ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

30-6-2017

കഥകളി 
സീത

ഇന്ന് നമ്മൾ പരിചയപ്പെടുന്നത് സന്താനഗോപാലം കഥയാണ്.ഏവർക്കൂം പരിചയമുള്ള കഥയാണെങ്കിലും വിശദാംശങ്ങളിലൂടെ കഥയെ  ഒന്നുകൂടി പലിചയപ്പെടുത്തട്ടെ🙏🏻

സന്താനഗോപാലം

ആട്ടക്കഥാകാരൻ
മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോന്‍ (1745-1809) എഴുതിയ രണ്ട്‌ ആട്ടക്കഥകളില്‍ ഒന്ന് ആണ്‌ സന്താനഗോപാലം ആട്ടക്കഥ. മറ്റേത്‌ രുഗ്മാംഗദചരിതം ആട്ടക്കഥയും ആണ്‌.
മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്റെ രണ്ട്‌ കഥയിലും കത്തി താടി മുതലായ വേഷങ്ങള്‍ ആദ്യവസാനങ്ങളായി ഇല്ലതന്നെ. ഇവയൊന്നും ഇല്ലാതെ തന്നെ പ്രമേയപരമായി ശക്തിയാര്‍ജ്ജിച്ചുവെങ്കില്‍ ആട്ടക്കഥ വിജയിക്കും എന്ന് കാട്ടിതന്ന ആളാണ്‌ ഇട്ടിരാരിശ്ശമേനോന്‍. സന്താനഗോപാലത്തില്‍ ആദ്യവസാനവേഷമായി ഒരു മിനുക്ക്‌ വേഷം ആണ്‌ (ബ്രാഹ്മണന്‍). അര്‍ജ്ജുനന്‍ ആദ്യവസാനം എങ്കിലും രണ്ടാം തരം ആണ്‌. കൃഷ്ണാകട്ടെ കുട്ടിവേഷവും. സാഹിത്യപരമായും വളരെ ഉന്നതി പുലര്‍ത്തുന്നു ഈ കഥ.

അവലംബവും പ്രത്യേകതകളും
ഭാഗവതം കഥയെ ആസ്പദമാക്കി രചിച്ചതാണ്‌ സന്താനഗോപാലം ആട്ടക്കഥ. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഇക്കഥ വഴിപാടായി കളിക്കാറുണ്ട്‌. ഉത്സവം തുടങ്ങുന്നതിന്‌ പത്ത്‌ മുതല്‍ ഇരുപത്‌ ദിവസം വരെ ഈ വഴിപാട്‌ കളികള്‍ തുടങ്ങും.

മൂലകഥയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍
ഒന്‍പതാം ശിശുശവം കൊണ്ട്‌ യാദവ സഭയിലേക്ക്‌ ബ്രാഹ്മണന്‍ വരുന്നു എന്നാണ്‌ ആട്ടക്കഥയില്‍. ഭാഗവതത്തില്‍ ഓരോ ശിശുമരണം സംഭവിക്കുമ്പോഴും ബ്രാഹ്മണന്‍ വന്ന് രാജാവിനെ ചീത്തപറയാറുണ്ട്‌. ഒന്‍പതാം ശിശുശവം കൊണ്ട്‌ വരുന്ന സമയം അര്‍ജ്ജുനന്‍ യാദവസഭയില്‍ യദൃച്ഛയാല്‍ വന്നതാണ്‌. പിന്നെ ബ്രാഹ്മണന്‌ വാക്കുകൊടുത്തതുകൊണ്ട്‌ അത്‌ പരിപാലിക്കുന്നതുവരെ കൃഷ്ണന്റെ കൂടെ, ശിവനെ ആരാധിച്ച്‌ വസിച്ചു എന്നാണ്‌.
ബ്രാഹ്മണന്‍ ഓരോരുത്തരുടെ പേരിലും സത്യം ചെയ്ത്‌ വാങ്ങുന്നതെല്ലാം ആട്ടപ്രകാരത്തിലെ ഇമ്പ്രൊവൈസേഷനുകള്‍ ആണ്‌.


പശ്ചാത്തലം
രാജ്യത്ത്‌ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും ശിശുമരണങ്ങളും (പ്രത്യേകിച്ച്‌ അച്ഛനും അമ്മയും കണ്ടു നില്‍ക്കേ ഉണ്ടാകുന്ന ശിശുമരണം) എല്ലാം രാജ്യം ഭരിക്കുന്ന രാജാവിന്റെ കൊള്ളരുതായ്മകള്‍ കൊണ്ടാണ്‌ എന്നായിരുന്നു ദ്വാപരയുഗത്തിലെ വിശ്വാസം. അതുകൊണ്ടാണ്‌ ബ്രാഹ്മണന്‍ രാജസഭയില്‍ വന്ന് രാജാവിനെ ആക്ഷേപിക്കുന്നത്‌. കൃഷ്ണന്റെ വംശമാണ്‌ യാദവവംശം. ബലരാമന്‍, കൃഷ്ണന്‍ അവരുടെ മക്കള്‍ പ്രദ്യുമ്നന്‍, അനിരുദ്ധന്‍ എന്നിവരൊക്കെ ദ്വാരകയിലെ രാജാക്കന്മാരോ രാജകുമാരന്മാരോ ആണ്‌.

കഥ നടക്കുന്നത്‌ ഭാരതയുദ്ധവും കഴിഞ്ഞ്‌ അശ്വത്ഥാമാവ് തന്റെ പാണ്ഡവരുടെ കുട്ടികളെ എല്ലാവരേയും നിഗ്രഹിച്ചതിനുശേഷം ആണ്‌. (കൃഷ്ണന്‍, ഉത്തരയുടെ വയറ്റിലെ കുഞ്ഞിനെ മാത്രം രക്ഷപ്പെടുത്തുന്നു)  യുദ്ധം കഴിഞ്ഞ്‌ അശ്വമേധസമയത്ത്‌ ദുശ്ശളയെ അര്‍ജ്ജുനന്‍ കണ്ടിരുന്നു. അവിടെ അര്‍ജ്ജുനന്‍ വരുന്ന വിവരം കേട്ട്‌ പേടിച്ച്‌ സുരഥന്‍ (ദുശ്ശളയുടെ മകന്‍) മരിക്കുന്നു.

ബ്രാഹ്മണന്റെ കാഴ്ച്ചപ്പാടിലൂടെ നോക്കിയാല്‍ ഈ കഥ വളരെ ഭക്തി പ്രധാനമാണ്‌. അര്‍ജ്ജുന-കൃഷ്ണന്മാര്‍ തമ്മിലുള്ള ബന്ധം വെറും ആശ്രിതനും രക്ഷിതാവും തമ്മിലുള്ള ബന്ധമല്ല. അവര്‍ വലിയ സുഹൃത്തുക്കളാണ്‌. ബന്ധുക്കളാണ്‌. കൃഷ്ണന്റെ സഹോദരി സുഭദ്രയെ ആണ്‌ അര്‍ജ്ജുനന്‍ വിവാഹം ചെയ്തിരിക്കുന്നത്‌. അങ്ങനെ നോക്കിയാല്‍ സുഹൃദ്ബന്ധത്തില്‍ വിള്ളല്‍ വന്നാലുള്ള പ്രശ്നങ്ങള്‍ കൂടെ ഈ കഥയില്‍ ഒരു നേര്‍ത്ത രേഖയായി കിടക്കുന്നു. കൃഷ്ണന്റെ പേരില്‍ സത്യം ചെയ്ത്‌ കൊടുത്തിട്ടും അര്‍ജ്ജുനന്‍ പ്രശ്നം നേരിട്ടപ്പോള്‍ സ്വയം യമലോകത്തും ബ്രഹ്മലോകത്തും മറ്റും പോയി ബ്രാഹ്മണശിശുക്കളെ അന്വേഷിച്ചു. ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോള്‍ ഗാണ്ഡീവത്തോടേ ആത്മാഹുതിക്കൊരുങ്ങി. എന്നാലും കൃഷ്ണന്റെ അടുത്ത്‌ ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചില്ല. അര്‍ജ്ജുനന്റെ ആത്മാഭിമാനമാണോ കാരണം? അല്ല. ഒന്‍പത്‌ ശിശുക്കള്‍ മരിച്ചു. അവരെയൊന്നും കൃഷ്ണനോ ബലഭദ്രനോ മറ്റ്‌ യാദവരാജാക്കര്‍ന്മാര്‍ക്കോ രക്ഷിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ പത്താമത്തെ ശിശുവിനെ എങ്ങനെ കൃഷ്ണന്‌ രക്ഷിക്കാന്‍ സാധിക്കും എന്നരീതിയില്‍ ഒരു ചെറിയ അവിശ്വാസം-സുഹൃത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെടല്‍- ഉണ്ടായി എന്ന് തോന്നാം.


