ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

23-9-2017

നവസാഹിതി

🌷🌷🌷🌷🌷🌷🌷🌷
സൈനബ
🌷🌷🌷🌷🌷🌷🌷🌷


കാലത്തിന്റെ ഗതിവേഗങ്ങള്‍.

കറുത്ത ചുണ്ടിലെ
കനലൂതി കെടുത്തരുത്..!

അതൊരു തെമ്മാടിയുടെ
കരള്‍ പുകയുന്ന വേദനയാണ്..

ചിതറിപോയ സ്നേഹങ്ങളെ
ഒറ്റവരിയിലെഴുതരുത്..

ചിതലരിക്കാത്ത ചിന്തകളെപോലെ
അവ പാറിനടക്കട്ടെ..!

പകലിനും,ഇരുളിനുമിടയില്‍
നാം കണ്ട സ്വപ്നങ്ങളുടെ
ആഴമളക്കരുത്..!

അവയെല്ലാം ചിറകറ്റുവീണ
ഇൗയലുകളുടെ ആത്മാവ്
മാത്രമായിരുന്നു...!

ആര്‍ദ്രമായ ചുണ്ടുകളിലെ
സ്നേഹം കൊത്തിയെടുത്ത്
ചുംബനമെന്ന് പേരിടരുത്..!

ഒരു നിലാവില്‍ തെളിയുകയും
അമാവാസിയില്‍ മറയുകയും
ഋതുക്കളുടെ സംഗമത്തുടിപ്പില്‍
ഒറ്റപ്പെടുകയും ചെയ്യുന്ന
കാലത്തിന്റെ ഗതിവേഗങ്ങളെ
ഇനിയും പ്രണയമെന്ന് പേരിട്ട്
വിളിക്കരുത് ..!
                                        ചന്തു- 
*************************** 
മുല്ലപ്പൂക്കൾ സിന്ദൂര മണിഞ്ഞു.

കാറ്റു വീശുകയാണ്
എങ്ങോ വിരിഞ്ഞ
നിശാഗന്ധിയുടെ വരവറിയിച്ച് ....
അതിനിടയിൽ
അമ്മേ......
ഞാനറിഞ്ഞു
ആ കണ്ണുകളുടെ
ചൂഴ്ന്നു നോട്ടം
ഉമ്മറത്ത്
പറിച്ചു വച്ച
അരിമുല്ലപ്പൂക്കൾ
കൊഞ്ഞനം കുത്തുന്നുണ്ടാവാം....
അവന്റെ
കരവലയത്തിൽ ഒതുങ്ങി
വലംവയ്ക്കേണ്ട മണ്ഡപം

കത്തിത്തീർന്നിരിക്കാം....
നിലവിളക്കിൻ തിരികൾ
കല്യാണസദ്യയുണ്ണാൻ
കാക്കകൾ
മത്സരിക്കുന്നുണ്ടാവാം.....
പണ്ട്
തീവണ്ടി കാണാൻ
വാശി പിടിച്ചതും
അച്ഛന്റെ കരം പിടിച്ച്
കണ്ണുതള്ളുംവരെ കണ്ടതും,
ഇന്ന്
ഏതോ റെയിൽ പാളത്തിൽ
ഞാൻ അനാഥയായി....
എന്നിലെ എന്നെ പോലും
ബാക്കി വെച്ചില്ല'
ആ ചുവന്ന കണ്ണുകൾ
എന്റെ
കൺമഷിത്തിളക്കം കണ്ടില്ല.
കുപ്പിവള കിലുക്കം കേട്ടില്ല
കണ്ടത് ,
എന്നിലെ പെണ്ണിനെ മാത്രം

അറിയാം.....
ഞാനിനിയില്ല
നാളെ
ബലിച്ചോറുണ്ണാൻ
കാക്കകൾ മത്സരിക്കും
എനിക്കായി
മുല്ലപ്പൂക്കൾ സിന്ദൂരമണിയും

                                    - ഷാദിയ. ടി
***************************

സ്നേഹത്തെ 

നിർവചിക്കും മുമ്പ്

ഉള്ളു നിറയെ 
സ്നേഹം കായ്ക്കുന്ന  
കാടുണ്ടെങ്കിൽ 
ഹൃദയമേ..എന്ന് 
തന്നെ വിളിക്കണം.

