ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

27-5-2017


നവ സാഹിതി
സ്വപ്ന

പറപ്പൂർ ഐ.യു.എച്ച്.എസിലെ രണ്ട് വിദ്യാർത്ഥികളുടെ രചനകളാവട്ടെ ഇന്നാദ്യം                  
ഭൂമിയുടെ നിലവിളികൾ
🌱🌱🌱🌱🌱🌱🌱🌱

ഭൂമി ഇന്നലെ വരെ വിളിച്ചിരുന്നു.
തുടുത്ത പ്രഭാതം കൊണ്ട്,
മാനത്തു നിന്ന് അടർന്നു വീഴുന്ന
സ്ഫടിക മഴച്ചില്ലുകൊണ്ട്,
പിന്നെ കവിതകൊണ്ടും.

ഞാൻ കച്ചവടം തുടങ്ങിയതോടെ
ഭൂമി വിളി നിർത്തി.
ആദ്യം ഞാൻ
കയറ്റുമതി ചെയ്തത് ഭാഷയെയായിരുന്നു.
പൊങ്ങച്ചങ്ങൾക്ക് വഴങ്ങാത്ത
ആ കുരുത്തം കെട്ട
അമ്പത്തൊന്നെണ്ണത്തിനെ ഞാൻ
നാവിൽ നിന്ന് നിന്ന് നാടുകടത്തി .
ഗൗളികൾ മാത്രം എത്തി നോക്കുന്ന
മഞ്ഞച്ച പുസ്തകത്തിന്റെ
ആരും കാണാത്ത മൂലയിലേക്ക്
ഞാനവയെ മാറ്റി പാർപ്പിച്ചു.

പിന്നെ ഞാനെന്റെ ബ്രാഞ്ച്
ഭൂമിയിലും തുടങ്ങി.
അവിടെ നിന്ന് ആദ്യം പറഞ്ഞയച്ചത്
ഓർമ്മകളെ ഇക്കിളിപ്പെടുത്തിയ
പുഴയെയായിരുന്നു.
കടലും കൂടെയിറങ്ങിപ്പോയി.
ഭൂമിയുടെ കവിള് മെലിഞ്ഞു.
പിന്നെ മരങ്ങളും പോയി.
തണലും മണ്ണും മലയും കൂടെപ്പോയി.
ഭൂമിയിൽ നിന്നും ഞാൻ
ഭൂമിയെ ഒഴിപ്പിച്ചു.

അവസാനം സൂര്യനാണ് വിളിച്ചത്.
ഭൂമിയുടെ സംസ്കാരച്ചടങ്ങിന്
ഏഴു സഹോദരങ്ങളും ഹാജരായിരുന്നു.
കുഴിച്ചിട്ടിടത്ത് ഒരു കവിത നാട്ടി
രാസ വസ്തുക്കൾ കൊണ്ട്
കൃത്രിമ സഹതാപം അല്പം പകർന്ന്
തടി തപ്പാമെന്ന് കരുതി.

സൂര്യൻ ചൂടുള്ള നോട്ടം കൊണ്ട് തടഞ്ഞുവച്ചു.
ആ ചൂടിൽ എന്റെ മുടി ചാരനിറമായി.
എന്റെ മുഖത്തു കൂടി കലപ്പ പാഞ്ഞു.
എവിടെ എന്റെ വസ്ത്രങ്ങൾ?
ഞാൻ കനി തിന്ന ആദമായി.
ഓർമ്മയുടെ ചതുപ്പിൽ നിന്ന്
നഷ്ടപ്പെട്ട ആത്മാക്കൾ തിരിച്ചെത്തി.
അവർ എനിക്കെതിരെ
കുറ്റപത്രം വായിച്ചു.
എന്റെ കഴുത്തിലേക്ക്
ഒരു കയർ നീണ്ടു.
ഒന്നു തല ചായ്ക്കാൻ
ഞാനെന്റെ തിണ്ണ തിരഞ്ഞു.
അവയും ഭൂമിയോടൊപ്പം പോയിരുന്നു.
🌱🌱🌱🌱🌱🌱🌱🌱

അംജദ് നിഹാൽ            
 കഴിഞ്ഞ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ ഹൈസ്കുൾ വിഭാഗം മൂന്നാം സ്ഥാനം നേടിയ കവിത👆🏻👆🏻                  