കഥാസംഗ്രഹം
ദുഷ്ടന്മാരെ നിഗ്രഹിച്ച്‌ ശിഷ്ടന്മാരെ പരിപാലിച്ച്‌ ദേവകീനന്ദനനായ ശ്രീകൃഷ്ണന്‍ ലോകനാഥനായി ദ്വാരകയില്‍ വസിക്കുന്ന കാലം. അദ്ദേഹത്തെ സന്ദര്‍ശിക്കാനായി സുഹൃത്തും സഹോദരീഭര്‍ത്താവുമായ അര്‍ജ്ജുനന്‍ ഒരു ദിവസം വരുന്നു. ദ്വാരകയില്‍ എത്തിയ അര്‍ജ്ജുനനെ സ്വീകരിച്ചിരുത്തിയ ശേഷം ശ്രീകൃഷ്ണന്‍ കുശലാന്വേഷണം നടത്തുന്നു.അപ്രകാരം തന്റെ സുഖവിവരങ്ങള്‍ തിരക്കുന്ന ശ്രീകൃഷ്ണനോട്‌, അര്‍ജ്ജുനന്‍ ഭഗവദ്‌ദാസരായ തങ്ങളെ പോലുള്ളവര്‍ക്ക്‌ അസുഖങ്ങളും  സങ്കടങ്ങളും എങ്ങനെ വരുവാനാണ്‌ എന്ന് തിരിച്ച്‌ ചോദിക്കുന്നു. മാത്രമല്ല തന്റെ സഹോദരന്മാരും പത്നിയുമെല്ലാം സസുഖം വാഴുന്നു. താങ്കളുടെ പാദാരവിന്ദങ്ങളാണ്‌ ഞങ്ങളുടെ ആശ്രയം എന്ന് പറഞ്ഞ്‌ ശ്രീകൃഷ്ണനെ വന്ദിക്കുന്നു.കുരുവംശത്തിന്റെ മകുടമണിയായ ഹേ അര്‍ജ്ജുനാ, ഇളകുന്നതാമരയിതളില്‍ തെന്നിക്കളിക്കുന്ന ജലബിന്ദുപോലെ ക്ഷണികമായ ഈ ജീവിതത്തില്‍ സൗഹൃദം പോലെ സുഖം തരുന്ന ഒന്നില്ല. അതിനാല്‍ താങ്കള്‍ എന്നോടൊപ്പം അല്‍പ്പകാലം വസിച്ചാലും. എന്ന് മറുപടി പദത്തില്‍ ശ്രീകൃഷ്ണന്‍ ആവശ്യപ്പെടുന്നു. ഒന്നാം രംഗം ഇവിടെ ചെറിയൊരു മനോധര്‍മ്മരൂപത്തിലുള്ള ആട്ടത്തോടെ സമാപിക്കുന്നു.

രംഗം രണ്ടിൽ നാം കാണുന്നത്‌, തോഴനായ അര്‍ജ്ജുനനോടൊപ്പം ശ്രീകൃഷ്ണനും മറ്റ്‌ യാദവശ്രേഷ്ഠരും ഇരിക്കുന്ന യാദവ സഭയാണ്‌. ആ സഭയിലേക്ക്‌ ഒരു ബ്രാഹ്മണന്‍ ഒരു ശിശുശവവും കൊണ്ട്‌ വരുന്നു. മുന്‍കാലങ്ങളില്‍ അങ്ങനെ എട്ട്‌ ഉണ്ണികള്‍ മരിച്ചുവെന്നും ഇത്‌ ഒന്‍പതാം ശിശുശവവും കൊണ്ടാണ്‌ ബ്രാഹ്മണന്‍ വരുന്നത്‌ എന്നും കവിവാക്യമായ ശ്ലോകത്തില്‍ പറയുന്നു. കുട്ടികളില്ലാത്ത എനിക്ക്‌ ലോകാന്തരങ്ങളിലും സുഖമില്ല. എനിക്ക്‌ ആരാണ്‌ ശരണം? ദൈവമേ! ബ്രാഹ്മണര്‍ക്ക്‌ നിരക്കാത്ത ഒരു കര്‍മ്മവും ഞാന്‍ ചെയ്തിട്ടില്ല. എന്നിട്ടും ഇതുപോലെ എട്ട്‌ ബാലന്മാരെ എനിക്ക്‌ നഷ്ടപ്പെട്ടു. ഇത്‌ ഒന്‍പതാമത്തെ ആണ്‌. പതിനാറായിരത്തെട്ട്‌ ഭാര്യമാരോടുകൂടെ സുഖത്തോടേയും അവരുടെ സുഖം അറിഞ്ഞും നടത്തികൊടുത്തും വിലസുന്ന ശ്രീകൃഷ്ണന്‌ ബ്രാഹ്മണരെ രക്ഷിക്കാന്‍ എവിടെ സമയം? എന്നിത്യാദി പറഞ്ഞ്‌ യാദവ സഭയില്‍ വന്ന് ശ്രീകൃഷ്ണനെ ഭര്‍സിക്കുന്ന ബ്രാഹ്മണനെ ആണ്‌ ഈ രംഗത്തില്‍ ആദ്യം കാണുന്നത്. ബലരാമന്‍, ശ്രീകൃഷ്ണന്‍, പ്രദ്യുമ്നന്‍ തുടങ്ങിയ ഒരു യാദവശ്രേഷ്ഠന്മാരും ബ്രാഹ്മണ വിലാപം കേട്ട്‌ ഒരു കൂസലുമില്ലാതെ ഇരിക്കുന്നതുകണ്ട്‌ ബ്രാഹ്മണദുഃഖം മനസ്സിലാക്കി അത്‌ ദൂരീകരിക്കാനായി അര്‍ജ്ജുനന്‍ ബ്രാഹ്മണനോട്‌ ഇപ്രകാരം പറഞ്ഞു. "കരയുരുത്‌ ദുഃഖിക്കരുത്‌ അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഇനി പുത്രനുണ്ടാകുമെങ്കില്‍ അവനെ ഞാന്‍ രക്ഷിച്ച്‌ തരാം. ബ്രാഹ്മണരുടെ ദുഃഖം തീര്‍ക്കുക എന്നത്‌ ക്ഷത്രിയ ധര്‍മ്മം ആണ്‌. കഴിഞ്ഞതെല്ലാം ക്ഷമിക്കുക. ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിക്കുന്ന കാര്യം ഈ അര്‍ജ്ജുനന്‍ ഏറ്റു". ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ എന്റെ ദുഃഖം കേട്ടിട്ട്‌ ഒരു തരിക്കും ഇളകാതെ ഇരിക്കുന്നത്‌ കണ്ടില്ലേ? എന്നിട്ട്‌ നീ പുത്രരക്ഷക്ക്‌ ചാടി പുറപ്പെട്ടത്‌ നിന്റെ അവിവേകം ആണ്‌ അര്‍ജ്ജുനാ എന്ന് ബ്രാഹ്മണന്‍ അര്‍ജ്ജുനനെ നിരുത്സാഹപ്പെടുത്തുന്നു.
ഹേ ബ്രാഹ്മണ ശ്രേഷ്ഠാ, ദുഃഖഭാരം കൊണ്ട്‌ അങ്ങ്‌ പറയുന്ന ഈ വാക്കുകള്‍ കേട്ട്‌ എനിക്ക്‌ അപ്രിയമില്ല. ഒരു സംശയവും അങ്ങേക്ക്‌ വേണ്ട. ഇനിയുണ്ടാകുന്ന പുത്രനെ പരിപാലിച്ച്‌ തന്നില്ല എങ്കില്‍ ഞാന്‍ ഇന്ദ്രപുത്രനല്ല എന്ന് അര്‍ജ്ജുനന്‍ തിരിച്ച്‌ ബ്രാഹ്മണനോട്‌ പറയുന്നു.
ഭക്തവത്സലന്‍ എന്ന് പേരുകേട്ട്‌ ശ്രീകൃഷ്ണഭഗവാനും അതിശക്തിമാന്മാരായ ബലഭദ്രാദികളും എനിക്ക്‌ ജനിക്കുന്ന കുട്ടികളെ രക്ഷിക്കാനാവാതെ, ഒരിളക്കവും ഇല്ലാതെ ഇരിക്കുന്നു. അതുകൊണ്ട്‌ തന്നെ എനിക്ക്‌ ഒരു പുത്രന്റെ മുഖം കാണാനുള്ള യോഗം ഇല്ല എന്ന് പറഞ്ഞ്‌ ബ്രാഹ്മണന്‍ വീണ്ടും വിലപിക്കുന്നു.
ഈ സമയം അര്‍ജ്ജുനന്‍ പറയുന്നു:
"ഹേ സല്‍ഗുണശീലനായ ബ്രാഹ്മണ! എന്റെ വാക്കുകള്‍ കേട്ടാലും. സ്വര്‍ഗ്ഗവാസികള്‍ക്ക്‌ കൂടെ സുഖത്തെ പ്രദാനം ചെയ്യുന്ന അര്‍ജ്ജുനന്‍ എന്ന എന്നെ കേട്ടിട്ടെങ്കിലും താങ്കള്‍ അറിയില്ലേ? ഞാന്‍ കൃഷ്ണനല്ല, ബലഭദ്രനല്ല, യാദവ പ്രമുഖനും അല്ല. ഞാന്‍ ജിഷ്ണു ആണ്‌, ഞാന്‍ ദിവ്യാസ്ത്രങ്ങള്‍ ലഭിച്ചവന്‍ ആണ്‌, ഇന്ദ്ര പുത്രനാണ്‌ ഭ്രാജിഷ്ണുവും സുനയനനും സദയനും ആണ്‌". യമനെകൂടെ ജയിക്കാന്‍ കഴിവുള്ള ഇന്ദ്രനന്ദനനായ എന്റെ ശരകൂടത്തിന്റെ സംരക്ഷണയില്‍, താങ്കളുടെ ജനിക്കാന്‍ പോകുന്ന പുത്രന്‌ യമഭയം ഉണ്ടാകില്ല, യമന്‌ ശരകൂടത്തിനരികത്ത്‌ വരാനുള്ള ധൈര്യവുമുണ്ടാകില്ല. ഇനി താങ്കളുടെ പ്രിയതമ പ്രസവിക്കുന്നതിനുമുന്‍പായി ഇവിടെ വന്ന് എന്നെ അറിയിക്കുക. അത്ഭുതങ്ങളായ ശരങ്ങള്‍ കൊണ്ട്‌ തീര്‍ത്ത സൂതിഗൃഹത്തില്‍ പിറക്കുന്ന താങ്കളുടെ പുത്രനെ യമന്‍ കൊണ്ടുപോകില്ല.
എന്ന് മാത്രമല്ല, അങ്ങനെ ഇനി താങ്കള്‍ക്ക്‌ ജനിക്കാന്‍ പോകുന്ന പുത്രനെ രക്ഷിച്ച്‌ തന്നില്ല എങ്കില്‍ ഞാന്‍, ഈ അര്‍ജ്ജുനന്‍, തീകുണ്ഡത്തില്‍ ചാടി ആത്മാഹുതി നടത്തും. ഇത്‌ സത്യം എന്ന് പറഞ്ഞ്‌ അര്‍ജ്ജുനന്‍ ബ്രാഹ്മണന്‌ സത്യം ചെയ്ത്‌ കൊടുക്കുന്നു. ഇതോടെ ഈ രംഗവും കഴിയുന്നു.

