ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

6-7-2017









മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ
രജനി

സജിനി പവിത്രന്‍ (പി. സി. സരോജിനിയമ്മ)
1942 ജനുവരി 2 ന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് ജനിച്ചു. മുണ്ടക്കയം സെന്‍റ് ജോസഫ്സ് എല്‍. പി. എസ്., കുന്നം ഗവ. ഹൈസ്കൂള്‍, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി. എസ്സ്. സി., ബി. എഡ്. ബിരുദങ്ങള്‍. ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പ്രഥമാധ്യാപികയായി ജോലിയില്‍ നിന്ന് വിരമിച്ചു. “ആനവരുന്നേ” (1988), “അക്ഷയപാത്രം” (1991), “ഹക്കിള്‍ ബറിഫിന്‍” (1996), “മഞ്ചാടിമണികള്‍” (1998), “മാരിമുത്തും മണിമുത്തും” (2000), “മാരനും മാരിയും” (2000), “ബാലപാഠം” (2000), “ജിങ്കിടി ജിങ്കിടി” (2001), “കൈയ്യിലിരിക്കും കനകം” (2002), “അതാണ് ശരി” (1994), “രണ്ടുപേരും പഠിക്കട്ടെ” (1997), “കുന്നുമ്മേല്‍ കോളനി” (2001), “ദക്ഷിണായനും” (2001), “ദുഃഖിക്കേണ്ട” (2001) “കാട്ടാളന്‍ കുട്ടു” (2006), “ഒരു സ്വപ്നം പോലെ” (2008) എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. 1980 ല്‍ ‘യാത്ര’ എന്ന കഥയ്ക്ക് വോയിസ് മാസികയുടെ കഥയ്ക്കുള്ള ഉറൂബ് അവാര്‍ഡ്. 1985 ല്‍ ബാലസാഹിത്യത്തിനുള്ള അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്. “സംഗീതാ അന്നാ ജോണ്‍ എന്ന പെണ്‍കുട്ടി” എന്ന നാടകത്തിന് 1985 ല്‍ നാടക രചനയ്ക്കുള്ള കെ. ജി. ടി. എ. വാര്‍ഷികാഘോഷ കമ്മിറ്റി അവാര്‍ഡ് 1986 ല്‍ കെല്‍ട്രോണ്‍ റിക്രിയേഷന്‍ ക്ലബ് അവാര്‍ഡ് 1991 ല്‍ “ആനവരുന്നേ” എന്ന കവിതാ സമാഹാരത്തിന് ബാലസാഹിത്യത്തിനുള്ള ദേശീയ അവാര്‍ഡ്. 1997 ല്‍ “ഹക്കിള്‍ ബറിഫിന്‍” എന്ന പുസ്തകത്തിന് കേരളാ ഗവണ്‍മെന്‍റിന്‍റെ മാലി പുരസ്കാരം - എന്നിങ്ങനെ ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ‘ഒരു പവിഴമല്ലി പൂവിതളിന്‍റെ ഓര്‍മ്മ’ എന്ന കഥയില്‍ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ ഒരു മൃദു സ്പര്‍ശനത്തിനായി കൊതിക്കുന്ന ഒരു മനസിനെ നമുക്ക് ദര്‍ശിക്കാം. ഒരു കാല് നഷ്ടപ്പെട്ട് കിടപ്പിലായ വൃദ്ധന്‍ തന്‍റെ ജീവിത്തില്‍ സാന്ത്വന സ്പര്‍ശം നല്‍കി കടന്നു പോയ, ഒരു സ്ത്രീയെ കുറിച്ച് ഓര്‍മ്മിക്കുന്നു. ആ സ്നേഹ സാന്ത്വനം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. ഇളയ മകന് ഒരു വയസ്സ് ഉള്ളപ്പോള്‍ ഭാര്യനഷ്ടപ്പെട്ട ഇയാള്‍ തന്‍റെ അഞ്ച് ആണ്‍മക്കള്‍ക്കു വേണ്ടിയാണ് ജീവിച്ചത്. വലിയ നിലയില്‍ എത്തിയ മകള്‍ക്ക് അച്ഛന്‍ ഒരു ഭാരമായി അനുഭവപ്പെടുന്നു. മക്കളെ ശല്യപ്പെടുത്താതെ ഒറ്റയ്ക്കായിരുന്നു ഈ വൃദ്ധന്‍റെ ജീവിതം. പതിവുപോലെ നടക്കാനിറങ്ങിയ അദ്ദേഹത്തെ ഒരു വണ്ടി വന്ന് തട്ടിത്തെറിപ്പിച്ച് ഇടുന്നു. ഒരു സ്ത്രീയാണ് ആശുപത്രിയില്‍ എത്തിക്കുന്നതും സ്നേഹപരിചരണം നല്‍കുന്നതും. ഒരു കാല് നഷ്ടപ്പെട്ട ആ മനുഷ്യമനസ് സ്നേഹ സാന്ത്വനത്തിനായി കൊതിക്കുന്നു. എന്നാല്‍ മക്കള്‍ വന്ന് കൊണ്ടു പോകുമ്പോള്‍ ആ സ്നേഹം പോലും അദ്ദേഹത്തിന് നഷ്ടമാകുന്നു. മനുഷ്യന്‍റെ മനസിന്‍റെ ആഗ്രഹങ്ങളും, വിഹ്വലതകളും എല്ലാം വളരെ ഭംഗിയായി ആവിഷ്കരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

