ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

21-7-2017

ആട്ടക്കഥാലോകത്തിലേയ്ക്ക് സ്വാഗതം🙏🏻
സീത

ഇന്ന് ദക്ഷയാഗം*ആട്ടക്കഥയാണ് പരിചയപ്പെടുത്തുന്നത്.വളരെ ദീർഘമായ കഥയാണ് ഇത്.അതുകൊണ്ടുതന്നെ 21രംഗങ്ങൾ ഈആട്ടകഥയിൽ ഉണ്ട്.ചുരുക്കിയിട്ടാണ് ഇവിടെ ചേർക്കുന്നത്.

കൂട്ടിചേർക്കലുകൾക്ക്  സ്ഥലമിട്ടുകൊണ്ട് കഥ തുടങ്ങട്ടെ.

ദക്ഷയാഗം ആട്ടക്കഥ

രചയിതാവ്
ഇരയിമ്മൻ തമ്പി

തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന പ്രസിദ്ധമായ കുടുംബത്തിലെ അംഗമായിരുന്നു ഇരയിമ്മൻ തമ്പി. വേലുത്തമ്പിദളവയ്ക്ക് ശേഷം ബാലരാമവർമ്മ മഹാരാജാവിന്റെ ദിവാൻജിയായിത്തീർന്ന ഉമ്മിണിത്തമ്പി ഈ തറവാട്ടിലെ അംഗമായിരുന്നു. ഇവിടത്തെ രണ്ട് സഹോദരിമാരെ ധർമ്മരാജാവിന്റെ കനിഷ്ഠസഹോദരനായിരുന്ന രവിവർമ്മത്തമ്പുരാൻ വിവാഹം ചെയ്തിരുന്നു. വന്ധേ മാതാമഹം മേ മുഹുരപി രവിവർമ്മാഭിധം വഞ്ചിഭൂപം'എന്ന് ഈ രവിവർമ്മയെ തമ്പി സ്മരിച്ചിട്ടുണ്ട്. അവരിൽ മൂത്ത സഹോദരിയുടെ മകൾ പാർവ്വതിപ്പിള്ളത്ത ങ്കച്ചിയ്ക്ക് ചേർത്തല നടുവിലെ കോവിലകത്ത് കേളരു എന്നറിയപ്പെട്ടിരുന്ന കേരളാവർമ്മശാസ്ത്രി തമ്പാനിൽ 1783-ല്‍ തിരുവനന്തപുരത്തെ കരമനയില്‍  ജനിച്ച പുത്രനായിരുന്നു ഇരയിമ്മൻതമ്പി.
എന്ന രവിവര്‍മ്മന്‍തമ്പി.
രവിവര്‍മനെന്ന സംസ്കൃ ത നാമത്തിന്റെ മലയാള വാമൊഴി രൂപമാണ് ഇരയിമ്മന്‍ എന്നത് അന്നത്തെ രാജാവായിരുന്ന കാർത്തികതിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവിവർമ്മയ്ക്ക് ഇരയിമ്മൻ എന്ന ഓമനപേരിട്ടത്.
തമ്പി ജനിച്ചത് പുതുമന അമ്മവീടുവക കോട്ടയ്ക്കകത്തു കിഴക്കേമഠം എന്ന വീട്ടിലായിരുന്നു. ബാല്യത്തിൽ പിതാവായ തമ്പാനിൽ നിന്നും പിന്നെ മൂത്താട്ട് ശങ്കരൻ ഇളയത് എന്ന പണ്ഡിതനിൽ നിന്നും ഭാഷയിലും സംസ്കൃതത്തിലും പാണ്ഡിത്യം സമ്പാദിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ തമ്പിയിൽ കവിതാവാസനയും പ്രകടമായി. പതിനാലാമത്തെ വയസ്സിൽ തമ്പി ഒരു ശ്ലോകം രചിച്ച് കാർത്തികതിരുനാൾ മഹാരാജാവിനു അടിയറ വെച്ചതായും കൂടുതൽ പഠിച്ചിട്ട് വേണം കവിത എഴുത്ത് തുടങ്ങേണ്ടത് എന്ന് അവിടുന്ന് തമ്പിയോട് കൽപ്പിച്ചതായും ഒരു കഥ പറഞ്ഞുവരുന്നു. തമ്പിയിൽ ചെറുപ്പത്തിലേ മൊട്ടിട്ട കവിതാവാസനയും ആ വാസന സം‌പുഷ്ടമാക്കാൻ വേണ്ട പാണ്ഡിത്യസമ്പാദനത്തിനു ള്ള പ്രേരണയും ഈ കഥയിൽ നിന്നും മനസ്സിലാക്കാം. തമ്പിയുടെ കലാസൃഷ്ടികൾ എല്ലാം വാസനയുടേയും പാണ്ഡിതത്തിന്റെയും മനോഹരസമ്മേളനങ്ങൾ ആണെന്നുള്ളതും ഇവിടെ സ്മരണീയമാണ്. ധർമ്മരാജാവിന്റെ കാലത്ത് തന്നെ വലിയകൊട്ടാരം നിത്യച്ചെലവിൽ നിന്നും തമ്പിക്ക് അടുത്തൂൺ പതിച്ച് കിട്ടിയിരുന്നു. കൊട്ടാരത്തെ ആശ്രയിച്ചു ജീവിതകാലം മുഴുവനും തമ്പി തിരുവനന്തപുരത്ത് തന്നെ കഴിച്ചു കൂട്ടി.കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. തിരുവിതാംകൂറിലെ ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

