ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

24-6-2017

♦♦നവ സാഹിതി♦♦

കഥ
 ■■■■

ഡിസ്പോസിബിൾ
■■■■■■■■■■■■
ഇന്ദുബാല
■■■■■■■■■■

കൃത്യമായി പറഞ്ഞാൽ തുലാമാസം അഞ്ചാം തീയതിയായിരുന്നു എന്‍റെ സുഹൃത്ത് അജയൻറെ മകൾ അശ്വതിയുടെ വിവാഹം .ധനു പത്താം തീയതി വീണ്ടുമൊരു ക്ഷണക്കത്ത് അജയൻ അയച്ചതുകൊണ്ട് അമ്പരന്നു.രണ്ടാമത്തെ മകൾ പത്താം ക്ലാസിലായിട്ടേയുളളൂ.പിന്നെ ഇത്?ചുമന്ന നിറത്തിൽ സ്വർണ്ണലിപികളിലുളള വിവാഹക്ഷണക്കത്തിൽ നിന്ന് പ്രകടമായ മാറ്റങ്ങളൊന്നും ഈ കത്തിനില്ലല്ലോ! കവറിനു പുറത്ത് 'ഇൻവിറ്റേഷൻ' എന്ന് അടിച്ചിരിക്കുന്നു.കവർ തുറന്ന് ഉളളിലെ കാർഡെടുത്തപ്പോളാണ് അമ് പരപ്പ് ഒന്നുകൂടി കൂടിയത്.

അജയനും ശ്യാമളയും ചേർന്ന് ക്ഷണിക്കുകയാണ്`ഞങ്ങളുടെ മകൾ അശ്വതിയുടെയും അവളുടെ ഭർത്താവ് അരുണിൻറ്റെയും വിവാഹമോചനം ഈ വരുന്ന ധനു ഇരുപതാം തീയതി സംഗമം ആഡിറ്റോറിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു.തദവസരത്തിൽ താങ്കൾ വന്ന് ഞങ്ങളുടെ മകൾക്ക് നൽകിയ വിവാഹസമ്മാനം സദയം മടക്കി വാങ്ങണമെന്നും തുടർന്ന്  നടക്കുന്ന വിവാഹമോചന സൽക്കാരത്തിൽ പങ്കുകൊളളണമെന്നും വിനീതമായി അഭ്യർഥിക്കുന്നു.'

തൊട്ടുമുന്നിൽ ലാപ്പ്ടോപ്പ് മടിയിൽ വെച്ച് ഫെയ്സ് ബുക്കിൽ മുഴുകിയിരിക്കുന്ന വിവാഹപ്രായമായ മകളെ അയാൾ നോക്കി.
അയാളിൽ നിന്ന് കനത്ത നെടുവീർപ്പ് അയഞ്ഞുവീണു.

■■■■■■■■■■■■■■■■■■■■■■■■■

നെടുവിളിയൻപക്ഷി.
_______

അഗസ്ത്യന്റെ മടിത്തട്ടിൽ
പകൽപ്പൂരക്കണിപ്പന്തൽ.
അലങ്കാരച്ചെരുവിൽ ചെ-
മ്പനീർപ്പൂവിൻ ചമത്കാരം.

"പുലർകാലേ പുറപ്പെട്ടാൽ
മലതാണ്ടിത്തിരിച്ചെത്താം.
വരികെന്റെയനുജാ,യീ
മലങ്കാടിന്നകം പുക്കാം."

മലന്തേനും പനന്നൊങ്കും
കഴിയ്ക്കാനാ മലമേട്ടിൽ
ഇരുവരും കരംകോർത്തു
ചുണയോടെ പുറപ്പെട്ടു.

മുളമുള്ളുമെരികല്ലും
ചവിട്ടൊപ്പം നടക്കുന്നു.
കനൽ കോരിക്കുടിച്ചഗ്നി-
പ്പദം ചന്തംവിതയ്ക്കുന്നു.

