ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

7-7-2017


ആട്ടക്കഥ
വാസുദേവന്‍

⛩രാവണോത്ഭവംആട്ടക്കഥ: ⛩🗻

ആട്ടക്കഥാകാരൻ
മണലൂർ എഴുത്തച്ഛൻ

പാലക്കാട്ട് രാജാവിന്റെ ആശ്രിതനായ കല്ലേക്കുളങ്ങര രാഘവപിഷാരടിയാണ് രാവണോത്ഭവം ആട്ടക്കഥയുടെ കർത്താവ്   ഇദ്ദേഹം കൊച്ചി വീര കേരളവർമ്മയുടെ സദസ്യനും ആശ്രിതനും ആയിരു ന്നു  ( ജനനം  ഒലവക്കോട് -1725-1795).
ഇദ്ദേഹം വേറെ ആട്ടക്കഥ രചിച്ചിട്ടില്ല.ജ്യേഷ്ഠനായ കൃഷ്ണപിഷാരടി ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു . പ്രതിനായകനെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ആട്ടക്കഥ യാണ് രാവണോത്ഭവം.
 ഉദ്ഭവത്തിലെ രാവണന്‍ വളരെ ചിട്ടപ്പെടുത്തിയ ഒരു വേഷമാണ്. കളി ക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള ധാരാളം സാധ്യതകള്‍ ഇതില്‍ ഉണ്ട്. രാവണനെ നായകനാക്കി കഥകളിക്കു വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു ആട്ടക്കഥയാണ് രാവണോത്ഭവം. രാവണോത്ഭവം കഥകളി വളരെ അപൂർവമായി അരങ്ങത്തു കാണാറുള്ള ഒരു കഥയാണ്. പക്ഷേ അഭിനയത്തിനും മേളക്കൊഴുപ്പിനും ധാരാളം സാധ്യതയുള്ള ഒന്നാണിത്. മൂന്ന് ചുവന്നതാടി വേഷങ്ങൾ ഒന്നിച്ച് അരങ്ങത്തെത്തുന്നതും ഈ കഥയുടെ പ്രത്യേകതയാണ് ഇതിലെ  തപസ്സാട്ടം പ്രസിദ്ധമാണ്.

മൂലകഥ
വാത്മീകിരാമായണം ഉത്തരകാണ്ഡത്തിലെ ‘രാക്ഷസോല്പത്തി’,‘രാവണോത്ഭവം’ എന്നീ കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യ പന്ത്രണ്ട് സര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടകഥ രചിച്ചിരിക്കുന്നത്.  
ഹേതി, പ്രഹേതി എന്നീ രണ്ടു രാക്ഷസസഹോദരന്മാരില്‍ മൂത്തവനായ ഹേതിയ്ക്കു വിദ്യുല്‍കേശനെന്ന പുത്രനുണ്ടായി. അവനു സാലകടംകടയില്‍ ജനിച്ച പുത്രന്‍ സുകേശന്‍ ശിവകിങ്കരനായി. (രാക്ഷസര്‍ ശിവകിങ്കരന്മാരാണ്‌) സുകേശനു വേദവതിയില്‍ മാല്യവാന്‍,മാലി,സുമാലി എന്ന മൂന്നു പുത്രന്മാർ
ഉണ്ടായി. മഹാബലവാന്മാരായ ഈ രാക്ഷസന്മാര്‍ ലങ്കയില്‍ വസിച്ചുകൊണ്ടു ലോകോപദ്രവം ചെയ്തു തുടങ്ങി. മാല്യവാനു ഏഴുപുത്രന്മാരും ഒരു പുത്രിയും. മാലിക്കു നാലു പുത്രന്മാരും,സുമാലിക്കു പത്തുപുത്രന്മാരും നാലുപുത്രികളും ഉണ്ടായി. ദേവാസുരയുദ്ധത്തില്‍,ദേവന്മാരുടെയും ഋഷികളുടെയും അഭ്യര്‍ത്ഥനപ്രകാരം മഹാവിഷ്ണു യുദ്ധത്തില്‍ മാലിയെ വധിച്ചു. അനന്തരം മാല്യവാനും സുമാലിയും ലങ്കവിട്ട്‌ പാതാളത്തില്‍ പോയി വസിച്ചു.

ബ്രഹ്മാവിന്റെ പുത്രനായ പുലസ്ത്യമഹര്‍ഷിയുടെ പുത്രനാണ്‌ വിശ്രവസ്സ്‌. വിശ്രവസ്സിന്റെ പുത്രനായ വൈശ്രവണന്‍ യക്ഷേശനും ദിക്പാലകന്മാരില്‍ ഒരാളുമായി.സുമാലിയുടെ ഒടുവിലത്തെ മകള്‍ കൈകസി വിശ്രവസ്സിനെ ഭര്‍ത്താവായി വരിച്ചു. അവള്‍ക്കു രാവണന്‍,കുംഭകര്‍ണ്ണന്‍,വിഭീഷണന്‍ എന്നീ മൂന്നു പുത്രന്മാരും ശൂര്‍പ്പണഘ എന്നൊരു പുത്രിയും ഉണ്ടായി. രാവണന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്തു വരബലംകൊണ്ട്‌ ലോകങ്ങലെല്ലാം ജയിച്ചു പ്രതാപലങ്കേശ്വരനായി വാണു.

കഥാസംഗ്രഹം
രാക്ഷസവംശ
സ്ഥാപകരായ മാല്യവാന്‍,മാലി,സുമാലി എന്നിവര്‍ ബ്രഹ്മാവിനെ തപസ്സു ചെയ്ത് വിക്രമന്മാരായിത്തീര്‍ന്നു.  ഇവര്‍ ദേവശില്പിയായ വിശ്വകര്‍മ്മാവിനെക്കണ്ട് തെക്കേസമുദ്രത്തിലുള്ള ത്രികൂടാദ്രിക്കുമുകളിലായി ലങ്കാനഗരം പണികഴിപ്പിച്ചു. തുടര്‍ന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും പാതാളത്തിലുമായി കഴിഞ്ഞിരുന്ന രാക്ഷസരെല്ലാം ലങ്കയിലേയ്ക്ക് കുടിയേറി. അങ്ങിനെ മാല്യവാന്റെ ഭരണത്തിന്‍ കീഴില്‍ ഒന്നാം രാക്ഷസസാമ്രാജ്യം സ്ഥാപിതമായി. ഇതാണ് കഥയുടെ പശ്ചാത്തലം.

പുറപ്പാടിനുശേഷം കഥ തുടങ്ങുന്നു. 
രംഗം ഒന്നിൽ ഇന്ദ്രൻ മറ്റ് ദേവസ്ത്രീകളുമായി ഉല്ലസിച്ചിരിക്കുന്നതാണ്. 

രംഗം രണ്ടിൽ ഇന്ദ്രനോട് ഒരു കൂട്ടം താപസൻമാർ വന്ന്, മാലി സുമാലി മാല്യവാൻ എന്നിവരുടെ ശല്യത്തെ കുറിച്ച് പരാതി പറയുന്നു. മഹാവിഷ്ണുവല്ലാതെ രക്ഷയില്ല എന്ന് പറഞ്ഞ് ഇന്ദ്രാദികൾ വിഷ്ണുവിനു സമീപം എത്തുന്നു. 

രംഗം മൂന്നിൽ പാലാഴിയിൽ മരുവുന്ന വിഷ്ണുസമീപം ഇന്ദ്രാദികൾ എത്തുന്നു. അവർ ശങ്കരന്റെ അനുഗ്രഹം കൊണ്ട് സുകേശന്റെ മക്കളായ മാലി സുമാലി മാല്യവാൻമാരുടെ ശല്യത്തെ പറ്റി വിഷ്ണുവിനെ ധരിപ്പിക്കുന്നു. വിഷ്ണുഅവരെ സമാധാനിപ്പിച്ച് യാത്രയാക്കുന്നു.

