ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

29-7-2017


📝 നവസാഹിതി📝
സൈനബ
🖍🖍🖍🖍🖍🖍🖍

മന്മഥന്റെ മരണം

ബലിയുണ്ട്
തിരികെ
വന്നപ്പോൾ
മന്മഥന്റെ
പരേതാത്മാവിന്
പതിവില്ലാത്ത
പരവേശം
ഭാര്യയെക്കണ്ട്
ദാഹം തീർന്നില്ല
മക്കളോടൊപ്പം
ഔട്ടിംഗിന് പോയില്ല
കണാരേട്ടന്റെ
കള്ളുഷാപ്പിൽക്കയറി
ഒരു കുപ്പി
അന്തിവിട്ടില്ല
അയലത്തെ
അമ്മിണിച്ചേച്ചി
കണ്ണാലെ
ക്ഷണിച്ചിരുന്നു...
പൂതി മൂത്ത്
ഇരിക്കാൻ വയ്യ നരകമേ...

മരിച്ച ശേഷം
എന്തൊക്കെ
മാറ്റങ്ങൾ!
എനിക്കു ശേഷം
പ്രളയം വന്നില്ല
ഭാര്യയും മക്കളും
തനിച്ചായില്ല
പാതിരാവിലും
വീടുറങ്ങിയില്ല
കാലം പോയ
പോക്കു നോക്കണേ......!

മന്മഥൻ
ഞെട്ടിയുണർന്നു
ഭാര്യയെ
കുലുക്കി വിളിച്ചു
മക്കളെ
ചവിട്ടിയുണർത്തി..
മഴയത്തും
നിന്നു വിയർത്തു
തെക്കേ മാവിലൊരു
കാക്ക മാത്രം
നനഞ്ഞൊലിച്ച്
കാവലിരിക്കുമ്പോൾ
മന്മഥനെങ്ങനെ
മരിക്കാനാണ് !

ശ്രീനിവാസൻ തൂണേരി                      
**************************
പ്രണയം...

ഇടവഴിയോരങ്ങളിൽ നാം നട്ട
പ്രണയ വിത്തുകൾ പൂത്തുവത്രെ....
അതിൻ സുഗന്ധം നുകരാൻ നീയോ ഞാനോ എത്തുമെന്ന്
മാമരംകൊതിച്ചിരിക്കാം...
ആത്മാവിലൂർന്നിറങ്ങിയ പ്രണയവും
ആഴമേറിയ ബന്ധങ്ങളും മരിച്ചത് കൊണ്ടാകാം പൂമര മിന്ന് വേരറ്റു വീണത്....

രാജേഷ് ജി കരിങ്കപ്പാറ 
**************************
പ്രകൃതിയുടെ വരദാനമായി കിട്ടിയ സർഗ്ഗ ചേതനക ളെ തിരിച്ചറിഞ്ഞ് വർത്തമാനകാലത്തിലും വരും കാലങ്ങൾക്കും നമ്മെ അടയാളപ്പെടുത്തുന്ന വേദിയാവട്ടെ ഇത് എന്ന് ആഗ്രഹിക്കുന്നു .. ആശംസിക്കുന്നു ,,
💐💐💐💐💐

സൈനബ്, ചാവക്കാട് ..
ഒരു
രാജൃം നിരന്തരം തലകുനിയ്ക്കാ൯
പഠിക്കുന്നു

വീണ്ടും വീണ്ടും
കൊലപ്പെടുത്തുവാ൯ വേണ്ടി മാത്രം
വള൪ത്തുന്നു മനുഷൃരെ

കുട്ടികളുടെ മുഖം വരച്ച
ശവപ്പെട്ടികളുടെ 
ഘോഷയാത്രകൾ .