മുകിൽതാഴെ,ക്കുളിർ വാനം
മിഴിക്കോണിൽ തുടിക്കുന്നു.
ചരൽപ്പൂക്കൾ കടുംവർണ്ണം
വിരിച്ചെങ്ങും ചിരിക്കുന്നു.

ചിതൽപ്പറ്റം ദ്രുതംകാട്ടി
ശവക്കോലം തുരക്കുന്നു.
മുടിക്കെട്ടിൽ ജഡച്ചുറ്റിൽ
ശിവശൈലം കനക്കുന്നു.

ഇരുത്തംവന്നലയ്ക്കുന്ന
കൊലച്ചീവീടൊളിക്കുന്നു.
കരിക്കാലൻ കൊലകൊമ്പൻ
കരിച്ചൂരു ചുരത്തുന്നു.

കുളയട്ടനിലം പറ്റി
രുചികൊണ്ടു പുളയ്ക്കുന്നു.
കൊതിനാവായ് നനവാർന്നു
ചുടുചോര കുടിക്കുന്നു.

'ആദിച്ചൻ' മലദൈവം
ചോക്കുന്നു, തുടുക്കുന്നു.
കാട്ടാറിൻ ചിലമ്പൊച്ച
മദം പൊട്ടിപ്പരക്കുന്നു.

മലങ്കോഴിപ്പറ്റമെന്തോ
തിരക്കിട്ടു തെരയുന്നു.
മലയണ്ണാർക്കണ്ണനംബര
കനിയായിക്കുലയ്ക്കുന്നു.

ചൊക്കനർക്കപ്പഴം തിന്നാൻ
മരംചാടിപ്പൊടിക്കുന്നു.
വക്കുചോന്നൊരു മൂക്കുചീറ്റി
മലന്തത്തചുമയ്ക്കുന്നു.

"കാടിരുണ്ടുകനത്തു, ഏട്ടാ ,
തേനെടുക്കാൻ നേരമായി."

"ഞാനെടുക്കാനേറിടാം ,നീ
 താഴെനിന്നങ്ങേറ്റുകൊൾക."

മരംകേറിമറഞ്ഞേട്ടൻ
വരംതന്നൂ തേനറകൾ
നറുംതേനിൻ മഴകൊണ്ടാ
മരച്ചോടന്നമൃതുണ്ടു.

ഇതുമതിയിറങ്ങേട്ടാ-
യിരുൾച്ചാവിങ്ങെത്തിയേ
നമുക്കൊന്നിച്ചോടിടാം
മലതാണ്ടിപ്പാഞ്ഞിടാം."

അതിന്നുത്തരമില്ലയേട്ടൻ
പനമ്പട്ടയിലൊട്ടിയോ ?
ഇരുൾക്കാമ്പിലിറുന്നുവീണൊരു
നിലവിളിക്കവിൾ പൊട്ടിയോ ?

ശോണശോഭയഴിച്ചുമാറ്റി
കാർമുകിൽക്കുടചൂടി വാനം.
നീലരാത്രി,യുടുത്തു,മായിക-
ലാസ്യലോലസുഖാംബരം.

ശീതമാരുതനെത്തിയനുജനെ
നേർവഴിക്കു തുണയ്ക്കുവാൻ
ഏകനായവനേറെ വേദന-
തിന്നു ,ഭീതിതുരന്നുപോയ്.

ഏട്ടനില്ലാക്കാട്ടിലൂടെ
കുട്ടി പേടിച്ചോടവേ,
മാമരത്തിന്നുച്ചിയിൽ നി-
ന്നാർദ്രമായൊരു നിലവിളി.

ഏകനുള്ളിലിരുട്ടു വീണാൽ
കൂട്ടിനെത്തും നിലവിളി,
നൊമ്പരക്കാമ്പായി നീറി-
പ്പാഞ്ഞുപാറും നിലവിളി.

കാടുകാക്കാൻ നിലവിളിക്കും
നെടുവിളിപ്പക്ഷി.