 അദ്ദേഹം എഴുപത്തിനാലു വയസ്സുവരെ ജീവിച്ചിരുന്നു സാംസ്കാരികജീവിതത്തിൽ എന്നത് പോലെ കുടുംബജീവിതത്തിലും തമ്പി അനുഗ്രഹീതനായിരുന്നു. തമ്പിയുടെ ഭാര്യ അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന കൃഷ്ണൻ തമ്പിയുടെ മകൾ ഇടക്കോട്ട് കാളിപ്പിള്ളത്തങ്കച്ചിയായിരുന്നു. ആ സാധ്വിയിൽ തമ്പിക്ക് ജനിച്ച കുട്ടിക്കുഞ്ഞുതങ്കച്ചി മലയാള കവയിത്രികളിൽ സർവ്വഥാ പ്രഥമഗണനീയയാണെന്നുള്ള വസ്തുതയും തമ്പിയ്ക്കു കുടുംബജീവിതത്തിലും സാംസ്കാരിക ജീവിതത്തിലും സിദ്ധിച്ച മഹാവിജയത്തിനു സാക്ഷ്യം വഹിക്കുന്നതാണ്.
തമ്പിയുടേതായി മൂന്ന് ആട്ടക്കഥകൾ ആണ് ഉള്ളത്. അവ കീചകവധം, ഉത്തരാസ്വയംവരം ദക്ഷയാഗം എന്നിവയാണ്. ആദ്യത്തെ രണ്ടും  ഭാരതകഥകൾ എങ്കിൽ ദക്ഷയാഗം ശിവകഥയാണ്.  കീചക വധവും ഉത്തരാ സ്വയംവരവും ഇരുപതാം വയസ്സിൽ രചിച്ചതാണ്.

ആട്ടക്കഥകൾ കൂടാതെ അനവധി മറ്റ് കൃതികളും തമ്പിയുടേതായി ഉണ്ട്.
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്‌സിലെ പ്രമുഖനായിരുന്നു ഇരയിമ്മന്‍തമ്പി
ഓമനത്തിങ്കള്‍ക്കിടാവോഎന്ന മനോഹരമായ താരാട്ടുപാട്ടെഴുതിയ ഇരയിമ്മന്‍തമ്പി എന്ന കവിയെ മലയാളികള്‍ക്ക് ഒരു കാലത്തും മറക്കാനാവില്ല.
 സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു.
പ്രാണനാഥനെനിക്കുനൽകിയപരമാനന്ദരസത്തെഎന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.
സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്ന ഇരയിമ്മന്‍തമ്പി അനേകം കീര്‍ത്തനങ്ങളും വര്‍ണങ്ങളും പദങ്ങളും രചിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നവരാത്രി മഹോത്സവത്തെ വര്‍ണിക്കുന്ന നവരാത്രി' പ്രബന്ധംഎന്നൊരു കൃതിയും തമ്പി രചിച്ചിട്ടുണ്ട്.

തമ്പിയുടെ കൃതികളിലെ വൈശിഷ്ട്യവും വൈവിദ്ധ്യവും കേരളത്തിലെ വാഗേ്ഗയകാരന്മാരില്‍ സ്വാതിതിരുനാളിനു തൊട്ടടുത്ത സ്ഥാനത്തിനുള്ള അര്‍ഹത അദ്ദേഹത്തിന് അനായേസന നേടിക്കൊടുക്കുന്നു.

കര്‍ണാടക സംഗീതത്തിന്റെ പ്രധാനരൂപങ്ങളായ വര്‍ണം, കീര്‍ത്തനം, പദം എന്നീ മൂന്നു വിഭാഗങ്ങളിലും പെട്ട മലയാളഗാനങ്ങള്‍ രചിച്ചിട്ടുള്ള ഒരൊറ്റയാള്‍ ഇരയിമ്മന്‍തമ്പിയാണ്. സ്വാതിതിരുനാള്‍ മലയാളത്തില്‍ ഒരു വര്‍ണവും അന്‍പതു പദങ്ങളും രചിച്ചിട്ടുണ്ട്; പക്ഷേ മലയാളകീര്‍ത്തനം രചിച്ചിട്ടില്ല.

ഇരയിമ്മന്‍തമ്പിയുടേതായി അഞ്ചുവര്‍ണങ്ങളുണ്ട്. മലയാളത്തിലും സംസ്കൃ തത്തിലുമായി 23 പദങ്ങ ളും 5 വര്‍ണങ്ങളും രണ്ട് ഭക്തിപ്രബന്ധങ്ങളും ഒരു കുമ്മിയും ഇദ്ദേഹത്തി ന്റേതായുണ്ട്. സംഗീത ത്തിന്റെ ശാസ്ത്രീയ വശങ്ങളെപ്പറ്റി അഗാ ധമായ പാണ്ഡിത്യവും ആ പാണ്ഡിത്യത്തെ സൃഷ്ടിപ രമായി പ്രകാശിപ്പിക്കു ന്നതിന് കഴിവും ഉള്ളവര്‍ ക്കേ വര്‍ണം രചിക്കാന്‍ സാധിക്കുകയുള്ളൂ.

വര്‍ണ്ണങ്ങളും കീര്‍ത്തനങ്ങളും ഇരയിമ്മന്‍തമ്പിയുടെ ശാസ്ത്രീയ സംഗീത വൈദഗ്ദ്ധ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. പദങ്ങളിലാണ് അദ്ദേഹത്തിന്റെ കലാരസികതയുടെ പാരമ്യം ദര്‍ശിക്കാനാവുന്നത്.