രംഗം നാലിൽ നാരദന്‍ ഈ വിവരമെല്ലാം ലങ്കയില്‍ പോയി മാല്യവാനെ അറിയിച്ചു. ലങ്കയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാന്‍ ദേവന്മാരോടു യുദ്ധം ചെയ്യണമെന്ന് പറഞ്ഞു. നാരദന്റെ വാക്കുകള്‍ കേട്ട മാല്യവാന്‍ മാലിസുമാലിമാരോടും മന്ത്രിമാരോടും ആലോചിച്ചു ദേവേന്ദ്രനോട് യുദ്ധം ചെയ്യുവാൻ തീർച്ചപ്പെടുത്തി ദേവലോകത്തേയ്ക്ക് പോകുന്നു. 

രംഗം അഞ്ചിൽ ദേവൻമാരും അസുരൻമാരുമായുള്ള യുദ്ധം ആണ്. യുദ്ധത്തില്‍ മാലി വധിക്കപ്പെട്ടപ്പോള്‍ മാല്യവാനും സുമാലിയും ലങ്ക വിട്ട് ഓടിപ്പോയി പാതാളത്തില്‍ താമസമാക്കി.

രംഗം ആറിൽ വിശ്രവസ്സിന്റെ പുത്രനായ കുബേരന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരങ്ങള്‍ നേടി അച്ഛന്റെ ഉപദേശപ്രകാരം മാല്യവാനും മറ്റും ഉപേക്ഷിച്ചുപോയ ലങ്കയില്‍ താമസമാക്കി.

രംഗം ഏഴിൽ സുമാലിയുടെ പുത്രിയായ കൈകസി പുത്രന്മാര്‍ ഉണ്ടാവാനായി വിശ്രവസ്സിനെ ഭര്‍ത്താവായി സ്വീകരിച്ചു. പുത്രരെ നൽകുവാൻ കൈകസി ഭർത്താവിനോട് അപേക്ഷിച്ചപ്പോൾ, വിശ്രവസ്സ് നിനക്ക് വീരപരാക്രമികളായ പുത്രൻമാരും ഒരു പുത്രയും ഉണ്ടാകും എന്ന് അനുഗ്രഹിക്കുന്നു.

രംഗം എട്ടിൽ കൈകസിയുടെ ഗർഭകാലവും പ്രസവവുമാണ്.

രംഗം ഒമ്പതിൽ മൂത്തപുത്രനെ കയ്യിലെടുത്ത് ഇവൻ വീരനായി മൂന്നുലോകങ്ങളും ജയിക്കുമെന്ന് എന്ന് വിശ്രവസ്സ് പറയുന്നു.

രംഗം പത്തിൽ വിശ്രവസ്സിനും കൈകസിയ്ക്കും മറ്റ് പുത്രൻമാരും പുത്രിയും ഉണ്ടാകുന്നു.

രാവണന്‍, കുംഭകര്‍ണ്ണന്‍ ,വിഭീഷണന്‍ എന്നീ പുത്രന്മാർക്കും ശൂര്‍പ്പണഖ എന്ന പുത്രിയ്ക്കും നാമകരണം ചെയ്യുന്നു. കുട്ടിരാവണൻ വന്ന് വിശ്രവസ്സിനോട് താൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിക്കുന്നു. സുഖലോലുപരായ   ി കഴിയാതെ എല്ലാവരോടും വിദ്യ അഭ്യസിക്കുവാൻ വിശ്രവ് ആവശ്യപ്പെടുന്നു. പുത്രിയ്ക്ക് അനുയോജ്യമായ വരനെ യഥാകാലം ലഭിക്കുമെന്നും പറയുന്നു. വിശ്രവസ്സ് കൈകസിയോട് വിടചൊല്ലുന്നു.

രംഗം പതിനൊന്നിൽ കൈകസിയും കുട്ടികളും ആണ്. രാവണൻ കൈകസിയുടെ മടിയിൽ ഉറങ്ങുന്നു. കൈകസിയുടെ കണ്ണുനീർ രാവണന്റെ ദേഹത്ത് വീഴുമ്പോൾ രാവണൻ എഴുന്നേൽക്കുന്നു. എന്തിനാണ് അമ്മ കരയുന്നതെന്ന് ചോദിക്കുന്നു. വിശ്രവസ്സിന്റെ പുത്രനായ കുബേരനും രാവണനും തമ്മിലുള്ള അന്തരം കൈകസി രാവണനോട് പറയുന്നു. രാക്ഷസകുലജാതനായ താൻ യക്ഷേശനു സമമാകാൻ വേണ്ടുന്നത് എല്ലാം ചെയ്യാം എന്ന് രാവണൻ അമ്മയോട് പറയുന്നു. 

രംഗം പന്ത്രണ്ടിൽ രാവണനും അനിയൻമാരും ആണ്. മാതാവിന്റെ ദുഃഖം മാറ്റാനായി തപസ്സ് ചെയ്യുവാൻ രാവണൻ അനിയൻമാരോട് പറയുന്നു. സ്വയം തപസ്സിനായി പുറപ്പെടുന്നു. 

രംഗം പതിമൂന്നിൽ തപസ്സ് ആണ്. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് മൂവർക്കും വരങ്ങൾ നൽകുന്നു.

രംഗം പതിന്നാലിൽ ബ്രഹ്മാവിൽ നിന്നും വരങ്ങൾ വാങ്ങിയ രാവണൻ, അനുജന്മാരായ കുംഭകര്‍ണ്ണനോടും വിഭീഷണനോടും അവര്‍ നേടിയ വരങ്ങളെക്കുറിച്ച് ചോദിക്കുന്നു. കുംഭകര്‍ണ്ണന്‍ നിര്‍ദ്ദേവത്വം മോഹിച്ച് നിദ്രാവത്വവും വിഭീഷണന്‍ വിഷ്ണുഭാഗവാനില്‍ അചഞ്ചലമായ ഭക്തിയും ആണ് വാങ്ങിയതെന്നറിഞ്ഞ് രാവണന്‍ കോപാകുലനായി അവരെ പറഞ്ഞയക്കുന്നു. 

ഈ രംഗം ആണ് പ്രസിദ്ധമായ തപസ്സാട്ടം എന്നരൂപത്തിൽ ഇപ്പോൾളരങ്ങത്ത് കളിയ്ക്കുന്നത്. രാവണൻ കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് പറയുന്നതായാണ് ഈ രംഗത്തിന്റെ അവതരണം.

രംഗം പതിനഞ്ചിൽ ലങ്കയിൽ സുഖമായി വസിക്കുന്ന രാവണനും മണ്ഡോദരിയും അണ്. 

രംഗം പതിനാറിൽ ശൂർപ്പണഖ വന്ന് രാവണനോട്, തനിയ്ക്ക് അനുയോജ്യനായ ഒരു ഭർത്താവിനെ നൽകാത്തതിൽ സങ്കടം പറയുന്നു. രാവണൻ ശൂർപ്പണഖാവിവാഹത്തിനായി വിദ്യുജ്ജിഹ്വനെ വരുത്തുവാൻ വിഭീഷണനോട് ആജ്ഞാപിക്കുന്നു.

