ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

3-6-2017


📝 നവസാഹിതി📝
🖍🖍🖍🖍🖍🖍🖍

👬 ഒരു വട്ടം കൂടി👬
🌿🌿🌿🌿🌿🌿🌿

മഴവിരൽ തൊട്ടു നീയെത്തുന്നു വീണ്ടുമീ
മഹിതമാം വിദ്യാലയത്തിൽ
അറിയുവാൻ ആഴങ്ങൾ
തിരയുവാൻ നേരിന്റെ
ശ്രുതി ചേർത്തു 
പാടുവാൻ വീണ്ടും

ഹൃദയത്തിൽ വിരിയുന്ന സ്നേഹാക്ഷരങ്ങളാ-
ണറിവിന്റെ ഭാഷയെന്നറിയണം നീ
സഹജന്റെ കണ്ണുനീ-
രറിയുന്ന ലിപികളാൽ 
അലിവിന്റെ കാവ്യങ്ങളെഴുതണം നീ

നവലോക മന്ത്രങ്ങളറിയണം വിദ്യ തൻ പുതുനാമ്പിനൊപ്പം 
വളർന്നിടേണം
അതിരുകളില്ലാത്തൊരാകാശമാവണം
അതിദൂര വിസ്മയം തീർത്തിടേണം

എളിമ തൻ ചായത്താലെഴുതണം ജീവിത-
ച്ചുമരിലായ് മായാത്ത ചിത്രം
സമതയ്ക്കു വേണ്ടി നീ
ഉണരണം, വാക്കുകൾ
കനലായ് ജ്വലിക്കണം നാളെ..
,
🍃🍃🍃 പ്രസീദ പി എം
എച്ച് എസ് പെരിങ്ങോട്🍃🍃🍃

🍀🍀🍀🍀🍀🍀🍀🍀
താക്കോല്‍
〰〰〰〰〰〰〰〰
ദേവ്ന എസ് നാരായണന്‍
➖➖➖➖➖➖➖➖
അഞ്ചുമണിയുടെ അലാറം
അറിയാതെ പോയ അമ്മയേക്കാളും
കഷ്ണം നുറുക്കാന്‍ ഉറക്കച്ചടവി-
ലെത്താറുള്ള അച്ഛനേക്കാളും
റബ്ബറും പെന്‍സിലും തപ്പിത്തപ്പി
മേശയെ കുറ്റം പറയാറുള്ള എന്നേക്കാളും
ബദ്ധപ്പാടാണ് രാവിലെ
താക്കോലുകള്‍ക്ക്!
നേരം എട്ടാവുമ്പോഴേയ്ക്കും
ഓരോ വാതിലിന്‍റേയും ഓട്ടകളില്‍
കാലിട്ടു കുടുക്കേണ്ടതല്ലേ...
പക്ഷേ വലിയ കടപ്പാടുണ്ടവയോട്..!
വീട്ടിലെ കുഴമ്പിന്‍റെ വാടയും
മുറ്റത്തെ മുറുക്കിത്തുപ്പലും
മാറ്റിയത് ഇവറ്റയാണ്.
പോരാത്തതിന്,
കരിമ്പന്‍ കുത്തിയ തോര്‍ത്തുമുണ്ട്
അലക്കിയലക്കി അമ്മയ്ക്കും മടുത്തു.
ഒതേനനും തെന്നാലിരാമനും
എന്‍റെ നേര്‍ക്കു വരുന്നത്
എനിക്കും അസഹ്യം.
അച്ഛനാണെങ്കില്‍,
ഉപ്പിലിട്ട മാങ്ങയും വരട്ടിയ ചക്കയും
ഒട്ടും ഇഷ്ടമല്ല.
അടിച്ചുവാരാന്‍ വരാറുള്ള
ചേച്ചി പോലും 
നിലത്തു കൊഴിഞ്ഞ വെളുത്ത
മുടിനാരുകളെ
കൊഞ്ഞനം കുത്തുന്നത്
എത്ര കണ്ടിരിക്കുന്നു.
വല്ലപ്പോഴും അനിയന്‍
കാളയോട് നെല്ലില്‍ തുള്ളാനും
കീരിയോട് കിണ്ണം തരാനും*
പറയുന്ന അപശബ്ദം
കേള്‍ക്കാമെന്നു മാത്രം!