വിളി കേൾക്കാതെ 
കണ്ണ് ചുവപ്പിച്ച് 
ലഹരിയുടെ 
ഹിമാലയങ്ങൾ തേടി 
കാടിറങ്ങുന്നവരുടെ 
ഭൂതകാലം 
മുറിവുണങ്ങാത്ത 
കാല്‍പാദങ്ങളാണെന്ന്
കരുതണം.
സ്നേഹമെന്നു  
പറഞ്ഞു പഠിച്ച 
വരികൾക്കിടയിലൂടെ  
ചിറകില്ലാത്ത പൂമ്പാറ്റകൾ
ഒറ്റയ്ക്ക് ഒറ്റയ്ക്ക് നടന്നു 
പോവുമ്പോൾ 
അടിവരയിടണം.

സ്നേഹത്തിന്റെ 
വരൾച്ചയിൽ
ഉറവകൾ സ്വപ്‍നം
കാണുന്ന മീനിനെ 
കണ്ണീരെങ്കിലും  
പുതപ്പിക്കണം.

പൊള്ളുന്ന ചില്ലകളിൽ 
ഇല തളിർക്കുന്നതും 
കാത്തു, മുടി മിനുക്കി 
കണ്ണെഴുത്തുന്ന
പെൺപക്ഷിക്കുമാത്രം 
വെയിലുണക്കിയ 
മരങ്ങളെ പറഞ്ഞു 
കൊടുക്കണം.
തിരയിളക്കങ്ങൾക്കു 
മുകളിൽ വെന്തുപാകമായ  
മഴ മേഘത്തിനു 
മണ്ണിന്റെ വിശപ്പിനെ കുറിച്ച്
പൊള്ളിച്ചെഴുതണം.

കടൽ കരയുടെ ചുമലിൽ
ചിത്രം വരയ്ക്കുമ്പോൾ   
കടലിന്റെ കവിളിൽ 
അമർത്തി ചുംബിക്കുമ്പോൾ. 

ഒറ്റ ശംഖിലെ
കടലൊച്ചകൾ 
ഒളിഞ്ഞിരുന്നൊന്നു 
കേൾക്കുന്നത് 
നന്നാവും.

സ്‌നേഹത്തെ 
നിർവചിക്കും മുമ്പ്..

                     - അനസ് ബാവ
***************************
തിരിച്ച് പോക്ക്

വാപ്പച്ചിയുടെ ഖബറിന് മുകളിലെ നനഞ്ഞ മണ്ണിൽ മൈലാഞ്ചിച്ചെടിയുടെ കൊമ്പ് ആഴ്ത്തിയിറക്കുമ്പോൾ ബഷീർ  അത് വരെ അടക്കി വെച്ച കണ്ണീ നീരിൽ നിന്ന് ഏതാനും തുള്ളികൾ  ഖബറിന്  മുകളിലേക്ക് ഇറ്റി വീണു..........

അപ്പോൾ.........                        
എല്ലായ്പോഴുമെന്ന പോലെ വാപ്പച്ചി  തന്നെ ചേർത്ത് പിടിക്കുന്നതായി അവന് തോന്നി....


" ഇയ്യെന്തിനാ  ബഷീറേ കരയണത്........? ഈ ദുന്ന്യാവില്  നമ്മളൊക്കെ വെറും വിരുന്ന് കാരനല്ലേ.......... 
 ഏത് വമ്പനായാലും  ഇവ്ട്ന്നൊരു  തിരിച്ച്  പോക്ക്  നിർബന്ധല്ലേടാ..........? 
പിന്നെ  വാപ്പച്ചി പോണത്   അന്റു മ്മച്ചീന്റടുത്ത് ക്കല്ലേ...?
എത്ര കാലായ് ഉമ്മച്ചി കാത്തിരിക്ക്ണ്........?


ഉമ്മച്ചിയെ കുറിച്ച് പറയുമ്പോൾ ആ മുഖത്ത് നിലാവുദിക്ക്ണത് ബഷീർ ഒരിക്കൽ കൂടിമനസ്സിൽ കണ്ടു......

ഈ ഒരു ദിവസത്തിന് വേണ്ടി വാപ്പച്ചി കൊറേ കാലായിട്ട് ഒരുങ്ങിയിരിക്കുകയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്........
നിസ്സാരമായി വന്ന ഒരു പനിക്ക്  വാപ്പച്ചിയും  ഞാനും  നിർബന്ധിച്ച്  ഹോസ്പിറ്റലിൽ കൊണ്ട് പോയ  ഉമ്മച്ചിയെ  പിറ്റേന്ന്  മയ്യത്ത് കട്ടിലിൽ  പള്ളിക്കാട്ടിലേക്ക്  എടുക്കേണ്ടി വന്നപ്പോഴായിരിക്കും  വാപ്പച്ചി  ജീവിതത്തിലാദ്യമായി  തോറ്റ് പോയത്....