രംഗം മൂന്നിൽ, അർജ്ജുനന്റെ സത്യം ബോധിച്ച് ബ്രാഹ്മണൻ തിരിച്ച് സ്വഗൃഹത്തിലേക്ക് എത്തുന്നു. അദ്ദേഹം പത്നിയോട് ഉണ്ടായസംഭവങ്ങൾ വിസ്തരിച്ച് പറഞ്ഞു കൊടുക്കുന്നു. പുത്രരക്ഷ ചെയ്തില്ലെങ്കിൽ ഭഗവാൻ കൃഷ്ണന്റെ സഹോദരിഭർത്താവായ അർജ്ജുനൻ തീയ്യിൽ ചാടി മരിക്കും എന്നാണ് പറഞ്ഞത്. സ്വന്തം സഹോദരിയ്ക്ക് വൈധവ്യദുഃഖം ഉണ്ടാകാൻ ഭഗവാൻ ശ്രീകൃഷ്ണൻ സമ്മതിയ്ക്കില്ല എന്ന് സൂത്രശാലിയായ ബ്രാഹ്മണൻ പത്നിയോട് പറയുന്നു. പത്നിയാകട്ടെ തത്വചിന്താപരമായി വിധിമതം ആർക്കും നിരസിക്കാൻ പറ്റില്ല എന്ന് മറുപടി പറയുന്നു.

രംഗം നാല്. അങ്ങനെ കാലം കഴിഞ്ഞു. ബ്രാഹ്മണപത്നി വീണ്ടും ഗർഭവതിയായി. ഗർഭം പൂർണ്ണമയ വിവരം പത്നി ബ്രാഹ്മണനോട് പറയുന്നു. അർജ്ജുനനെ വിളിച്ച് കൊണ്ടുവരാൻ താൽ‌പ്പര്യപ്പെടുന്നു. അപ്രകാരം ബ്രാഹ്മണൻ അർജ്ജുനനെ വിളിക്കാൻ ശ്രീകൃഷ്ണന്റെ വസതിയിലേക്ക് പോകുന്നു. ഇത്രയുമാണ് ഈ രംഗത്തിലുള്ളത്.

രംഗം അഞ്ച്. ബ്രാഹ്മണപത്നിയുടെ ഗര്‍ഭം പൂര്‍ണമായതറിഞ്ഞ് ബ്രാഹ്മണന്‍ ശ്രീകൃഷ്ണവസതിയില്‍ ചെന്ന് അര്‍ജ്ജുനനോട് സത്യപാലനത്തിനുള്ള സമയം ആയെന്നും പിതാവിനേയും ശൃകൃഷ്ണനേയും നമിച്ച് പേരുകേട്ട ഗാണ്ഡീവവുമായി സ്വഗൃഹത്തിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. അതനുസരിച്ച് അര്‍ജ്ജുനന്‍ ബ്രാഹ്മണഗൃഹത്തില്‍ എത്തി സൂതിഗൃഹമായി ശരകൂടം നിര്‍മ്മിക്കുന്നു. ബ്രാഹ്മണപത്നിയേയും പേറ്റാട്ടിയേയും തോഴിയേയും ശരകൂടത്തിലാക്കി അര്‍ജ്ജുനന്‍ പുറത്ത് കാവല്‍ നില്‍ക്കുന്നു. അല്‍പ്പം കഴിഞ്ഞ് ഈറ്റില്ലത്തിലനകത്തുനിന്നും പ്രസവിച്ച കുട്ടിയെ തന്നെ കാണ്മാനില്ല എന്ന ബ്രാഹ്മണപത്നിയുടെ വിലാപം കേട്ട്, ബ്രാഹ്മണന്‍ മോഹാലസ്യത്താല്‍ വീഴുന്നു. ബോധം വന്ന ബ്രാഹ്മണന്‍ അര്‍ജ്ജുനനെ കണക്കില്ലാതെ ശകാരിക്കുന്നു. തുടര്‍ന്ന് അപമാനഭാരത്തോടെ അര്‍ജ്ജുനന്‍ അവിടെനിന്നും പോരുന്നു. ഇത്രയുമാണ്‌ ഈ രംഗത്തില്‍ ഉള്ളത്.

രംഗം ആറ്. ബ്രാഹ്മണന്റെ ശകാരം കേട്ട് അർജ്ജുനൻ ഉടൻ തന്നെ യമലോകത്ത് എത്തി ധർമ്മരാജാവിനോട് ബ്രാഹ്മണബാലനെ തരുവാൻ ആവശ്യപ്പെടുന്നു. യമരാജാവാകട്ടെ ദ്വാരകയിലെ ബ്രാഹ്മണകുമാരന്റെ മരണം ഞാൻ അറിഞ്ഞിട്ടില്ല, എന്റെ അറിവോടുകൂടിയല്ലാതെ യമകിങ്കരന്മാർ കർമ്മം ചെയ്യുകയുമില്ല എന്ന് അരുളിച്ചെയുന്നു. ശ്രീകൃഷ്ണനോട് ചെന്ന് ചോദിക്കാൻ ആവശ്യപ്പെടുന്നു. അർജ്ജുനൻ യമലോകത്ത് നിന്നും പോരുന്നു. ഇത്രയും ആണ് ഈ രംഗത്തിൽ ഉള്ളത്.

രംഗം ഏഴ്. ധർമ്മരാജാവിന്റെ മറുപടി കേട്ട് ഉടൻ അർജ്ജുനൻ സ്വർഗ്ഗലോകത്ത് എത്തി തന്റെ പിതാവായ ഇന്ദ്രനോട് ബ്രാഹ്മണന്റെ കുമാരനെ അന്വേഷിക്കുന്നു. അവിടേയും ഇല്ല എന്ന് ഇന്ദ്രൻ പറയുന്നു. തുടർന്ന് മറ്റ്  ലോകങ്ങളിൽ അന്വേഷിക്കാനായി പോകുന്നു. ഇത്രയും ആണ് ഈ രംഗത്തിൽ.

രംഗം എട്ട്. യമപുരിയിലും സ്വർഗ്ഗത്തിലും മറ്റ് ലോകങ്ങളിലും ഒന്നും ബ്രാഹ്മണകുമാരന്മാരെ കാണാഞ്ഞ് അർജ്ജുനൻ വിഷാദവാനാകുന്നു. എല്ലാം ശ്രീകൃഷ്ണന്റെ പരീക്ഷണം എന്ന് തീരുമാനിക്കുന്നു. ബ്രാഹ്മണൻ ചെയ്ത്കൊടുത്ത സത്യം പരിപാലിക്കാനായി അഗ്നികുണ്ഡത്തിൽ ചാടി മരിക്കുകതന്നെ എന്ന് തീരുമാനിക്കുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് തീക്കുണ്ഡമുണ്ടാക്കി അതിലേക്ക് ചാടാൻ തുടങ്ങുന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ വന്ന് തടയുന്നു. തുടർന്ന് ഒരു പദം ഉണ്ട്. ആട്ടക്കഥാകാരൻ രചിച്ച "സാധുവത്സല വിജയ സഖേ!" എന്ന പദം സാധാരണ പതിവില്ല.