“അക്ഷയപാത്രം” (പരിസ്ഥിതി ലേഖനസമാഹാരം). കോഴിക്കോട്: പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 1991. “ഹക്കിള്‍ ബറിഫിന്‍”. തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1996. “മഞ്ചാടി മണികള്‍” (കഥാസമാഹാരം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1998. “മുത്തും മണിമുത്തും” (നഴ്സറിക്കഥ). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1998. “ആന വരുന്നേ” (കവിതാസമാഹാരം). കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, 1998. “മാരനും മാരിയും” (പരിസ്ഥിതി കഥകള്‍). കോഴിക്കോട്: പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 2000. “ബാലപാഠം” (പരിസ്ഥിതികഥകള്‍). കോഴിക്കോട്: പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 2000. “ജിങ്കിടി ജിങ്കിടി” (നഴ്സറി പാട്ടുകള്‍). നൂറനാട്: ഉണ്‍മ പബ്ലിക്കേഷന്‍സ്, 2001. “സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട” (ശാസ്ത്രലേഖനങ്ങള്‍). കോഴിക്കോട്: പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 2001. “കൈയ്യിലിരിക്കും കനകം” (കുട്ടികള്‍ക്കുള്ള ശാസ്ത്ര ലേഖനങ്ങള്‍). കോഴിക്കോട്: പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്, 2002. “കാട്ടാളന്‍ കുട്ടു” (നോവല്‍). നൂറനാട്: ഡിംപിള്‍ പബ്ലിക്കേഷന്‍സ്, 2006. “ഒരു സ്വപ്നം പോലെ” (ശാസ്ത്ര നോവല്‍). വര്‍ക്കല: പൂര്‍ണ്ണാ പ്രിന്‍റിംഗ് & പബ്ലിഷിംഗ് ഹൗസ് 2008. നാവസാക്ഷരകൃതി – “അതാണ് ശരി”. തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ സമിതി, 1994. “രണ്ടുപേരും പഠിക്കട്ടെ”. തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ 1997. “കുന്നുമ്മേല്‍ കോളനി”. തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍, 2001. “ദക്ഷിണായനം” (ചലച്ചിത്ര തിരക്കഥ). ചെങ്ങന്നൂര്‍: ആതിര പബ്ലിക്കേഷന്‍സ്, 2001.

