ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

30-9-2017

📝 നവസാഹിതി
സ്വപ്ന📝
🖍🖍🖍🖍🖍🖍🖍

********************************
കടൽ ശ്മശാനം - ബൃന്ദ
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻.✍🏻  

കടലിനടിയിലെ
മുങ്ങി മരിച്ച കപ്പലുകളുടെ
ശ്മശാനത്തിലൂടെ
കടൽക്കുതിരപ്പുറത്തേറി
സഞ്ചരിക്കുകയായിരുന്നു.

ലവണ ജലം കൊണ്ട്
ചുറ്റുമതിൽ തീർത്തിരുന്നു
നൂറ്റാണ്ടുകളുടെ ഭാരം പേറിയ
കടലാമകാവൽ നിന്നു
കടലിനടിയിൽ ചിത കൂട്ടാറില്ലെന്ന്
അത് ആദ്യമേ പറഞ്ഞു തന്നു

ആത്മഹത്യ ചെയ്ത കപ്പലുകളുടെ
മനോവിചാരങ്ങളും
ഏകാന്ത വിഷാദങ്ങളും
അത് ഒരു പഴയ ഡയറിയിൽ
കുറിച്ചു വച്ചിരുന്നു

മരിച്ചതിനു ശേഷം
എല്ലാ കപ്പലുകളും ഒരുപോലെയാണ്

ആത്മാക്കളുടെ ഇരുണ്ട വസതിയിലെ
ആദ്യ സന്ദർശകയായിരുന്നു ഞാൻ
കാലങ്ങളുടെ പരിക്കുപറ്റി
നരച്ച
പായലുകൾ
ജല ശ്മശാനത്തിൽ കലർന്നിരുന്നു

ജലസമാധി പൂണ്ട
ദ്രവിച്ച പഞ്ജരങ്ങൾ
ഭൂതകാലത്തിന്റെ ഹരിത സ്മരണകളിൽ
തണുത്തുറഞ്ഞിരുന്നു
വെള്ളത്തിനു മീതെ
പാടുകൾ വീഴ്ത്താതെ
ക്ഷണികതയുടെ
ഹിമപാളികൾ കൊണ്ട്
കാലത്തിന് ഓർമയുടെ തുളകൾ സൃഷ്ടിച്ച്
എത്ര നിശബ്ദമായാണ്
അവ ഉറങ്ങുന്നത്

ഇടയ്ക്കിടെ കടലിനടിയിലേക്ക്
വെറുതെ നോക്കേണ്ടതുണ്ട്
മരണം ഉറക്കെ സംസാരിക്കുന്നത്
കേൾക്കേണ്ടതുണ്ട്

എത്രമേൽ കരയെ ദാഹിച്ചിട്ടായിരിക്കും
നിന്ന നിൽപ്പിൽ അവ
മെല്ലെ മെല്ലെ
ജല ഗർത്തത്തിലേക്ക് താണു പോകുന്നത്

മരിക്കുന്ന നേരത്തും
കപ്പലുകളും മനുഷ്യരും
ആർത്തിയോടെ സ്വപ്നം കാണുന്നത്
ജീവന്റെ പതക്കങ്ങൾ പതിപ്പിച്ച
വിരലുകളെയാണ്

ജലത്തിലലിഞ്ഞ്
എത്ര ഇല്ലാതായാലും
ഒരു തുണ്ട് ബാക്കിയുണ്ടാകും
മരിക്കാനിരിക്കുന്ന കപ്പലുകളുടെ
ഓർമകളെ വേട്ടയാടുന്നതിന്

