ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

22-7-2017

📝 നവസാഹിതി📝
സൈനബ്
🖍🖍🖍🖍🖍🖍🖍

ഇവിടെ ഉള്ള എഴുത്തുകാർ അവരുടെ രചനകൾ പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ..ഒരുപാട് നീണ്ടത് വേണ്ട ഹൃസ്വമായത് മതി .. ഇടുന്ന രചനകളുടെ ( ഗ്രൂപ്പിലുള്ളവരുടെയും പുറത്ത് നിന്നുള്ളതും)ചെറിയ നിരൂപണങ്ങൾ ആരെങ്കിലും എഴുതുവാണേൽ നന്നായിരുന്നു ..
നമ്മുടെ കഴിവുകൾ വളർത്താൻ ഈ വേദി ഉപകാരപ്പെടട്ടെ ..👍🙏      
            
പിണക്കങ്ങള്‍..
*****
പിണക്കങ്ങളിലേക്ക്
ആഴ്ന്നിറങ്ങുമ്പോഴാണ്
ഞാന്‍ ‍നിന്റെ ഹൃദയം
തൊടുന്നത്.

പറയാതെപോയ ഒരു
യാത്രമൊഴിക്ക്
കാതോര്‍ക്കുമ്പോഴാണ്
ഒറ്റയ്ക്കാണെന്ന ഒരോര്‍മ്മ
ഒടുവിലെ പടിയില്‍
കാത്തുനില്‍ക്കുന്നത്.

നിന്റെ കണ്ണീര്
വഴിമാറി സഞ്ചരിക്കാന്‍
പുതിയ പാതകള്‍
തിരയുമ്പോഴാണ്
എന്റെ വാക്കുകള്‍ക്ക്
ജീവനില്ലാതെപോകുന്നത്.

ഒരു പൗര്‍ണ്ണമിയില്‍
പരിഭവം  പുതച്ചെത്തുന്ന
പാതിരാക്കാറ്റിനോട്
വേലിപടര്‍പ്പിലെ
പേരറിയാത്ത വെളുത്ത
പൂക്കളാണ് പറഞ്ഞത്
സ്വപ്നത്തില്‍ മാത്രം വിരിയുന്ന
പ്രണയത്തിന്റെ ചുവന്ന
പൂക്കളെക്കുറിച്ച്...!!
                                        ചന്തു-
ആർദ്രമായ വിരഹത്തിന്റെ സുവ മുള്ള ഒരു നോവ് വരച്ചിടുകയാണ് കവി .
ആത്മാവ് തൊട്ട പ്രണയത്തിന്റെ പുനസ്സമാഗമം പടിപ്പുരയിലെ നീണ്ട കാത്തിരിപ്പിന് വഴിമാറുമ്പോൾ ആശ്വാസവാക്കുകൾക്ക് ജീവനില്ലാതെ പോകുന്നു ..
ബലൂൺ

ഒരു സൂചിമുന മതി ,
അപരന്റെ
ശ്വാസം കൊണ്ട്
തടിച്ചുകൊഴുത്ത
നിന്നകം
പൊള്ളയെന്നറിയാൻ ...

സൈനബ് ,,


അനാഥന്റെ ഓർമ്മക്കുറിപ്പ്

 👣👣👣👣👣

ഒരു പാട്ട്
ഇലകൾക്കെല്ലാമിടയിലൂടെ
കുമിളകുമിളയായി പ്പതഞ്ഞൊഴുകുന്ന സന്ധ്യയിൽ

ഞാൻ പള്ളിക്കുന്നു കയറിവന്നു
പ്രാർത്ഥനയുടെ കറുത്തജ്വാലപോലെ
പളളിച്ചുവട്ടിൽ ഞാൻ നിന്നു

വെളുത്ത ചെമ്പകത്തിന്റെ ചുവട്ടിൽ
നീണ്ട നിഴലുകൾ കുരിശു വരച്ചു


ഉറങ്ങാൻ കരയുന്ന കാക്കകൾക്കും
നീണ്ട അജരോദനങ്ങൾക്കും
ചുവന്ന മേഘങ്ങൾക്കുമിടയിലൂടെ
രാത്രി കടന്നുവന്നു

നിഴലുകൾ അദൃശ്യമാകാൻ തുടങ്ങി

കുഞ്ഞു നിക്കറും കുഞ്ഞുടുപ്പുമിട്ട്
അമ്മയുടെ കൈപിടിച്ചു ഞാൻ
കയറിയിറങ്ങിയ വാതിലുകൾ,
നോക്കി നിൽക്കെ മറഞ്ഞു പോകാൻ തുടങ്ങി...