പകരം കാവശ്ശേരി ഗോപാലകൃഷ്ണഭാഗവതർ രചിച്ച

"മാകുരുസാഹസം മാകുരുസാഹസം
മാധവൻ ഞാനില്ലയോ
നിനക്കാകുലമില്ലൊരു കാര്യത്തിനും എന്നു
ലോകപ്രസിദ്ധമല്ലോ"

എന്ന് തുടങ്ങുന്ന പ്രസിദ്ധ പദം ആണ് ആടാറുള്ളത്. ഈ മാറ്റം എന്ന് മുതൽ എപ്പോൾ മുതൽ എങ്ങനെ ഉണ്ടായി എന്നതൊന്നും അറിവില്ല. കാവശ്ശേരി ഭാഗവതർ  തന്നെയാണ് ദുര്യോധനവധത്തിലെ  "പാർഷതി മമ സഖി.." എന്ന് തുടങ്ങുന്ന  പ്രസിദ്ധ  പദവും രചിച്ചത് എന്ന് പദ്മനാഭൻ നായർ തന്റെ "ചൊല്ലിയാട്ടം" എന്ന പുസ്തകത്തിൽ പറയുന്നു. കെ.പി.എസ് മേനോൻ തന്റെ "കഥകളിരംഗം" എന്ന പുസ്തകത്തിലും ഇത് പറയുന്നുണ്ട്.

അർജ്ജുനനെ തീയിൽ ചാടുന്നത് തടഞ്ഞ ശ്രീകൃഷ്ണൻ തുടർന്ന് ബ്രാഹ്മണകുമാരന്മാരൊക്കെയും തന്നെ യാതൊരു വിഷമങ്ങളും ബാധകമല്ലാത്ത് ഒരു സ്ഥലത്ത് ഉണ്ട്. നമുക്കൊന്നിച്ച് പോയി അവരെ കൊണ്ടുവരാം എന്ന് പറഞ്ഞ്, തന്റെ തേരിൽ കയറ്റി കൊണ്ടുപോകുന്നു. ഇത്രയും ആണ് ഈ രംഗത്തിലുള്ളത്.

രംഗം ഒമ്പത്. കൃഷ്ണനും അർജ്ജുനനും കൂടി വൈകുണ്ഠത്തിലേക്കുള്ള യാത്രാമദ്ധ്യേ നടക്കുന്ന രംഗം ആണിത്. അന്ധകാരം കൊണ്ട് ശ്രീകൃഷ്ണന്റെ കേശാദിപാദം കൂടെ കാൺമാനില്ല എന്ന് അർജ്ജുനൻ വിലപിക്കുന്നു. ശ്രീകൃഷ്ണൻ അർജ്ജുനന്റെ ശോകത്തെ തീർക്കാം സുദർശനത്തെ സ്മരിക്കുന്നു. സുദർശനം വന്ന് വെളിച്ചം പകരുന്നു.

രംഗം പത്തിൽ ശ്രീകൃഷ്ണൻ അർജ്ജുനനു വൈകുണ്ഠം കാണിച്ച് കൊടുക്കുന്നതാണ്. പിന്നീട് അവർ തേരിറങ്ങി മഹാവിഷ്ണുസമീപം പോകുന്നു.

രംഗം പതിനൊന്നിൽ അവർ മഹാവിഷ്ണുസമീപം എത്തുന്നു. വിഷ്ണുവിനെ സ്തുതിയ്ക്കുന്നു. മഹാവിഷ്ണു കൃഷ്ണാർജ്ജുനൻമാരെ ഒന്നിച്ച് കാൺമാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ബാലൻമാരെ വൈകുണ്ഠത്തിലേക്ക് കൊണ്ട് വന്നത് എന്ന് പറയുന്നു. ഉണ്ണികളെ വിളിച്ച് കൃഷ്ണാർജ്ജുൻമാർക്കൊപ്പം പോകാൻ പറയുന്നു. ആദ്യം ഉണ്ണികൾ സമ്മതിയ്ക്കുന്നില്ല എന്നാൽ മഹാവിഷ്ണു നിർബന്ധിയ്ക്കുന്നു. ഉണ്ണികൾ കൃഷ്ണാർജ്ജുനൻമാർക്ക് ഒപ്പം പോരുന്നു.

രംഗം പന്ത്രണ്ടിൽ ബ്രാഹ്മണഗൃഹം ആണ്. ശ്രീകൃഷ്ണനും അർജ്ജുനനും ബാലൻമാരെ ബ്രാഹ്മണദമ്പതികൾക്ക് കൈമാറുന്നു. ആനന്ദാശ്രുക്കളോടെ അവർ ഉണ്ണികളെ സ്വീകരിക്കുന്നു. കൃഷ്ണാർജ്ജുനൻമാരെ അനുഗ്രഹിക്കുന്നു. ഇതോടെ സന്താനഗോപാലം കഥ സമാപിക്കുന്നു.

കഥാപാത്രങ്ങള്‍
അര്‍ജ്ജുനന്‍ - ആദ്യാവസാനം-പച്ച വേഷം
ശ്രീകൃഷ്ണന്‍-ഇടത്തരം-പച്ച കൃഷ്ണമുടി
ബ്രാഹ്മണന്‍-ആദ്യാവസാനം-മിനുക്ക്‌
ബ്രാഹ്മണ പത്നി-കുട്ടിത്തരം-സ്ത്രീ വേഷം, മിനുക്ക്‌
പേറ്റാട്ടി-കുട്ടിത്തരം-മിനുക്ക്‌ പ്രതേകവേഷം
പത്ത്‌ കുട്ടികള്‍-സാധാരണ പത്ത്‌ വയസ്സിനുതാഴെയുള്ള കുട്ടികള്‍

പുറപ്പാട്
രംഗം 1 ദ്വാരക ശ്രീകൃഷ്ണവസതി
രംഗം 2 ശ്രീകൃഷ്ണസഭ ബ്രാഹ്മണൻ
രംഗം 3 ബ്രാഹ്മണഗൃഹം
രംഗം നാല്
രംഗം 5 ദ്വാരക
രംഗം 6 ധർമ്മരാജാവിന്റെ ആസ്ഥാനം
രംഗം 7 ഇന്ദ്രലോകം
രംഗം 8 തീക്കുണ്ഡത്തിലേക്ക്
രംഗം 9 വൈകുണ്ഠത്തിലേക്ക് യാത്ര
രംഗം 10 വൈകുണ്ഠസമീപം
രംഗം 11 മഹാവിഷ്ണുസമീപം
രംഗം 12 ബ്രാഹ്മണഗൃഹം







സജീവമായ  ഇടപെടലുകൾ പ്രതീക്ഷിക്കുന്നു

***********************************************
സീതാദേവി ടീച്ചർ
സന്താനഗോപാലം
ഗംഭീരമായി ...
വിവരണവും
ചിത്രങ്ങളും മികച്ചത്Sivasankaran

1 Prajitha

സന്താനഗോപാലം വളരെ നന്നായി അവതരിപ്പിച്ചു. ചിത്രങ്ങളും  എഴുത്തും ഒത്തു ചേർന്നപ്പോൾ കൂടുതൽ മികവ് ആട്ടക്കഥയ്ക്ക് ലഭിച്ചു.Sujatha


************************************************************
***********************************************************
ആനുകാലിക പരിചയത്തിലേക്ക് ഏവർക്കും സ്വാഗതം.....🙏                        🌹 ആനുകാലികങ്ങൾ 🌹


മാതൃഭൂമി ആഴ്ചപ്പതിപ്പ്
ഇന്ത്യൻ മെനു. സ്പെഷൽ പതിപ്പ് 
2017 ജൂൺ 25 
പുസ്തകം  - 95 ലക്കം - 15
-------------------------------------------

ഗോവധ നിരോധനവും നവ ഫാസിസവും, വർഗ്ഗീയ ദേശീയതയും ചർച്ചാ വിഷയമായ ഈ സമയത്ത്,  അതിന്റെ ആന്തരീകവും ജൈവീകവുമായ സ്വത്വം തേടിയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് സഞ്ചരിക്കുന്നത്. സമദൂര സിദ്ധാന്തം പോലൊരു രീതി. മാതൃഭൂമി  ഇതിന് പേരിട്ടിരിക്കുന്നത് ഇന്ത്യൻ മെനു പ്രത്യേക പതിപ്പ്  എന്നാണ്.

സി. കെ. ജാനു ഇപ്പോൾ എന്താണ് കഴിക്കുന്നത്
സി. കെ. ജാനുവുമായി താഹ മാടായി നടത്തുന്ന  അഭിമുഖം 

ദേശീയ തലത്തിൽ ബി. ജെ. പിയും, എൻ. ഡി. എയും ബീഫ് വിഷയം കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന്  നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുത്ത യോഗത്തിൽ ശക്തമായി ഉന്നയിച്ച ഒരേ ഒരാൾ സി.  കെ. ജാനുവാണ്. ആദിവാസി സമൂഹത്തിന്റെ സമരമുഖങ്ങളിൽ ജ്വാലയിയ് പടർന്നയാൾ, സമരവഴികളിൽ നവീന രീതികൾ സ്വീകരിച്ചവൾ.
അവരുടെ ഭക്ഷണ രീതികളും,  അവരുടെ സമൂഹവും,  സമൂഹക്രമവും ഈ സംഭാഷണത്തിൽ വിഷയീഭവിക്കുന്നു. 
മനോഹരമായ ഒരു കവിതയും ചേർത്തിരിക്കുന്നു. 