സഹീറാ തങ്ങള്‍
പാലക്കാട് ജില്ലയിലെ പള്ളിക്കുറഗില്‍ ജനനം. മുത്തുകോയ തങ്ങളുടെയും ആയിഷാബീവിയുടെയും മകള്‍. ബോട്ടണിയില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും. കഥയും കവിതയും നോവലുമെഴുതുന്നു. അറേബ്യ സാഹിത്യ പുരസ്കാരം, കഥക്ക് മലയാളം ന്യൂസ് അവാര്‍ഡ്, ഗള്‍ഫ് ആര്‍ട്സ് ആന്‍റ് ലിറ്റററി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുബായില്‍ ഒരു അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ക്ലൈയന്‍റ് സര്‍വീസിങ് മാനേജര്‍ ആയി ജോലി നോക്കുന്നു. “ഞാനെന്ന ഒറ്റവര” എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. “റാബിയ” എന്ന നോവലിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് സേതു “റാബിയ്”ക്ക് എഴുതിയ അവതാരിക ശ്രദ്ധേയമാണ് - “ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു സ്ത്രീകളും പുരുഷന്‍റെ ഇരകളാക്കപ്പെട്ടവരാണ്. അവരുടെ ദുരന്തങ്ങള്‍ക്ക് ഏറെക്കുറെ സമാനസ്വഭാവമാണെങ്കിലും കഥയുടെ ഓരോ ഘട്ടങ്ങളിലായി എല്ലാ കെട്ടുമഴിച്ച് ഇവര്‍ രക്ഷപ്പെടുന്നത് ഓരോ തരത്തിലാണ്. രസകരമായി കഥ പറഞ്ഞുകൊടുക്കാനുള്ള കഴിവുണ്ട് ഈ കഥാകാരിക്ക് അതുകൊണ്ടുതന്നെ ഏറെ പാരായണക്ഷമതയുള്ള ഒരു കൃതിയാണിത്. വൈകാരികമായ പിരിമുറുക്കം നിറഞ്ഞ പല മുഹൂര്‍ത്തങ്ങളും കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവിടെയെല്ലാം മിതത്വം പാലിക്കാനും ഒരു നോവലിന്‍റെ ചട്ടക്കൂടിനകത്ത് ആഖ്യാനത്തെ ഒതുക്കി നിര്‍ത്താനും നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. സഹീറാ തങ്ങള്‍ വരഞ്ഞിടുന്ന പല ഇരുണ്ട ചിത്രങ്ങളും ഏറിയും കുറഞ്ഞും മറ്റു സമൂഹങ്ങള്‍ക്കും അന്യമല്ലെന്നിരിക്കെ അവര്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് നമുക്ക് ചുറ്റുമുള്ള പൊതു സമൂഹത്തെത്തന്നെയാണ്.