ഏത് പ്രതിസന്ധിയേയും ചങ്കുറപ്പോടെ നേരിട്ട വാപ്പച്ചി ഉമ്മച്ചിയെ  അടക്കം ചെയ്ത് വീട്ടിലെത്തിയപ്പോൾ  " ഉമ്മ മ്മാനെ എങ്ങട്ടാ കൊണ്ട് പോത് ഉപ്പപ്പാ "  എന്ന എന്റെ  റിസുമോന്റെ ചോദ്യത്തിന് മുന്നിൽ തളരുന്നതും  " ഉമ്മമ്മ  നമ്മളെ കൂട്ടാണ്ട്  സ്വർഗത്തീ പോയട കുഞ്ഞോനേ....... "ന്ന് പറഞ്ഞ് ചങ്ക് പൊട്ടിക്കരഞ്ഞതും  മറക്കാനാവാതെ  ഇന്നും ഓർമ്മകളിൽ  കത്തിനിൽക്കുന്നുണ്ട് ........

ദിവസങ്ങൾ കഴിയുന്തോറും വാപ്പച്ചി  കൂടുതൽ  കൂടുതൽ മൗനിയായി..........
അധിക സമയവും നമസ്കാരത്തിലും ഖുർആൻ  പാരായണത്തിലും മുഴുകി   മരണത്തെ    വുളു വെടുത്ത് കാത്തിരുന്നു വാപ്പച്ചി......

പറമ്പിലെ പണിക്കാർ   ഇടക്കിടെ സംശയങ്ങളുമായ് വരാൻ തുടങ്ങിയപ്പോൾ വാപ്പച്ചി എന്നെ അടുത്ത് വിളിച്ചു 
 " ബഷീറേ..... അഞ്ചെട്ടേക്കർ  പൊന്ന് വിളയ്ണ  മണ്ണാ അത്...... 
 അന്റെ  ബിസിനസ്സിന്റെ എടേല്  കൃഷി ചെയ്യാൻ  അനക്ക് ഒഴിവുണ്ടാവൂലാന്ന്  അറിയാം...... 
പക്ഷേ  ഉമ്മച്ചിക്ക്  വല്ല്യ ഇഷ്ടായിന് ആ വളപ്പും  അതിലെ കൃഷിം..........
 അത് കൊണ്ട്  പണിക്കാരെ വെച്ച് അത്  മുന്നോട്ട്  കൊണ്ടോവണം......

വാപ്പച്ചിക്ക് ഇടയ്ക്ക്  വളപ്പിലൊക്കെ ഒന്ന് പൊയ്ക്കൂടേ..........? 
പഴയ പോലെ പണിയൊന്നും എടുക്കണ്ട  പണിക്കാരോട്  തമാശകൾ പറഞ്ഞുo  ഇടക്ക് കയർത്തും വാഴക്കൂമ്പുകളിൽ തലോടിയും എനിക്കാ പഴയ വാപ്പച്ചീനെ   ഒന്നൂടെ കാണണo...............
ഇവിടെ ഈ റൂമിനകത്ത് നിങ്ങള് അടഞ്ഞിരിക്കണത് കാണുമ്പോ എന്റെ ചങ്ക് തകര്ണ് ണ്ട് വാപ്പച്ചീ.......

ഏറെ നേരത്തെ മൗനത്തിനു ശേഷം തേങ്ങലടക്കി ചിരി വരുത്തി അദ്ദേഹം പറഞ്ഞു  "ബഷീറേ........ പുരുഷന്റെ  എല്ലാ  നെട്ടുർമകളും അവന്റെ  കെട്ട്യ പെണ്ണിന്റെ  ബലത്തിലാ....... എടയ്ക്ക്  വെച്ച്  തനിച്ചാക്കി  ഓള് പോയാപ്പിന്നെ കയിഞ്ഞു  ആണിന്റെ കര്ത്ത്..............  "  തളർന്ന് ഇടറിയ വാക്കുകൾക്ക് മുന്നിൽ ബഷീർ മൗനിയായി.....