മാംസം പോട്ടെ, ഭക്ഷണം പോലും ലക്ഷ്വറിയാണ് ഗ്രാമീണ ഇന്ത്യയിൽ - ലേഖനം 
കെ. സഹദേവൻ 

ഭക്ഷണ വൈവിധ്യത്തെയും, ലഭ്യതയെയും കുറിച്ചുള്ള  നഗര കേന്ദ്രീകൃത കണക്കുകളല്ല യഥാർത്ഥ കണക്ക്.  ഇന്നുവരെ മാംസം പ്രവേശിക്കാത്ത അടുക്കളകൾ ഗ്രാമീണ ഇന്ത്യയിൽ കാണാം.  ഉപയോഗിക്കാഞ്ഞിട്ടല്ല. ലഭ്യതക്കുറവ്. മാംസം വേണ്ട,  ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ  എങ്കിലും ലഭിക്കണേ എന്നു പ്രാർത്ഥിക്കുന്ന ഗ്രാമീണ ഇന്ത്യയെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്ന പുതിയ ഭക്ഷ്യ നിയമം. 

പശുരാഷ്ട്രീയത്തെയും, സസ്യാഹാരശീലത്തെയും മുൻനിർത്തി, മറ്റു ജാതിവിഭാഗങ്ങളെ കൂടെ നിറുത്തുന്നുവെന്ന തോന്നലുണ്ടാക്കി ഇതര മതസ്ഥരെ അപരവത്ക്കരിക്കുന്ന സംഘപരിവാർ തന്ത്രത്തെ കാണാതെപോകരുത് എന്നു പറഞ്ഞു വെയ്ക്കുന്നു ശ്രീ. കെ. സഹദേവൻ. 

വെച്ചുവിളമ്പിയവൾ
ലേഖനം - ജി. ഉഷാകുമാരി

ഭക്ഷണമെന്ന വിശാല പ്രമേയത്തിലെ സ്ത്രീ അനുഭവത്തെ വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.  ഭക്ഷണം സ്വാതന്ത്ര്യ നിഷേധത്തിനുള്ള രാഷ്ട്രീയ ആയുധമാവുകയും ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശം രാഷ്ട്രീയ സമരമായി പരിവർത്തനപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ  ആണിന്റെ അഭിപ്രായത്തിലുപരി സ്ത്രീയുടെ ഹിതാഹിതങ്ങൾ കൂടി വെളിപ്പെടേണ്ടതുണ്ട്. സാഹിത്യത്തിലും, സാമൂഹ്യ ക്രമത്തിലും ഇക്കാര്യത്തിൽ പുലർത്തിപ്പോന്ന ചിന്താരീതികൾ ജി. ഉഷാകുമാരി ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നു. 

തീനും കുടിയും   
ലേഖനം - എം. എൻ. കാരശ്ശേരി    

ദേശത്തായാലും വിദേശത്തായാലും ഭക്ഷണം എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.  തന്റെ ഭക്ഷണക്രമത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വ്യക്തിപരമായ ഓർമ്മകളാണ് ഈ ചെറു കുറിപ്പ്. ഭക്ഷണാധിനിവേശത്തിനെതിരെ ചെറുത്തു നില്ക്കണം എന്ന മുന്നറിയിപ്പ് കൂടിയാകുന്നു.

ടുണ്ടേ കബാബിയിൽ ബീഫില്ല - ലേഖനം 
വെങ്കിടേഷ് രാമകൃഷ്ണൻ 

ഉത്തരേന്ത്യയിലും, വടക്ക് കിഴക്കേ ഇന്ത്യയിലും  സഞ്ചരിക്കുകയും, ധാരാളം ഭക്ഷണ ശീലങ്ങളെ, പാചക വിധികളെ പരിചയപ്പെടുകയും, അത് ഒരു പഠന വിഷയമായി സ്വീകരിക്കുകയും ചെയ്ത പത്രപ്രവർത്തകന്റെ അനുഭവക്കുറിപ്പാണ് ഈ ലേഖനം. ആഹാരത്തിനുമേലുള്ള രാഷ്ട്രീയാധിനിവേശം ഇന്ത്യൻ ജനതയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്തായിരിക്കും  എന്നുകൂടി കുറിപ്പിൽ സൂചിപ്പിക്കുന്നു.

ഗുസ്തിയുണ്ടാക്കിയ അപ്പച്ചൻ  ; അടുക്കള തിരിച്ചു പിടിക്കണം എന്നെഴുതിയ അമ്മ 
ലേഖനം  - സംഗീത ശ്രീനിവാസൻ 


സാറാ ജോസഫിന്റെ മകളും എഴുത്തുകാരിയുമായ സംഗീത ശ്രീനിവാസന്റെ രുചി അനുഭവങ്ങളാണിതിൽ.  ആഗോള രുചികളുടെയും പാചക വിധികളുടെയും ആസ്വാദകയാണിവർ. രുചി വൈപുല്യങ്ങൾ ഭരണകൂട  ഭീഷണി നേരിടുന്ന കാലത്ത്  ഭക്ഷണത്തിന്റെ പലതരം ഭാവുകത്വങ്ങൾ പങ്കുവെയ്ക്കുകയാണ് സംഗീത ശ്രീനിവാസൻ. 

നിരോധിക്കുന്നത് ഭക്ഷണമല്ല ; കൃഷി
ലേഖനം  - ഡോ. എം. കെ. നാരായണൻ 

പുതിയ കന്നുകാലി കൈമാറ്റ വിജ്ഞാപനം കാർഷിക വൃത്തിയുടെ ജൈവചക്രം അട്ടിമറിക്കുന്നു. ഭക്ഷണ പ്രശ്നം  എന്നതിനേക്കാൾ കർഷക സമ്പദ് വ്യവസ്ഥയുടെ അടിത്തറ തകർക്കുന്നതാണ് ഈ നീക്കമെന്ന് ലേഖകൻ പറയുന്നു. 

രുചിയെ മയക്കുന്ന കറുപ്പ് - ലേഖനം 
ജോഷി ജോസഫ്

വിചിത്രവും ആസ്വാദ്യകരവും ലഹരിപിടിപ്പിക്കുന്നതുമാണ് ഇന്ത്യൻ ഭക്ഷണ ശീലങ്ങൾ.  ഭൂമിശാസ്ത്രപരവും  ചരിത്രപരവുമായ വൈചാത്യങ്ങൾ രുചിയിലും പ്രകടമാണ്.
ബംഗാളിലെ കാഞ്ചാ പോസ്തോ യിൽ കറുപ്പിന്റെ ഉന്മാദങ്ങളുണ്ട്. ബംഗാളിയുടെ  രുചിഭേദങ്ങളിലൂടെ കടന്നു പോവുകയാണ് ലേഖകൻ.

പാത്തുമ്മയുടെ പശു
ലേഖനം  - ഷിബു  മുഹമ്മദ് 

ഭക്ഷണ ശീലങ്ങളെ സമുദായങ്ങളുടെ കള്ളികളിൽ ദുരുദ്ദേശത്തോടെ തളച്ചിടുമ്പോൾ,  ഭൂരിപക്ഷത്തിന്റെ ശീലങ്ങളിലേക്ക് ന്യൂനപക്ഷങ്ങൾ പരുവപ്പെടണമെന്ന് നിഷ്കർഷിക്കുമ്പോൾ രുചിയുടെ യാഥാർഥ്യങ്ങളെന്തെന്ന് ഈ ലേഖനത്തിൽ പറയുന്നു. 

യാത്രാവിവരണം,  നോവൽ,  തുടങ്ങി സ്ഥിരം പംക്തികൾ വേറയുണ്ട്.

 ✍  എന്റെ വീക്ഷണം  :

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ,  പുതിയ നിരോധനങ്ങളിൽ പ്രതിരോധത്തിന്റെ പുതിയ മുഖം തുറക്കാൻ മാതൃഭൂമിക്ക് കഴിഞ്ഞു.  ഇന്ത്യൻ മെനു എന്ന പ്രത്യേക പതിപ്പിലൂടെ,  ഭക്ഷണ ശീലങ്ങളുടെ, വൈജാത്യത്തിന്റെ വേരുകളിലൂടെ പ്രതിഷേധ ശബ്ദം  ഉയർത്തുന്നു.

  ഈ ലക്കം മധ്യ  നിലവാരം പുലർത്തി.