രംഗം പതിനേഴിൽ ശൂർപ്പണഖയുടെ വിവാഹം ആണ്. അപൂർവ്വമായി അരങ്ങത്ത് പതിവുള്ള രംഗം. നർമ്മരസപ്രധാനമാണ്. വിദ്യുജ്ജിഹ്വൻ രാവണന്റെ അടുത്ത് നിൽക്കുന്ന മണ്ഡോദരിയെ കണ്ട് ശൂർപ്പണഖയാണെന്ന് തെറ്റിദ്ധരിക്കുന്നു. തന്നു ഞാൻ മത്സോദരിയെ എന്ന ഘട്ടത്തിലാണ് ശൂർപ്പണഖ പ്രവേശിക്കുന്നത്. കരി ശൂർപ്പണഖ അരങ്ങിൽ മുഖം മറച്ച് രാവണനു പിന്നിലായി നിൽക്കുന്നു. തന്നു ഞാൻ മത്സോദരിയെ എന്ന് പാടി കൈപിടിച്ച് കൊടുക്കുമ്പോൾ ശൂർപ്പണഖ മുന്നിലേക്ക് വരികയും മുഖം മറച്ച തുണി മാറ്റുകയും ചെയ്യുന്ന രീതിയിലും ഇന്ന് ഇത് അവതരിപ്പിക്കാറുണ്ട്.

ഇതോടെ രാവണോത്ഭവം ആട്ടക്കഥ സമാപിക്കുന്നു.  

ചോന്നാടിപ്പുറപ്പാട്

കഥ മുഴുവൻ ആയി കളിക്കുമ്പോൾ ഇപ്പോൾ പതിവുള്ളതാണ് ഈ പുറപ്പാട്. ഇതെഴുതിയത്  ശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ആണ്.

വേഷങ്ങൾ: മാല്യവാൻ, മാലി, സുമാലി
ശങ്കരാഭരണം ചെമ്പട 32
സാക്ഷാദ്രാക്ഷസവംശ വർദ്ധനകരോ ദാക്ഷായണീ സ്തനൃപഃ
ത്ര്യക്ഷാനുഗ്രഹ ഭാക്സ്സുകേശ ഇതി വിഖ്യാതോ സുരോഭുൽപ്പുരാ
ലങ്കായാം സുഖമവസൻ സ്വദയിതാ യുക്താസ്തു തസ്യാത്മജാ
നാമ്നാ മാലി, സുമാലി, മാല്യവദിതി പ്രഖ്യാത രക്ഷാവര!
ഒന്നാം നോക്ക് (തിരശ്ശീലയ്ക്കുള്ളിൽ)
രാക്ഷസകുലവീരന്മാർ
രൂക്ഷവീര്യ വിഭവന്മാർ
ത്ര്യക്ഷഭക്തിനിരതന്മാർ
സാക്ഷാൽ യമസദൃശർ
(തിരശ്ശീലതാഴ്ത്തി)
ത്ര്യക്ഷഭക്തി നിർതന്മാർ
സാക്ഷാൽ യമസദൃശന്മാർ
തിരശ്ശീല
നാലാം നോക്ക്
തോടി ചെമ്പട 16
ശങ്കരഭൃത്യപുത്രന്മാർ
(തിരതാഴ്ത്തി)
ശങ്കരഭൃത്യപുത്രന്മാർ
ശങ്കാരഹിതവിമതന്മാർ
ശങ്കാരഹിതവിമത്ന്മാർ
സങ്കടം സൂരർക്കണച്ചു
സങ്കടം സൂരർക്കണച്ചു
ലങ്കയിൽ സുഖേന വാണാർ

🍀വേഷങ്ങൾ🍀
രാവണൻ-കത്തി
വിഭീഷണൻ-കത്തി
കുംഭകർണ്ണൻ-കത്തി
മഹാവിഷ്ണു
ഇന്ദ്രൻ-പച്ച
പത്നിമാർ-സ്ത്രീവേഷം മിനുക്ക്
മാലി-ചുകന്നതാടി
സുമാലി-ചുകന്നതാടി
മാല്യവാൻ-ചുകന്നതാടി
കൈകസി-സ്ത്രീവേഷം മിനുക്ക്
വിശ്രവസ്സ്
ശൂർപ്പണഖ-കരി
വിദ്യുജ്ജിഹ്വൻ-ഭീരുവേഷം
മണ്ഡോദരി-സ്ത്രീവേഷം മിനുക്ക്
🌸 പുറപ്പാട്🌸
1 ഇന്ദ്രപുരിരംഗം 
2 ഇന്ദ്രപുരി തുടരുന്നുരംഗം 3മഹാവിഷ്ണുസമീപംരംഗം 
4 മാല്യവാനുസമീപം നാരദൻ എത്തുന്നുരംഗം
 5 ദേവലോകംരംഗം
 6 വിശ്രവസ്സിന്റെ ഗൃഹംരംഗം
 7 വിശ്രവസ്സ് കൈകസിയെ സ്വീകരിക്കുന്നു.രംഗം
 8 കൈകസിയുടെ പ്രസവംരംഗം 
9 വിശ്രവസ്സിന്റെ ഗൃഹംരംഗം 
10 വിശ്രവസ്സും കുട്ടികളുംരംഗം 
11 വനംരംഗം 
12 രാവണനും അനിയന്മാരുംരംഗം
 13 തപസ്സ്രംഗം
 14 തപസ്സാട്ടംരംഗം
 15 രാവണനും മണ്ഡോദരിയുംരംഗം
 16 ശൂർപ്പണഖ രാവണനോട് സങ്കടം പറയുന്നുരംഗം 
17 ശൂർപ്പണഖാവിവാഹം
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

കല്ലേക്കുളങ്ങര രാഘവപ്പിഷാരടി

‘രാവണോത്ഭവം’ ആട്ടകഥയുടെ കര്‍ത്താവായ

ശ്രീ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി പാലക്കാട് അകത്തറ ദേശക്കാരനാണ്. കല്ലേക്കുളങ്ങര ഭഗവതീക്ഷേത്രത്തിന് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ പിഷാരം(ഭവനം). പണ്ഡിതനും കവിയുമായിരുന്ന പിഷാരടിയുടെ ജീവിതകാലം പതിനെട്ടാം നൂറ്റാണ്ടാണെന്ന്(കൊല്ലവര്‍ഷം 900-970) ഉള്ളൂര്‍ സാഹിത്യചരിത്രത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജേഷ്ഠനായിരുന്ന കൃഷ്ണപ്പിഷാരടിയാണ് ഗുരുനാഥന്‍. പണ്ഡിത്യം നേടിയശേഷം ഇദ്ദേഹം സ്വയം ഒരു പാഠശാലയുണ്ടാക്കി അവിടെ ശിഷ്യരെ പഠിപ്പിച്ചിരുന്നു. അതിനാല്‍ ദേശക്കാര്‍ രാഘവപ്പിഷാരടിയെ ‘മണലൂര്‍ എഴുത്തച്ഛന്‍’ എന്നാണ് വ്യവഹരിച്ചിരുന്നത്. കുടിയംകുളത്ത് ശുപ്പുമേനോന്‍ അദ്ദേഹത്തിനെ പ്രധാന ശിഷ്യനായിരുന്നു. പാലക്കാട് രാജാവായിരുന്ന ഇട്ടിക്കോമ്പിയച്ചന്റെ സദസ്യനുമായിരുന്നു കല്ലേക്കുളങ്ങര രാഘവപ്പിഷാരടി. ഹൈദര്‍ അലിയുടെ കേരള ആക്രമണകാലത്ത് ഇട്ടിക്കോമ്പിയച്ചന്‍ ബന്ധനസ്ഥനായിതീര്‍ന്നതിനെ തുടര്‍ന്ന് ഇട്ടിപ്പങ്ങിയച്ചന്‍ പാലക്കാട് രാജാവായിതീര്‍ന്നു. എന്നാല്‍ ഇട്ടിപ്പങ്ങിയച്ചനുമായി നീരസത്തിലായിതീര്‍ന്ന രാഘവപ്പിഷാരടി കൊച്ചീരാജാവായ വിരകേരളവര്‍മ്മയെ അഭയം പ്രാപിച്ചു. അങ്ങിനെ തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന കാലത്താണ് ഇദ്ദേഹം രാവണോത്ഭവം ആട്ടകഥ രചിച്ചതെന്നുപറയപ്പെടുന്നു. ‘സേതുമാഹാത്മ്യം’, ‘വേതാളചരിത്രം’, ‘പഞ്ചതന്ത്രം’ എന്നീ കളിപ്പാട്ടുകളാണ് അദ്ദേഹത്തിന്റെ ഇതരകൃതികള്‍

**********************************************
 🌹 ആനുകാലികങ്ങൾ 🌹

മാധ്യമം ആഴ്ചപ്പതിപ്പ്
2017 ജൂലൈ 10
1010 പുസ്തകം  20

ചിന്ത, വായന, പ്രതിരോധം,  സമരം, എന്നീ പ്രഖ്യാപിത നയങ്ങളുമയി പൊരുത്തപ്പെടുന്ന വ്യത്യസ്ത വിഭവങ്ങളുമായി ജൂലൈ പത്തിലെ മാധ്യമം  എത്തി.

