ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

27-7-2017

മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ
രജനി

പ്രൊഫ. കൊച്ചുത്രേസ്യാ തോമസ്
1946 ല്‍ ഇടുക്കിയില്‍ ജനിച്ചു. റിട്ടയേര്‍ഡ് പ്രൊഫസര്‍ ആണ്. “സ്ത്രീശക്തിയുടെ മനശാസ്ത്രം” എന്ന കൃതി രചിച്ചതിന് 2004 ല്‍ ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ നടന്ന ചടങ്ങില്‍ പൊന്നാടയണിയിച്ച് ബഹുമാനിക്കപ്പെട്ടു. പൊതുപ്രശ്നങ്ങളെ അധീകരിച്ചാണ് ലേഖനങ്ങള്‍ രചിക്കാറുള്ളത്. സ്ത്രീയുടെ ശക്തിയെക്കുറിച്ചും അവളുടെ സ്വഭാവ മഹിമയെപ്പറ്റി, അവള്‍ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റിയൊക്കെ അവര്‍ ചര്‍ച്ച ചെയ്യുന്നു. ശാക്തീകരിക്കപ്പെടാത്ത സ്ത്രീസമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ അവലോകനം ചെയ്യുന്നു. സ്ത്രീശക്തിയുടെ മനശ്ശാസ്ത്രം എന്ന കൃതിയില്‍ ‘അമ്മയും കുഞ്ഞും’ എന്ന ഭാഗത്തില്‍ അമ്മ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കാന്‍ എഴുത്തുകാരിക്കു കഴിഞ്ഞിട്ടുണ്ട്. വളരെ ഉപകാരപ്രദമായ ലേഖനമാണിത്.
“സ്ത്രീശക്തിയുടെ മനശാസ്ത്രം”. കോട്ടയം: കറന്‍റ് ബുക്സ്, 2003. “ജീവിതപ്രശ്നങ്ങളെ എങ്ങനെ നേരിടാം”. കോട്ടയം: എസ. ്പി. സി. എസ്, 2009.

പ്രൊഫ. ജെ. മഹിളാമണി
1940 സെപ്തംബറില്‍ തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരില്‍ ജനിച്ചു. ഗവണ്‍മെന്‍റ് വിമെന്‍സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും വിദ്യാഭ്യാസം. ശ്രീനാരായണ ഗുരുവിന്‍റെയും തുളസീദാസിന്‍റെയും കൃതികളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രബന്ധത്തിനു കേരള സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. വിവിധ ശ്രീനാരായണ കോളേജുകളില്‍ 32 വര്‍ഷം അധ്യാപികയും വകുപ്പു മേധാവിയുമായിരുന്നു. “ഗുരു സവിധത്തില്‍”, “താഴ്വരയില്‍ നിന്നു മലയെക്കാള്‍ ഉയരത്തില്‍”, “അന്ന് ഒരു ഹേമന്ത പ്രഭാതത്തില്‍”, “ഇടയന്‍റെ തിരുവാക്കുകള്‍”, “കേള്‍ക്കാത്തവര്‍”, “ഇന്നും ജീവിച്ചിരിക്കുന്ന ഹാരപ്പാസംസ്കാരം” എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍. “ഗുരു നിത്യചൈതന്യയതി” എന്ന ജീവചരിത്ര ഗ്രന്ഥത്തിലെ ‘നടരാജ സന്നിധിയില്‍’ എന്ന അധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വകയാര്‍ ഗ്രാമത്തില്‍ ജനിച്ച ജയചന്ദ്രന്‍ ആത്മീയാന്വേഷണത്തിലൂടെ നിത്യചൈതന്യയതിയായി മാറിയ, അവധൂത സഞ്ചാരത്തിന്‍റെ കഥ പറയുകയാണ് ഈ പുസ്തകം. നാരായണ ദര്‍ശനത്തിന്‍റെ വെളിച്ചത്തിലൂടെ നടരാജഗുരുവിലേക്കെത്തിയ ഒരു ചെറുപ്പക്കാരന്‍ നിരന്തരസാധനയിലൂടെ ജീവിതാനുഭവങ്ങളുടെ നേരില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് സന്ന്യാസത്തിന്‍റെ പുതിയ ഒരു വഴി കണ്ടെത്തിയ കഥ പറയുകയാണ് ഈ അദ്ധ്യായത്തില്‍.
"ഗുരു നിത്യചൈതന്യയതി" (ജീവചരിത്രം). തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2012.                    