തയ്യാറാക്കിയത് : 
കുരുവിള ജോൺ
9495161182
-------------------------------------------
NB. : ഉള്ളടക്കം വായിച്ച് സ്വതന്ത്രമായി തയ്യാറാക്കുന്ന കുറിപ്പാണ്.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌷 ആനുകാലികങ്ങൾ 🌷

മാധ്യമം ആഴ്ചപ്പതിപ്പ് 
2017 ജൂൺ 26
1008 പുസ്തകം 20

പ്രക്ഷോഭങ്ങളെ, കലാസംഘങ്ങളെ, പ്രതിരോധങ്ങളെ, എല്ലാം ഇരുളിൽ നിറുത്താൻ ഭരണകൂടം തീരുമാനിച്ചാൽ പ്രതികരണ ശേഷിയുള്ള സമൂഹം എന്തു ചെയ്യും.....????
കാശ്മീരി കവയിത്രി ഇൻഷാ മാലിക് എഴുതുന്നു. 
എഴുതാൻ മറക്കരുത്  കല്ലുകളിൽ മാത്രമല്ല കടലാസിലും
മരങ്ങളിലും 
ഇലകളിലും

തുടക്കം എന്ന എഡിറ്റോറിയൽ ഇങ്ങനെ തുടങ്ങി.  

സമഗ്രാധിപത്യത്തിനെതിരെ ജനകീയ പ്രതിരോധം ഉയരണം
പ്രകാശ്  കാരാട്ട് 

പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാനും, പത്രസമ്മേളനം അലങ്കോലപ്പെടുത്തുവാനും ശ്രമിച്ച സംഭവത്തെക്കുറിച്ച് പ്രകാശ് കാരാട്ട് എഴുതുന്നു. ഹിന്ദു ദേശീയത എന്ന് പേരിട്ടു വിളിക്കുന്ന വർഗ്ഗീയതയെ ചെറുക്കുന്ന എന്തിനെയും തകർക്കാൻ ശ്രമിക്കുന്ന സമീപനമാണ് ഇന്ന്  ബി. ജെ. പി, ആർ. എസ്. എസ് സംഘം ചെയ്യുന്നത്.  അത്തരം പ്രവണതകൾ എതിർക്കപ്പെടേണ്ടത് അത്യാവശ്യമാണ്  ശ്രീ കാരാട്ട്  തുടരുന്നു. 

കവിത

കൃഷ്ണംകുളങ്ങരയിലെ ദേശ സ്നേഹികൾ
സച്ചിദാനന്ദൻ.

ചിലപ്പോൾ  അവർക്ക്
നെറ്റിയുടെ നടുവിൽ
ഒരു കൊമ്പു വളരുന്നതായി തോന്നുന്നുണ്ടെങ്കിൽ
ഒട്ടും പരിഭ്രമിക്കേണ്ട
നിങ്ങളുടെ നെറ്റിയും ഒന്നു തപ്പി നോക്കൂ.....   

ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞ കവിത. വർഗ്ഗീയതയെ ആവിഷ്കാരം കൊണ്ടു നേരിടുന്നതിന് ഉദാഹരണമാണ് ഈ കവിത.

ജനങ്ങളെ തിരിച്ചറിയുവാനുള്ള ഏഴു വഴികൾ ജോർജ് സിർട്സ്
പരിഭാഷ  - സച്ചിദാനന്ദൻ 

ജനങ്ങളെ ഭരിക്കുന്നവർ ജനങ്ങൾ  എന്നു വിളിക്കുന്നവരാണ് ജനങ്ങൾ......

ആരാണ്  ജനം, എന്താണ് ജനം, എന്നു വ്യക്തമാക്കുന്ന ആക്ഷേപഹാസ്യത്തിന്റെ ശക്തമായ ആവിഷ്കാരം.

മരണ വാറന്റ് - കവിത
അജീഷ്  ദാസൻ

ഒന്നും ഒരിക്കലും  അവസാനിക്കുന്നില്ല. അത് ഒരു ചാക്രിക ചലനമായി തുടരുന്നു.  അന്ത്യശാസനകൾ പലതുരിയാടാം. അന്തമില്ലാതെ നീങ്ങും പ്രപഞ്ച സംവിധാനം. അതിനെ തടുക്കാൻ ഒരു ശാസനത്തിനും കഴിയില്ല.  
ശാസനകളുടെയും നിരോധനങ്ങളുടെയും സമകാലീന രാഷ്ടിയത്തിനെതിരേ ശക്തമായ പ്രതിരോധമാണീക്കവിത.

മധുരമീ ജീവിതം
അഭിമുഖം 

പ്രശസ്ത നടൻ മധുവുമായി സജി ശ്രീവത്സം നടത്തുന്ന അഭിമുഖം. 
നടൻ മധു തന്റെ ജീവിതവും സിനിമയും നമ്മോട് പങ്കുവെയ്ക്കുന്നു.  ഇന്നും താൻ എന്തിനാണ് അഭിനയിക്കുന്നതെന്നും, പഴയ സിനിമാ ജീവിതവും, പുതിയ സിനിമയും, സിനിമാ നിർമ്മാണവും തമ്മിലുള്ള അന്തരവും വ്യക്തമാക്കുന്ന അഭിമുഖം.  വെള്ളിവെളിച്ചത്തിലെ മധുവല്ല ഇത്. വായനയും, യോഗയും, ആത്മീയതയും ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരൻ.

സമരമുഖത്തെ രണ്ടു സ്ത്രീകൾ
കന്നിയമ്മ, പാപ്പമ്മാൾ എന്നിവരുമായി ടി. മനുപ്രസാദ് നടത്തുന്ന സംഭാഷണം.

പ്ലാച്ചിമട  സമരത്തിന് പതിനഞ്ചു വർഷം തികയുന്നു. സമരനായികയായിരുന്ന മയിലമ്മയുടെ ഇടം, വലം കൈകളായി നിന്നിരുന്ന  രണ്ടു സ്ത്രീകൾ,  കന്നിയമ്മയും പാപ്പമ്മാളും. ഇന്നവർ മറ്റൊരു സമരമുഖത്താണ്.  പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ നടപ്പാക്കണം  എന്നാവശ്യപ്പെട്ട് സമരത്തിലാണ്. ജീവിതം തന്നെ സമരമായി മാറിയത്, കുത്തകകൾ മാറ്റിയത് അവർ പറയുന്നു.  ഇതിൽ  ഏതാണ് ജീവിതം,  ഏതാണ് സമരം എന്നറിയാൻ പറ്റാത്തവിധം മുന്നോട്ടുപോകുന്ന രണ്ടു  ജന്മങ്ങളെ ഈ സംഭാഷണത്തിൽ കണ്ടെത്താം.

ഹിന്ദുത്വ ഭീകരതയ്ക്കെതിരെ ഇടതുപക്ഷ മനസ്സ് രൂപം കൊള്ളുന്നുണ്ട് - അഭിമുഖം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയും വി. പി. റജീനയുമായി നടത്തുന്ന അഭിമുഖം. 


അസഹിഷ്ണുത ശക്തമാകുന്ന വർത്തമാന പരിതസ്ഥിതിയിൽ ജനപക്ഷത്ത് നിന്നുകൊണ്ട് ശക്തമായ എതിർവാദമുയർത്തിയ സന്യാസിയാണ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. പശു രാഷ്ട്രീയം,  ഭക്ഷണ സ്വാതന്ത്ര്യം,  വിശ്വാസം തുടങ്ങിയ നിരവധി വിഷയങ്ങളിൽ അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറയുന്നു.  ആർഷഭാരത സംസ്കാരം എന്ന് ഊറ്റം കൊള്ളുന്നത് ശരിയോ...??
സ്വാമി ചോദിക്കുന്നു. പല കൈവഴികളായ് പല ദേശത്തുനിന്നും ഒഴുകിയെത്തിയ വിജ്ഞാന നദികൾ ഒന്നിച്ചതല്ലേ നമ്മുടെ സംസ്കാരം. ഇന്ന് ചിലരുയർത്തുന്ന വാദമുഖങ്ങൾക്ക് നേരിന്റെ മറുപടി സ്വാമി നല്കുന്നു.

പൊതുവിദ്യാഭ്യാസത്തെ  പൊതു വാക്കൂ. എന്നിട്ടാവാം സംരക്ഷണം - ലേഖനം
ഒ. പി. രവീന്ദ്രൻ

ഇന്ന് കൂടുതൽ ഉയർന്നു കേൾക്കുന്ന ശബ്ദമാണ് പൊതു വിദ്യാഭ്യാസ സംരക്ഷണം. ശരിക്കും എന്താണ് സംരക്ഷിക്കേണ്ടത്. അതാർക്കും തിട്ടമില്ല.  ആദ്യം പൊതുവിദ്യാഭ്യാസം പൊതു ആക്കണം. എയ്ഡഡ് മേഖല അടക്കം എല്ലാ പൗരന്മാർക്കും അവസര സമത്വത്തോടെ കടന്നു വരാൻ പാകത്തിൽ അതിനെ പൊതുവാക്കുകയാണ് വേണ്ടതെന്ന് ലേഖകൻ പറയുന്നു.