വളപ്പൊട്ടുകൾ
🌈🌈🌈🌈🌈🌈🌈

നിറങ്ങൾ തൂവിയ സ്വപ്നങ്ങൾ
മഷി കൊണ്ട് കുത്തിവരച്ചു....
പൊട്ടിച്ചിരിപ്പിച്ച കണ്ണാടിയും
എറിഞ്ഞുടച്ചു.
ഇഷ്ട ഗാനം മീട്ടിയ തംബുരുവിൻ
കമ്പിയും പൊട്ടിച്ചെറിഞ്ഞു.....
എന്നിട്ടും
ഓർമ്മ തൻ വളപ്പൊട്ടുകളിൽ
ചിതൽ പടർന്നില്ല .
🍂🍂🍂🍂🍂🍂🍂🍂

   ഷിഫ്ന ഷെറിൻ                    

               
അമ്മ മരിച്ച കുഞ്ഞുങ്ങൾ

ഗീത തോട്ടം
🥀🥀🥀🥀🥀🥀

അവരുടെ നിലവിളികൾ
ചെന്നെത്താൻ ചെവികളൊന്നുമില്ലാതെ
കാറ്റിൽ അലഞ്ഞു നടക്കും

അവരുടെ കണ്ണുനീരാകട്ടെ,
ഒഴുകിച്ചേരാൻ ഒരു കടലും ഇല്ലാത്തതിനാൽ
കൈവഴികളിൽ തിരിഞ്ഞ് തിരിഞ്ഞ്
കവിളിൽത്തന്നെ വരണ്ടുപോകും.

അവരുടെ സന്തോഷങ്ങൾ
ഹൃദയത്തിന്റെ ഉണക്കച്ചില്ലകളിൽ
തലകീഴായി തൂങ്ങിക്കിടന്ന്
 അവനവനോളം ചെറുതായിപ്പോകും.

അവരുടെ കുറുമ്പുകൾ
നടക്കല്ലുകൾ ഇറങ്ങാനാവാതെ
വരാന്തയുടെ വിളുമ്പോളം ചെന്ന്
മുടന്തിനിൽക്കും.

അവരുടെ പ്രണയങ്ങൾ
(പ്രണയിക്കാനറിയുമായിരിക്കുമോ?)
രഹസ്യങ്ങളുടെ
ഗൂഢാഹ്ലാദങ്ങളേതുമില്ലാതെ
ഒരു പുടവത്തുമ്പിന്റെ
നനഞ്ഞ മറ പോലുമില്ലാതെ
മധ്യാഹ്നങ്ങളിൽ
പൊള്ളിത്തിണർത്തു പോകും.

അവരുടെ കാമുകിമാർ
വരണ്ട ചുംബനങ്ങളേറ്റുവാങ്ങി
വാടി നിൽക്കും.
അവരുടെ പ്രണയ ലേഖനങ്ങളിൽ
കള്ളിമുൾച്ചെടികൾ
അതിർത്തി രേഖകൾ വരഞ്ഞിടും

കൺപോളകൾക്കിടയിൽ
ഭയം കുടുങ്ങിക്കിടക്കുന്നതിനാൽ
 ഉറക്കത്തിൽ അവർക്ക്
കണ്ണുപൂട്ടാനാവില്ല.

ഒരു പൗർണ്ണമിയും
അവരുടെ മനസ്സിൽ
വേലിയേറ്റങ്ങൾ തീർക്കില്ല.
നിരാർദ്രമായ പൂഴി പോലെ
അവർ കാറ്റത്ത് പാറിപ്പോകും.

വിഷാദം ഊറി നിറയുന്ന
ചുരത്താത്ത മുലകൾ
അവസാനശ്വാസം വരെ
അവരുടെ അബോധത്തിൽ
കനത്തുകൊണ്ടേയിരിക്കും.
അതിനാൽ
എപ്പോഴും മുഖം കുനിച്ചേ
അവർ നടക്കുകയുള്ളൂ.

അമ്മ മരിച്ച കുഞ്ഞുങ്ങൾ
മഞ്ഞുപാളികൾക്കിടയിൽ
കുടുങ്ങിപ്പോയവരാണ്.                    


