഖണ്ഡകാവ്യത്തിനും ഇതേ അവാര്‍ഡ് ലഭിച്ചു. ആകാശവാണിയിലും ആനുകാലികങ്ങളിലും കൂടെയാണ് പുതിയ കഥകളും കവിതകളും അവതരിപ്പിക്കുന്നത്. മലായള സാഹിത്യത്തിലും കഥാ പ്രസംഗത്തിലും കാര്‍ത്തികേശിനി അമ്മയ്ക്ക് ബിരുദം ഉണ്ട്. യവനിക പബ്ലിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. പതിനാലോളം കൃതികള്‍ കേശിനി കൃഷ്ണന്‍റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ബാലസാഹിത്യം, കഥാസമാഹാരം, കവിതാസമാഹാരം, നോവല്‍, ഭക്തിസാഹിത്യം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഏതൊരാള്‍ക്കും പെട്ടെന്ന് വായിച്ചു പോകാവുന്ന വിധത്തില്‍ ലളിതവും സരളവുമാണ് കേശിനി കൃഷ്ണന്‍റെ ഭാഷ. കാര്യങ്ങള്‍ നേരിട്ട് പറഞ്ഞു പോവുകയാണ് വളച്ചുകെട്ടോ മറ്റു സങ്കീര്‍ണതകളോ ഇല്ല. കേശിനി കൃഷ്ണന്‍റെ ‘ഭീകരډാരേ നിങ്ങളോട്’ എന്ന കവിതയാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഭീകരډാരോട് (വിധ്വംസപ്രവര്‍ത്തകരെയും തീവ്രവാദികളെയും മറ്റുമാണ് കവി ഉദ്ദേശിക്കുന്നതെന്ന് കരുതാം) അവര്‍ കേവലം ഭീരുക്കള്‍ മ്രാത്രമാണെന്ന് പറയുകയാണ് കവി. മൂടുപട മറക്കുളളില്‍ പൊളിച്ചിരു- ന്നൂടുവഴികളില്‍ കോക്രികാട്ടി എന്തിനൊളിയമ്പയ്ക്കുന്നു നിങ്ങളീ - മുന്തിരിത്തോപ്പിലൂടങ്ങുമിങ്ങും. എന്നതാണ് കവിയുടെ ചോദ്യം.
“മുന്തിരിപ്പഴങ്ങള്‍” (കവിതകള്‍ - ബാലസാഹിത്യം). അദ്ധ്യാപക കലാസാഹിത്യ സമിതി, 2002. “പ്രണയസല്ലാപം” (ഖണ്ഡകാവ്യം). അദ്ധ്യാപക കലാസാഹിത്യ സമിതി, 2003. “ആറ്റുകാല്‍ ദേവീ ചരിതം”. യവനിക പബ്ലിക്കേഷന്‍സ്, 2004. “അപ്പുപ്പന്‍ താടി” (ബാലസാഹിത്യം).പെന്‍ബുക്സ്, 2004. “വേനല്‍പ്പറവകള്‍” (കഥാസമാഹാരം). വീണ പബ്ലിക്കേഷന്‍സ്, 2003. “മഞ്ചാടിമുത്ത്” (ബാലസാഹിത്യം). മെലിന്‍ഡ ബുക്സ്, 2006. “ചെമ്പനും തുമ്പനും” (ബാലസാഹിത്യം). മെലിന്‍ഡ ബുക്സ്, 2005. “സമ്മാനം” (കഥാസമാഹാരം - ബാലസാഹിത്യം). മെലിന്‍ഡ ബുക്സ്, 2006. “ഭാഗ്യജാതകം” (നോവല്‍). മെലിന്‍ഡ ബുക്സ്, 2007. “കിങ്ങിണിപ്പൂവുകള്‍” (ബാലസാഹിത്യം). യവനിക പബ്ലിക്കേഷന്‍സ്, 2008. “പങ്കിയമ്മുമ്മയും പമ്മനും” (ബാലസാഹിത്യം). യവനിക പബ്ലിക്കേഷന്‍സ്, 2008. “കുട്ടികളേ നിങ്ങള്‍ക്കായി ഇതാ കഥാപ്രസംഗങ്ങള്‍” (ബാലസാഹിത്യം). യവനിക പബ്ലിക്കേഷന്‍സ്, 2008. “ഒരു ദലിത് ഗ്രാമത്തിന്‍റെ കഥ” (നോവല്‍). യവനിക പബ്ലിക്കേഷന്‍സ്, 2008. “ദുര്യോഗം” (ഖണ്ഡകാവ്യം). യവനിക പബ്ലിക്കേഷന്‍സ്, അച്ചടിയില്‍undefined

ഗോമതി നാലാങ്കല്‍
1922 മാര്‍ച്ചില്‍ കോട്ടയത്തു ജനിച്ചു. പി. ജാനകി അമ്മയും അമ്പാട്ടു രാമന്‍പിള്ളയും മാതാപിതാക്കള്‍. എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ നിന്ന് ബി. എ. ബിരുദം നേടി. നാലാങ്കല്‍ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്.