സെമിത്തേരിയുടെ അഖണ്ഡനിശ്ചലത
അമ്മയുടെ കാല്പെരുമാറ്റത്തിൽ
നുറുങ്ങിയുടഞ്ഞു

ചുവന്ന പൂക്കളുള്ള സാരി
കുരിശുകൾക്കിടയിലൂടെ
എന്റെ അടുത്തേക്കു നടന്നു വന്നു

കണ്ണുകൾ മെഴുതിരിയായെരിഞ്ഞൊഴുകാൻ തുടങ്ങി

എന്റെ ഈശോയേ
എന്റമ്മച്ചിയുടെ സ്വരം ഞാൻ കേൾക്കുന്നു
ചോറുരുളയുടെ മണമുള്ള വിരലുകൾ
എന്റെ തലമുടികൾക്കിടയിലൂടെ അരിച്ചു നടന്നു

രാത്രി ഒരു മന്ത്രവാദിനിയെപ്പോലെ
കറുത്ത ശിരോവസ്ത്രമണിഞ്ഞ്
കൂനിക്കൂടിയിരിക്കുന്നു.
അമ്മ എന്റെ ഒട്ടിയ വയറിന്മേൽ
ഉടുപ്പിന്റെ മുറിവുകളിൽ വിരലോടിച്ചു

മിഴിത്തുള്ളികൾ പൊഴിയുന്ന
ആകാശത്തിലെ കറുത്ത വയലുകളിലൂടെ
ഞാൻ അമ്മയുടെ വിരൽ പിടിച്ചു നടന്നു

അമ്മ കഥകൾ പറയുന്നുണ്ടായിരുന്നു
വയലുകൾക്ക് നടുവിലെത്തിയപ്പോൾ

അമ്മയെക്കണ്ടില്ല

വിരൽത്തുമ്പിൽ നിന്നുംഅമ്മയെവിടെപ്പോയെന്ന് തിരഞ്ഞ്
ഇരുട്ടും നിലാവും കുഴഞ്ഞവരമ്പുകൾ തോറും ഞാൻ വിളിച്ചു കൊണ്ട് നടന്നു
ചോറുരുളയുടെ മണമുള്ള
കഥയുടെ ചേലാഞ്ചലം
നിങ്ങൾ കണ്ടുവോ .......
🦋🦋🦋🦋🦋🦋🦋🦋


റെജി കവളങ്ങാട്

കഥ
ഇര


ജീപ്പോടിച്ച് വരുമ്പോള്‍ രഘുവിന്റെ കണ്ണുകള്‍ മദ്യലഹരിയില്‍ തൂങ്ങി..
'' സാറേ.. ഒരു കോളൊത്തിട്ടുണ്ട്..''
'' എത്ര വയസ്..?''
''കൂടിയാല്‍ ഇരുപത്..''
ആ ഫോണ്‍സംഭാഷണം അയാള്‍ക്ക് വീര്യം കൂട്ടി.. ജീപ്പിന്റെ വേഗത കൂട്ടി..


''ഒച്ചയുണ്ടാക്കരുത്.. അതാ  നിനക്കു നല്ലത്..''
ആണ്‍കരുത്തിന്റെ ആഘോഷങ്ങള്‍ക്കൊടുവില്‍ ആര്‍ത്തിയുടെ കാട്ടുതീ അണയവേ അവളുടെ വാക്കുകളുടഞ്ഞു ചിതറി..
'' അങ്കിള്‍.. സുധേടെ അച്ഛനല്ലേ.. അവളെവിടെ..? ഞങ്ങള്‍ ഒന്നിച്ചായിരുന്നു..''