 ഞാൻ കണ്ട റമളാനിലെ സന്ധ്യ

വഴിനീളെ വരിവരിയായ്
വറുത്തെടുത്ത വിഭവങ്ങള്‍
പൊതിഞ്ഞ് പാതി തുറന്ന്
വിളിക്കുന്നുണ്ടവ പലരേയും
കൊടുക്കുന്നു വാങ്ങുന്നു
വിലയറിയാ കടലാസ്
അതില്‍ തലയുണ്ട് ഗാന്ധിയുടെ
എന്നറിയാത്തപോലെ

ഒരു നേര സ്വാദിന്ഇരുനൂറെണ്ണി ഒരാള്‍
അഞ്ച് നൂറ് കൊടുത്തു  കൊതിയനാം മറ്റൊരാള്‍
വിലപേശലില്ലാത്തൊരിടം കണ്ട്ഞാനും
വിസ്മയംപൂണ്ടവിടെനിന്നൊരല്‍പ്പനേരം

തിരിഞ്ഞുനടക്കവേമിഴിയൊന്നുടക്കി,
മുരടനക്കം കേട്ടവിടേക്ക്നോക്കി
വഴിയിലരികിലായ്
മുഷിഞ്ഞതുണിയിലായ്
ചിതറീകിടപ്പുണ്ട്നാണയതുട്ടുകള്‍

നീട്ടിയകൈകളില്‍ വിരലുകളില്ല
നടന്ന് യാചിക്കാന്‍കാല്‍കളുമില്ല
പലഹാരപൊതിയുമായ്
പായും ജനങ്ങളെ
പലതും പറഞ്ഞയാള്‍
വിളിച്ചുകൊണ്ടിരുന്നു.

ആരോ എറിഞ്ഞൊരാ
നാണയതുട്ടെടുത്താദ്യം
അയാളൊന്ന് മേലോട്ട് നോക്കി
ആയിരം നന്ദി വിരിഞ്ഞു കണ്‍കളില്‍
പിന്നെ നിറഞ്ഞതില്‍ ചുടുളളകണ്ണീര്‍

വിശപ്പിന്റെ വിരിപ്പിൽ ഉണർന്നുറങ്ങി
വ്രതമെന്ന നേരിനെ
സമ്മാനമാക്കി
വികൃതലോകത്തെ വ്യഥകളാകെ ദൈവം
ഈ വഴിപോക്കനെന്തിന് നൽകി എന്നെന്റെ ഉള്ളം

അരികത്ത്ചെന്ന്ഞാനാ അടിയനെ നോക്കി
അധികം കുറയാത്ത നോട്ടൊന്ന് നല്‍കി
അവഗണിച്ചോടും ജനങ്ങൾക്കിടയിൽ
ഒളിഞ്ഞിരിക്കും
ദൈവത്തെ തേടി

പലഹാരം നിറച്ച സഞ്ചികളിലോരോന്നിലും
റമളാനിൻ വ്രത ശുദ്ധി !!