ഇരയിമ്മന്‍തമ്പിയുടെ ഗാനങ്ങളുടെ വൈശിഷ്ട്യത്തെപ്പറ്റി ആര്‍. നാരായണപ്പണിക്കര്‍ 'കേരളഭാഷാസാഹിത്യചരിത്ര' ത്തില്‍ ഇങ്ങനെ എഴുതുന്നു:'' ....ആട്ടക്കഥാകാരന്മാരുടെ കൂട്ടത്തില്‍ എന്നല്ല, കേരളീയ കവികളുടെ കൂട്ടത്തില്‍ ഇരയിമ്മന്‍തമ്പിക്കുള്ള സ്ഥാനം അദ്വിതീയമാകുന്നു. സംഗീതസാഹിത്യങ്ങളുടെ ഹൃദ്യമായ പരസ്പരസമ്മേളനംകൊണ്ട് സുമധുരമായിരിക്കുന്ന അദ്ദേഹത്തിന്റെ മണിപ്രവാളപദങ്ങളോട് കിടപിടിക്കുന്ന പദങ്ങള്‍ സ്വാതിതിരുനാള്‍ തമ്പുരാന്‍ പോലും രചിച്ചിട്ടുണ്ടോയെന്നു സംശയമാണ്. സംഗീതാത്മകമായ സാഹിത്യവും സാഹിതീഗുണവിശിഷ്ടമായ സംഗീതവും തമ്പിയുടെ പദങ്ങളില്‍ ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു ഉത്തരാസ്വയംവരത്തിലെ വീര വിരാട കുമാര വിഭോ എന്നു തുടങ്ങുന്ന കുമ്മി ഉള്‍പ്പെടെയുള്ള പല പദങ്ങളും ദണ്ഡകങ്ങളും ഏറെ വിഖ്യാതങ്ങളാണ്. കൌമാരപ്രായത്തില്‍തന്നെ ഇദ്ദേഹം ദേവീസ്തവങ്ങളും ഓജസ്സുള്ള ഒറ്റ ശ്ളോകങ്ങളും രചിച്ചിരുന്നു. 1815-ല്‍ തിരുവിതാംകൂറിലെ ആസ്ഥാനകവിയായിത്തീര്‍ന്നു. 1856-ല്‍ ഇദ്ദേഹം നിര്യാതനായി.
.
ഓമനത്തിങ്കൾ കിടാവോ - കുറഞ്ചി, ആദി (താരാട്ട്)ശ്രീമന്തന്തപുരത്തിൽ വാഴും - കുമ്മി (നാടോടിപ്പാട്ട്)കരുണചെയ്‌വാനെന്തു താമസം, കൃഷ്ണാ. - ശ്രി, ചെമ്പട (ഗുരുവായൂരപ്പനെക്കുറിച്ച്)അടിമലരിണ തന്നെ കൃഷ്ണാ - മുഖരി, (ഗുരുവായൂരപ്പനെക്കുറിച്ച്)പാർത്ഥസാരഥേ - മാഞ്ജി, ഏകം (അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച്)പാഹിമാം ഗിരിതനയേ (ശിവനെക്കുറിച്ച്)പരദേവതേ നിൻപാദ ഭജനം

ഏതു രസവും സാഹിത്യവുമായി സംഗമിപ്പിച്ച് സംഗീതത്തിന്റെ മാധുര്യം പകരാൻ ഇരയിമ്മൻ തമ്പിയ്ക്കുള്ള പ്രത്യേക കഴിവു അദ്ദേഹത്തിന്റെ ഏതു രചനയിലും കാണാം. വർണ്ണം പാദം എന്നീ വിഭാഗ്ഗങ്ങളിലും അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. വർണ്ണങ്ങളുടെ ഗണത്തിൽ ‘മനസ്സിമേ പരിതാപം’, ‘അംബഗൌരി’, തുടങ്ങിയവ പ്രശസ്തമാണ്.
കീചക വധം,ഉത്തരാ സ്വയം‍വരം,ദക്ഷയാഗം
സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്,മുറജപപാനനവരാത്രി പ്രബന്ധംരാസക്രീഡരാജസേവാക്രമം മണിപ്രവാളംവസിഷ്ഠം കിളിപ്പാട്ട്

സംസ്കൃതത്തിൽ ഇരുപത്തിഎട്ടും മലയാളത്തിൽ അഞ്ചും കീർത്തനങ്ങളും അഞ്ചു വർണ്ണങ്ങളും ഇരുപത്തി രണ്ടു പദങ്ങളും അദ്ദേഹത്തിന്റേതായി തിരിച്ചറിഞ്ഞിടുണ്ട്

 കഥാസംഗ്രഹം

നിലപ്പദം കഴിഞ്ഞ് പൂന്തേൻ വാണി എന്ന് തുടങ്ങുന്ന ദക്ഷന്റെ പദത്തോടെ ഒന്നാം രംഗം ആരംഭിക്കുന്നു. ദക്ഷനും പത്നിയുമായ പ്രേമസല്ലാപരംഗം ആണ് ഇത്.

രംഗം രണ്ട് തുടങ്ങുന്നത്, ഒരിക്കൽ ദക്ഷന്‍ പത്നിയായ വേദവല്ലിയോടു കൂടി കാളിന്ദിയില്‍ കുളിക്കാനായി പോയി. പുണ്യ നദിയായ കാളിന്ദിയുടെ ഭംഗി കണ്ടാസ്വദിക്കുകയും അതില്‍ ഇറങ്ങി സ്നാനം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ ഒരു താമരയിലയില്‍ ഒരു ശംഖ് ഇരിക്കുന്നതുകണ്ട ദക്ഷന്‍ അതുകയ്യിലെടുത്തു. പെട്ടെന്ന് അത്‌ ഒരു പെണ്‍കുട്ടിയായിത്തീര്‍ന്നു. വളരെ സന്തോഷത്തോടെ ദക്ഷന്‍ അവളെ സ്വീകരിക്കുകയും തന്റെ പുത്രിമാരില്‍ ഒരുവളായി വളര്‍ത്തുകയും ചെയ്തു.