******
കുഴിഞ്ഞ കണ്ണും ചുളിഞ്ഞ കയ്യും
കീറിയ മനസ്സു പോലും 
താഴിട്ടു പൂട്ടിയിരുന്നു.
പക്ഷേ, ഒരൊറ്റ താക്കോലാണ്!
തുരുമ്പു കീഴ്പ്പെടുത്തിത്തുടങ്ങുന്ന
ചെറിയൊരു താക്കോല്‍.
അന്നാണ് ഏതോ ഞരക്കം
എന്നെ തോണ്ടുന്നത്...
അച്ഛനെ നോക്കിയപ്പോള്‍
ഒരു നിസ്സഹായത!
"സാരമില്ല...ആ താക്കോല്‍
കളഞ്ഞുപോയി"
ഒരു ഞരമ്പ് വലിഞ്ഞു
അത്ര മാത്രം!
മുറുകിയ പോലെ...
ഞാന്‍ ഒന്നു കുടഞ്ഞു
അത്ര മാത്രം!
🍀🍀🍀🍀🍀🍀🍀🍀

വിദ്യാലയം
***-** 
ഓർമ്മകളിലേക്ക് ഒരു 
തുള വീണ കുട ചോരുന്നുണ്ട് 
പുസ്തകങ്ങൾ നിറച്ചൊരു 
ബാഗ്‌ കുന്ന് കയറി അകലെ 
ആ വിദ്യാലയത്തിലേക്ക് 
ഓടി പോകുന്നു 

കാറ്റത്ത് മാത്രം പൊഴിക്കുമാ 
മൂവാണ്ടൻ മാവ് എന്നോട് 
പരിഭവം പറയുന്നു 
ഇന്നലെകൾ പെറ്റു പെരുകിയോ 
എന്നറിയാനായി വീണ്ടും 
ഞാൻ എന്റെ പാഠ പുസ്തകം 
തുറന്ന് നോക്കുന്നു 

ഓർമ്മകളുടെ ചില്ലു ഭരണയിൽ 
കയ്യിട്ട് വരുന്പോൾ 
ഒയലിച്ചയും നാരങ്ങ 
മിടായിയും മധുരിക്കുന്നു 

ഇനി ഒരിക്കൽ കൂടി കല്ലെറിയുമോ 
എന്ന് ചോദിച്ചു വിദ്യാലത്തിൻ 
പിറകിൽ ഒരു നെല്ലിക്ക മരം 
കൈ മാടി എന്നെ വിളിക്കുന്നു 

പാത്തൂത്തയും അന്തൂക്കയും 
ഉപ്പു മാങ്ങാ ഇട്ട 
ഭരണികൾ നീട്ടി 
സ്വപ്നത്തിൽ എന്നെ 
കൊതിപ്പിക്കുന്നു 

നുള്ളിയെന്നും തള്ളിയെന്നും 
പറഞ്ഞെനിക്ക് അടി വാങ്ങിച്ചു
 തന്ന പ്രിയകൂട്ടുകാരി 
പിന്തിരിഞ്ഞു നോക്കി എന്നെ 
കരയിപ്പിക്കുന്നു 

വീണ്ടുമാ കൂടിക്കാഴ്ചയിൽ 
പ്രിയ അധ്യാപികയുടെ നരച്ച മുടി 
വാടാത്ത വിദ്യാലയ ഓർമ്മകളിലേക്ക് 
വിരൽ ചൂണ്ടുന്നു 

ഞാൻ വീണ്ടും ഒരു നാല് വയസ്സ്‌കാരിയാവുന്നു 
മണ്ണപ്പം ചുട്ടുകളിക്കണമെന്ന് 
പറഞ്ഞു ;നാട്ടുവഴികളിൽ 
കുടപിടിക്കാതെ ആവോളം 
മഴ നനയണമെന്ന് ആരും
കേൾക്കാതെ ഞാൻ
എന്റെ ആത്മാവിനോട് 
വാശി പിടിച്ചു 
ചിണുങ്ങി കരയുന്നു 

വാഴ നാരിൽ മുല്ലപ്പൂ 
കോർത്ത്‌ തലയിൽ ചൂടി 
കൈ വെള്ളയിൽ 
മൈലാഞ്ചി അണിഞ്ഞു 
ബാല്യത്തിലേക്ക് ഞാൻ തനിച്ചു 
പോവുന്നു 