ജീവൽ ചോരണം - കഥ - സുനിൽ ഗോപാലകൃഷ്ണൻ

ഒരു കള്ളൻ, തന്റെ മോഷണജീവിതം കൂടുതൽ സർഗാത്മകമാക്കുവാൻ ആലോചിക്കുന്നു. സാധാരണ ഒരു കള്ളനായി കട്ടു ജീവിച്ചു മരിക്കാൻ അയാൾ തയ്യാറല്ല.  അതിന് അയാൾ പുസ്തകങ്ങൾ മോഷ്ടിക്കുന്നു. താൻ എക്കാലത്തും പ്രണയിച്ചിരുന്ന പെണ്ണിന്റെ അച്ഛൻ ലൈബ്രേറിയൻ ആയിരിക്കുന്ന വായനശാലയ്ക്ക് മുതൽക്കുട്ടുന്നു. അതോടോപ്പം അയാളുടെ മനോവ്യാപാരങ്ങളിൽ ചില കഥാപാത്രങ്ങൾ കൂടുകൂട്ടുന്നു. പക്ഷേ,  കള്ളനെ എന്നും വെറും കള്ളനായിത്തന്നെ സമൂഹം കണക്കുകൂട്ടുന്നു.   അരികുജീവിതത്തിന്റെ വ്യത്യസ്ത രീതികൾ വരച്ചിടുന്ന കഥ.

ആക്രമണങ്ങളുടെ തനിയാവർത്തനം
ലേഖനം - ഹസനുൽ ബന്ന

രാഷ്ട്ര തലസ്ഥാനം ഏതാനും വർഷങ്ങളായി സംഘപരിവാർ സംഘടനകളുടെ അഴിഞ്ഞാട്ടകേന്ദ്രമായി മാറിയിരിക്കുന്നു.  കോടതി മുറികളടക്കം ഇവരുടെ വിളയാട്ട ഭൂമിയാകുന്നു. ഇവരുടെ തലതൊട്ടപ്പന്മാർ കളിക്കുന്ന ആൾമാറാട്ട, ആക്രമണ രാഷ്ട്രീയത്തെ തുറന്നു കാട്ടുകയും അപലപിക്കുകയും ചെയ്യുന്ന ലേഖനം.

ഗോവധ നിരോധനത്തിന്റെ ആശങ്കകൾ പേറുന്നു പൂരപ്പറമ്പുകൾ  ലേഖനം - ഒ. അരുൺ കുമാർ

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അജണ്ടയിലൊന്നായ ഗോവധ നിരോധനത്തിന് വഴിതുറന്ന നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോൾ പശുഹത്യ നിരോധനത്തിന്റെ രാഷ്ട്രീയം മാത്രമല്ല, കലയുടെ മേഖലയെ എങ്ങനെ ഇത് ബാധിക്കും എന്ന്  ഈ ലേഖനം വിശകലനം ചെയ്യുന്നു.

ഉച്ഛിഷ്ട ഭോജികളെപ്പറ്റിയുള്ള ടോക് ഷോ. - പുസ്തക പരിചയം -  മനോജ് ജാതവേദര്.

സോക്രട്ടീസ് വാലത്തിന്റെ കഥാസമാഹാരം ജയഹേ യുടെ വായനയനുഭവം പങ്കുവെയ്ക്കുന്നു.  ഭോഗത്തിലും ഉപഭോഗത്തിലുമുള്ള ദ്വന്ദ്വങ്ങൾ, അത് സ്ത്രീയും പുരുഷനുംപോലെയോ , കീഴാള മേലാള സ്വഭാവം പോലെയോ വൈരുധ്യമാകുന്ന ദ്വന്ദ്വങ്ങൾ എന്ന് വിളിച്ചോതുന്ന കഥകളെ പരിചയപ്പെടുത്തുന്നു.

നോവൽ,  യാത്രാവിവരണം,  സ്പോർട്സ്, മീഡിയാ സ്കാൻ,  ബുക്ക് ഷെൽഫ്,  ഫെയ്ഡ് ഇൻ തുടങ്ങിയ സ്ഥിരം പംക്തികളും

എന്റെ വീക്ഷണം  :
കഴിഞ്ഞ ലക്കങ്ങളിൽ തുടരുന്ന ജനപക്ഷ പ്രതിരോധത്തിന്റെ കനൽവഴികൾ തന്നെ  ഈ ലക്കവും പിന്തുടരുന്നു. പക്ഷേ,  വിലാപം ചെന്നു വീഴുന്നത് ബധിര കർണ്ണങ്ങളിലോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം പ്രതികരിക്കേണ്ടവരൊന്നും തന്നെ പ്രതികരണ, പ്രതിരോധ രംഗത്ത്  എത്തുന്നില്ല.

തയ്യാറാക്കിയത് :
കുരുവിള ജോൺ
9495161182

ഉള്ളടക്കം വായിച്ച് സ്വതന്ത്രമായി തയ്യാറാക്കുന്ന കുറിപ്പാണിത്.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

🌷 ആനുകാലികങ്ങൾ 🌷
    ഭാഷാപോഷിണി
വാർഷിക പതിപ്പ് -ജൂൺ 2017
      പുസ്തകം -  40 ലക്കം  - 6

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിവാദനം , കാവ്യ ജീവിതം എന്ന രണ്ടു കവിതകളോടെയാണ് വായനാ സദ്യ ഈ ലക്കം  ഭാഷാപോഷിണിയിൽ വിളമ്പിത്തുടങ്ങിയത്.
ഞാനഴുകിപ്പോയ മണ്ണിൽ
വിടരേണ്ട പൂവേ,
നിനക്കെൻ വിദൂരാഭിവാദനം

അടുത്തതിൽ,

പാഴിരുട്ടിലീ ദർഭവിരിപ്പിൽ
രാവു തോരുവാൻ
കാത്തുകിടക്കയാം

എന്നും  കവി പറയുന്നു.

മതം / ആത്മീയം
ഫാദർ  ഡോ. കെ. എം ജോർജുമായി ശ്രീ കെ. എം വേണുഗോപാൽ നടത്തുന്ന അഭിമുഖം.
ജീവിതത്തിന്റെ  ഏടുകളിൽ താൻ വരച്ചിട്ട ചിത്രങ്ങളിലൂടെ ഡോ. കെ. എം ജോർജ് നടക്കുന്നു. പൗരോഹിത്യത്തിനപ്പുറം, ജനകീയതയുടെ, സ്വീകാര്യതയുടെ,പൗരബോധത്തിന്റെ, മതനിരപേക്ഷതയുടെ പാതയിലൂടെയുള്ള നടത്തം.
ക്രിസ്തീയ പൗരോഹിത്യം, മതിൽക്കെട്ടോ ചങ്ങലയോ അല്ല, വിശാല ലോകത്തിലേക്കുള്ള തുറവിയാണെന്ന് ഡോ. കെ. എം. ജോർജ് പറയുന്നു.

ചിത്രദുർഗ്ഗം - കഥ
കെ. വി.  പ്രവീൺ

ജീവിതത്തിന്റെ ചില കാണാകാഴ്ചകൾ. നൈരാശ്യത്തിൽ നിന്നും താത്ക്കാലിക ആശ്വാസത്തിനായി നഗരത്തിലെ ആധുനിക  മാളിൽ സന്ദർശനം നടത്തുന്ന അമ്മയും മകളും. മകളെ ഇടയ്ക്ക് കാണാതാവുന്നു.
കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ മകളെ കണ്ടുകിട്ടുന്നു. അവർ തിരിച്ചു മടങ്ങുന്നു. അപ്പോൾ പോലും  ആ അമ്മയുടെ മനസ്സിൽ,  മാളിന്റെ ഏതോ മൂലയിൽ രൂപ ഭാവ വ്യത്യാസം വരുത്തിയ അവരുടെ മകൾ കിടക്കുകയായിരുന്നു.
ആധുനിക ലോകത്തിന്റെ പുത്തൻ വ്യഥകളും, ശീലങ്ങളും ഭംഗിയായി അവതരിപ്പിച്ച കഥ.

രേഖകൾ
നമ്പൂതിരി.
തന്റെ ഗുരുനാഥനായ കെ. സി. എസ് പണിക്കരുടെ തറവാട് തേടിയുള്ള യാത്ര.  തൊട്ടടുത്തായിരുന്നിട്ടും അവിടേക്കെത്താൻ സമയമായിട്ടുണ്ടായിരുന്നില്ല.
ഒരുപാടലഞ്ഞു. എന്നിട്ടും എത്തി. പഴയ തറവാടിന്റെ ചിത്രം ഗുരുദക്ഷിണയായി വരയ്ക്കുന്നു.

ആനഡോക്ടർ
നോവൽ  - ജയമോഹൻകേരളത്തിൽ  ധാരാളം വായനക്കാരെ ഇതിനകം നേടിക്കഴിഞ്ഞ തമിഴ് - മലയാളം  എഴുത്തുകാരനായ ശ്രീ. ജയമോഹന്റെ നോവൽ  പൂർണ്ണ രൂപത്തിൽ.
ഭാഷാപോഷിണി വാർഷിക പതിപ്പിന്റെ തിലകമാണ് ഈ നോവൽ.