സബീന എം. സാലി
കഥാകാരി. ആലുവയില്‍ ജനിച്ചു. സുബൈദയും മുഹമ്മദ് കുഞ്ഞും മാതാപിതാക്കള്‍. ബി. എസ്സി., എച്ച്. ഡി. സി., ഡി. ഫാം ബിരുദങ്ങള്‍ നേടി. ഇപ്പോള്‍ ഗള്‍ഫില്‍ ഫാര്‍മ്മസിസ്റ്റ് ആയി ജോലി നോക്കുന്നു. “പുഴ പറഞ്ഞ കഥ” എന്ന സമാഹാരത്തിലെ 'കളിപ്പാട്ടങ്ങള്‍ കരയുന്നു' എന്ന ചെറുകഥ അനുവാചക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ഒരു എട്ടു വയസ്സുകാരിയുടെ തിരോധാനവും തുടര്‍ന്ന് സ്ഥിരീകരിക്കപ്പെടുന്ന മരണവുമാണ് ഈ കഥയുടെ പ്രമേയം. സമകാലിക സമൂഹത്തിലെ പതിവു സംഭവങ്ങളെ കഥയ്ക്കു പ്രമേയമാക്കിയിരിക്കുകയാണ് കഥാകാരി. ഭാഷയിലും ആഖ്യാന സൗന്ദര്യത്തിലുമുപരി യഥാര്‍ത്ഥ വിവരണത്തിന്‍റെ കരുത്താണ് ഈ കഥയുടെ മേന്‍മ.                        
ശ്രീദേവി എളപ്പില
കോഴിക്കോട് ജില്ലയിലെ അടുവാട്ടില്ലത്ത് കെ. മാധവന്‍ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജനത്തിന്‍റെയും മകളായി 1960 -ല്‍ ജനിച്ചു. ഇപ്പോള്‍ വയനാട് ജില്ലയില്‍ നിരവില്‍പ്പുഴയില്‍ സ്ഥിര താമസം. “ഒരു പുഴയുടെ നൊമ്പരം” എന്ന കവിതാസമാഹാരത്തിലെ ‘മാമ്പഴം ഒരനുസ്മരണം’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. “കണിക്കൊന്ന”, “മഴവില്ല്", “ഒരു പുഴയുടെ നൊമ്പരം” എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പ്രശസ്തമായ ‘മാമ്പഴം’ എന്ന കവിതയ്ക്ക് ഒരനുബന്ധം രചിക്കുകയാണ് കവയിത്രി. പ്രകൃതിയമ്മയുടെ വാത്സല്യത്തേന്‍ നുകര്‍ന്ന് മാമ്പഴത്തിന്‍റെ പഴയ മാധുര്യത്തെ പുതിയ നാവുകൊണ്ട് നുണഞ്ഞ്, കാലങ്ങള്‍ക്കിടയിലെ അകലങ്ങള്‍ കവിത കൊണ്ട് നികത്തുകയാണ് ശ്രീദേവി. പ്രശസ്ത കവി പി. കെ. ഗോപി ശ്രീദേവിയുടെ കവിതയെ ഇങ്ങനെ വിലയിരുത്തുന്നു -'മാനവജീവിതത്തിന്‍റെ ശുദ്ധ കാമനകള്‍ കൊളുത്തി വച്ച വിളക്കുകള്‍ വിസ്മൃതിയിലാണ്ടു പോകുമ്പോഴുള്ള തീവ്രവേദനകള്‍ പകര്‍ത്തിവെയ്ക്കുമ്പോള്‍ ശ്രീദേവി അറിയാതെ വിതുമ്പിപ്പോവുകയാണ്. ഇവിടെ പ്രജ്ഞയുടെ വിശുദ്ധഭാവങ്ങള്‍ കാവ്യഭാവനയെ പ്രചോദിപ്പിക്കുന്നു. സാഹോദര്യത്തിന്‍റെ പട്ടുനൂലുകളത്രയും പൊട്ടിപ്പോവുകയും മതസ്പര്‍ദ്ധയുടെ പടുകൂറ്റന്‍ മതിലുകള്‍ പൊങ്ങുകയും ചെയ്യുന്ന കാലത്ത് സ്നേഹനീതിയുടെ ജീവിതാവബോധം ഊട്ടിയുറപ്പിക്കാന്‍ കവി മനസ്സ് വെമ്പുന്നു. പ്രാപഞ്ചികദര്‍ശനത്തിന്‍റെ അടരുകളില്‍ നിന്ന് പ്രതീകങ്ങള്‍ സ്വീകരിച്ച് അവയില്‍ അക്ഷരങ്ങളുടെ കൊത്തളികള്‍ കൊണ്ട് രൂപലാളിത്യം സൃഷ്ടിക്കുന്നു.

“കണിക്കൊന്ന”. “മഴവില്ല്”. “ഒരു പുഴയുടെ നൊമ്പരം” (കവിതകള്‍). തിരുവനന്തപുരം: എവര്‍ഗ്രീന്‍ ബുക്സ്, 2011.
***********************************************************************