മൃഗങ്ങളവരുടെ മക്കളെ
മടിയിലിരുത്തി
പഠിപ്പിക്കുന്നു
ക്രൂരതകളെ *മനുഷീയം
എന്നു തന്നെ പറയണമെന്നും
മൃഗീയം
പറയുന്ന മനുഷൃരെ വെച്ചേക്കരുതെന്നും

ഫോട്ടോ പതിച്ച
 ഹാൾടിക്കറ്റ് വേണ്ട
 മരണത്തിന്റെ
 പരീക്ഷാ ഹാളിലേക്ക്
 പ്രവേശിക്കാൻ
 ജാതി
 സർട്ടിഫിക്കറ്റ് മാത്രം മതി

ആളുകൾ
ഉറക്കമൊഴിച്ചിരുന്ന്
മരണം പഠിക്കുന്ന
രാജൃത്തിന്
എന്തു പേരിടും

സജീവൻ പ്രദീപ് 

ജല തരംഗം
രാത്രി, പെയ്യുന്ന മഴ
ചോരുന്ന കുട്ടിക്കാലം
- ഒഴിഞ്ഞു മാറാനിട -
മില്ലാ, തളിച്ചുണർത്തും
ഒഴിഞ്ഞ പാത്രമെല്ലാം
നിരത്തി നിവേദ്യമായ്
ചൊരിഞ്ഞുമഴ ജല.
തരംഗം കുളിർപ്പിക്കും
നിറഞ്ഞ താദ്യമെന്റെ
പാത്രമെന്നുറ്റം കൊൾ കെ
അമ്മ നെഞ്ചോടു ചേർത്ത
മഴയും പെയ്തൊഴിഞ്ഞു
പിന്നെയും പെയ്യുന്നല്ലോ
രണ്ടു തുള്ളി യെൻ നെഞ്ചിൽ
ഇന്നു മാജലകണം
തരംഗം സൃഷ്ടിക്കുന്നു
ഇന്നു മാതരംഗങ്ങൾ
സൃഷ്ടിക്കും ജലകണം

സായി
എൻ.എം എച്ച് എസ്
തിരുന്നാവായ SAI

പതിവ്രത
പാതിവ്രത്യം പെണ്ണിനു ബാധ്യതയോ?
ഇരുളടഞ്ഞ വഴികളിൽ പെണ്ണിനെ കാമിക്കുന്നവനും
ഭാര്യ പതിവ്രതയാവണം
വാത്സല്ല്യം നൽകി.ലാളിക്കേണ്ട
പിഞ്ചു കുഞ്ഞിനെ കാമിക്കുന്നവനും ഭാര്യ പതിവ്രതയാവണം
മകളെന്ന സത്യം മറക്കുന്ന ഗുരുവിനും
ഭാര്യ പതിവ്രതയാവണം
സഹപാഠിയെ കൂട്ടം ചേർന്ന് ഭോഗിക്കുന്നവർക്കും
ഭാര്യ പതിവ്രതയാവണം
പ്രലോഭനം നൽകി സഹപ്രവർത്തകയുടെ ചൂട് പറ്റുന്നവനും
ഭാര്യ പതിവ്രതയാവണം
തക്കം നോക്കി പെൺ പ്രജയിൽ
രതിസുഖം തേടുന്ന മന്ത്രിക്കും
ഭാര്യ പതിവ്രതയാവണം
തട്ടകത്തിൽ കൂടെയാടുന്നവളുടെ
ചൂട് പറ്റാൻ കൊതിക്കുന്ന താര കുമാരന്മാർക്കും
ഭാര്യ പതിവ്രതയാണം
മണിയറയിൽ ഇറ്റി വീഴുന്ന രക്തം പെണ്ണിനു തെളിവെങ്കിൽ .ആണിനോ?
രാമൻ പിറന്നയീ മണ്ണിൽ
ഇന്ന് രാമനായ് ആരുണ്ട്?
പിന്നെ സീത മാത്രമെന്തിനീ മണ്ണിൽ?

ശരണ്യാ പ്രകാശ്

അയ്യപ്പ .

വെയിലുചുട്ടൊരാമണ്ണിനെച്ചുംബന-
ക്കുളിരുചൂടിച്ച തുമ്പയിൽത്തോരുവാൻ,
മഷിപുരണ്ട വിരൽത്തുമ്പിനാലിതാ,
മിഴിതുടച്ചഗ്നിനാമ്പിൽ പൊലിഞ്ഞുടൽ !