സംഗീത വികെ 


പുല്ലിംഗം

    തറയിൽ നിന്നും തൂണുകളിൽ ഉയർത്തി നിർത്തിയ കൂട്ടിൽ നിന്നും  അതിരാവിലെ തന്നെ മുയൽ താഴേക്കിറങ്ങി വരും. തൂണിനു താഴെ പൂച്ച മുയലിനെ കാത്തിരിപ്പുണ്ടാവും. വീടിന്റെ  മൂന്നുവശത്തെയും സിമൻറടർന്ന വക്കുകളുള്ള ഇറമ്പിൽ പൂച്ചയും മുയലും ഒളിച്ചും പാത്തും കളിക്കും.അവർ അരിയും കൂട്ടാനും വച്ച് കളിക്കും. ഇലകൾ ചുരുട്ടിയിട്ട് അത് നിവർത്തി കള്ളനും പോലീസുമാവും. എപ്പോഴും മുയലു മാത്രം ജയിക്കുന്ന ഓട്ടമൽസരവും നടത്തും. ഇലയും കാരറ്റും മാത്രം തിന്നുന്ന മുയലിന്റ അടുത്തിരുന്ന് പാത്രത്തിലെ മീൻ കറിക്കു ചുറ്റുമുള്ള വെള്ളച്ചോറ് മാത്രം കഴിച്ച് പൂച്ചയും വെജിറ്റേറിയനായി.ഞങ്ങൾ അതിനെ സ്വാമി പ്പൂച്ചയെന്നു വിളിച്ചു.മുഖത്ത് സാധാരണയിലേറെ രോമങ്ങൾ വളർന്നു താണു കിടന്നിരുന്നു. കണ്ണുകൾ അർധ സുഷുപ്തിയിലെന്ന പോലെ. സാവധാനത്തിലുള്ള ചലനം. കൂടാതെ വെജിറ്റേറിയനും.
മുയലും പൂച്ചയും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തെക്കുറിച്ചുള്ള പ്രത്യേക സ്റ്റോറി കഴിഞ്ഞയാഴ്ച ഒരു ചാനലിൽ വാർത്താ പരിപാടിക്കിടയിലാണ്  കാണിച്ചത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോ യു ട്യൂബിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്  നൂറ്റിപ്പതിനൊന്നു പേരാണ് ഒരു മിനിറ്റ് മുമ്പുവരെ ഷെയർ ചെയ്തത്.നാലായിരത്തഞ്ഞൂറ് ലൈക്കുകളും. വാട്ട്സ്ആപ്പിൽ ഗ്രൂപ്പുകളിൽ നിന്നു ഗ്രൂപ്പുകളിലേക്ക്  പൂച്ചയും മുയലും ഓടിക്കയറുകയും ചാടിയിറങ്ങുകയും ചെയ്യുന്നു.ഫോട്ടോഗ്രാഫറുമായി എത്തുമെന്ന് മാത്യഭൂമിയിലെ മനോജ് പറഞ്ഞതു കൊണ്ട് ഇന്നലെ  ഉച്ചവരെ ലീവെടുത്തു. പക്ഷേ, ഇന്നലെ 'രാവിലെ മുതൽ സ്വാമിപ്പൂച്ചയെ കാണാനില്ല.മുയലാകട്ടെ പൂച്ചയുടെ അസാന്നിദ്ധ്യം പ്രകടിപ്പിക്കാതെ ഇറമ്പിൽ ഒറ്റയ്ക്ക് ഓടിയും പതിവു കളി  ളൊക്കെ കളിച്ചും നടന്നു. കൂട് ഉയർത്തി നിർത്തിയ തൂണുകൾക്കിടയിൽ ചിതറിക്കിടന്ന മുയലിന്റെ കാഷ്ഠം വൃത്തിയാക്കുന്നതിനിടയിലാണ് ഉറുമ്പുകൾ കൂട്ടത്തോടെ പൊതിഞ്ഞ എന്തോ ഒന്ന് കണ്ടത്.. ഒരു കമ്പെടുത്ത് ഉറുമ്പിനെ തട്ടിമാറ്റി നോക്കി.. അത് സ്വാമിപ്പൂച്ചയുടെ 'പുല്ലിംഗ'മായിരുന്നു.

അഡ്വ.രാജേഷ് പുതുക്കാട്              

ജ്യോതിസ്സറ്റവൾക്കായ്….

അവളുടെ തിളയ്ക്കമൂറുന്ന കണ്ണുകളിൽ
അവൻ
ആ കൂട്ടുകാരൻ
പ്രതീക്ഷയുടെ പനിനീർപ്പൂക്കളെ കണ്ടെത്തി
ഒപ്പം, അവയ്ക്കിടയിലെവിടെയോ
മിഴികൾ ഇറുക്കിയടച്ച
പൊഴിയാൻ കൊതിക്കുന്ന
മഞ്ഞുതുള്ളികളേയും..
നിറം വറ്റിത്തുടങ്ങിയ ആ പൂവിതളുകളെ
കൂർത്ത നഖങ്ങളുള്ള
വണ്ടുകൾ ഉന്മാദത്തോടെ ഊറ്റിക്കുടിച്ചു ..
ഒടുവിൽ,
അവ ബാക്കിയാക്കിയ
ആ പൂവിന്
നിറങ്ങളുണ്ടായിരുന്നില്ല..
ഹൃദയമിടിപ്പുണ്ടായിരുന്നില്ല ..
പക്ഷേ,
അവളുടെ ഹൃദയത്തിന്
മരണം മണക്കുന്ന
ചോരയിറ്റിക്കുന്ന
ഓർമകളുടെ കാവ്യമോതുവാനുണ്ടായിരുന്നു .
നിലവിളിക്ക് കാതോർക്കാൻ
മറന്ന കാലൊച്ചകൾക്ക്
അതിനിയും ബാക്കിയാണ് ..
ആ കാവ്യത്തിൽ നിന്ന്
മഹാഭാരതം രചിക്കുവാൻ
മീഡിയകളും ചാനലുകളും
ആർത്തു രസിച്ച് ശ്രമിക്കുമ്പോൾ,
അവൾ, അങ്ങകലെ
ഇടറുന്ന മിഴികളോടെ
പരതുന്നതെന്താണ്??!!
സ്വപ്നങ്ങളുടെ തേൻതുള്ളികളോ?
അതോ….
തീക്കനലിൻ ജ്വാലകളോ?
അറിയില്ല എങ്കിലും…
ഇതവൾക്കായ്….
              _ ഗസ്ന ഗഫൂർ