********************************
.          ഒരു  പത്തുപതിനെട്ട്  വർഷം  മുമ്പ്........ അന്ന്  തറവാട്ടിലാണ്  പൊറുതി .  അയൽക്കാരിയായ  ഒരു  മാളുത്താത്ത  ഉണ്ട്  അന്ന്. പുള്ളിക്കാരിക്ക്  കാടാറുമാസം...... നാടാറുമാസം.....  എന്നാണ്  കണക്ക്.  സുന്ദരിയും  സുശീലയും  സുഭാഷിണിയുമായി  ആറു മാസം  അവർ  ഞങ്ങളുടെ  നല്ല  അയൽക്കാരിയാവും.  പിന്നെയുള്ള  ആറുമാസക്കാലം അവർ  തനി  ' നാഗവല്ലി  ' ആയിരിക്കും.  (കടുത്ത  മാനസിക  വിഭ്രാന്തി  ) 
             അങ്ങനെയിരിക്കെ..... എന്റെ  ചെറിയനാത്തൂൻ  (ഇക്കാന്റെ  പെങ്ങൾ  ) ഒരിക്കൽ  വിരുന്നു  വന്നത്  മാളുത്താത്ത ന്റെ  നാഗവല്ലി കാലത്തിലേക്ക്  ആയിരുന്നു. 
          " ഉച്ചക്ക്  നെയ്ച്ചോറും  കോഴിക്കറീം  "...... മരുമകളായ  എന്റെ  ശ്രദ്ധയിലേക്ക്  ഓർഡർ  ഇട്ട്  എന്റെ  അമ്മായിയുമ്മ  അടുക്കള  വിട്ടു !
             അന്ന്  മുറ്റം  നിറയെ  കോഴികളും  കോഴിക്കാഷ്ടവുമുണ്ട്.  അതിലൊരുത്തൻ..... ഒരു  അങ്കവാലൻ  പൂവനുണ്ട്. ആള്  മഹാ  പഞ്ചാരവീരൻ  ! പൂവാലക്കശ്മലൻ  !!😜🌺🌺
                അവന്റെ  ആയുസ്സിലേക്ക്  കത്തി  വെക്കാനാണ്  അന്ന്  തീരുമാനമായത്. 
           കാലത്ത്  ഇറങ്ങി...... പ്രദേശത്തുള്ള  പെണ്പിട  കളെയെല്ലാം പഞ്ചരയടിച്ച്‌   കൃത്യം  പത്തുമണിയോടെ  മൂപ്പരെത്തി.  ഞാനും  ഇക്കാന്റെ  അനിയനും  കൂടി പുരയ്ക്കു ചുറ്റും  പാഞ്ഞു  വിയർത്ത്  അവനെ  ബന്ധനസ്ഥനാക്കി. 
          അനിയൻ  തന്നെ  പൂവന്റെ  ആരാച്ചാരായി.... !,  
         പിന്നെയുള്ള  ഡ്യൂട്ടി  എന്റേതാണ്.   ' ഇയ്യ്  ഇന്നാള്  വറുത്തരച്ച  കറിവെച്ചിട്ട്  നല്ല  രസണ്ടായിരുന്നൂ...... അതേപോലെ  തന്നെ  വെച്ചാമതി  ട്ടോ  റൂബിയേ..... ' ! എനിക്കൊരു  പ്രോത്സാഹന സമ്മാനം  തന്ന്...... പാതി  വായിച്ച്  മടക്കിവെച്ച   മംഗള  ത്തിലേക്ക്  ഉമ്മ  തിരിഞ്ഞു  നടന്നു. ! 
                 ആ  കോംപ്ലിമെന്റിൽ  മയങ്ങി  ഞാൻ  തിടുക്കത്തിൽ  ഉത്തരവാദിത്തമുള്ള  മരുമകളായി .  പൂവന്റെ  തൂവൽ  പറിച്ചു  ' വിവസ്ത്രനാക്കി  ' എടുക്കാൻ  കഷ്ട്ടപ്പെട്ടു  ശ്രമം  തുടങ്ങി. 😰😰 
              അപ്പോൾ  അതാ  വരുന്നു  മറ്റൊരു  അവതാരം  !  സെയിം  സാധനം  !! പടച്ചോനെ..... 🙆🏼     ( ഒരാളെ പോലെ  ഒൻപതുപേർ .... )    😳😳എന്റെ  തലക്കുള്ളിലൂടെ  കറന്റ്  പാഞ്ഞു.  ഞാൻ  ഉമ്മാനെ  കൂവി  വിളിച്ചു.                
              ഡെഡ്ബോഡി  ആയത്  മാളുത്തന്റെ  കോഴിയണെന്നു  ഉമ്മാന്റെ  അമ്മായിയമ്മകണ്ണ്  പെട്ടെന്ന്  കണ്ടു  പിടിച്ചു. 
              എന്റെ  കയ്യും കാലും  തളർന്നു...... മറ്റൊരു  deadbody  ആയി  ഞാനും  മരവിച്ചു !! 😫😫
                അനിയൻ  ചിരിയോടു  ചിരി  ! ദുഷ്ടൻ  !😡
         ഉമ്മയും  അതിലേക്ക്  ജോയിൻ  ചെയ്തു .  ചിരിക്കണോ....... കരയണോ..... എന്നറിയാതെ  ഞാൻ ....... ! 😰😰 
             വെറ്റില  മുറുക്കി  ചുവപ്പിച്ച  ചുണ്ടുകളാൽ  അതിസുന്ദരി  ആയ എന്റെ  അമ്മായിഅമ്മ.... ചിരി  നിർത്താനാവാതെ  കുഴങ്ങി. ചിരിച്ചു  ചിരിച്ചു  ചുവന്ന് ..... ഉമ്മ  കൂടുതൽ  സുന്ദരിയായി  ! 😍😍🌺
                വേലിക്കരികിൽ  നിൽക്കുന്ന  മാളുത്താത്തന്റെ  ഭർത്താവിനോട്  നിസ്സഹായതയോടെ.... അബദ്ധം  ഏറ്റുപറഞ്ഞു...... ഞങ്ങളുടെ  പൂവനെ  ഇന്നുമുതൽ  നിങ്ങളുടെ  റേഷൻ  കാർഡിലേക്ക്  മാറ്റിചേർക്കാമെന്ന  കരാറും ... താഴ്മയോടെ  ഞാൻ  മുന്നോട്ട്  വെച്ചു്.          എന്റെ  വേവലാതിയിലേക്ക്  വേണ്ടത്ര  സമാധാനം  തന്ന്  ചിരിച്ചുകൊണ്ട്  മൂപ്പരെന്നെ  മടക്കി  അയച്ചു. 
                  വൈകുന്നേരം  ' കോഴിക്കരാർ  ' പാലിച്ച്  ഞാൻ  സമാധാനത്തോടെ  കിടന്നുറങ്ങി. 
             പിറ്റേന്ന്  കാലത്തു  മാളുതാ താന്റെ  ' വിടമാട്ടെ....... " കേട്ടാണ്  🙆🏼😳ഞാനുണർന്നത്.  വേലിക്കപ്പുറം  സാക്ഷാൽ  രൗദ്രനാഗവല്ലിയായി ..... മാളുതാത്ത  അലറുന്നു...., ! പൂരത്തെറിയുടെ  അഭിഷേകം  !!😟😟
          ഞാൻ  പേടിച്ചോടി  മുറിയിൽ  കയറി  വാതിലടച്ചു. ഉമ്മ  പുറത്തേക്കുള്ള  വാതിലടച്ചു  ചിരി  തുടങ്ങി.          കുറെ  നേരത്തെ  ആക്രോശം  കഴിഞ്ഞു   അവർ  മടങ്ങി.  രണ്ടുദിവസം  ആ  ഭരണിപ്പാട്ട്..... ലൈവ്  ആയി  ഞങ്ങൾ  കേട്ടു .  ആ  രണ്ടുദിവസവും  പുറത്തേക്കിറങ്ങാതെ  ഞങ്ങൾ  അകത്തു  തന്നെ  അടയിരുന്നു.... ! 😅 
                ഇപ്പോഴും  തറവാട്ടിൽ  എല്ലാരും  ഒത്തുകൂടുമ്പോൾ  അനിയൻ  " ആ  വിശുദ്ധ  തെറി  ' പറഞ്ഞു..... എന്നെ  കളിയാക്കാറുണ്ട്  !😂😂😂😂😂