ദൂരെ വിജനതയിൽ കൊണ്ട് 
വിട്ടൊരു അപ്പൂപ്പൻ താടി എന്നോട് 
കൈ വീശി യാത്ര പറയുന്നു 
മഞ്ചാടി കുരുക്കൾ വീണുടഞ്ഞെന്റെ 
ഓർമ്മ പത്രം തനിച്ചാവുന്നു 

ഉച്ച കഞ്ഞിക്കായി ഞാൻ ഓടിയ 
ചുവരുകളിൽ നിന്നും 
കോമ്പസ് കൊണ്ട് ഞാൻ തുരന്ന 
ബെഞ്ചു എന്നെ വിളിച്ചു ഗദ്ഗദം പാടുന്നു 

അതെ ചളി പുരണ്ട കാലുകൾ തോർത്താതെ 
ഓർമ്മകളുടെ വിദ്യാലയ
കുളിരിലേക്ക് 
ഞാൻ വീണ്ടും ദേശാടന പക്ഷി
 ആവുന്നു 

Fathima vaheeda

നാടൻ പാട്ടിന്റെ വരികൾ
അച്ഛമ്മ പേരക്കുട്ടിയ്ക്ക് പാടി കേൾപ്പിച്ചിരുന്നവ....

നെല്ലിൽ കാള തുള്ളി
ഒപ്പം ഞാനും തള്ളി
നെല്ലിന്റോല കൊണ്ട്
എന്റെ മെയ് മുറിഞ്ഞു
..............

മറ്റൊന്ന്
കീരീ കീരീ കിണ്ണം താ

എന്ന് തുടങ്ങുന്നത്

 "ശില്പം"
ഇടനാഴിയിലെവിടെയോ
നഷ്ടമായ് തൂലിക
ഇളങ്കാറ്റ് ചൊല്ലി മൗനമായ്.....
അടച്ചിട്ട ക്ലാസ്സ് റൂമാണോ രോ ഹൃദയവും
ഉള്ളിലെ ബാല്യങ്ങൾകൗമാരങ്ങൾ :.
സായൂജ്യമടയുവാൻ ഓർമ്മയായ് വന്നെന്റെ
ഹൃദയവികാരങ്ങൾ ഉയർത്തി കാട്ടി.....
വാകമരച്ചുവട്ടിലായ് കുഞ്ഞു പാവാടകൾ
കളി ചൊല്ലി കഥ ചൊല്ലി യാത്രയായി....
മണിനാദമായ് ഓരോ ഇടനെഞ്ച് പിടയും
നേരമെൻ കൈകളിൽ
ഗുരുസ്പർശനം:...
ചതിയില്ല പഴിയില്ല വഞ്ചനയില്ലവിടെ
മന്ദസ്മിതമുണരും സൗഹൃദങ്ങൾ - ....
നാവിൽ തേനൂറും ഞാവൽപ്പഴങ്ങൾ
അടരുവാൻ അധരങ്ങൾ
വിതുമ്പിടുമ്പോൾ
നൃത്യ കലയുടെ ചലനങ്ങളുമായി
നൂപുരധ്വനികളെ
തഴുകിടുമ്പോൾ ......
        
          റോഷൻ മാത്യു      
               
 അന്താക്ഷരി..!!
( ഒരു സദാചാരക്കളി)

തീവണ്ടിയാഫീസ് ശൂന്യമായിരുന്നു. വടക്കേന്ത്യയിലെ ഒരു തീവണ്ടിയാഫീസിന്റെ പേര് അതാണ് വായനക്കാർക്കിഷ്ടം. എങ്കിലേ പ്രസാധകരും അംഗീകരിക്കൂ...ഈ വണ്ടി ഏതെങ്കിലും കാരണത്താൽ നിലമ്പൂർ ഷൊർണൂർ വഴി തിരുവനന്തപുരത്തേക്ക് യാത്രചെയ്താൽ എഴുത്തുകാരന്റെ പരിമിതിയെ പ്രിയ വായനക്കാർ അംഗീകരിക്കില്ലേ...?

തീവണ്ടി ഒന്നാം പ്ലാറ്റ്ഫോമിലെത്തുമ്പോൾ വിരലിലെണ്ണാവുന്ന ആളുകളെ എത്തിയിരുന്നുള്ളൂ..
 ടിക്കറ്റ് എടുക്കുക പതിവല്ലാത്തതിനാൽ സെക്കന്റ് ക്ലാസിലെ ലഗേജ്  ബർത്തിൽ കയറിപുതച്ചു കിടന്നു.