കുലം

" അശ്രീകരം ...
തല വെട്ടം
 കണ്ട മുതൽ തുടങ്ങീതാ
ഏനക്കേട് "

പിച്ചവെച്ച കാലം തൊട്ട്
കേൾക്കുന്നതാ ,

ലക്ഷണക്കേടാണെന്ന്
പിറവിക്കു മുമ്പേ
കണിയാൻ പറഞ്ഞുവത്രേ ..

പുസ്തകമില്ലാതെ
പള്ളിക്കൂടത്തിലേക്ക്
കെട്ടിയെടുക്കുന്നതെന്തിനെന്ന്
ഗുരുനാഥൻ ..

ഇരിക്കുന്നേടം മുടിപ്പിക്കാനായിട്ട്
പഠിച്ചിട്ടെന്താണെന്ന്
അഛൻ ...

തീറ്റിപ്പോറ്റി മടുത്തെന്ന്
താലി കെട്ടിയോന്റെ
മുറുമുറുപ്പ് ...

കൂടെ പൊറുപ്പിക്കേണ്ടത്
നീയോ ഞാനോ എന്ന്
മക്കളുടെ തർക്കം ..

"അയ്യേ...
ഈ മുത്തശ്ശിക്ക്
ഒന്നും അറിയില്ല "
സെൽഫിക്ക് പോസ് ചെയ്ത്
പേരമക്കൾ ...

ഇനിയും കാത്തു വെച്ചാൽ
ചീഞ്ഞുനാറുമെന്ന്
വ്യദ്ധസദനം മേധാവി ..

സൈനബ്, ചാവക്കാട്       

ഹൈടെക്ക്

ഉച്ചക്കഞ്ഞി ഊതി ഊതിക്കുടിക്കാൻ
വെയിലുകാത്ത
മുറ്റത്തെ നാട്ടുമാവ്
അറുത്തു മാറ്റി
ഇന്റർലോക്ക് ചെയ്തു ...

സൌമിനി ടീച്ചർ
മലയാളം ക്ലാസ്സില്‍
കവിത ചൊല്ലാതായി...

ലാർജ്ജ് ഫോർമാറ്റ് ഡിസ്പ്ലേ സ്ക്രീനിൽ
കവിതകൾ ഇന്റർനെറ്റിൽ നിന്ന്
ഒഴുകിയിറങ്ങി...

ട്രഷറിയും ബില്ലും
കോൺഫറൻസുമെല്ലാം
ഓൺലൈനായതിനാൽ
ഹെഡ്മാഷ് ഗോപാലൻ മാഷ്
ഓഫീസ് റൂമിൽ അമർന്നിരുന്ന് വാട്സ് ആപ്പിലായി...
മുഷ്ടി ചുരുട്ടിയും, മീശപിരിച്ചുമുള്ള
സെൽഫികൾ പ്രൊഫൈലിൽ മാററി  മാററിയിട്ട്
ആത്മരതിയടഞ്ഞു...

കഞ്ഞി വെക്കാന്‍ വരുന്ന
ദേവകിയേടത്തിയുടെ
ചേലൊക്കെ മാറി ...
പഴകിത്തുന്നിയ ലുങ്കിയും ബ്ലൌസുമല്ല,
ഓവർകോട്ടും പച്ചത്തൊപ്പിയും...
അവരിപ്പോഴെന്തോ
തിളച്ചുമറിയുന്ന സാമ്പാറിനേക്കാളും
തലയിലെ തൊപ്പിയാണ്
ഇടയ്ക്കിടെ ഇളക്കി നോക്കുന്നത്...

മിഠായിക്കായി
കണ്ണേട്ടന്റെ കടയിലേക്ക്
ആരും ഓടാതായി.
കുപ്പി ഭരണികളിലെ
നാരങ്ങാമിഠായിയെല്ലാം
അലിഞ്ഞലിഞ്ഞ് ഉറുമ്പരിച്ചു...
ബീഡി വലിച്ച് വലിച്ച്
കുരച്ചു തുപ്പി
കണ്ണേട്ടൻ ദിവസം തീർത്തു...