പഠിക്കുന്ന കാലത്ത് കോളേജ് മാഗസിനില്‍ ലേഖനങ്ങള്‍, ഏകാങ്കങ്ങള്‍ എന്നിവ എഴുതിയിരുന്നു. നാലാങ്കലിന്‍റെ വേര്‍പാടിനു ശേഷം അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മക്കുറിപ്പുകള്‍, വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങള്‍ എന്നിവ  കൂടാതെ എഴുതിയ ചെറുകഥകളുടെ സമാഹാരമായ ഒരു ത്രികോണത്തിന്‍റെ കഥയാണ് ആദ്യത്തെ കൃതി.
ആഖ്യാനത്തിന് മുന്‍തൂക്കം നല്‍കുന്ന രചനാരീതി കൊണ്ട് ശ്രദ്ധേയമായ പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് “ഒരു ത്രികോണത്തിന്‍റെ കഥ”. കുടുംബജീവിത പശ്ചാത്തലം ചില കഥകള്‍ക്ക് മിഴിവ് നല്കുമ്പോള്‍, മനുഷ്യാവസ്ഥയുടെ ആത്യാന്തികമായ ശോചനീയത ശക്തമായി ആവിഷ്കരിക്കുന്നവയാണ് മിക്ക കഥകളും. ഇതിവൃത്താണിന്‍റെ സൂക്ഷ്മസംവേദനം സാധ്യമാക്കുന്ന ഭാവസാന്ദ്രത ഗോമതിയുടെ എല്ലാ കഥകളുടെയും പ്രത്യേകതയാണ്. അനുവാചക ഹൃദയങ്ങളുമായി തീവ്രമായി സംവദിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. “ഒരു ത്രികോണത്തിന്‍റെ കഥ” യയ്ക്ക് അയ്യപ്പപ്പണിക്കര്‍ എഴുതിയ അവതാരികയില്‍ ഇങ്ങനെ നിരീക്ഷിച്ചിരിക്കുന്നു - ത്രികോണബന്ധ(ന)ങ്ങള്‍ക്ക് കഥാവൈവിധ്യം നല്‍കാന്‍ വിഷമമാണ്. അത്രയധികം ആവര്‍ത്തിച്ചുപയോഗിക്കപ്പെട്ട ഒരു കഥാതന്തുവാണത്. എങ്കിലും “ഒരു ത്രികോണത്തിന്‍റെ കഥ” ഇവിടെ ആഖ്യാനം ചെയ്തിരിക്കുന്നത് ശ്രദ്ധേയമായ രീതിയിലാണ്. ഏതാനും തീയതികളിലെ കുറിപ്പുകളിലൂടെയാണ് കഥയുടെ നൂലിഴ പാകിയിരിക്കുന്നത്.
“ഒരു ത്രികോണത്തിന്‍റെ കഥ” (ചെറുകഥ). തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്, 2002.