പ്രജിത
********************************
ഹോട്ട് സ്പോട്ട്

നേരം പോയെന്നു പറഞ്ഞ്
ധൃതി പിടിച്ച്
കൈയ്ക്കില കൂട്ടാതെ
എടുത്തതിനാൽ 
വിരലഗ്രം പൊള്ളിച്ച
ഒരു പോസ്റ്റ് ,
ലൈക്കുകളുടെയും
കമന്റുകളുടെയും
അടിയിൽ
അതിഭാവുകത്വമില്ലാതെ
കരിഞ്ഞു പോയ
മറ്റൊന്ന്,
ഹായ്, വൗ 
വിളികൾക്കും
സ്മൈലികളുടെ 
മൂകാഭിനയത്തിനുമപ്പുറം
നെറ്റിയിലെ വിയർപ്പുതുള്ളികൾ
ചൂണ്ടുവിരൽ കൊണ്ട്
സ്വൈപ്പ് ചെയ്ത്
ചൂടാറിത്തുടങ്ങിയ
ചായ ഒറ്റ വലിക്കു കുടിച്ച്
കഴുകി വെക്കാനുള്ള
എച്ചിൽപ്പാത്രങ്ങളുടെ
ഇടതടവില്ലാത്ത
ഡിബേറ്റുകളിലേക്കു
പോകുന്ന,
എപ്പോഴും
ഹോട്ട് സ്പോട്ടിലായ
ഒരു ജീവിതമുണ്ട്
ഓരോ വീട്ടിലും