ഇംഗ്ലീഷ് തീയേറ്റർ
എ സി ആക്കാത്തതിന്റെ പരിഭവം
പി ടി എ മെമ്പർ ഓട്ടോ രതീശൻ
പറയാതെ പറഞ്ഞു ...

വൈറ്റ് ബോർഡിലും ഗ്രീൻ ബോർഡിലും
തെളിഞ്ഞു കാണാതെ
ചോക്ക് അലമാരക്കടിയിലൊളിച്ചു...

സ്കൂളിലെവിടെയോ
പതുങ്ങിയിരുന്ന
പ്രാവുകളെല്ലാം
കിതച്ചുകൊണ്ട് നോക്കി...


           പ്രേംജി മാതമംഗലം 
 
******************************************                
Ajo: അതിരുകളും
അടയാളങ്ങളും
തീർത്തു ചില യാത്രകൾ
കാണുന്നു ചുറ്റും ...
👍👍👍                    


രതീഷ് കൃഷണൻ: മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നിറയെ "മരയ" സ്തുതികൾ...
എനിക്ക് അതൊരു പൊട്ടക്കഥയായിട്ടാ തോന്നിയത്...
കഥ എനിക്ക് മാത്രം മനസിലാകാഞ്ഞിട്ടാകുമോ..?
ആളെവച്ച് പത്മനാഭ സ്തുതി എഴുതിച്ചതാണോ...?                    
                 
Ajo: അല്ല
"മരയ" മരപ്പലക എന്ന് പറഞ്ഞത്
ശരിയെന്ന് തോന്നി
പക്ഷേ
TP ബ്രാൻഡഡ് ആയിപ്പോയി...                    

അനീസുദ്ദീന്‍: പുതിയ കഥാകൃത്തുക്കളുടെ ക്രാഫ്റ്റും പ്രമേയവും അതിലെ വൈവിധ്യ സമൃദ്ധിയും വെച്ചു നോക്കുമ്പോ..... 'മരയ ' യൊക്കേ.... യെന്ത്....!😏                    

സ്വപ്ന: PT യിൽ പോസ്റ്റ് ചെയ്യപ്പെടുന്ന രചനകളെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ എന്ന് വെറുതേ ഒരു വ്യാമോഹം☺☺                    

അനീസുദ്ദീന്‍: എന്നാലും ഇടക്കിങ്ങനെയൊക്കെ ലോല തരള കാൽപ്പനികരാവുന്നതിന്റെ ഒരു ചെറുസുഖം ഉണ്ട്... ങ്ആ.... അതും ണ്ടായ്ക്കോട്ടേ....😊                    

രതീഷ് കൃഷണൻ: പേരിന്റെ വേരുതേടൽ...
നല്ല ചിന്ത
ഒരു പേരിലെന്തിരിക്കുന്നു...
എന്നത് തിരുത്താം നല്ല ശ്രമം...🙏🏿🙏🏿👌🏿✍🏾                    
സ്വാമിയുടെ
പുല്ലിംഗം
പല്ലിവാലുപോലെ കഥകളുണ്ടാക്കുന്നു....                    

അശോക് ഡിക്രൂസ്: അംജത് നിഹാൽ തരക്കേടില്ലാതെ കവിത എഴുതുന്നുണ്ട്. മുമ്പും ചില കവിതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആ കുട്ടിയുടെ രചനകൾ പുസ്തക രൂപത്തിലാക്കാൻ പരിശ്രമിച്ച രാജ്മോഹൻ മാഷിനെ ഈ അവസരത്തിൽ പ്രത്യേകം ഓർക്കുന്നു.                    
                                    
രജനി: തീക്കനലിൻ ജ്വാല പോല വളൊരു ഫീനിക്സ് പക്ഷിയാകട്ടെ......                    