തുടക്കം (എഡിറ്റോറിയൽ)

ദൃശ്യ കലകളിൽ വാണിജ്യ മൂല്യം  ഏറെയുള്ള കലയാണ് സിനിമ.  അതിനാൽ തന്നെ അതിൽ മാഫിയകളുടെ സ്വാധീനം കൂടുതലുമാണ്. നടിയെ ആക്രമിച്ച കേസിൽ ഇത് ചർച്ചയാകുമ്പോൾ ഇര വീണ്ടും ആക്രമിക്കപ്പെടുകയാണ്. ആക്രമണത്തിനെതിരെ പ്രതികരിക്കുന്നവരെ,  പരാതിപ്പെടുന്നവരെ പിന്തിരിപ്പിക്കാൻ ഇത്തരത്തിലുള്ള മാധ്യമ ആക്രമണത്തിന് സാധിക്കുന്നുണ്ട്. 

ഇരയുടെ സുരക്ഷിതത്വവും അവരുടെ പരിഗണനയും 2013 - ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്. പെണ്ണിരയുടെ നേരേയുള്ള ആണധികാരത്തിന്റെ പ്രയോഗമാണ് ഇത്തരം പുനർ ചർച്ചകളിലൂടെയും വിവാദങ്ങളിലൂടെയും മറനീക്കി പുറത്തു വരുന്നത്. ഇര വീണ്ടും ആക്രമിക്കപ്പെടുന്നതാണ് ഇതിനാൽ സംഭവിക്കുന്നത്.

പക്ഷേ,  നിങ്ങളുടെ പേര് പ്രസക്തമാണ്
അഭിമുഖം

കെ. ഈ. എന്നുമായി  ആർ. കെ. ബിജുരാജ്  നടത്തുന്ന  അഭിമുഖം.

ചിന്തകനും, പ്രഭാഷകനും, എഴുത്തുകാരനും അദ്ധ്യാപകനുമായി , കേരളത്തിലെ സാംസ്കാരിക രംഗത്ത് സജീവ ഇടപെടലുകൾ നടത്തിയിയിരുന്ന ആളാണ് ശ്രീ. കെ. ഇ. എൻ.
കുറച്ചു നാളുകളായി ചില വിഭാഗങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നു. അതിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ജീവിതം,  പ്രഭാഷണം, മതജീവിതം, പരിസരം, എന്നിവയും പ്രതിപാദ്യ വിഷയമാകുന്നു. ഇടതുപക്ഷ സഹയാത്രികനെങ്കിലും ഇടതുപക്ഷത്തിന് ദഹിക്കാത്ത ചില ഭിന്ന സ്വരങ്ങൾ പുറപ്പെടുവിക്കുന്നതിനാൽ ചിലപ്പോഴൊക്കെ താൻ അനഭിമതനാകാറുണ്ട്. പക്ഷേ,  അത് അവരുടെ മാത്രം പ്രശ്നമാണ്.  തന്നെ അവയൊന്നും ബാധിക്കുന്നില്ല. 

ഓരോ ഘട്ടങ്ങളിലായി സാഹചര്യത്തിന്റെ ആവശ്യകത ഉൾക്കൊണ്ട് പുസ്തകങ്ങൾ എഴുതാറുണ്ട്. അവ കേരള സമൂഹം ചർച്ച ചെയ്യുന്നുമുണ്ട്.  ഇന്ത്യയിൽ സ്മ്രാജ്യത്വവും ഫാസിസവും ഒരുമിച്ചാണ് ജനങ്ങളെ ആക്രമിക്കുന്നത്.   കോർപ്പറേറ്റ് വത്ക്കരണവും നവ ഫാസിസവും ഒന്നു ചേർന്ന് നമ്മുടെ ജീവിതത്തെ പ്രത്യക്ഷമായിത്തന്നെ ഇല്ലാതാക്കുന്നു.
കെ. ഇ. എൻ. തന്റെ ചിന്തകൾ പങ്കുവെയ്ക്കുന്നു. 

ശരിയാണ് സാർ,  മുതലമടയിൽ ജാതി ഇല്ല !
ലേഖനം : രൂപേഷ് കുമാർ

പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം വാർഡിലെ അംബേദ്കർ കോളനി വാർത്തകളിൽ ഇടം പിടിച്ചത്, കുത്തകകളെ പ്രതിരോധിച്ചതുകൊണ്ടല്ല. മറിച്ച് സംസ്കാര സമ്പന്ന കേരളത്തിലെ ജാതി വിവേചനം കൊണ്ടുമാത്രമാണ്. 
പഞ്ചായത്ത് ഭരിക്കുന്നവരും, ഭരണപക്ഷ എം. എൽ. എയും , എം. പിയും അവിടെ ജാതി വിവേചനം ഇല്ല എന്നുപറയുമ്പോൾ , അവിടെ ജീവിക്കുന്നവർ അവർ അനുഭവിക്കുന്ന,  നേരിടുന്ന കാര്യങ്ങൾ അവതരിപ്പിച്ചതിനുശേഷം പറയും !! ശരിയാണ് സാർ,  മുതലമടയിൽ ജാതിയില്ല!

പൊതുപൈപ്പിൽ നിന്ന് വെള്ളമെടുക്കാൻ മൂന്നു മീറ്റർ  അകലം പാലിക്കുക, കിണറിൽ നിന്ന് നേരിട്ട് വെള്ളം കോരിക്കാതിരിക്കുക, പ്രത്യേക പാത്രത്തിൽ വെള്ളം/ ചായ എന്നിവ നല്കുക. ഇവയൊന്നും വിവേചനമല്ലേ.... കക്കൂസിൽ ഉപയോഗിക്കുന്ന പാത്രത്തിൽ കുടിവെള്ളം കൊടുക്കുന്നതിനെ എന്തു പറയും എന്ന് ഇവർ ചോദിക്കുന്നു.  അപ്പോൾ നമ്മളും പറഞ്ഞു പോകും - ശരിയാണ് സാർ,  മുതലമടയിൽ ജാതിയില്ല.


ജനകീയ സിനിമയ്ക്കായി ഒരു ജീവിതം - അനുസ്മരണം :  ടി. വി. ചന്ദ്രൻ 

അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ.  കെ. ആർ മോഹനനെ ആത്മസൂഹൃത്തായ ശ്രീ. ടി. വി. ചന്ദ്രൻ  ഓർക്കുന്നു. 
ചെയ്ത സിനിമകളും, ഡോക്യുമെന്ററികളും ചരിത്രമാക്കി മാറ്റുകയും, ഓരോ നിശ്വാസത്തിലും സിനിമ കൊണ്ടു നടക്കുകയും ചെയ്ത കെ. ആർ. മോഹനൻ.  പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ജോൺ എബ്രഹാം,  കെ. ജി. ജോർജ്,  അടൂർ ഗോപാലകൃഷ്ണൻ എന്നിവർക്കൊപ്പം തലയെടുപ്പോടെ നിന്ന വ്യക്തിത്വം.  അതിലുപരി നല്ല സഹൃദയൻ. 78- ലെ അശ്വത്ഥാത്മാവ്, പുരുഷാർത്ഥം, സ്വരൂപം അങ്ങനെ ചെയ്ത സിനിമകളിൽ തന്റെ ആത്മാവ് സന്നിവേശിപ്പിച്ചിരുന്നതായിത്തന്നെ ടി. വി.  ചന്ദ്രൻ കരുതുന്നു. 