_____ വിനയൻ _____

അഗസ്ത്യകൂടത്തിന്റെ അരികിലുള്ള വനപ്രദേശത്തെ ആദിവാസികളിൽ നിന്നും കേട്ടറിഞ്ഞ ഒരു കഥയാണിത്.
മരത്തിനു മുകളിൽ ഉറച്ചുപോയ ഒരാദിവാസി യുവാവിന്റെ കഥ.
അയാളാണത്രേ തൂവലും ചിറകുമെല്ലാം മുളച്ച് നെടുവിളിയനായി മാറിയത്. "പൂഞ്ഞാൻ " എന്നും ആ പക്ഷി വിളിക്കപ്പെടുന്നു. സന്ധ്യകളിൽ 'അനിയാ ' എന്നുറക്കെക്കരഞ്ഞുകൊണ്ട്
ആ സ്നേഹപ്പറവ ഇന്നും വനാന്തരങ്ങളിൽ ചുറ്റിപ്പറക്കാറുണ്ടത്രേ.


കോളനി
==========

ആ ചുവന്ന സന്ധ്യകൾ
വറുതിയുടെ മണ്ണാഴങ്ങളിലേക്ക്‌
തൂവാല മുദ്രകൾ ചാർത്തിയ
ആ ഒറ്റമുറി വീട്‌

നിറഞ്ഞു പെയ്യുന്ന
മഴക്കാടുക്കൾക്കിടയിലേക്ക്‌
ദുരിതങ്ങളുടെ
അഗാധമായ ആഴങ്ങൾ
ഉറക്കെ ശബ്ദിക്കുന്നവരുടെ
ഇടയിലേക്ക്‌
ഇടറി വീഴുന്നുണ്ട്‌ .

ദൈവത്തിന്റെ
നിലവിളികൾ
ഇടക്കിടെ തഴക്കുന്നുണ്ട്‌
ഒഴുക്കിൽപ്പെടുത്താമായിരുന്ന
ചില
ഭ്രാന്തുകൾ
നിർത്താതങ്ങനെ

കലണ്ടറിലെ സ്കൂൾദിനങ്ങൾ
പുകഞ്ഞ്‌ നീറി
വെട്ടേറ്റ്‌ കിടക്കുന്നു
ഭയത്താൽ കൂട്ടിപ്പിടിച്ച
കൈകൾ
ഒന്നൊന്നായി
ജീർണ്ണിച്ചിരിക്കുന്നു

ഒരോ ഉച്ചാസത്തിലും
പരതിനോക്കുന്നുണ്ട്‌
നാളയുടെ പച്ചപ്പിനെ

ഞങ്ങളുടെ
ഭൂപടങ്ങൾക്കപ്പുറത്ത്‌
നിങ്ങളുടെ ഉറക്കത്തിനു
ആഴമുണ്ട്‌ ,നിറമുണ്ട്‌
🌿🌿🌿🌿🌿🌿🌿🌿
'  ഷനിൽ

നന്ദി

ഒരു കീറാകാശം
ബാക്കിയാക്കിയെൻ
കാഴ്ചവട്ടം തിരശ്ശീല
നീർത്തുന്നു.
വേരൊരുതുമ്പുണ്ട് ,
ഇളകിമറിഞ്ഞൊരിത്തിരി മണ്ണിൽ
പ്രാണൻ പിഴിഞ്ഞൂറ്റി
പാൽ തന്നു പോറ്റുവാൻ
അമ്മയില്ലാത്തൊരു
തരിശു മണ്ണിൽ
പിടിച്ചു നിർത്തുവാനൊന്നു
മില്ലാത്തൊരാ പാഴ്‌വേര്
കൺതുറക്കുന്നതീ
കാഴ്ച കാണാൻ
ചൊല്ലേണമേറെ നന്ദി ,
ഇക്കാഴ്ചവട്ടത്തിനും
തരിശെങ്കിലു.
 മിത്തിരിയാഴം തന്നൊരീ
മണ്ണിനും ....

മഞ്ജുഷ പോർക്കുളത്ത്


*************************************************