"വാപ്പച്ചിക്ക് വല്യ രോഗങ്ങളൊന്നൂല്ല .  എമ്പാടുംസ്വത്തൂണ്ട്   ഇയ്യും കൂടി സമ്മതിക്ക്യാണങ്കി ഞമ്മക്ക്  വാപ്പച്ചിയെ കൊണ്ട് ഒരു പെണ്ണ് കെട്ടിച്ചാലെന്താ........." ?
ഹൈദർ ഹാജി അങ്ങിനെ പെട്ടെന്ന് ചോദിച്ചപ്പോൾ ഉത്തരം മുട്ടിപ്പോയി.....
സ്നേഹനിധിയായ ഉമ്മച്ചിയുടെ സ്ഥാനത്ത് മറ്റൊരാൾ............... അംഗീകരിക്കാൻ  മനസ്സിന് കഴിയുന്നില്ലെങ്കിലും  പഴയ  ആ ചുറുചുറുക്കുള്ള വാപ്പച്ചിയെ  തിരിച്ച് കിട്ടിയെങ്കിലോ  എന്നോർത്ത്   ഹൈദറാജിയോട്  സമ്മതം മൂളി...

പിറ്റേന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോൾ വാപ്പച്ചി അൽപ്പം ഉച്ചത്തിലും പഴയ ഗൗരവത്തിലും എന്നെ വിളിച്ചു.
" ബഷീറേ..... "
വാപ്പച്ചി കട്ടിലിലിരുന്ന് കിതക്കുകയാണ്.....
കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു  
" എന്തു പറ്റി......?"
കിതപ്പു മാറി തുടങ്ങിയപ്പോൾ  ശാന്തത വരുത്തി അദ്ധേഹം പറഞ്ഞ് തുടങ്ങി  

 "ഇന്ന് ഉച്ചക്ക് ഹൈദറാജി വന്നീന്...... ഇന്നെ പെണ്ണ് കെട്ടിക്കാൻ...........
ഇയ്യും കൂടി അറിഞ്ഞിട്ടാണോ ഈ  പരിപാടീന്ന് ഇക്കറീല്ല. ആണേലും  അല്ലേലും  വാപ്പച്ചീന്റെ  കുട്ടി  ഒരു കാര്യം മനസ്സിലാക്കണം
ഇതാ..... നോക്ക്..... ഈ  നെഞ്ചിന്റെ  ഉള്ളിലാ  അന്റെ ഉമ്മച്ചീനെ  ഞാൻ മറമാടിക്ക്ണത്..............
ഉമ്മച്ചീന്റെ ചൂടും ചൂരും കൊണ്ടാ  ഞാനിന്നലേം  ഒറങ്ങീത്..........
അത്  ഇന്റെ മരണം വരീം അങ്ങനതന്നേയിരിക്കണം.............................
അതില്ലാണ്ടായാ  അന്ന്  ഈ  വാപ്പച്ചി  മയ്യത്താ.........................
നാളെ  ഉമ്മച്ചീന്റെ കയ്യ് പിടിച്ചിട്ട് വേണം  ഇക്ക് ജന്നാത്തുൽ  ഫിർദൗസില് കേറിചെല്ലാൻ...................
അയിന്റെ എടേല് വേറൊരുത്തീനെ  എടപെടീക്കര്ത്  മോനേ............

ഒരു കുഞ്ഞു പൈതലിനെപ്പോലെ വിതുമ്പിക്കരഞ്ഞ് അന്ന് വാപ്പച്ചി  എന്നെ കെട്ടിപിടിച്ച നേരം  സങ്കടം കൊണ്ട് മറുത്തൊന്നും പറയാനാവാതെ ഞാനും ഏറെ നേരം കരഞ്ഞു ..........

കഴിഞ് പോകുന്ന ഓരോ ദിവസത്തിലുo ഒരു വർഷത്തിന്റെ വാർദ്ധക്യം വാപ്പച്ചിയിൽ പ്രകടമായി...........
അസുഖങ്ങൾ വരുമ്പോൾ മരണമെത്തിയെന്ന തോന്നലിൽ വാപ്പച്ചി  കുളിച്ചൊ രുങ്ങി കാത്തിരുന്നു.........

ഉമ്മച്ചിക്ക് വന്ന പോലെ ഒരു നേർത്ത പനിയുമായിട്ടായിരുന്നു  വാപ്പച്ചി കാത്തിരുന്ന മരണമെത്തിയത്........
കട്ടിയുള്ള പുതപ്പിനുള്ളിൽ വാപ്പച്ചി കിടന്ന് ഞരങ്ങി..........
"നമുക്കൊന്ന് പോയി ഡോക്ടറെ കാണാ" മെന്ന് നിർബന്ധിച്ചപ്പോഴൊക്കെ വാപ്പച്ചി എതിർത്തു.............