രംഗം മൂന്ന്, ദക്ഷന്‍ ആ കന്യകയെ തന്റെ മറ്റുപുത്രിമാരെപ്പോലെത്തന്നെ വാല്‍സല്യത്തോടെ വളര്‍ത്തി. അവള്‍ക്ക് സതി എന്ന് നാമകരണം ചെയ്തു. അവള്‍ സകലകലകളിലും കഴിവുള്ളവളായി. കുട്ടിക്കാലം മുതലേ ശ്രീപരമേശ്വരനെ മനസാ വരിച്ച സതി അദ്ദേഹത്തെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സാരംഭിച്ചു.

രംഗം നാലിൽ, സതി ഇങ്ങിനെ ശ്രീപരമേശ്വരനെ തപസ്സുതുടങ്ങിയപ്പോള്‍ കരാളദംഷ്ട്രന്‍ എന്ന് പേരായ ഒരു അസുരന്‍ അവളെ കണ്ട് മോഹിക്കുകയും അവളെ ബലാത്ക്കാരമായി പിടിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അവന്‍ സതിയുടെ തപശ്ശക്തിയാല്‍ ഭസ്മമായി.

രംഗം അഞ്ചിൽ, ശ്രീപരമേശ്വരന്‍ സതിയെ പരീക്ഷിക്കാന്‍ തീരുമാനിച്ച് ഒരു വൃദ്ധബ്രാഹ്മണന്റെ രൂപം ധരിച്ച് അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്തുകാര്യത്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് എന്ന് അന്വേഷിച്ചു.സതിയാകട്ടെ തനിക്ക്  ശ്രിപരമെശ്വരനെ ഭര്‍ത്താവായികിട്ടാന്‍ അനുഗ്രഹിക്കണം എന്ന് ബ്രാഹ്മണനോട് ആവശ്യപ്പെട്ടു. ബ്രാഹ്മണന്‍ ശിവന്‍റെ വിചിത്രമായ ശീലങ്ങളെപ്പറ്റി സതിയോടു പറഞ്ഞു. ശിവനെ ആഗ്രഹിച്ച് നിന്റെ ജന്മം പാഴാക്കരുത് എന്ന് ഉപദേശിച്ചു. ഇതുകേട്ട സതി കോപിച്ച് ഇങ്ങിനെയുള്ള സംസാരം നിര്‍ത്തുകയാണ് നല്ലതെന്ന് ബ്രാഹ്മണനോട് പറഞ്ഞു. സതിയുടെ ഭക്തി മനസ്സിലാക്കിയ ശിവന്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. സതിയോടു ആഗ്രഹമെല്ലാം സാധിപ്പിച്ചു തരാം എന്നു പറഞ്ഞ് മറയുന്നു.

രംഗം ആറിൽ, കാവല്‍ക്കാരില്‍ നിന്ന് വിവരം അറിഞ്ഞ ദക്ഷന്‍ തന്റെ പ്രിയപുത്രിയുടെ വിവാഹം ഭംഗിയാക്കാനുള്ള ശ്രമം തുടങ്ങി. ദേവന്മാരും മഹര്‍ഷിമാരും എത്തി. എല്ലാവരുടെയും സാന്നിധ്യത്തില്‍ ശിവന്‍ സതിയെ വിവാഹം ചെയ്തു.

രംഗം ഏഴിൽ, വിവാഹാനന്തരം ഇന്ദ്രാദികളായ ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി. ഇന്ദ്രന്‍ ദക്ഷന് കൈവന്ന ഭാഗ്യത്തെക്കുറിച്ചു സംസാരിക്കുന്നു. മഹേശനെ ബന്ധുവായി ലഭിച്ചത് ദക്ഷന്റെ നന്മമൂലമാണ്, സതിയുടെ തപസ്സ് സഫലമായി ഇനി ദീര്‍ഘകാലം ശിവനോടൊപ്പം കഴിയുക എന്നെല്ലാം പറഞ്ഞ് ഇന്ദ്രന്‍ യാത്രയാകുന്നു.

രംഗം എട്ടിൽ, വിവാഹം കഴിഞ്ഞ ഉടന്‍ ശിവന്‍ കൈലാസത്തിലേക്ക് മടങ്ങി. ശിവനെ കാത്തിരുന്ന് വിരഹവേദനയില്‍ പലതും ആലോചിച്ച് ദു:ഖിച്ചിരുന്ന സതിയെ സരസ്വതീ ദേവി വന്നു സമാശ്വസിപ്പിക്കുന്നു. സതി വീണ്ടും കാട്ടില്‍പ്പോയി തപസ്സുചെയ്തു. പരമശിവന്‍ അവിടെ വന്ന്‍ സതിയെ കൂട്ടി കൈലാസത്തിലേയ്ക്ക് പോയി.

രംഗം ഒൻപതിൽ, പരമശിവന്‍ സതിയെ കൂട്ടിക്കൊണ്ടുപോയതറിഞ്ഞ് ദക്ഷന്‍ ക്രുദ്ധനായി. ശിവന്റെ മാഹാത്മ്യത്തെ തെല്ലും മാനിക്കാതെ അദ്ദേഹം ദേവന്മാരോട് ശിവനെ അധിക്ഷേപിച്ചു സംസാരിച്ചു. ദേവന്മാരുടെ വാക്ക് വിശ്വസിച്ച് മകളെ ശിവന് കൊടുത്തത് അനുചിതമായി എന്ന് വരെ പറഞ്ഞു. ഇതുകേട്ട ഇന്ദ്രന്‍ ശിവനെ ഇങ്ങിനെ നിന്ദിക്കുന്നത് നല്ലതല്ലെന്നും അത് ആപത്തിന് കാരണമാവുമെന്നും പറഞ്ഞു. കൈലാസത്തില്‍ പോയി ഹരനെ കണ്ടു വരാന്‍ ഇന്ദ്രന്‍ ദക്ഷനെ ഉപദേശിച്ചു. ഇന്ദ്രന്റെ വാക്കുകള്‍ കേട്ട് ദക്ഷന്‍ കൈലാസത്തിലേക്ക് യാത്രയാവാന്‍ തീരുമാനിച്ചു.