പ്രൊഫ. കുമ്പളത്തു ശാന്തകുമാരി അമ്മ
1936 ല്‍ കൊല്ലം ജില്ലയിലെ പന്‍മനയില്‍ ജനിച്ചു. അഡ്വ. പ്രാക്കുളം പി. കെ. പത്മനാഭ പിള്ളയുടെയും കുമ്പളത്തു തങ്കമ്മയുടെയും മകള്‍. പന്‍മന ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത സ്കൂള്‍, തിരുവനന്തപുരം സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എന്‍. എസ്. എസ്. കോളേജ് ധനുവച്ചപുരം, നീറമണ്‍കര, എം. ജി. കോളേജ് എന്നീ കേളേജുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. “ശ്രീ. വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍” (2003), “ശ്രീ നാരായണഗുരു” (ബാലസാഹിത്യം), “പൂജാപുഷ്പങ്ങള്‍” (2005), “ശ്രീ നീലകണ്ഠതീര്‍ത്ഥപാജ യോഗീശ്വരന്‍ അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല”, “വിശ്വാസം വിളക്ക്”, “ഇന്നത്തെ ചിന്താവിഷയം”, “പഞ്ചമൂര്‍ത്തികള്‍” (2006), “ചണ്ഡാലഭിഷുകി ഒരവലോകനം” എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. ആറ്റുകാല്‍ ഭഗവതി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചട്ടമ്പി സ്വാമി പുരസ്കാരം ഹേമലത പുരസ്കാരം, തിരുവനന്തപുരം വിദ്യാധിരാജമിഷന്‍ വക ശ്രീ വിദ്യാധിരാജ ശ്രേഷ്ഠ പുരസ്കാരം, കെ. ആര്‍. ഇലങ്കത്ത് സ്മാരക ട്രസ്റ്റിന്‍റെ കെ. ആര്‍. ഇലങ്കത്ത് സ്മാരക പ്രശംസപത്രം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ അന്തര്‍ മാഹാത്മ്യങ്ങള്‍, സത്യവും സാരവത്തുമായിരിക്കുന്ന പക്ഷം നശിക്കുകയില്ലെന്നും, മറിച്ച് കാലദേശങ്ങളെ അതിജീവിച്ച് നിലനില്‍ക്കുമെന്നുള്ളതിന്‍റെ തെളിവാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജീവിതം എന്ന് ശാന്തകുമാരി അമ്മ അഭിപ്രായപ്പെട്ടു. കേരളീയ സമുദായങ്ങള്‍ക്ക് വന്ന ഉയര്‍ച്ചയ്ക്കും ശുദ്ധിക്കും മാര്‍ഗ്ഗ ദര്‍ശനം ചെയ്ത മഹാത്മാവായിട്ടാണ് സ്വാമികള്‍ ഇന്ന് അറിയപ്പെടുന്നത്. സമൂഹത്തിലുണ്ടായ അടിസ്ഥാനപരമായ അനീതികളെയും അധര്‍മ്മങ്ങളെയും സ്വാമികള്‍ എതിര്‍ത്തു. വളരെയേറെയൊന്നും അറിയപ്പെടാത്ത സാമികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി എഴുതിയതാണ് ശ്രീ വിദ്യാരാജ ചട്ടമ്പിസ്വാമികള്‍ എന്ന ഗ്രന്ഥം.
“ശ്രീ വിദ്യാരാജ ചട്ടമ്പിസ്വാമികള്‍”. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് കേരള സര്‍ക്കാര്‍, 2003. “പൂജാപുഷ്പങ്ങള്‍”. തിരുവനന്തപുരം: സിസോ ബുക്സ്, , മെയ് 2005. “ശ്രീ നീലകണ്ഠതീര്‍ത്ഥപാജ യോഗീശ്വരന്‍ അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല”. “വിശ്വാസം വിളക്ക്”. തിരുവനന്തപുരം: സതേണ്‍ സ്റ്റാര്‍ പബ്ലിക്കേഷന്‍സ്, “ഇന്നത്തെ ചിന്താവിഷയം” “പഞ്ചമൂര്‍ത്തികള്‍”. കുറ്റിച്ചല്‍: സി. ബി പബ്ലിഷിംഗ് ഹൗസ്, ആഗ്സ്റ്റ് 2006. “ചണ്ഡാലഭിഷുകി ഒരവലോകനം”. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്.