രതീഷ് കൃഷണൻ: കഥപലതവണ വായിച്ചു...
ലിംഗശൂന്യസ്വമികൾ ഒത്തിരി കഥകൾക്ക് കഥാപാത്രമാകുന്നു എന്നാണ് പറഞ്ഞത്                    

ശിവശങ്കരൻ മാസ്റ്റർ: നവസാഹിതി രചനകൾ നല്ല നിലവാരം പുലർത്തുന്നു ..
അഭിനന്ദനങ്ങൾ
എഴുത്തുകാർക്കും
അവതാരകക്കും
വിലയിരുത്തിയവർക്കും                    

രതീഷ് : പെൺ ജീവചരിത്രം👌🏻👌🏻                    
                
സ്വപ്ന: അതിൽ ചിലതെങ്കിലും ഉണ്ടായിപ്പോയ കഥകൾ അല്ലാത്തതു കൊണ്ട് മനസ്സിൽ തട്ടാതെ പോകുന്നു. സമകാലികം മാത്രം ആയാൽ മതിയോ എന്ന് എന്റെ ഒരു ചിന്ത ....

************************************************************


🌹ആനുകാലികങ്ങൾ🌹
  പച്ചക്കുതിര

2017 മെയ്

കവർ സ്റ്റോറി

നളിനി ജമീല

ഞാൻ ലൈംഗിക തൊഴിലാളി എന്ന ആത്മകഥാ പുസ്തകത്തിനു ശേഷമുള്ള ഒരു പതിറ്റാണ്ടുകാലത്തെ ഒളിവു ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നളിനി ജമീല സംസാരിക്കുന്നു.

അഭിമുഖം
വാസവദത്തയെപ്പോലെ ഞാൻ കാത്തിരിക്കുന്നു
നളിനി ജമീല / ഡോ.ശ്രീ കല മുല്ലശ്ശേരി

നളിനി തുറന്നു പറയുന്നു....
ഈ ലോകത്തോടുള്ള പ്രണയം പോലെ മറ്റൊന്നില്ല... എന്റെ പ്രണയം ഞാൻ ആദ്യമായി വെളിപ്പെടുത്തുന്നു.പരസ്പരം കാണാൻ ആഗ്രഹിച്ചിരുന്നവർ... സമൂഹത്തിന്റെ ഉന്നതിയിൽ വർത്തിക്കുന്ന ആൾ... അയാൾ ഭീരുവാണെന്ന് ഇന്ന് തിരിച്ചറിയുന്നു.

 സംഭാഷണം

ജഡ്ജിയും വക്കീലും ഉണ്ടാകുന്നതെങ്ങനെ
ഡോ.സെബാസ്റ്റ്യൻ പോളും ആർ. കെ. ബിജു രാജും....

നിയമജ്ഞനും അഭിഭാഷകനമായ ഡോ.സെബാസ്റ്റ്യൻ പോൾ വ്യത്യസ്തമായ ശബ്ദമാണ് ജുഡീഷ്യറിയെ സംബന്ധിച്ച് എന്നും ഉയർത്തിയിട്ടുള്ളത്. അഭിഭാഷകർക്കിടയിലെ വിമത ശബ്ദമായി തുടരുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ തുറന്നു പ്രഖ്യാപിക്കാൻ മടിക്കുന്നില്ല.

സാഹിത്യം

ലൈംഗികതൊഴിലാളി
ഡോ. ശ്രീകലമല്ലശ്ശേരി
'അത്തരം സ്ത്രീകൾക്ക്' എന്തു സംഭവിക്കുന്നു... ?

കുയുടെ ഭാവുകത്വ പരിണാമങ്ങളിൽ പൊതുവെ ലൈംഗിക തൊഴിലാളികൾക്ക് പ്രണയം നിഷിദ്ധമായിരിക്കും. അഥവാ അത്തരക്കാരികളെ പ്രണയിക്കാൻ വിടാൻ പോലും മനക്കട്ടിയില്ലാത്തവരായിരുന്നു പല സ്രഷ്ടാക്കളും .അവർ പ്രണയിച്ചാൽ, അവരെ പ്രണയിച്ചാൽ ആസ്വാദകർ എത്രത്തോളം സ്വീകരിക്കുമെന്ന ആശങ്ക മിക്ക എഴുത്തുകാരിലും അന്തർലീനമായിരുന്നു.

ടോൾസ്റ്റോയ്, ദസ്തയേവ്സ്കി, ഗബ്രിയേൽ ഗാർസിയ മാർക്വേസ്, പൗലോ കൊയ് ലോ തുടങ്ങിയ വിശ്വസാഹിത്യകാരന്മാർ ലൈംഗിക തൊഴിലാളികളെ തന്മയത്വത്തോടെ ഫിക്ഷനിൽ ഉപയോഗിച്ചവരാണ്.ഇന്ത്യയ്ക്കകത്തെന്ന പോലെ പുറത്തും അവരോടുള്ള സമീപനത്തിൽ വലിയ മാറ്റമൊന്നുമില്ലെന്ന് കാണാം.