കുട്ടിക്കളിയല്ല, കുട്ടികളുടെ നാടകം
അഭിമുഖം

ഷേർളി സോമസുന്ദരവുമായി ലിസി. പി.  നടത്തുന്ന  അഭിമുഖം. 

കുട്ടികളുടെ നാടകം എന്നത്  ഒരു കുട്ടിക്കളിയല്ല. വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. തിരഞ്ഞെടുപ്പ്,  പരിശീലനം, അവതരണം, തുടങ്ങി പിന്നീട് കുട്ടികളുടെ സ്വഭാവത്തിലും പഠനത്തിലും വരുന്ന വ്യത്യാസങ്ങൾ വരെ താൻ ശ്രദ്ധിക്കാറുണ്ട്  എന്ന്  കുട്ടികളുടെ നാടകം പരിശീലിപ്പിക്കുന്ന  ഷേർളി സോമസുന്ദരം പങ്കുവെയ്ക്കുന്നു.  നാടക രംഗത്തെ ചില പുഴുക്കുത്തുകൾ , കുട്ടികളെ ഈ രംഗത്തേക്ക് വിടുന്നതിനെ തടയുവാൻ രക്ഷകർത്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ആ ചിന്തകൾ മാറ്റണം. പറഞ്ഞു മനസ്സിലാക്കണം.
ആശയ,  സ്വഭാവ,  ഭാവി രൂപീകരണത്തിന് സഹായകമാകുന്ന നാടകങ്ങൾ കുട്ടികളുടെ ചിന്തയിൽ നിന്നുരുത്തിരിയുവാനും, അവരെക്കൊണ്ടുതന്നെ അതിന്റെ  എല്ലാ തലങ്ങളും ചെയ്യീക്കുവാനും ശ്രമിക്കണം. കലാരൂപങ്ങൾ ജീവിതത്തെ രൂപപ്പെടുത്തുന്നതായിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ അവതരിപ്പിക്കുമ്പോൾ.
 കുട്ടികളുടെ നാടകം എന്ന  ആശയം അംഗീകരിപ്പിക്കാൻ ധാരാളം പ്രയാസം ഉണ്ടായിട്ടുണ്ടെന്നും ശ്രീമതി ഷേർളി സോമസുന്ദരം പറയുന്നു.

സ്രാവുകൾ ചുറ്റിനുമുണ്ട് - സംഭാഷണം
ഡോ. ജേക്കബ് തോമസുമായി ബിനീഷ് തോമസ് നടത്തുന്ന സംഭാഷണം.

അഴിമതി അവസാനിക്കണമെങ്കിൽ ജനം വിചാരിക്കണമെന്ന് ഡോ. ജേക്കബ് തോമസ്. 
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക്  ധാരാളം വകുപ്പുകളുടെ ചുമതലയെന്നും, അല്ലാത്തവർക്ക് അര വകുപ്പും മുക്കാൽ വകുപ്പുമാണ് നല്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.  

അഴിമതി പ്രശ്നമായാണോ, പ്രശ്നപരിഹാരമായാണോ  വീക്ഷിക്കപ്പെടുന്നത്. ഇതിനെ അടിസ്ഥാനമാക്കി വേണം അഴിമതിയെ സമീപിക്കാൻ.  ദൈനംദിന വ്യവഹാരത്തിലെ സകലയിടത്തും കാര്യം നടക്കണമെങ്കിൽ കൈക്കൂലി കൊടുക്കണം.  അത് ഒരു പ്രശ്നത്തെ എളുപ്പത്തിൽ പരിഹരിക്കാനായി ജനം ഉപയോഗിക്കുന്നു. അങ്ങനെ  അഴിമതിയെ പ്രശ്നപരിഹാര മാർഗ്ഗമായി പൊതുജനം അംഗീകരിക്കുന്നു

പ്രിൻസിപ്പൽ - ഏജന്റ് തിയറി മാനേജ്മെന്റിലുണ്ട്. പ്രിൻസിപ്പൽ ജനമാണ്.  തിരഞ്ഞെടുക്കപ്പെടുന്നവരും ഉദ്യോഗസ്ഥരുമാണ് ഏജന്റ്.  പ്രിൻസിപ്പലിന്റെ താത്പര്യം സംരക്ഷിക്കാനാണ് ഏജന്റ്.  എന്നാൽ സംഭവിക്കുന്നത്,  ഏജന്റായി ഇരിക്കുന്ന കാലത്തിനുള്ളിൽ പരമാവധി വാരിക്കൂട്ടാൻ ശ്രമിക്കുന്നു.  ഇത് പ്രിൻസിപ്പൽ പലപ്പോഴും തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ അവഗണിക്കുന്നു. 

റിട്ടയർമെന്റിനുശേഷം സർവ്വീസ് സ്റ്റോറി എഴുതി അഴിമതിക്കെതിരെ ആത്മരോഷംകൊള്ളുന്നതിൽ അർത്ഥമില്ല.  അതിനാൽ സർവ്വീസിലിരുന്നുകൊണ്ട്   ചുറ്റിലുമുള്ള സ്രാവുകൾക്കൊപ്പം നീന്താൻ താൻ തീരുമാനിച്ചതെന്നും ഡോ. ജേക്കബ് തോമസ് പറയുന്നു.

Fade -in.
വീടുനിർമ്മാണം

പരിസ്ഥിതി പ്രവർത്തകനായ ശ്രീ. വി. സി. ബാലകൃഷ്ണൻ  എടുത്ത ഫോട്ടോകൾ. വിവിധയിനം കടന്നലുകളുടെ വീടുനിർമ്മാണം  ഫോട്ടോയിൽ  അവതരിപ്പിക്കുന്നു. മനോഹരമായ വ്യത്യസ്ത ചിത്രങ്ങൾ. 

ആധുനിക യുഗത്തിന്റെ ഒരു സർഗാത്മക വിമർശനം നോവൽ പഠനം - ബി. രാജീവൻ

ശ്രീ.  ടി. പി. രാജീവൻ  എഴുതിയ കെ. ടി. എൻ കോട്ടൂർ,  എഴുത്തും  ജീവിതവും  എന്ന  നോവലിന്റെ പഠനം.

ജനിച്ചു,  ജീവിച്ചു,  കവിതയും ലേഖനങ്ങളുമെഴുതി. ഇതെല്ലാം രേഖകളായി നമ്മുടെ നമ്മുടെ കയ്യിലുണ്ട്. പിന്നെ  ആളെവിടെപ്പോയി. അറിയില്ല.  അതാണ് കെ. ടി. എൻ കോട്ടൂർ.  ഞാൻ എന്ന  രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയ്ക്ക് ആധാരമായ കൃതിയാണിത്. 

ടി. പി. രാജീവൻ ആ നോവലിൽ വരച്ചിടുന്ന ചരിത്രപരവും, പ്രത്യയശാസ്ത്രപരവും, ജൈവീകവുമായ കാര്യങ്ങളും, ആഖ്യാനത്തിലും, പ്രതിപാദ്യവിഷയങ്ങളിലെ സ്വീകരണത്തിലും അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്ത മാനങ്ങളും ശ്രീ. ബി. രാജീവൻ പഠന വിഷയമാക്കുന്നു.