ഫാത്തിമ ഗഫൂര്‍
കേരളത്തിലെ പല വനിതാക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കുവഹിച്ചിരുന്ന ഫാത്തിമാ ഗഫൂര്‍ ആലുവായിലെ പ്രമുഖ വ്യവസായി ആയിരുന്ന എം. എ. ഹമീദിന്‍റെ മകളാണ്. 1955 ല്‍ ഡോ. പി. കെ. അബ്ദുള്‍ ഗഫൂറിനെ വിവാഹം ചെയ്തു. ലോക പ്രസിദ്ധമായ എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ വെസ്റ്റേണ്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ റേഡിയോളജി വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്കറായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. 1972  മുതല്‍ അഖിലേന്ത്യാ എം. ഇ. എസ്. വനിതാ വിഭാഗത്തിന്‍റെ പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചു.
“ഓര്‍മ്മയിലെന്നും” എന്ന ഓര്‍മ്മക്കുറിപ്പാണ് പ്രസിദ്ധീകരിച്ച കൃതി.
ജീവിതം മുഴുവന്‍ സേവനത്തിന് ഉഴിഞ്ഞു വെച്ച ഡോ. പി.കെ. അബ്ദുള്‍ ഗഫൂര്‍ എന്ന വ്യക്തിത്വത്തെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുകയാണ് ശ്രീമതി. ഫാത്തിമാ ഗഫൂര്‍ “ഓര്‍മ്മയിലെന്നും” എന്ന ഗ്രന്ഥത്തില്‍കൂടി. ഡോ. അബ്ദുള്‍ ഗഫൂര്‍ എന്ന പ്രതിഭാശാലിയെ പറ്റി യാതൊരു വളച്ചു കെട്ടും ഇല്ലാതെ, തന്‍റെ കൂട്ടുകാരികളോട് പറയുന്ന രീതിയില്‍ വളരെ ലളിതമായി ആവിഷ്കരിച്ചിരിക്കുന്നു. അബ്ദുള്‍ ഗഫൂര്‍ ഒരു ഡോക്ടര്‍ എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മുസ്ലീം എഡ്യുക്കേഷനല്‍ സൊസൈറ്റി സ്ഥാപിച്ച അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലിയ പ്രചോദന കേന്ദ്രം ഫാത്തിമാ ഗഫൂര്‍ ആയിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുക വഴി അപഹാസ്യ പാത്രമായിരുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ ഗഫൂറിന് കഴിഞ്ഞു. സ്വന്തം സമൂദായത്തിലെ എതിര്‍പ്പുകളെപ്പോലും അദ്ദേഹം പലപ്പോഴും അവഗണിച്ചിരുന്നു. സ്വന്തം നാട്ടുകാരേക്കാള്‍ കൂടുതല്‍ ആദരവ് അന്യനാട്ടുകാരില്‍ നിന്നും ഏറ്റുവാങ്ങിയ പൊതുജവസേവകന്‍ കൂടിയാണ് അദ്ദേഹം. ഭര്‍ത്താവിനോടൊപ്പം പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഫാത്തിമാ ഗഫൂര്‍ “ഓര്‍മ്മയിലെന്നും” എന്ന തന്‍റെ ഓര്‍മ്മക്കുറിപ്പിലൂടെ ആ മഹത്വ്യക്തിത്വത്തെ വായനക്കാരുടെ മുന്നില്‍ തുറന്നു കാട്ടുകയാണ്.

****************************************************