'അത്തരം സ്ത്രീകളുടെ' സ്വപ്നങ്ങൾ അടക്കി വച്ച് ജീവിത കാമനകൾ പൂവണിയുന്ന കാലം എത്ര അകലെയാണ്...

നിരീക്ഷണം
മദ്യ സമസ്യ
സി.വി.ബാലകൃഷ്ണൻ

മദ്യമെന്ന മഹാ സമസ്യ മനുഷ്യനുള്ള കാലത്തോളം സങ്കീർണമായിത്തന്നെ തുടരുമോ..?
നീതിപീഠങ്ങൾക്കും ഭരണകൂട ശാസനകൾക്കും വിജയം കൈവരിക്കാൻ കഴിയുമോ..?
ഇതിനു മറുപടിയായി ഒരു ചിരി ലേഖകൻ കേൾക്കുന്നു. ചിരിക്കുന്നത് വേറാരുമല്ല.. വീഞ്ഞിന്റെ ദൈവം തന്നെ..

അന്വേഷണം

സംവരണത്തിലെ പിന്നാക്ക ചിന്തകൾ

സുദേഷ് എം.രഘു

കേരളകൗമുദിയായിരുന്നു പിന്നാക്ക വിഭാഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ജിഹ്വ.അതിശക്തമായ ഭാഷയിലാണ് സാമുദായിക സംവരണ വിഷയകമായി കേരളകൗമുദി മുഖ പ്രസംഗങ്ങളെഴുതിയിരുന്നത്. എന്നാൽ എസ്.എൻ.ഡി.പി.യോഗം ഹിന്ദുത്വ പക്ഷത്തേയ്ക്കു ചാഞ്ഞതോടെ കേരള കൗമുദിയുടെയും സ്വരത്തിൽ മാറ്റം വന്നു തുടങ്ങി.

കേരളത്തിലെയാണെങ്കിലും അഖിലേന്ത്യാ തലത്തിലെയാണെങ്കിലും സംവരണം പുനഃപരിശോധന നടത്തണമെന്നുണ്ടെങ്കിൽ വസ്തുതാപരമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്.നിരന്തരമായി ആവശ്യപ്പെട്ടിട്ടും അത്തരം വിവരങ്ങൾ പുറത്തു വിടാൻ മടിക്കുന്നതു കൊണ്ട് ഊഹിക്കാവുന്ന സംഗതി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മുന്നാക്ക സമുദായങ്ങൾക്ക് ഇപ്പോഴും അമിത പ്രാതിനിധ്യം ഉണ്ട് എന്നതാണ്.

കവിത

ബുർജ് ഖലീഫ കാണൽ
എം.എസ്.ബിനോയ്

നിറത്തിന്റെ മന:ശാസ്ത്രം

കറുപ്പിന്റെ സാമൂഹ്യപാഠം

അജിത് കുമാർ.ജി

തെളിച്ചമുള്ള നിറമുള്ളവർ സംഘബലത്താലും ആയുധബലത്താലും നൂറ്റാണ്ടുകളോളം നിലനിർത്തിയ അധികാരം അവരക്കട മാത്രം നിരീക്ഷണങ്ങളെ ഫലപ്രദമായി സ്ഥാപിച്ചെടംക്കാൻ സഹായിക്കുന്നു.

വിശകലനം

മലബാറിലെ ജാതി ജീവിതം

പി.ആർ.ഷിത്തോർ

മറ്റു പ്രദേശങ്ങളിൽ എന്നതുപോലെ മലബാറിലും ജാതി വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്. ദലിത് വിഷയങ്ങളോടുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിസ്സംഗതയാണ് ഇതിനു കാരണം. സോഷ്യൽ മീഡിയ അടക്കമുള്ള നവ മാധ്യമങ്ങളിൽ നിന്നും ഉയരുന്ന ഗൗരവത്തിലുള്ള ഇടപെടലുകൾ സമീപകാലത്ത് ജാതിവിവേചനങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയുണ്ടായി,

കവിത

പച്ചക്കുതിര

ബിജോയ് ചന്ദ്രൻ

അവസാന പേജുകൾ

മറുപടി... വായനക്കാർ

പുസ്തകപ്പച്ച..... പരിചയപ്പെടുത്തൽ