 താഴെ സീറ്റിൽ ഒരു നാല്പത്തഞ്ചുകാരിയും എതിർ വശത്ത് ഒരു ഫ്രീക്കൻ ചെക്കനും...ഷൊർണൂർ കഴിഞ്ഞിട്ടുണ്ടാകും സീറ്റാകെ നിറഞ്ഞിരിക്കുന്നു...തട്ടമിട്ട ഒരു സുന്ദരി പിന്നെ ഒരു ജീൻസുകാരി ഒരു വൃദ്ധ...
എതിർ വശത്ത് ഫ്രീക്കനൊപ്പം വൃദ്ധയുടെ ഭർത്താവ്, നരകേറിത്തുടങ്ങിയ നാല്പത്തെട്ടിൽ കുറയാത്ത ഒരാൾ...

പെട്ടെന്ന് നാല്പത്തഞ്ചുകാരി എതിരേയിരുന്നവരോട് പറഞ്ഞു എനിക്ക് ആലപ്പുഴ ( വടക്കേന്ത്യയിലാണ്) ഇറങ്ങണം. കഴിഞ്ഞതവണയും ഞാൻ ഉറങ്ങിപ്പോയി. നമുക്ക് അന്താക്ഷരി കളിച്ചാലോ...?

"എനിക്ക് തിരുവല്ല ഇറങ്ങണം" ഫ്രീക്കനും പറഞ്ഞു....

അ യിൽ തുടങ്ങാം...
...അന്നു നിന്റെ കവിളിത്ര തുടുത്തിട്ടില്ല...
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...
പെട്ടുകുത്താനറിയില്ല....
നാല്പത്തെട്ടുകാരൻ ഇത്രവേഗം അന്താക്ഷരിയിലേക്ക് പ്രവേശിക്കുമെന്ന് ഞാൻ കരുതിയില്ല...

നാല്പത്തഞ്ചുകാരി ചിരിയടക്കി.....എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി...
നാല്പത്തെട്ടുകാരൻ വളരെ നീട്ടിയൊരു. ഒരു പായിട്ടു....

പാവാടവേണം മേലാടവേണം പഞ്ചാരപനങ്കിളിയ്ക്ക്...
ഉപ്പാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്....
തട്ടമിട്ടപെണ്ണിന്റെ ശബ്ദം കേട്ടിടത്തേക്ക് കൂപ്പയിലിരുന്നവളുടെ കണ്ണുകളും ചെവികളും പാഞ്ഞുചെന്നു...
"ഞാ ഇനി ഞാ വച്ച് പാട്..."
തട്ടക്കാരി ഞായിട്ടു....

ഫ്രീക്കൻ തന്റെ ഗിത്താറൊന്ന് മുറുക്കി....
ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും പൂമരം കൊണ്ട്...
കപ്പലുണ്ടാക്കി കപ്പലിലാണേ ആ കുപ്പായക്കാരി...(തട്ടക്കാരിയെ നോക്കി ചിരിക്കുന്നു) 
പങ്കായം പൊക്കീ ഞാനൊന്നു നോക്കി...
ഞാനൊന്ന് നോക്കി അവളെന്നെയും നോക്കി നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി...
ദേ നോക്കി നാ....

നീ മധുപകരു മലർ ചൊരിയു അനുരാഗപൗർണമിയേ 
നീ മായല്ലേ മറയല്ലേ നീല നിലാവൊളിയേ...
ജീൻസുകാരി ഫ്രീക്കന്റെ നാ പൊട്ടിച്ച് തിരിച്ചൊരു നായിട്ടു...

നിന്റേജീവനും എന്റേജീവനും രണ്ടു കൈവഴിയായിരുന്നു 
വേറേ വേറെയായിരുന്നു....
വൃദ്ധന്റെ ശബ്ദം ഇടറി ഭാര്യയുടെ കീഴ്ത്താടിയിൽ അയാൾ തൊട്ടു പിന്നെ അവർ ഒരുമിച്ചു പാടി....
നിന്റേ ജീവനും എന്റേ ജീവനും രണ്ടു കൈവഴിയായിരുന്നു വേറെ വേറെയായിരുന്നു...
രണ്ടാളുടെയും ശബ്ദം ഇടറി...
രണ്ടാളും ചിരിച്ചു...