അലറിക്കൊണ്ടയാള്‍ പുറത്തേക്കോടി..

സജദില്‍ മുജീബ്

വാവ്
ഉറക്കൊന്നു കഴിഞ്ഞു ഞാൻ
ഞെട്ടിയുണരുന്നു.
അകത്തെ ഇരുട്ടിൽ കാലൊച്ചകൾ ,
പിറുപിറുക്കൽ,
ഞരക്കങ്ങൾ.

കിടക്കയിൽ പരതി ഞാൻ .
ഇടത്ത്
പ്രിയ പത്നി സഗാഢം നിദ്രയിൽ.
ആരൊക്കെയോ
എന്തോ പരതുന്നു എന്നിൽ.
കിടപ്പറഭിത്തിക്കും
തടുക്കുവാനാവാതെ
എന്നിലേക്ക് നീളുന്ന
വൃദ്ധ ഹസ്തങ്ങൾ ,
ശാപ, ശകാര വാക്കുകൾ.
ഏങ്ങലടി, മുരൾച്ചകൾ
എല്ലാം  എന്നോ
മറന്ന ശബ്ദങ്ങൾ.

ആരിവർ?
കാലുകൾ നിലം തൊടാത്ത
ഋണ സ്മരണകൾ!
പെട്ടന്നൊരു മിന്നൽ വെളിച്ചത്തിലോർത്തു
ഞാൻ
കർക്കിടകം !
പിതൃക്കളായ്പ്പോയവർ
വന്നെത്തും വാവു ദിനം!

കറുക വെച്ചൊരു
തിലോദകം പോലും
പകരുവാൻ മറന്നു ഞാൻ.
ഭയന്നു വിറങ്ങലടിച്ചു
കരയവേ
നെറ്റിയിലൊരു തണുത്ത
കൈ സ്പർശം!
അമ്മയുടെ ഗന്ധം!
എല്ലാം ശാന്തം

ടി.ടി.വി. vasudevan


ഉമാതൃദീപ്
                  🔹
വരളുമെൻ ചുണ്ടുകൾക്കൊരു നീർക്കണം മതി
ഉരുകുമെന്നാത്മാവിനൊരു തലോടൽ മതി
ഇടറിപ്പിടഞ്ഞു പതിക്കുവാനായവേ
താങ്ങിയുയർത്തുവാനൊരു കൈത്തലം മതി

ചാലിട്ടൊഴുകിയില്ലെങ്കിലും വേണ്ടില്ല
കണ്‍കളിന്നൊന്നു നിറഞ്ഞുവെങ്കിൽ മതി
ജ്വരമേറിയാകെത്തപിക്കുമെൻ ദേഹത്തി
ലൊന്നുചുറ്റാനൊരു നനവു മാത്രം മതി

ഒരു മാമരത്തിന്റെ തണലു മാത്രം മതി
കിളിയൊച്ച പോലതിലൊരു കിനാവും മതി
നീലയാമാകാശ,മൊരു മേഘവും മതി
താഴെച്ചിരിക്കുന്ന പൂവൊരെണ്ണം മതി

കൈകോർത്തു കൂടെ നടന്നില്ലയെങ്കിലും
ഒപ്പമുണ്ടെന്നോരുറപ്പു മാത്രം മതി
പൊയ്പ്പോയതൊന്നുമേ യോർമ്മയില്ലെങ്കിലും
നാളെയെന്തെന്നൊരു ചിന്ത മാത്രം മതി

തളരാതെ കാക്കുവാനൊരു ചുംബനം മതി
കൈവിട്ടുപോകാതെയൊരു കരുതൽ മതി..
സ്വന്തമാണെന്നൊരു തോന്നൽ മാത്രം മതി
ഓർക്കുവാനീയൊരു ദിനമെങ്കിലും മതി
               ഉമാതൃദീപിന്റെ രചനയാണിത്.കവിതയുടെ പേര്_ഭൗമദിനം


********************************************