ഡോ. എം. ലീലാകുമാരി
തിരുവനന്തപുരം ജില്ലയിലെ നന്നംകുഴിയില്‍ ജോണ്‍ സമര്‍ദ്ധകത്തിന്‍റെയും മേരിയുടെയും പുത്രിയായി 1948 ഒക്ടോബര്‍ 18 ന് ജനിച്ചു. ബാലരാമപുരം ഹൈസ്ക്കൂളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കാര്യവട്ടം യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്‍റിലുമായിരുന്നു വിദ്യാഭ്യാസം. 1971 ല്‍ കോളേജ് അദ്ധ്യാപികയായി. 1990 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റു നേടി. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ മലയാളം മേധാവിയായിരിക്കെ 2004 മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. “സ്ത്രീ സങ്കല്പം മലയാള നോവലില്‍” (2000), “കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗം” (ജീവചരിത്രം) (2005) തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. കൂടാതെ കേരള യൂണിവേഴ്സിറ്റി മലയാളം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഗവേഷണ പ്രസിദ്ധീകരണമായ ഭാഷാസാഹിതിയില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. എം. ലീലാകുമാരി രചിച്ച ജീവചരിത്ര ഗ്രന്ഥമാണ് “കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗി”. തന്‍റെ മാതാമഹനായ പി. തപസി മുത്തു നാടാരുടെ ത്യാഗോജ്ജ്വല ജീവിതത്തിന്‍റെ അകംപൊരുള്‍ ലോകത്തെ അറിയിക്കുകയാണ് ഗ്രന്ഥകാരി. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കുളത്തൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട നിരാലി എന്ന ഗ്രാമമാണ് ഇതിന്‍റെ പശ്ചാത്തലം. വിദ്യാഭ്യാസം അന്നാട്ടുകാര്‍ക്ക് ഒരവശ്യവസ്തുവായിരുന്നില്ല. അത്യാവശ്യം കൂട്ടലും കിഴിക്കലും അറിയാന്‍ എഴുത്തും വായനയും കൂടിയേ തീരൂ എന്നില്ല. എങ്കിലും കുറച്ചൊക്കെ അറിഞ്ഞിരുന്നാല്‍ കൊള്ളാം. അതിന് ഏതെങ്കിലും ഒരാശാന്‍റെ കുടിപ്പള്ളിക്കുടത്തില്‍ ഒന്നോ രണ്ടോ കൊല്ലം എഴുത്തിനിരുന്നാല്‍ മതി. അത്രയും കൊണ്ട് മക്കളുടെ കണ്ണും തലയും തിരിഞ്ഞോളുമെന്ന് അച്ഛനമ്മമാര്‍ കരുതിപ്പോന്നു. എന്നാല്‍ കുടിപ്പള്ളിക്കുടത്തിലെ പഠിത്തത്തിനപ്പുറവും പഠിത്തമുണ്ടെന്നും. പഠിത്തമുണ്ടായാലേ വരും കാലങ്ങളില്‍ തന്‍റെ നാടിന് ഉയര്‍ച്ചയുണ്ടാവുകയുള്ളുവെന്നും തിരിച്ചറിഞ്ഞ് വിദ്യയുടെ മാഹാത്മ്യം ഒരു വെളിപാടായി ഉള്‍ക്കൊണ്ട് എന്ത് വിലകൊടുത്തും അതിനെ സ്വന്തമാക്കാനും വരും തലമുറകള്‍ക്കായി പകര്‍ന്നു നല്‍കാനും തയ്യാറായ ഒരു വലിയ ജീവിതത്തെ അടുത്തറിയാന്‍ ഈ ജീവചരിത്ര ഗ്രന്ഥത്തിന്‍റെ വായനയിലൂടെ കഴിയുന്നു.
“കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗി” (ജീവചരിത്രം). തിരുവനന്തപുരം: ബെന്‍ ബുക്സ്, നവം. 2005.“സ്ത്രീ സങ്കല്പം മലയാള നോവലില്‍”. കോട്ടയം: ഡി. സി. ബുക്സ്, ഒക്ടോബര്‍ 2000.