ഡോ. കെ. എന്ന കൃഷ്ണമൂർത്തിയുടെ ചിത്രം വരച്ചിടുന്നു. മനുഷ്യനെപ്പോലെ ഇത്രയും നികൃഷ്ടനായ മറ്റൊരു ജന്തു ഭൂമിയിലില്ല എന്ന തുറന്നെഴുത്താകുന്നു ഈ നോവൽ.
മൃഗങ്ങളുടെ സഹജവാസനകൾ, അവ ശത്രുവെയും മിത്രത്തെയും തിരിച്ചറിയുന്നത്.
ലോകത്തിലെ വലിപ്പമേറിയ ജീവിയായ ആനകളുടെ ജീവിതം ഡോ.   കെ ഇവിടെ തുറന്നു കാണിക്കുന്നു. അവയോട് മനുഷ്യൻ കാട്ടുന്ന ക്രൂരതയും വ്യക്തമായി ചിത്രീകരിക്കുന്നു.
കീറ്റ്സ്, ബൈറൻ, കമ്പർ, ഇവരെ ഒരേപോലെ മനസ്സിൽ നിറയ്ക്കുമ്പോഴും കാടകവും, കാട്ടുജീവനുകളും ഡോ. കെയുടെ ജീവിതമായിരുന്നു.

ഏതോ മന്ത്രിപുംഗവൻ തട്ടിത്തെറിപ്പിച്ച പത്മശ്രീ പട്ടത്തെ ഒരു ചിരിയിൽ ഒതുക്കിയ ഡോക്ടർക്ക്  പക്ഷേ,  ആനയുടെ കാലിൽ തറച്ചുകയറിയ ബീയർകുപ്പിയെ അങ്ങനെ നിസ്സാരമായി കാണാനാവില്ലായിരുന്നു.
നമ്മുടെ ഇടയിൽ ജീവിച്ചു കടന്നുപോയ ഒരു മനുഷ്യന്റെ,  ഒരു യഥാർത്ഥ പ്രകൃതിസ്നേഹിയുടെ ജീവിതം.  അതാണ് ജയമോഹന്റെ ആനഡോക്ടർ എന്ന നോവൽ.  മലയാളി അവശ്യം  വായിച്ചിരിക്കേണ്ട ഒരു നോവൽ.  

സാഹിത്യം
കവിതയും കഥയും

ആധുനീക കവികളിൽ യുവജനങ്ങളും സോഷ്യൽ മീഡിയയും കൊണ്ടാടുന്ന ശ്രീ റഫീക്ക് അഹമ്മദുമായി ശ്രീ സജയ് കെ. വിയും
സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നവർ ആത്മരതിക്കാരാണ് എന്ന പ്രസ്താവം വഴി വിവാദ പുരുഷനായ യുവ കഥാകൃത്ത്  ശ്രീ. സന്തോഷ്  ഏച്ചിക്കാനവുമായി ഡോ. കെ. ബി. ശെൽവമണി നടത്തുന്ന  അഭിമുഖം.

റഫീക്ക് അഹമ്മദ്

ഓരോ കവിതയും പിറക്കുന്നു.
ഒരു ജീവിതമല്ല, ഒരുപാട് ജീവിതങ്ങളെ സന്നിവേശിപ്പിക്കാനാണ് താൻ ശ്രമിക്കുന്നത്. തനിമലയാളം സാധ്യമല്ല എന്നു കരുതുമ്പോഴും മലയാളത്തിന്റെ പച്ചപ്പ് ആവോളം കവിതയിൽ നിറയ്ക്കുന്നു, ശ്രീ റഫീക്ക് അഹമ്മദ്.

സന്തോഷ് ഏച്ചിക്കാനം
എഴുത്തിലെ ജനാധിപത്യവും, എഴുത്തുകാരനെ വർഗ്ഗീകരിക്കാൻ ശ്രമിക്കുന്നതിനെയും തുറന്നെതിർക്കുകയാണ് ശ്രീ. സന്തോഷ് ഏച്ചിക്കാനം. 
കേരളത്തിനു പുറത്തെ വിശപ്പ് അടയാളപ്പെടുത്തിയ ബിരിയാണിയും , കർഷകരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൊമാലയും ,
സമൂഹ ജീവിതത്തിലെ ചില സവർണ്ണ ചിന്തകളെ പൊളിച്ചെഴുതിയ പന്തിഭോജനവും അങ്ങനെ  എച്ചിക്കാനത്തിന്റെ പ്രമുഖമായ കഥകളെല്ലാം പരാമർശിക്കപ്പെടുന്നു.
തന്നെ ഹിന്ദുത്വത്തിന്റെ വക്താവാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു  എന്നുകൂടി അഭിമുഖത്തിൽ ശ്രീ. ഏച്ചിക്കാനം പറഞ്ഞു വയ്ക്കുന്നു.

തിയറ്റർ
  ശ്രീമതി ശ്രീജ ആറങ്ങോട്ടുകരയുമായി  
ശ്രീ. ജയൻ ശിവപുരം നടത്തുന്ന  അഭിമുഖം. 

സ്ത്രീക്കുമാത്രമുള്ള അനുഭവലോകം അരങ്ങിലെത്തിച്ച നാടകക്കാരിയാണ് ശ്രീജ ആറങ്ങോട്ടുകര.    
കൃഷിയും, കൊയ്ത്തുത്സവവും, നാടകവും, കലാപാഠശാലയും, കൃഷിപാഠശാലയും ഒന്നിക്കുന്ന ഒരിടമായി അവരുടെ വീടിനെ മാറ്റിയിരിക്കുന്നു.

പൊതുപ്രവർത്തനങ്ങളെ രാഷ്ട്രീയ വേർതിരിവുകളിലേക്ക് വലിച്ചിഴയ്ക്കുന്ന ചില പുത്തൻ  പ്രവണതകളെ ശ്രീജ  തുറന്നെതിർക്കുന്നു.

വാക്കും ലോകവും
കല്പറ്റ നാരായണൻ 

ലോകത്തിന്റെ താളിൽ നാം എഴുതുന്നത്, എഴുത്ത്.
എന്നാൽ  ആ താളിൽ നാം  എഴുതിയുണ്ടാക്കുന്നതാവും ലോകം. ഭാവനയുടെ കണ്ണിൽ കാണുന്ന ലോകനിർമ്മിതിയായ സാഹിത്യത്തെ കല്പറ്റയുടെ കണ്ണിലൂടെ ഈ ലേഖനത്തിൽ വായിച്ചെടുക്കാം. ചാരുതയാർന്ന അനുഭവങ്ങളുടെ വ്യത്യസ്തമായ കാഴ്ചകൾ. 

സിനിമയും രാഷ്ട്രീയവും
എൻ. പി. സജീവ്.

മലയാള സിനിമയിൽ ഇടതുപക്ഷ,  കമ്യൂണിസ്റ്റ് അനുകൂല സിനിമകൾ ധാരാളമായി വരുന്നു. കമ്പോള മൂല്യം, കമ്യൂണിസ്റ്റ് മൂല്യങ്ങളോട് കാണിക്കുന്ന മമത എന്താണ്. ഇത്തരം സിനിമകൾ എന്തു ദൗത്യമാണ് സമൂഹത്തിൽ നിർവഹിക്കുന്നത്. ചില സിനിമകളിലൂടെ ഈ ലേഖനത്തിൽ വിചിന്തനം ചെയ്യുന്നു.

ചലച്ചിത്ര സംഗീതം
മാത്തുക്കുട്ടി ജെ. കുന്നപ്പിള്ളി

ഇന്ത്യൻ സിനിമയിലെ ശോകാഭിനയ ചക്രവർത്തി ദിലീപ് കുമാറും, വാനമ്പാടി ലതാ മങ്കേഷ്ക്കറും തമ്മിലുണ്ടായ പിണക്കത്തിന്റെ കഥ.
തമ്മിൽ പിണങ്ങിയിരുന്നെങ്കിലും ഉന്നതാദരവുകൾ നേടിയിരുന്ന ഇവർതമ്മിൽ ഉള്ളിൽ പരസ്പരം ആരാധനയും കരുതിയിരുന്നു.

ചികിത്സയും അനുഭവവും
ഹരി നടുവം.

ഒലവക്കോടിനടുത്തുള്ള മുട്ടിക്കുളങ്ങരയിലുണ്ടാക്കുന്ന എണ്ണ കഴിഞ്ഞ മുന്നൂറ് വർഷമായി ഒടിവിനും, ചതവിനും, ശരീര ക്ഷതങ്ങൾക്കും ആശ്വാസം പകരുന്ന പാരമ്പര്യത്തിന്റെ ചരിത്രം ഇതൾ വിരിയുന്ന ലേഖനം. 

തുടർന്ന് ശ്രീജിത് പെരുംതച്ചൻ, പനച്ചി എന്നിവരുടെ സ്ഥിരം പംക്തികളും.

ആന ഡോക്ടർ എന്ന ഒരു നോവൽ മതി, ഈ ലക്കം  ഭാഷാപോഷിണിയുടെ പോഷണം പൂർത്തിയാകാൻ.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷    
കുറിപ്പ് തയ്യാറാക്കിയത് :
കുരുവിള ജോൺ
9495161182

കുറിപ്പ്  : ഉള്ളടക്കം വായിച്ച് സ്വതന്ത്രമായി തയ്യാറാക്കുന്ന കുറിപ്പാണിത്.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