രംഗം പത്തിൽ, ഇന്ദ്രന്‍റെ വാക്കുകള്‍ കേട്ട് ദക്ഷന്‍ പരമശിവനെ കാണുന്നതിനു വേണ്ടി കൈലാസത്തിലേക്ക് യാത്രയായി. അവിടെ കൈലാസത്തില്‍ ശിവന്റെ കിങ്കരനായ നന്ദികേശ്വരന്‍ ദക്ഷന്റെ അഹങ്കാരം ഒന്ന് കുറയ്ക്കുന്നതിനായി അദ്ദേഹത്തെ ഗോപുരദ്വാരത്തില്‍ തടുത്തു. ക്രുദ്ധനായ ദക്ഷന്‍ നന്ദികേശ്വരനുമായി ഏറ്റു. ഒടുവില്‍ അപമാനിതനായി കൈലാസത്തില്‍ കയറാതെ മടങ്ങി.

ഇങ്ങിനെ നന്ദികേശ്വരനാല്‍ വഴിതടയപ്പെട്ട ദക്ഷന്‍ കൈലാസത്തില്‍ നിന്ന് തന്റെ നഗരിയില്‍ മടങ്ങിയെത്തിയിട്ട്, കോപത്തോടെ യാഗങ്ങളില്‍ ശിവനന് ഹവിര്‍ഭാഗം നല്‍കുന്നത് എല്ലായിടത്തും തടഞ്ഞു.

രംഗം പതിനൊന്നിൽ,ആയിടക്ക് ബ്രഹ്മാവ് ഒരു യാഗം ചെയ്യാന്‍ തീരുമാനിക്കുന്നു. ഹവിര്‍ഭാഗം കൈക്കൊള്ളുവാന്‍ ശിവനെ കൈലാസത്തില്‍ പോയി ക്ഷണിച്ചു. പക്ഷെ ദക്ഷന്‍ (ബ്രഹ്മാവിന്റെ മകനാണ് ദക്ഷൻ) തന്റെ ശത്രുവാകയാല്‍ താന്‍ വരുന്നത് അപമാനത്തിന് കാരണമാകുമെന്നതിനാല്‍ പകരം നന്ദികേശ്വരനെ അയക്കാമെന്ന് പരമശിവന്‍ പറയുന്നു.

രംഗം പന്ത്രണ്ടിൽ, ശിവന്റെ അനുമതി ലഭിച്ചതിൽ സന്തുഷ്ടനായ ബ്രഹ്മാവ് തിരികെ നാട്ടിൽചെന്ന് സനകസനന്ദനാദി മഹർഷിമാരെ ക്ഷണിച്ചുവരുത്തി യാഗം ആരംഭിക്കുന്നു.

ബ്രഹ്മാവിന്റെ അഭ്യര്‍ഥന പ്രകാരം പരമശിവന്‍ നന്ദികേശ്വരനെ യാഗശാലയിലേക്ക് അയച്ചു. ദേവന്മാരാല്‍ ശോഭിക്കപ്പെട്ട ആ യാഗശാലയില്‍ ,ദക്ഷന്‍ നന്ദികേശ്വരനെ കണ്ടു കോപാകുലനായി. അവനെയും സാക്ഷാല്‍ മഹേശനെയും കടുത്ത വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നു. നന്ദികേശ്വരന് കോപമുണ്ടായെങ്കിലും യാഗശാലയില്‍ വച്ച് യുദ്ധം ചെയ്യുന്നത് അനുചിതമാകുമെന്നതിനാല്‍ ദക്ഷനോട് ഏല്‍ക്കാതെ അവിടെനിന്ന് മടങ്ങുന്നു.

രംഗം പതിമൂന്നിൽ, നന്ദികേശ്വരൻ ദേഷ്യപ്പെട്ടു പോയതുമൂലം ബ്രഹ്മാദികൾ താപാകുലരാകുന്നു.

ആയിടക്ക്‌ ദക്ഷന്‍, വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട തനന്‍റെ യാഗശാലയില്‍ വച്ച് ഒരു യാഗം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ശിവ വൈരിയായ ദക്ഷന്‍റെ യാഗത്തില്‍ പങ്കുകൊള്ളാന്‍ വസിഷ്ഠന്‍ മുതലായ മഹര്‍ഷിമാര്‍ വന്നില്ല. ദധീചി മഹര്‍ഷി അപ്പോള്‍ അവിടെ വരികയും ദക്ഷനുമായി സംസാരിക്കുകയും ചെയ്തു. മഹര്‍ഷിമാര്‍ യാഗത്തില്‍ പങ്കെടുക്കാത്തതിലുള്ള ദുഃഖം ദക്ഷന്‍ ദധീചിയെ അറിയിച്ചു. ശിവനോടുള്ള സ്നേഹം കൊണ്ടാണ് അവര്‍ വരാത്തതെങ്കില്‍ അതെനിക്ക് ഒരു പ്രശ്നമല്ലെന്നും ശിവന് ഒരിക്കലും യജ്ഞഭാഗം കൊടുക്കില്ലെന്നും ദക്ഷന്‍ അറിയിച്ചു. ദധീചി ശിവന്‍റെ മാഹാത്മ്യത്തെക്കുറിച്ച് ദക്ഷനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു വെങ്കിലും ദക്ഷന്‍ തന്‍റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഒടുവില്‍ ശിവനെ അവമാനിച്ചുകൊണ്ട് യാഗം നടത്തിയാല്‍ അത് മുടങ്ങുമെന്ന്‍ ദക്ഷനെ ഉപദേശിച്ചു ദധീചി മടങ്ങി.