സുഖദശീതളച്ചുവപുളിച്ചമ്പിളി -
ക്കല കലമ്പിക്കുലയ്ക്കുന്ന ദിക്കിലെ,
ചെറിയ നോവുകൾക്കക്ഷരച്ചുമരുകൾ
എഴുതിവീർപ്പിട്ടയടയാളവഴികളിൽ,

വറുതികത്തിച്ചുവപ്പിച്ചയാകാശ-
മറകൾ കീറിപ്പറക്കുന്നമുകിലുകൾ-
ക്കരിയചെങ്കനൽപ്പൊരിയെ വാഴ്ത്താതിനി-
പ്പുലരിവാഴ്വിന്റെ പരിണയം വേണമോ?

ഒരു വിളിപ്പാടുമാറി, മൺതിട്ടകൾ
പിടയുമാലിലച്ചിത്രം പതിയ്ക്കവേ,
കുരലമർന്നാർത്തനാദം പരക്കുമീ
കുടികിടപ്പോന്റെ ചിതയാണെരിഞ്ഞതും !

മിഴിപൊടിഞ്ഞിവൻ വൻപിച്ച പിണ്ഡമായ് .
ഹിമമലകളിൽ, ശീതക്കയങ്ങളിൽ,
വലിയ കൂടമായ്പ്പതിയുന്ന താഢനം
മുടിയുടഞ്ഞഗ്നിമലകളെപ്പെറ്റിതാ.

വഴിപിളർന്നിട്ട മണ്ണുമാന്തിപ്പല്ലി-
ലുയിരു വിട്ടുടഞ്ഞെത്രയോ പ്രാണികൾ !
വിധിഹിതങ്ങളീക്കാലയാനങ്ങളിൽ
പുളകിതങ്ങളാമുല്ലാസരൂപികൾ.

കുലമഹത്വത്തിലൂറ്റമിട്ടുടയുമീ
ചെറുപരൽത്തരിപ്പോളകൾ പൊന്തിടും
വ്രണിത കല്ലോലിനിക്കായിതായോളമായ് 
ഉരുകി നീർവാർന്നു കണ്ണായ്പ്പിടയ്ക്കുക !

ഇവിടെയേകാന്തനായ് നിഴൽചൂടി ഞാൻ,
പുഴവകഞ്ഞാത്മഗേഹം പണിഞ്ഞിതാ . 
കുടിലയാർത്തിയാൽ ചിന്നംവിളിക്കയോ,
നിഴൽവളപ്പിലെ വായുള്ളകുന്നുകൾ.

വ്യഥചവച്ചാറ്റിയാകാശചാരികൾ
കുടൽ പുറത്താക്കിയെങ്ങോ മടങ്ങവേ,
കരൾകരിഞ്ഞുഗ്രമിടിവെട്ടി മാനസേ,
വരിനിരക്കാതെയൊഴുകീ നിണച്ചുവ.

എവിടെയാത്മാവുമാത്രമാം പ്രിയകവേ...!
വരിക വാരിജപ്പൊയ്കതൻ ചാരെ നീ,
ലഹരിയാറാടിമേയുന്ന മേഘമായ്,
ഭാരമേലാത്ത പഞ്ഞിപ്പുതപ്പുപോൽ .

വിനയൻ 

ഇന്നത്തെ കാലത്തിന്റെ മനുഷ്യന്റെ ഒരു Passion അല്ലേ കൊലയുടെ സംസ്കാരം .തനിക്ക് താല്പര്യമില്ലാത്ത പ്രയോജനമില്ലാത്ത എന്തിനേയും ഇല്ലാതാക്കുന്ന ,അത് മതമാകാം, സംസ്കാരമാകാം, രാഷ്ട്രീയമാകാം, ബന്ധങ്ങളാകാം, സ്വാതന്ത്ര്യങ്ങളാകാം. ആരെയും അലോസരപ്പെടുത്താത്ത ഒന്നായി സംഹാരം മാറുന്നു.കാലിക പ്രസക്തമായ രചന. ആശയം കൊണ്ട്.

 ഒന്നിച്ച്
🎋🎋🎋🎋

ഒന്നിച്ചൊരു 
പക്ഷിയാകാം 
ആകാശങ്ങള്‍ തേടുന്ന 
പക്ഷി..!


പകലുകള്‍ താണ്ടി 
അവിടെയെത്തുമ്പോള്‍ 
ചിറകുകള്‍ പൊഴിച്ച് 
ഉരഗമാകും...


രാത്രിയില്‍ 
നെഞ്ചുരച്ച് 
ചോരയിറ്റി 
പിന്നെയും
പകലിലേക്കിഴയും..