സുധാകരൻ മൂർത്തിയേടം
********************************
നേര് 

നുണകളെ പെറ്റു കൂട്ടുന്ന
ഒരു ലേബർ വാർഡിലെ
ജോലിക്കാരിയായിരുന്നു
അവൾ.
കരഞ്ഞും പിഴിഞ്ഞുമാണ്
ഓരോ നുണയും
പുറത്തെത്താറുള്ളത്.
ചിലത് അവയുടെ സ്രഷ്ടാക്കളെ
ഏറെ വേദനിപ്പിക്കും
ചിലപ്പോൾ ഒരു സിസേറിയൻ തന്നെ
വേണ്ടി വന്നേക്കാം,
മറ്റുള്ളവരുടെ പ്രേരണയാൽ
രൂപപ്പെടുന്ന നുണകൾക്ക് ....
മറ്റു ചിലതുണ്ട് ,
എത്ര അനായാസമാണെന്നോ
പുറത്തിറങ്ങുക!
വളരെ പെട്ടന്നു തന്നെ കൺ തുറന്ന്
ചിരിച്ചു കുഴയുന്നവ.
ചിലത് ആരുടെയും കണ്ണിൽപ്പെടാതെ
ഒന്നുമുരിയാടാതെ
വായില്ലാക്കുന്നിലപ്പന്മാരായി
രക്ഷ നേടാൻ നോക്കും.
എങ്കിലും
പിറവിയിൽ
ഓരോ നുണയും
എത്രമേൽ നിഷ്കളങ്കമാണ്,
കുഞ്ഞുങ്ങളെപ്പോലെ......
പിന്നെ നാമവയെ
വളർത്തി വളർത്തി
നിറംകെടുത്തുന്നു.
ചിലപ്പോൾ മൂലകളിൽ 
പതുങ്ങി നില്ക്കുന്ന
ചില നുണകളെ അവൾ കാണാറുണ്ട്.
എന്തൊരൊതുക്കവും വണക്കവുമാണ് അവയ്ക്ക്!
പ്രണയത്തിൽ നുണകൾ
എത്രമേൽ അഴകുറ്റവയാണ്!
ഭരണത്തിൽ അത്രത്തോളം
ക്രൂരവുമാണവ.
പോകെപ്പോകെ
നുണകളില്ലാത്ത ഒരു ജീവിതം
എത്രമേൽ ശൂന്യമാണെന്ന്
അവൾ തിരിച്ചറിഞ്ഞു.
അഥവാ
ആരോ പറഞ്ഞു വെച്ച
ഒരു പെരുംനുണ മാത്രമാണ് താൻ എന്നതായിരുന്നു
അവളുടെ

ആകെയുള്ള നേര്....
********************************
വാക്ക്
📝 📝 📝
(സൈനബ്, ചാവക്കാട്)

ആത്മാക്കളിൽ
നാമങ്ങൾ
എഴുതിച്ചേർത്തത്
മുതലാണ്
വാക്കുകളുണ്ടായത് ,

രാപ്പകലുകളെ
സാക്ഷിയാക്കി
ഉയിരിന് മുകളിൽ
ചുമന്ന വാക്കുകൾ
യുഗങ്ങളെ
പിറകോട്ടെറിഞ്ഞു ..

രണ്ട് വൻകരകൾക്കിടയിൽ
വെള്ളവും വായുവും ചേർത്ത്
പാലങ്ങൾ പണിതു ..

അതിരില്ലാആകാശങ്ങളിലേക്ക്
കണ്ണുകളെ
നീട്ടിയിടാൻ
ആജ്ഞ കൊടുത്തു..

മണ്ണിനെ അരിച്ചെടുത്ത്
ജീവാണുക്കൾക്ക്
പകുത്തു നൽകി ..

ആഴങ്ങളിൽ നിന്ന്
ആഴക്കുറവിനെയും
അകലങ്ങളിൽ നിന്ന്
അകലമില്ലായ്മയെയും
സമയദൈർഘ്യങ്ങളിൽ നിന്ന് നിമിഷങ്ങളെയും
കാണിച്ചു തന്നു ..

തമോഗർത്തങ്ങളിലേക്ക്
വെയിൽ നിറങ്ങളുടെ
നിക്ഷേപമൊരുക്കി വെച്ചു ..

ഹേ ..യാത്രികാ !
നിന്നിലേക്ക് വഴി കാണിച്ച
വാക്കുകൾക്ക് നേരെ
വാതിലുകൾ
കൊട്ടിയടച്ചതെന്തേ !!

കാണാ ചരടുകളിൽ
കോർത്ത് കെട്ടിയവ
ഇനിയും ഏറെയുണ്ടെന്നറിയുക ,
അനന്തതയിലേക്ക്
നീണ്ടുപോകുന്ന

ഏകവചനത്തിലേക്ക് മാത്രം ചേർത്ത് വെയ്ക്കപ്പെട്ടവ ....
********************************
********************************