രംഗം പതിന്നാലിൽ, ദധീചി ദക്ഷന്‍റെയടുക്കല്‍നിന്ന് പോന്നതിനുശേഷം കലഹപ്രിയനായ നാരദന്‍ കൈലാസത്തിലെത്തി ശിവനുമായി കുശലപ്രശ്നങ്ങള്‍ ആരംഭിച്ചു. ദക്ഷന്‍ നടത്തുന്ന യാഗത്തെപ്പറ്റിയും ശിവന്  യാഗഭാഗം തരില്ല എന്ന ദക്ഷന്റെ തീരുമാനത്തെപ്പറ്റിയും നാരദന്‍ ശിവനോട് പറഞ്ഞു. ദുഷ്പ്രവൃത്തികളുടെ ഫലം ദുഷ്ടന്മാര്‍ അനുഭവിക്കും എന്ന്‍ പറഞ്ഞ് പരമശിവന്‍ നാരദനെ യാത്രയാക്കി.

രംഗം പതിനഞ്ചിൽ, ദക്ഷന്‍ നടത്തുന്ന യാഗം പോയി കാണുന്നതിന് സതി പരമശിവനോട് അനുമതി ചോദിച്ചു. അവിടെ ചെന്നാല്‍ അച്ഛനെയും സഹോദരിമാരെയും കാണാമെന്നും അച്ഛന് എന്നോടുള്ള ദേഷ്യം മാറുമെന്നും സതി അറിയിച്ചു. പക്ഷെ ശിവന്‍ , അവിടെ ചെന്നാലുണ്ടാകാനിടയുള്ള വിഷമങ്ങള്‍ സതിയെ പറഞ്ഞു മനസ്സിലാക്കി. അച്ഛന്റെ ദേഷ്യം വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നും നിനക്ക് അവമാനം സംഭവിക്കുമെന്നും പറഞ്ഞു. ശിവന്‍ പറഞ്ഞത് കേള്‍ക്കാതെ സതി യാഗത്തിനായി പുറപ്പെട്ടു. സതി പോയത് മനസ്സിലാക്കി ശിവന്‍ സതിയുടെ രക്ഷക്കായി ഭൂതഗണങ്ങള പിന്നാലെ പറഞ്ഞയക്കുന്നു.

രംഗം പതിനാറിൽ, ശിവന്‍ പറഞ്ഞത് അനുസരിക്കാതെ സതി യാഗം കാണുന്നതിനായി ദക്ഷന്റെ യാഗ ശാലയില്‍ എത്തി. സതിയെ കണ്ടു കോപം പൂണ്ട ദക്ഷന്‍ കോപത്തോടെ ശിവനെ നിന്ദ ചെയ്യുകയും സതിയോട് പോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ശിവനെ അപമാനിക്കരുതെന്ന സതിയുടെ വാക്യം ചെവിക്കൊള്ളാതെ ദക്ഷന്‍ സതിയെ യാഗശാലയില്‍ നിന്നും പുറത്താക്കി. വളരെ ദു:ഖത്തോടെ സതി യാഗശാലയില്‍ നിന്നു പോയി.

രംഗം പതിനേഴിൽ, ദക്ഷന്റെ വാക്കുകള്‍ കേട്ട ദു:ഖിതയായ സതി കൈലാസത്തില്‍ തിരിച്ചെത്തി പരമശിവനോട് സങ്കടമുണര്‍ത്തിക്കുന്നു.  ശിവന്‍റെ വാക്കുകള്‍ മാനിക്കാതെ പോയത് കാരണം അവമാനം ഉണ്ടായെന്നും ഇനിമുതല്‍ ദക്ഷന്‍ തന്റെ പിതാവല്ല്ലെന്നും ദക്ഷനെ വധിക്കാനുള്ള നടപടി ഉടന്‍ എടുക്കണമെന്നും സതി ശിവനെ അറിയിക്കുന്നു. പരമശിവന്‍ സതിയെ ആശ്വസിപ്പിക്കുന്നു. താമസിയാതെ ദക്ഷനെ വധിക്കുന്നുന്ടെന്ന്‍ പറഞ്ഞ് സതിയെ സമാധാനിപ്പിക്കുന്നു. പിന്നീട് കോപത്തോടെ തന്റെ മൂന്നാം തൃക്കണ്ണില്‍ നിന്ന് വീരഭദ്രനേയും ഭദ്രകാളിയേയും സൃഷ്ടിക്കുന്നു.

രംഗം പതിനെട്ടിൽ, ശിവന്റെ കോപാഗ്നിയില്‍ നിന്നും ഉണ്ടായ വീരഭദ്രനും ഭദ്രകാളിയും ശിവനുമുമ്പില്‍ വന്നു വണങ്ങുന്നു. എന്താണ് ചെയ്തുതരേണ്ടത്‌ എന്ന് വീരഭദ്രന്‍ ശിവനോട് ചോദിക്കുന്നു. ദക്ഷന്റെ യാഗശാലയില്‍ പോയി അഹങ്കാരിയായ ദക്ഷനെ കൊന്നുവരാന്‍ ശിവന്‍ ആജ്ഞാപിക്കുന്നു. ദേവന്മാരെയും മഹാര്‍ഷിമാരെയും വധിക്കരുതെന്നും ശിവന്‍ നിര്‍ദ്ദേശിക്കുന്നു.