പാലേരിമാണിക്യം - ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന നോവലിൽ നിന്ന് വ്യത്യസ്തമായി എന്താണ്, കെ. ടി. എൻ. കോട്ടൂർ,  എഴുത്തും ജീവിതവും എന്ന കൃതി അടയാളപ്പെടുത്തുന്നത്. 
ജീവിതമാണോ, ചരിത്രമാണോ, അതിലുപരി ലിംഗപരമായ ചില വ്യതിയാനങ്ങളുടെ അപഭ്രംശം സംഭവിച്ച മനസ്സിന്റെ കുത്തൊഴുക്കോ.... പഠനം ചർച്ച ചെയ്യുന്നു. തമസ്കരിക്കപ്പെട്ട ഒരു ജീവിതത്തിന്റെ  നേർക്കാഴ്ചയാണ് ഈ നോവൽ. 

സമരപ്പന്തലിലെ ഡോക്ടർ - അനുസ്മരണം:  മൊയ്തു വാണിമേൽ. 

മാവൂർ ഗ്രാസിം ഫാക്ടറിക്കെതിരെ സമരത്തിന്റെ കുന്തമുനയായി നിന്ന ഡോ.  കെ. വി.  ഹമീദ് ജൂൺ 23. ന് അന്തരിച്ചു.  അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ശ്രീ  മൊയ്തു വാണിമേൽ അനുസ്മരിക്കുന്നു. സമ്പത്തും ആരോഗ്യവും നഷ്ടപ്പെടുത്തി ഒരു ഡോക്ടർ ജനകീയ പ്രശ്നങ്ങളിലേക്ക് ഇറങ്ങുക.   അതിന് നേതൃത്വം നല്കുക. ഇതെല്ലാം  ഇന്നത്തെ ആധുനിക സമൂഹത്തിന് ചിന്തിക്കാനോ, യോജിക്കാനോ കഴിയുന്നതല്ല.  എന്നാൽ ഡോ. ഹമീദ്  അതിനപ്പുറമായിരുന്നു. 36 മണിക്കൂർ തുടർച്ചയായി രോഗികളെ നോക്കുകയും, തുടർന്ന് സമരപ്പന്തലിലെത്തുകയും ചെയ്തിരുന്ന ഡോക്ടറെ ആദരപൂർവ്വം മൊയ്തു വാണിമേൽ സ്മരിക്കുന്നു. 

ദലിത് കൃസ്ത്യൻ സംവരണത്തിൽ  എന്റെ നിലപാടുകൾ 
സംവാദം/മറുപടി 
കെ. കെ  കൊച്ച്

സഞ്ചാര പഥങ്ങളിൽ എന്ന ആത്മകഥയിൽ ദലിത് ക്രിസ്ത്യൻ സംവരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് , ലഭിച്ച പ്രതികരണങ്ങൾക്ക് ശ്രീ.  കെ. കെ. കൊച്ച് മറുപടി പറയുന്നു.  

ഭരണഘടനയുടെ 26 -ആം
വകുപ്പിൽ മുസ്ലീം,  ക്രിസ്ത്യൻ വിഭാഗങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ആ സമുദായത്തിൽ അയിത്തം  നിലവിലില്ലെന്നും ഒരേ വിഭാഗം മാത്രമായിക്കണ്ട് ന്യൂനപക്ഷ പദവി നല്കുകയാണ് ചെയ്തത്. ക്രിസ്തുമതത്തെ ഒരേകകമായാണ് ഭരണഘടന കണ്ടിരിക്കുന്നത് . അതിനാൽ  സവർണ്ണ ക്രൈസ്തവരോടുള്ള ദലിത് ക്രൈസ്തവരുടെ ആഭ്യന്തര സമരമാണിത്. സമുദായ പരിഷ്കരണമെന്ന സ്വന്തം ഉത്തരവാദിത്വം മറന്ന്,  സ്വാതന്ത്ര്യവും അവകാശവും  ആരെങ്കിലും തളികയിൽ നിരത്തിത്തരും എന്നത് ദിവാസ്വപ്നം മാത്രമാണെന്നും ശ്രീ.  കൊച്ച് അടിവരയിടുന്നു.

ആയിരം കാതം അകലെയാണെങ്കിലും
വായന : സി. രാധാകൃഷ്ണൻ 

ഡോ. വേണുഗോപാൽ കെ. മേനോൻ രചിച്ച   അമ്മ കോൾഡ് മി ഉണ്ണി എന്ന പുസ്തകത്തിന്റെ വായന പ്രശസ്ത സാഹിത്യകാരൻ ശ്രീ. സി. രാധാകൃഷ്ണൻ അവതരിപ്പിക്കുന്നു.  സ്വാനുഭവങ്ങളുടെ കണക്കെടുപ്പ്  ഈ പുസ്തകത്തിൽ ഉണ്ടെങ്കിലും അതിലുപരി കുടിയേറ്റക്കാർക്കും, മറ്റുള്ളവർക്കും ദിശാ ബോധം വളർത്താൻ ഉപകരിക്കുന്നതാണ് ഈ പുസ്തകം  എന്ന് സി. രാധാകൃഷ്ണൻ പറയുന്നു.

കവിതകൾ

_കുണ്ടാപ്പു
സുധീഷ്  കൊട്ടേമ്പ്രം

ഒരാളുടെ ജീവിതത്തിലെ വ്യത്യസ്തമായ രൂപങ്ങൾ,  ഭാവങ്ങൾ  ഇവ സമൂഹം എങ്ങനെ  ആണ് രൂപപ്പെടുത്തിയെടുക്കുന്നത് എന്നത് ഈ കവിതയിൽ വായിക്കാം.

ചൂണ്ടക്കാരൻ
ബിജോയ് ചന്ദ്രൻ 

പഴയെത്തന്നെ നോക്കിയിരിക്കുന്ന ചൂണ്ടക്കാരൻ.... അവസാനം...
കലക്കൻ പുഴ 
ചൂണ്ടയിട്ട് പിടിച്ചത് ചൂണ്ടക്കാരനെത്തന്നെ.....

വ്യാഴാഴ്ച ചന്ത
ടി. കെ. മുരളീധരൻ 

വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന ചന്തയിലെ ചില ജീവിതങ്ങൾ.....
അവ പരത്തുന്നത്  സൗരഭ്യമാണോ.....

കഥ

നീറേങ്കൽ ചെപ്പേടിലെ ഏതാനും  അടിക്കുറിപ്പുകൾ
എം. നന്ദകുമാർ 

ഒരു  കൊലപാതകം....
അതിന്റെ വിവരത്തിനു കാത്തിരിക്കുന്ന അവർ/ ഞങ്ങൾ. 
വേർതിരിവിന്റെ മനശാസ്ത്രവും പ്രത്യയശാസ്ത്രവും വ്യത്യസ്തമായ രീതിയിൽ പറയുന്ന ഒരു കഥ.
മുറിവുകളുടെ എണ്ണത്തിന് പ്രാധാന്യം നല്കുന്ന രാഷ്ട്രീയക്കളികളുടെ ഒരു ചിത്രം.

Campus

മുത്തശ്ശിയൂടെ വീട്
ചെറുകഥ 
ദേവദത്തൻ, സെന്റ് മേരീസ് എച്ച്.  എസ്. എസ്. പട്ടം, തിരുവനന്തപുരം. 

എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി എഴുതിയ കഥ.
തനിക്ക് സ്നേഹം പകർന്നു തന്ന മുത്തശ്ശിയെത്തേടി പോകുന്ന ഒരു ബാലൻ. എന്നാൽ  അവൻ കാണുന്നത് പുതിയ എടുപ്പുകൾ.....
മുത്തശ്ശിക്കായി കരുതിയ ഗണപതി വിഗ്രഹവും ഒരു കുടന്ന പൂവും ആ വീടിരുന്നിടത്ത് സമർപ്പിക്കുന്നു.....