പൊഴിഞ്ഞ ചിറകുകളുടെ 
തൂവലെങ്കിലും 
അവിടെ 
കണ്ടെങ്കില്‍...

🎋🎋🎋🎋🎋🎋🎋
സജദില്‍ മുജീബ്

"ന്റെ പന്ത വല്യ സിറ്റ്യാ, നിങ്ങൾക്ക്  ഗ്രാമം പോലെ തോന്നണതാ..."

( നൊസ്റ്റാൾജിയ )

"കഴിഞ്ഞ എഴുപത്തിയാറ് കൊല്ലായി  പന്തയിലെ ന്തുണ്ടായീ   സുന്ദരന്റെ പഞ്ചറുകടയല്ലാതെ..?" എന്റെ അമ്മുമ്മ തങ്കമ്മ നാടാത്തീടെ ചോദ്യാണ്...

എട്ടുമുപ്പതിന്റെ പന്തകൂട്ടപ്പൂ ബസിന്റെ പുകയല്ലാതെ അന്തരീക്ഷത്തിലേക്ക് കാർബൺ കടന്നു പോണില്ല....

ഒരു വശത്ത് കെട്ടി നിർത്തീക്കണ നെയ്യാർഡാമിൽ ചീങ്കണ്ണികളുണ്ടെന്ന് ഇന്നും  കുട്ടികളെ അമ്മമാർ പേടിപ്പിക്കുന്നു...
എന്നാലും വൈകിട്ടായാൽ അവരെയും കൈപിടിച്ച്  അലക്കാനുള്ള തുണികളുമായി ആറ്റിന്റെൽ അലക്കുകല്ലിൽ അവരെത്തും...
പന്തേടെ തെക്ക് കൂട്ടപ്പൂന്ന് പറയും തമിഴ് നാടിന്റെ ഭാഗാ.. 
വടക്കോട്ട് പോയാൽ നെയ്യാറ്,  കിഴക്ക് വശത്ത് അഗസ്ത്യാർകൂടം നിക്കണ വനം... സരസൂന്റെ പുതിയ വീടും ചേർത്ത് ഇതിന്റിടേൽ 126 വീടും അതിലെ ആളുകളും,... കോട്ടയം കുഞ്ഞച്ചന്റെ സിനിമേൽ ന്റെ നാട് അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടിക്കൊപ്പം...

മൂന്ന് പാൽക്കാർ,
 നേതാവ് രഘു. ആറ്റിൽ നിറയെ വെള്ളോണ്ടായിട്ടും പാലിൽ ഒരു തുള്ളി ചേർക്കാറില്ല...
തിരുവനന്തപുരത്തും കൊല്ലത്തും മേസ്തിരിപ്പണിക്കും, വാർക്കപ്പണിക്കും, പിന്നെ റബ്ബറുവെട്ടാനും ഇവിടന്ന് പോണുണ്ട്, സർക്കാർ ജീവനക്കാർ മിക്കവരും നാട്ടിലില്ല....നാട്ടിലെ വില്ലേജിൽ ജോലി ചെയ്യണത് മറ്റേതോ നാട്ടുകാർ.... മൃഗാശുപത്രിലെ സജീവൻ ഡോക്ടർ ആരുടേലും തൊഴുത്തിലോ, കോഴിക്കൂടിന്റെ അടുത്തോ ഉണ്ടാകും.... ആർക്ക് എന്തുവന്നാലും നെയ്യാർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മരുണ്ട്, അല്ലെങ്കിലും ഈ നാട്ടിൽ  ആർക്കെന്ത് വരാൻ..?  പ്രായം ചെന്നവർപോലും കാലനെ കളിപ്പിച്ചിരിപ്പാണ്...
മുട്ടുവേദന, കാല്പെരുപ്പ് വാദം, പിത്തം ഇതിനൊക്കെ പഴേ തലമുറ "കഷായാശുപത്രീപ്പോണെന്ന്" പറയും...കൈവശമുള്ള കുപ്പികൾക്കും അതേ കടുപ്പ് നിറായിരിക്കും...പണ്ട് വസൂരിക്കാലത്തെന്നപോലെ ഓരോ പനിക്കാലത്തും ഒന്നു രണ്ടാളുകൾ സ്വാഭാവികമായി ഇവിടുന്ന് മരിച്ചു പോകാറുണ്ട്...