രംഗം പത്തൊമ്പതിൽ, ദക്ഷന്റെ യാഗശാല. വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ആര്‍ത്തട്ടഹസിച്ച് യാഗശാലയിലേക്ക് വരുന്നു. പൂജാബ്രാഹ്മണരും മറ്റും പേടിക്കുന്നു. ദക്ഷന്‍ അവരെ ആശ്വസിപ്പിക്കുന്നു. ദക്ഷന്‍ അവരെ തടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും അവര്‍ യാഗശാലയില്‍ കടന്ന്  അവിടെയുള്ളവരെയൊക്കെ ആട്ടി ഓടിക്കുന്നു. ശിവനുള്ള യജ്ഞഭാഗം കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദക്ഷന്‍ അതിന് തയ്യാറാകുന്നില്ല. ഒടുവില്‍ അവര്‍ യാഗശാല തകര്‍ക്കുന്നു. യുദ്ധത്തിലൂടെ ദക്ഷന്റെ ശിരസ്സ് മുറിക്കുന്നു.

ത്രിലോകങ്ങള്‍ കുലുക്കുന്ന അട്ടഹാസത്തോടെ വീരഭദ്രന്‍ തന്‍റെ കരത്തിലുള്ള വാളുകൊണ്ട് ദക്ഷന്റെ ശിരസ്സറുത്ത് ഹോമിച്ചു. ശിവനിന്ദ കേട്ട് ആനന്ദിച്ചിരുന്ന ദേവന്മാര്‍ക്ക് അംഗ വൈകല്യങ്ങള്‍ വരുത്തി യാഗം തകര്‍ത്തു.

രംഗം ഇരുപതിൽ, ശിവന്‍ സതിയോടുകൂടി കാളപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. ദേവാദികള്‍ പരമശിവനെ സ്തുതിക്കുകയും ദക്ഷനെ ജീവിപ്പിച്ച് യാഗം പൂര്‍ത്തിയാക്കണമെന്നു അപേക്ഷിക്കുകയും ചെയ്യുന്നു. പരമേശ്വരന്‍ ദക്ഷന് ആടിന്‍റെ തല നല്‍കി ജീവിപ്പിച്ച് യജ്ഞം പൂര്‍ത്തിയാക്കാമെന്ന് ഉറപ്പുനല്‍കുന്നു.

രംഗം ഇരുപത്തിയൊന്നിൽ, ആടിന്റെ തലയോടുകൂടിയ ദക്ഷന്‍ പശ്ചാത്തപിച്ച് ശിവനെ സ്തുതിക്കുന്നു. ഭഗവാന്‍ ദക്ഷനെ അനുഗ്രഹിച്ച് സന്തോഷത്തോടെ കൈലാസത്തിലേക്ക് മടങ്ങുന്നു. അങ്ങിനെ അനുഗ്രഹം നല്‍കി ത്രിപുരാന്തകനായ ഗിരീശന്‍ ദയിതയോടോപ്പം കൈലാസത്തിലേക്ക് പോയി. ആനന്ദവാന്മാരായ ദേവന്മാരാലും മുനിമാരാലും പ്രശംസിക്കപ്പെട്ട യശസ്സോടുകൂടിയ പ്രജാപതിയായ ദക്ഷന്‍ സ്വന്തം പുരിയില്‍ വളരെ സുഖത്തോടെ വസിച്ചു.

അഗേന്ദ്രഭൂഷിതം ദേവമപി നാഗേന്ദ്രഭൂഷിതം എന്ന് തുടങ്ങുന്ന മംഗളശ്ലോകത്തോടേ ദക്ഷയാഗം കഥ അവസാനിക്കുന്നു.

 രംഗാവതരണത്തിലെ സവിശേഷതകൾ

ആദ്യരംഗത്തിലെ ദക്ഷന്റെ ‘പൂന്തേൻ വാണി’ എന്ന പതിഞ്ഞ ശൃഗാരപ്പദം ചിട്ടപ്രധാനവും മനോഹരവുമാണ്. കിർമ്മീരവധത്തിലെ ധർമ്മപുത്രരുടെ ‘ബാലേ കേൾ’ എന്ന പതിഞ്ഞപദത്തിന്റെ അതേ മാതൃകയിലാണ് ‘പൂന്തേൻ വാണിയും‘ ചിട്ടചെയ്തിരിക്കുന്നത്. ധർമ്മപുത്രർക്ക് കരുണവും ദക്ഷനു ശൃഗാരവുമാണ് സ്ഥായീരസം എന്നതാണ് ഇവിടെ വത്യാസമായുള്ളത്. പല്ലവിയ്ക്കുശേഷമുള്ള പതിഞ്ഞ വട്ടംവെയ്ച്ചുകലാശം ഈ രണ്ടു പദങ്ങളുടേയും ഒരു പ്രത്യേകതയാണ്.
രണ്ടാം രംഗത്തിലെ ഭക്തിരസപ്രധാനമായ ‘കണ്ണിണയ്ക്കാനന്ദം’ എന്നു തുടങ്ങുന്ന ദക്ഷന്റെ പദം അഭിനയപ്രധാന്യമുള്ളതും മനോഹരവുമാണ്.
പത്താം രംഗത്തിലെ ദക്ഷന്റെ ‘അറിയാതെ’ എന്നുതുടങ്ങുന്ന പദവും ചിട്ടയ്ക്കും അഭിനയത്തിനും ഒരുപോലെ പ്രാധാന്യമുള്ളതാണ്.
വീരഭദ്രൻ, ഭദ്രകാളി എന്നീ രണ്ട് അത്യുഗ്രവേഷങ്ങൾ ഭൂതഗണങ്ങളോടൊപ്പമെത്തി സംഹാരതാണ്ഡവമാടുന്ന 19, 20 രംഗങ്ങൾ കഥകളിയുടെ ദൃശ്യപരതയ്ക്ക് മോടിനൽകുന്നതും ജനരഞ്ജകമായവയുമാണ്.ഇരുപത്തിഒന്നാം രംഗത്തിൽ ശിവനോടൊപ്പം സതിയും രംഗത്തുള്ളതായാണ് ആട്ടകഥയിൽ പറയുന്നതെങ്കിലും അരങ്ങിൽ സതി പതിവില്ല. ആട്ടകഥയിൽ സതി ആത്മാഹുതി നടത്തുന്നതായി പറയുന്നില്ലെങ്കിലും ചിലപ്പോൾ(നടന്റെ മനോധർമ്മാനുസ്സരണം) പതിനെട്ടാം രംഗത്തിനൊടുവിൽ(ശിവനോട് സങ്കടമുണർത്തിച്ച് അദ്ദേഹത്തിന്റെ മറുപടിയും ശ്രവിച്ചശേഷം) സതി ആത്മാഹുതി ചെയ്യുന്നതായി ആടാറുണ്ട്.