അവൾ
നീതു. എം. 
തുഞ്ചത്തെഴുത്തച്ഛൻ സർവ്വകലാശാലയിൽ 
രണ്ടാം വർഷ സാഹിത്യ പഠനം നടത്തുന്നു.   

മൃദുല കാമനകളെ കണ്ടെത്തുകയും താലോലിക്കുകയും ചെയ്യണമെന്ന്  ഈ കവിത ഓർമിപ്പിക്കുന്നു.

വിശപ്പ്   അണപൊട്ടിയൊഴുകുന്ന നേരത്ത് ഒരു കുഞ്ഞിനെയെടുത്ത് താലോലിച്ച് അതിന്റെ ചൂണ്ടിലേക്ക് പാലിറ്റിച്ചുനല്കി മൃദുവായൊന്നു ചുംബിക്കുക

മീഡിയാ സ്കാൻ
യാസീൻ അശ്റഫ്

വാക്കുകൾ കൊണ്ട് നുണകളുടെ വേലികെട്ടി അതിനകത്ത് സ്ഥിരതാമസക്കാരായ ചില  മാധ്യമ പ്രവർത്തകരെ തുറന്നു കാട്ടുന്നു.  അർണബ് ഗോസാമി ഒരു ചാനലിൽ നിന്ന് പോയി മറ്റൊന്ന് തുടങ്ങി  എന്നുകരുതി ആദ്യ ചാനൽ നന്നാകണം എന്നില്ല.    വ്യാജ ചിത്രങ്ങളും വ്യാജ വാർത്തകളും ഇപ്പോഴും തുടരും കാരണം ആളുകളേ മാറുന്നുള്ളു. മനോഭാവം മാറുന്നില്ല.

നോവൽ,  യാത്രാവിവരണം തുടങ്ങി സ്ഥിരം പംക്തികൾ തുടരുന്നു. 

✍ എന്റെ  വീക്ഷണം  : 

കൃത്യമായ വീക്ഷണങ്ങൾ നിർത്താൻ മാധ്യമത്തിന് സാധിച്ചു. 
സാഹിത്യ സൃഷ്ടികൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചു കൂടി ശ്രദ്ധ നല്കിയാൽ നന്നായിരിക്കും.

എം. കൃഷ്ണൻ നായർ സാർ ഉണ്ടായിരുന്നെങ്കിൽ  ഈ ലക്കത്തിലെ കവിതകൾ എഴുതിയവരെ  നന്നായി കൈകാര്യം ചെയ്യുമായിരുന്നു.

തയ്യാറാക്കിയത് : കുരുവിള ജോൺ
9495161182

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കുറിപ്പ്  : 
ആഴ്ചപ്പതിപ്പ് വായിച്ച് സ്വതന്ത്രമായി തയ്യാറാക്കുന്ന കുറിപ്പാണിത്.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

🌲 ആനുകാലികങ്ങൾ 🌲

മാതൃഭൂമി ആഴ്ചപ്പതിപ്പ്
2017 ജൂലൈ 9
പുസ്തകം - 95 ലക്കം - 17

പ്രകൃതിയുടെ സംതുലനാവസ്ഥ മുതൽ  ഗോമാംസ നിരോധനം  എന്ന തീവ്രവാദം വരെ തികച്ചും വ്യത്യസ്തമായ എഴുത്തിന്റെ തലങ്ങളാണ് ,   വിഭവങ്ങളാണ് മാതൃഭൂമി ഈ ലക്കം നല്കുന്നത്.


അർബുദം വിതച്ച ഹരിത വിപ്ലവം - സംഭാഷണം

ഡോ. കെ. പി. പ്രഭാകരൻ നായരുമായി ഷബിൽ കൃഷ്ണൻ നടത്തുന്ന  അഭിമുഖം.

ഹരിത വിപ്ലവം ഒട്ടേറെ കൊട്ടിഘോഷിക്കപ്പെടുമ്പോഴും അതിന്റെ ദുർഫലങ്ങളാണ് കാർഷിക മേഖല  ഇന്ന്  അനുഭവിക്കുന്നത്. പാരമ്പര്യ വിത്തിനങ്ങൾ പാടേ നശിപ്പിച്ച്, ബി. ടി. വിളകളുടെയും രാസ വളങ്ങളുടെയും പോയ നാം തന്നെയാണ്  ഇന്നത്തെ കെടുതികൾക്ക് കാരണക്കാരെന്ന്  തുറന്നടിക്കുകയാണ് ഡോ. കെ. പി. പ്രഭാകരൻ നായർ.

നൈസർഗീകമായി പ്രകൃതിയിലുണ്ടായിരുന്ന മണ്ണിരയെ രാസവളവും, കീടനാശിനിയും ഉപയോഗിച്ച് മുച്ചൂടും നശിപ്പിച്ചതിനുശേഷം കോടിക്കണക്കിനു രൂപ ചിലവിൽ ടാങ്കുകളുണ്ടാക്കി മണ്ണിരയെ കൃത്രിമമായി  സൃഷ്ടിക്കുന്ന വിഡ്ഢികളായ ഉദ്യോഗസ്ഥരും അതിനെ ചോദ്യം ചെയ്യാനറിയിത്ത ഭരണാധികാരികളുമാണ് ഇന്നുള്ളത്.

കാർഷിക രാജ്യങ്ങളുടെ വിപണിയിൽ  എന്നും കണ്ണുകളുള്ള,  കുത്തകകൾ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ/  കഥകൾ മെനയും.  അതിൽ ആകൃഷ്ടരാക്കുന്ന  ഭരണാധികാരികൾ,  കൃത്യമായ പഠനം നടത്താതെ കുത്തകകളുടെ വിത്തും വളവും ഉപയോഗിക്കാൻ കർഷകർക്ക് നിർദ്ദേശം നല്കുന്ന ഉദ്യോഗസ്ഥർ....
അവരുടെ ആജ്ഞാനുവർത്തിഖളായി മാറി താത്ക്കാലിക ലാഭം ലക്ഷ്യം വയ്ക്കുന്ന കർഷകർ.  ഇവയൊക്കെയാണ് മണ്ണിന്റെ ആത്മാവ് നഷ്ടമാക്കിയത് എന്ന് ഡോ. കെ. പി. പ്രഭാകരൻ നായർ പറയുന്നു.

മലയാളിയെങ്കിലും മലയാളിക്ക് അത്ര പരിചിതനല്ലാത്ത അന്താരാഷ്ട്ര പ്രശസ്ത കൃഷി  ശാസ്ത്രജ്ഞനാണ്
ഡോ. കെ. പി. പ്രഭാകരൻ നായർ.

ഒരു കോടി മരംകൊണ്ടും ഉയിർക്കില്ല  ഒരു മല
ലേഖനം - അഡ്വ. എം. ജി. സന്തോഷ് കുമാർ.

ക്വാറി നിയന്ത്രണത്തിലെ പുതിയ ദൂരപരിധി,  ജനവാസ കേന്ദ്രത്തിൽ നിന്ന് 100 മീറ്റർ  എന്നത് 50 മീറ്ററായി ചുരുക്കിയ നടപടിയെ ചോദ്യം ചെയ്യുന്നു.

ക്വാറി മാഫിയയ്ക്കും മണ്ണുമാഫിയയ്ക്കും ഒത്താശ ചെയ്യുന്ന നിയമം ഒരുവശത്ത് കൊണ്ടുവരികയും  മറുവശത്ത് കോടികൾ തുലച്ച് വനവത്ക്കരണ മാമാങ്കം നടത്തുകയുമാണ് സർക്കാരുകൾ ചെയ്യുന്നത്.  മരവും  മലയും വേണം എന്നു പറയുന്നവർ   തന്നെ മലയിടിച്ചു നിരത്താനുള്ള തീട്ടൂരം നല്കുന്നു. ഈ വിരോധാഭാസം തുറന്നു കാട്ടുകയാണ്  അഡ്വ. എം. ജി. സന്തോഷ് കുമാർ.  വെറുതെ പറയുകയല്ല, ആധികാരികമായ പഠന, നരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇത് സമർത്ഥിക്കുന്നത്.