"ഈ ദുന്യാവില് ഏത് ഡോക്ടറ് ചികിത്സിച്ചാലും  തിരിച്ച് പോകാനുള്ള  സമയത്തെ മാറ്റിഎയ്താൻ കയ്യൂല മോനേ ...... ദുനിയാവിനോട്  ആർത്തി മൂക്കുമ്പളാ  മന്സമ്മാര്  മരുന്നും മന്ത്രം  അന്യോഷിച്ച് ഓട്ണത്. 
സുബർക്കത്തീന്ന് അന്റ ഉമ്മച്ചി മാടി വിളിച്ചാ  വാപ്പച്ചിക്ക്  എങ്ങനേ ഇവടെ കെടക്കാൻ  പൂതി  വര്വബഷീറേ.........

പുലർക്കാലത്ത് പനി കൂടുതലായി........
 വാപ്പച്ചിയുടെ തല      മടിയിൽ വെച്ച് പൊള്ളുന്ന നെറ്റിയിൽ  നനഞ്ഞ തുണിയിട്ട് തുടച്ച് കൊണ്ടിരിക്കേ വെള്ളത്തിന് നേരെ വിരൽ ചൂണ്ടി............    
സാബിറ കോരി കൊടുത്ത വെള്ളം ആർത്തിയോടെ കുടിച്ചു....... പിന്നെ അത് കവിളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി......... കണ്ണുകൾ  മുകളിലേക്ക് നോക്കി  ഒരു നേർത്ത പുഞ്ചിരിയിൽ വാപ്പച്ചി  പതുക്കെ മന്ത്രിച്ചു
"അശ്ഹദു അൻ ലാ ഇലാഹ..... ഇല്ലള്ളാഹ് ..... വ അശ്ഹ.................................................."
വാപ്പച്ചിയുടെ   കണ്ണുകളടയുന്നതും  ശ്വാസം നിലക്കുന്നതും ഞാൻ വേദനയോടെ കണ്ടു നിന്നു ...................

" ബഷീറേ....... എല്ലാരും പോയി  നീ മാത്രം ഖബറുകൾക്കിടയിൽ  ഒറ്റക്ക്..........
 നിനക്ക് വീട്ടിൽ പോണ്ടേ ?? "
കൂട്ടുകാരൻ റഫീക്കിന്റെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്


"പോണം റഫീക്കേ........ പോയിട്ട് എന്റെ  വാപ്പച്ചി കിടന്ന റൂമിൽ......... ചാര്കസേരയിൽ........... കട്ടിലിൽ.............
വാപ്പച്ചീടെ സുഖമുള്ള മണമാസ്വദിച്ച്..........
നാളെ പുലരും വരെ ഉറങ്ങാതെ കിടക്കണ മെനിക്ക്.............. 
ഒരു ഭ്രാന്തനെപ്പോലെ ബഷീർ തിരക്കിട്ട് വീട്ടിലേക്കോടി................................................
                                    - 
യൂസഫ് വളയത്ത്

***************************
ഓർമ്മദിനം

നീയോർക്കുന്നുവോ ,
കാലം പിന്നോട്ട് തിരിക്കെ
ഇതുപോലൊരു ദിനം !
ഞാനെന്ന ബലിമൃഗത്തെ 
നീ കെണിവച്ചു പിടിച്ചനാൾ !
പ്രണയ പായസം !
സ്നേഹ പഞ്ചാമൃതം !
ഊട്ടിയൂട്ടി 
കൊഴുപ്പേറ്റി 
വിഴുപ്പാക്കി....
ഒടുവിലൊരുനാൾ
നിന്റെ 
അർദ്ധനാരീശ്വര-
പ്രതിമക്കു മുന്നില്‍ 
പിന്നില്‍ നിന്നെൻറെ
കരളറുത്ത്....
കണ്ണുകള്‍ 
ചോരചീറ്റി
വറ്റിയാർത്ത്...
മോഹങ്ങൾ
ചത്തു മലച്ച്
തണുപ്പാറ്റി
ഉറുമ്പു തളച്ച്....
ഇന്ന് 
ഓർമ്മദിനം !
നീയെന്നെ 
തിരഞ്ഞെടുത്തതിൻ
ഓർമ്മദിനം!
ആത്മബലിയുടെ
നിർവൃതിയുടെ
കണ്ണീർ മധുരം 
ചേര്‍ത്ത് മധുര-
പാൽപ്പായസമൊരുക്കി
കാത്തിപ്പാണു ഞാന്‍ !
വീണ്ടും 
നിനക്കായൊരു
ആത്മബലി
അർപ്പിക്കാൻ ......

                   - ബഹിയ

***************************




***************************