"വൗ സ്വീറ്റ് കപ്പിൾസ്' ജീൻസുകാരി അവരെ തന്റെ ഫോണിലേക്ക് പകർത്തി...

പാടൂ...
ഇല്ലെങ്കിൽ തോൽവി സമ്മതിക്കു നാല്പത്തെട്ടുകാരൻ അന്താക്ഷരിയിലേക്ക് അവരെ നയിച്ചു...

പാട്ടിന്റെ പാലാഴിതന്നെ ഒഴുകി....
തട്ടക്കാരിയുടെ പാട്ടിന് ഫ്രീക്കന്റെ ഗിത്താറിന്റെ താളം ജീൻസുകാരി എല്ലാം ഫോണിലേക്ക് പകർത്തുന്നു....
വൃദ്ധപ്രണയികൾ കാലുകൾ സീറ്റിലേക്ക് കയറ്റിവച്ചു...
ജീൻസുകാരിയൊഴികേ എല്ലാവരും അതുപോലെ അനുകരിച്ചു.. 
ഫ്രീക്കനും പെണ്ണും തോൽക്കാൻ തയ്യാറാകാതെ പാടുന്നു....
ഇപ്പൊ ഏതോ ഹിന്ദിപാട്ടിന്റെ താളമാണവർക്ക്...

മറ്റുള്ളവർ ഉറങ്ങിക്കഴിഞ്ഞു...
അവൾ സംഗീതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു...
അവൻ ഗിത്താർ അവൾക്ക് കൈമാറി ഇപ്പോൾ അവിടെ പഴയ ഒരു തമിഴ് പാട്ടിന്റെ താളമാണ്...

വശത്തെ സീറ്റിൽ ഒരു പാസ്റ്റർ വേദപുസ്തകം വായിക്കുന്നു...
ഒരു സന്യാസി പാതിമയക്കത്തിൽ ഒരു മൊയിലിയാർ നിലത്ത് ന്യൂസ് പേപ്പർ വിരിച്ച് കിടക്കുന്നു...

അങ്കമാലി കഴിഞ്ഞിട്ടുണ്ടാകും...
ഫ്രീക്കൻ ടോയിലെറ്റിലേക്കുപോയി...
പിന്നാലെ സന്യാസിയും പാസ്റ്ററും മൊയില്യാരും പോയി...
ഞാൻ താഴേക്ക് ഇറങ്ങി നിന്നു...
അവർ അവന്റെ കഴുത്ത് വാതിലിനു പുറത്തേക്ക് തള്ളി നിർത്തി എതിരേവന്ന ഇലക്ട്രിക്ക് പോസ്റ്റിൽ തട്ടി തലമുറിഞ്ഞു ശിരസ്സില്ലാത്ത അവന്റെ  ശരീരം സന്യാസി പുറത്തേക്ക് ചവിട്ടിത്തെറിപ്പിച്ചു. മുഖത്തുതെറിച്ച് രക്തം കാവിത്തുണിയിൽ തുടച്ചു..
മൊയിലിയാർ രക്തം തെറിച്ച വസ്ത്രം മാറ്റി പുതിയൊരണ്ണം ഇട്ടു..അത്തറുപൂശി..
പാസ്റ്റർ ടോയിലെറ്റിൽ കയറി തന്റെ കൈയിലെ രക്തം പീലാത്തോസിനെപ്പോലെ കഴുകിക്കളഞ്ഞു...

എന്റെ ഉറക്കം കളഞ്ഞവനോട് രണ്ടുവാക്കുചോദിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നോ ? അതോ ആ തട്ടക്കാരിയുടെ പാട്ടിനോട് തോന്നിയ അസൂയയോ...?

വശത്തെ സീറ്റ് നിവർത്തിയിട്ട് അവർ മൂവരും ഒന്നിച്ചിരുന്നു പാസ്റ്റർ ഉത്തമഗീതം വായിച്ചു...
തസ്ബിയിലും രുദ്രാക്ഷത്തിലും ഇരുവർ ശാന്തിതേടി..

ഗിത്താറിൽ ഒരു കാത്തിരിപ്പിന്റെ താളമിട്ട് അവളിരുന്നു...!!

രതീഷ് കെ എസ്
(ഗുൽമോഹർ009)

*******************************************************************************