ഒന്നുരണ്ടാളുകൾ ഗൾഫിലും, അഞ്ച് ചെറുപ്പക്കാർ പട്ടാളത്തുലും, സപര്യ ട്യൂഷൻ സെന്ററാണ് ഈ നാടിന്റെ നളന്ദയും തക്ഷശിലയും..
കഴിഞ്ഞ കുറേ കാലങ്ങളായി ഇടതുപക്ഷത്തോട് ചായ്വ് കാണിക്കുന്നു...ഒരു മുസ്ലീം പള്ളി, പിന്നെ മൂന്ന് ക്രിസ്ത്യൻ പള്ളികൾ, ഒരമ്പലം...
അലമ്പുകളില്ലാതെ പോകുന്നു...ബാങ്ക് കേട്ടില്ലെങ്കിൽ ഇവിടത്തുകാർ പള്ളീലെ ഉസ്താദിനെന്തു പറ്റീന്ന് തിരക്കാറുണ്ട്, അതുനിപ്പൊ മതോന്നും ഇല്ലാ..ഉത്സവത്തിന് സമൂഹ സദ്യയുടെ ഒരു ചാക്കരി കമ്മിറ്റിക്കാർ ഷാനവാസിന്റെ കടേന്ന് ചോദിക്കാതെ എടുക്കും, ആവശ്യത്തിന് ഉപ്പ് പാക്കറ്റുകളും...
ഷാനവാസ് ചോദിക്കൂലാ, ഉപ്പാന്റെ കാലം മുതലുള്ള പതിവല്ലേ ഇതിലെന്ത് ചോദിക്കാൻ,

ഏക പാർട്ടിയാഫിസ് സിപി ഐ, സിപി എം, ആർ എസ് പി സംയുക്തായി പങ്കിട്ട് ഇ എം എസ് വായനശാലയോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു...തിരഞ്ഞെടുപ്പ് കാലത്ത് പൂട്ടിക്കിടക്കണ കടകളിൽ കോൺഗ്രസിനും , ബി ജേ പിയ്ക്കും ഓഫീസുകൾ തുറക്കും...ഇതു രണ്ടും കമ്മൂണുസ്റ്റ് പാർട്ടി മെമ്പറുടെ കടമുറികളാണ്,, എതിരാളികളായതിനാലാണോ, അതോ തിരഞ്ഞെടുപ്പ് തിരക്കിലോ കടവാടക ചോദിക്കാനോ, കൊടുക്കാനോ ആരും തയാറല്ല...
ഒരു രക്തസാക്ഷി മണ്ഡപമുള്ളത് ജഗദീശൻ കൈയേറി മുറുക്കാൻ കടയിട്ടു..

.റബ്ബർ ഷീറ്റും അരിയും ഉൾപ്പെടെ നാടിന്റെ മൊത്തക്കച്ചവടം ഷാനവാസിനാണ്, പിന്നെ നാടിന്റെ ഫർണിച്ചർ മാർട്ട് പ്രൊപ്രൈറ്റർ മണിയൻ നടത്തുന്നു...കവലയിൽ ചന്ത സ്ഥലത്ത് തന്നെയാണ് അങ്കണവാടിക്കെട്ടിടവും, വോളിബോൾ കോർട്ടും, ജനാല ചില്ല് പൊട്ടിച്ചതിന്റെ പേരിൽ യുവാക്കളുമായി ടീച്ചർ നിത്യ തർക്കത്തിലാണ്, ഇതുവരെ പോലീസിൽ പരാതിപ്പെടാത്തത് "നിന്നെയൊക്കെ പഠിപ്പിച്ചത് ആരാടാ... " എന്ന് പോലീസുകാരെങ്ങാനും ചോദിച്ചാലുള്ള ഭയത്താലാണ്...അതിന്റെ കേടും ടീച്ചർക്ക് തന്നെ...ലൈസൻസോ, മേൽക്കൂരയോ ഇല്ലാത്ത കശാപ്പ് കേന്ദ്രം അവിടെന്ന് മുകളിലേക്കുള്ള റബ്ബർ തോട്ടത്തിന്റെ നടുക്കാണ്...ഗോ സംരക്ഷകർ വന്നിട്ടും കാര്യമില്ല,  നാട്ടുകാരുടെ എണ്ണത്തിനുള്ള എറച്ചി മാത്രമേയുള്ളു....