ആട്ടകഥയുടെ അവതരണശ്ലോകം
ശ്രീരാമവർമ്മ കുലശേഖരസോദരസ്യ
മാർത്താണ്ഡവർമ്മ യുവഭൂമിപതേർന്നിദേശാത്കേനാപി തല്പദജുഷാ കില ദക്ഷയാഗ-
നാട്ട്യപ്രബന്ധമുദിതം സുധിയഃ പുനന്തു

വേഷങ്ങൾ
ദക്ഷൻ-പച്ച
ശിവൻ-പഴുക്ക
സതി-സ്ത്രീവേഷം മിനുക്ക്
വീരഭദ്രൻ-ചുവന്നതാടി
ഭദ്രകാളി-
നന്ദികേശ്വരൻ-

കഥകളിയിലെ വേഷങ്ങൾ------------- 👇🏼

വിവാഹരംഗം (ദക്ഷൻ, ശിവൻ, സതി, ഇന്ദ്രൻ )
ദക്ഷന്റെ യാഗശാലയിൽ എത്തുന്ന സതി

മടങ്ങിയെത്തുന്ന സതിയെ ശിവൻ ആശ്വസിപ്പിക്കുന്നു




1

കൊട്ടിയൂരമ്പലവുമായി ദക്ഷയാഗം കഥയ്ക്ക നല്ല ബന്ധമുണ്ട്ട്ടോ
കൊടീയൂരില്‍ സ്വയംഭൂ ലിംഗം ഉണ്ടയതിനെ കുറിച്ചുള്ള കഥ ഇങ്ങനെയാണ് .പരമശിവന്‍റെ ഭാര്യയായ സതീദേവിയുടെ അച്ഛന്‍ ദക്ഷന്പ്രജാപതി ഒരിക്കല്‍ ഒരു യാഗം നടത്താന്‍ തീരുമാനിച്ചു.പലരേയും യാഗത്തിന്‍ ക്ഷണിച്ചെങ്കിലും സതീദേവിയെയും പരമശിവനേയും മാത്രം ക്ഷണിച്ചില്ല. അച്ഛന്‍റെ യാഗത്തിന്‍ പോകണമെന്ന് സതീദേവി ശാഠ്യം പിടിച്ചു മനസ്സില്ലാമനസ്സോടെ യാഗത്തിന് ശിവന്‍ ഭൂതഗണങ്ങളുടെ കൂടെ സതീദേവിയെ പറഞ്ഞയച്ചു.പക്ഷേ ക്ഷണിക്കാതെ യാഗത്തിനെത്തിയ സതീദേവിയെ ദക്ഷന്‍ അപമാനിച്ചു അതില്‍ അപമാനിതയായ സതീദേവി യാഗാഗ്നിയില്‍ ആത്മാഹൂതി ചെയ്തുകൈലാസത്തിലിരുന്ന് ഇതെല്ലാം കണ്ട ശിവന്‍ കോപത്താല്‍ വിറച്ചു സ്വയം ജടപറിച്ചു നിലത്തടിച്ച്ശിവന്‍ വീരഭദ്രനെ സൃഷ്ടിച്ചു. ശിവന്‍റെ കല്പനപ്രകാരം വീരഭദ്രനും കൂട്ടരും ദക്ഷന്‍റെ ശിരസ്സറുത്തു. യാഗം മുടങ്ങുമെന്ന് ഭയന്ന ദേവന്മാരും മുനിമാരും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ചേര്‍ന്ന് യാഗം പൂര്‍ത്തിയാക്കണമെന്ന് ശിവനോടപേക്ഷിച്ചു.ശിവന്‍ യാഗഭൂമിയില്‍ പ്രത്യക്ഷനായി ദക്ഷന്‍റെ കബന്ധത്തില്‍ ആടിന്‍റെ തലയറുത്തു ചേര്‍ത്തു വച്ച് യാഗം പൂര്‍ത്തിയാക്കിച്ചു.പിന്നീട് ഈ പ്രദേശം വനമായി മാറി. ദക്ഷയാഗം നടന്ന പ്രദേശമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. അവിടെ താമസമുരപ്പിച്ച കുറിച്യരുടെ അമ്പുതട്ടി ഒരു കല്ലില്‍ നിന്നു രക്തം വാര്‍ന്നു . അത് ശിവലിംഗമായിരുന്നു. ഇതാണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്വയംഭൂലിംഗം.

ഭഗവാൻ പരമശിവനെ അപമാനിക്കാൻ സതിയുടെ പിതാവായ ദക്ഷൻ യാഗം നടത്തിയ സ്ഥലമ്മാണ് കൊട്ടിയൂർ. കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉൽസവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.
********************************************************