പിന്നെന്ത് പറയാൻ തെക്കതിലെ ഉത്സവം, ഓണത്തിന് നെയ്യാർ ഡാമിലെ പ്ലോട്ട്, ലൈറ്റ്...പള്ളീലെ വെടിക്കെട്ട്....പന്ത ക്രിക്കറ്റ് ക്ലബ്ബിന്റെ ടൂർണമെന്റ്, ആരേലും കല്യാണം, മരണം, ഒളിച്ചോട്ടം ഇതൊക്കെ തന്ന നാടിന്റെ ആഘോഷങ്ങൾ...

ഇതിന്റെയൊക്കെ ഒത്ത നടുക്ക് പറങ്കിമാങ്ങയിട്ട്  വാറ്റിയതോ....കാട്ടാക്കട ബിവറേജിൽ നിന്ന് വാങ്ങിയതോ ആയ ഔഷധക്കൂട്ടുമായി പാരമ്പര്യ അബ്കാരികളുണ്ടാകും..ഒന്ന് 
കൈവച്ചാൽ കാറ്റുപോകുമെന്നെതിനാൽ നെയ്യാർഡാം പോലീസ് ഇവരെ തൊടാറില്ല...
ഇത് ജനമൈത്രി സ്റ്റേഷനാ...അതിരുമാന്തൽ, ഒളിച്ചോട്ടം, ചിട്ടിക്കേസ് ഇവയല്ലാതെ വല്യക്രമക്കേടുകളൊന്നും ഈ നാടിനില്ല.....

ദേ പന്ത കൂട്ടപ്പു ബസ് വരണ്...
നാട്ടിലെ ഏക വെയിറ്റിംഗ് ഷെഡിലിരുന്ന് ഇത് കുറിച്ചത് മത്സരത്തിനൊന്നുമല്ലാ...
ബസ് വരണ്ടേ...?

കള്ളിക്കാട് പഞ്ചായത്താഫീസിൽ പോയി പ്ലാസ്റ്റിക്ക് നിരോധിത മേഖാലാന്നൊള്ള ബോർഡ് വച്ചോട്ടേന്ന്  ചോദിക്കാനാ..
മീൻ കാരൻ സൈദാ പറഞ്ഞത് ഈ പഞ്ചായത്ത് പ്ലാസ്റ്റിക്ക് നിരോധിച്ചെന്നും... അതോണ്ട് പെണ്ണുങ്ങൾ ഇനി പാത്രത്തിൽ മീൻ വാങ്ങിക്കേണ്ടി വരുമെന്നും...
 ബോർഡ് വയ്ക്കണോന്നും....!!

കെ എസ് രതീഷ്...
( ഗുൽമോഹർ 009)                       

വിരഹം, വിഷാദം, മരണം
മനസ്സിന്റെ പൂമരച്ചോട്ടിൽ
ഏകാന്തതയുടെ ഇലപ്പടർപ്പിനിടയിൽ
ഞാനിരിക്കുമ്പോൾ
ഓർമ്മയ്ക്കു ഇരുണ്ട മാളങ്ങളിൽ നിന്ന്
കറുത്ത മുഖമുള്ള പാമ്പുകൾ
തൊണ്ണു കാട്ടി ചിരിക്കുന്നു
ഇഴഞ്ഞു വന്നെന്റെ കാലുകളിൽ ചുറ്റി പടരുന്നു
വികാരങ്ങളുടെ കാറ്റടിക്കുന്നു വിരഹത്തിന്റെ പ്രണയത്തിന്റെ സന്താപത്തിന്റെ
പുഷ്പങ്ങൾ കൊഴിഞ്ഞു വീഴുന്നു
ഹേ ദുഃഖങ്ങളുടെ ഗായക
പ്രണയത്തിന്റെ പ്രവാചക
വന്നീ പാമ്പുകളെ ഉഴിഞ്ഞു മാറ്റുക
അവ ഹൃദയത്തിൽ പല്ലമർത്തുന്നു വിഷാദം, മരണം, ആനന്തത

അംജദ് നിഹാൽ 

****************************************