സ്വരൂപം ശാന്തം
അനുസ്മരണം  - വി. കെ. ശ്രീരാമൻ.

അന്തരിച്ച  പ്രശസ്ത സംവിധായകൻ ശ്രീ കെ. ആർ മോഹനനെ അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ശ്രീ. വി. കെ ശ്രീരാമൻ  അനുസ്മരിക്കുന്നു.

അർപ്പണം എന്നത്  എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. പ്രത്യേകിച്ച്  കലയിൽ തന്നെതന്നെ സമർപ്പിച്ച കലാകാരൻ.....

സിനിമയുടെ ജാഡകൾ ഇല്ലാതെ കേവലം സാധാരണക്കാരനായി നമ്മുടെ  ഇടയിൽ  ജീവിച്ച  അതി കഴിവുകൾ  ഉള്ള  ഒരു വ്യക്തിത്വം. അതായിരുന്നു  കെ. ആർ. മോഹനൻ.

ചില  ബന്ധങ്ങൾ നമ്മെ വ്യത്യസ്ത മാനങ്ങളിലെത്തിക്കും...
അതാണ് താനും
 കെ. ആർ. മോഹനനുമൊത്തുള്ള തന്റെ  പ്രവർത്തനം എന്ന് അദ്ദേഹം  അനുസ്മരിക്കുന്നു.

സോളോ സ്റ്റോറീസ് - 6

ജാലീമിന്റെ കല്ലറയിൽ ഇടിമിന്നൽ പതിച്ചു.  താഴികക്കുടം പിളർന്നു.
യാത്രാവിവരണം - ഷാജി


മുസ്ലിം നാമവും, ഇസ്ലാം മതവും ഇന്നത്തെ ഇന്ത്യയിൽ പണ്ടെന്നതിനേക്കാൾ ഭീതിയിലും പ്രതിരോധത്തിലുമാണ്.

തെക്കേ  ഇന്ത്യയിലെ  ആദ്യത്തെ സ്വതന്ത്ര മുസ്ലിം രാജ്യം സ്ഥാപിച്ചത് ബഹ്മാനികളായിരുന്നു. 1472 -ൽ സ്ഥാപിച്ച മഹമൂദ് ഗവാൻ മദ്രസ്സയുടെ ഗ്രന്ഥശാലയിൽ മൂവായിരത്തിലധികം കയ്യെഴുത്തുപ്രതികൾ ഉണ്ടായിരുന്നുവത്രേ.

എത്ര തമസ്കരിച്ചാലും വളച്ചൊടിച്ചാലും  സത്യമായ ചരിത്രം പുറത്തു വരും.....
മനോഹരമായ യാത്രാവിവരണമാണ് അനുഗ്രഹീത ഫോട്ടോഗ്രാഫർ കൂടിയായ ഷാജി നമുക്ക് തരുന്നത്.

ഭൃത്യവാത്സല്യം  അന്നത്തെ കൂലിയായി മാറിയപ്പോൾ
ലേഖനം  - ഡോ. കെ. എസ്. രവികുമാർ.

1933 - ൽ പ്രസിദ്ധീകരിച്ച  ഭൃത്യവാത്സല്യം ശ്രീ. കാരൂരിന്റെ ആദ്യത്തെ കഥയാണ്.
എന്നാൽ  ഈ കഥ പിന്നീട്  പ്രസിദ്ധീകരിച്ചത് അന്നത്തെ കൂലി എന്ന പേരിലാണ്.
എന്തുകൊണ്ട്  അങ്ങനെ സംഭവിച്ചു... അല്ലെങ്കിൽ കാരൂർ  ആ കഥ മാറ്റിയെഴുതാൻ കാരണമെന്ത്.....
ഡോ. കെ. എസ്. രവികുമാർ  പഠനങ്ങളും നിഗമനങ്ങളും നിരീക്ഷണവും നടത്തി അവതരിപ്പിക്കുന്നു.
പുതുക്കിയ  കഥയും ആഴ്ചപ്പതിപ്പിൽ ചേർത്തിട്ടുണ്ട്.

ഭൃത്യവാത്സല്യത്തിൽ നിന്ന്  പല മാറ്റങ്ങളും അന്നത്തെ കൂലിയായി കഥ മാറ്റിയെഴുതിയപ്പോൾ വരുത്തി.
അന്നും  മോഷ്ടാക്കൾ  ഉണ്ടായിരുന്നു......


അന്നത്തെ ആഴ്ചപ്പതിപ്പ്  - 1932 -കവിത

അഹിംസ
വള്ളത്തോൾ

ഗുരുജനതപോഗുണാകൃഷ്ടയായിച്ചിരേണ നമ്മുടെ മഹാരാജ്യലക്ഷ്മി.......
.....................................

അഹിംസയെത്തന്നെ ഭജിച്ചുകൊള്ളുവിന, ഹിംസതാൻ നമുക്കഭീഷ്ടദായിനി.

അന്നനടയിൽ കോർത്ത മനോഹരമായ കവിതാമാല....
അന്ന് വായിക്കാൻ പറ്റിത്തവർക്കും പുതുവായനയ്ക്കുമായി നമുക്ക് തരുന്നു.

മാതൃഭാഷ മലയാളം

പ്രതിരോധത്തിന്റെ നാമ്പുകൾ
ലേഖനം  - പി. കെ. തിലക്.

ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകളുടെ സവിശേഷതകളും അവ തീർക്കുന്ന ചില സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും, കൊടുക്കൽ വാങ്ങലുകൾ നിയന്ത്രിക്കുന്ന ചില സാമൂഹ്യ ബലങ്ങളെക്കുറിച്ചുമാണ്  ഈ ലേഖനത്തിൽ പറയുന്നത്.
എല്ലാം കൊടുത്തു നിസ്വയാകുന്ന കഥാപാത്രങ്ങൾ അന്നത്തെ സാമൂഹ്യക്രമത്തിൽ ഉണ്ടായിരുന്നു....
അന്തർജ്ജനത്തിന്റെ കഥകളിലെ അന്തർധാരതന്നെ  നിസ്വാർത്ഥനായ മനുഷ്യന്റെ ചര്യകളാണ്.

ലളിതാംബിക അന്തർജ്ജനം അവതരിപ്പിക്കുന്ന  സ്ത്രീ കഥാപാത്രങ്ങളുടെ വസ്തുനിഷ്ഠമായ വിലയിരുത്തലും നല്ല പഠനവും ശ്രീ  പി. കെ തിലക്  നടത്തുന്നു.


കവിതകൾ

മെഹ്ബൂബ് എക്സ്പ്രസ്സ് ഒരു ജീവിതരേഖ
അൻവർ അലി.

ജീവിതത്തിലെ ഓരോ ഘട്ടത്തിനും ഒരു താളമുണ്ട്. ഇവിടെ മെഹ്ബൂബിന്റെ ജീവിതം  ഇന്ത്യൻ ചരിത്രമായി മാറുന്നു. അവിടെ  തീവണ്ടിയുടെ ഗതിതാളത്തെ ചരിത്രവുമായി  ഇണക്കി വായിക്കുന്നു.

ബന്ധനം - കവിത
അയന  കെ. പി.
കോളേജ് മാഗസിൻ  എന്ന വിഭാഗത്തിലാണ് ഈ കവിത കൊടുത്തിരിക്കുന്നത്.

സ്വപ്നങ്ങൾ തീർക്കുന്ന മായികതയല്ല... ഉണർന്നാൽ  ഈ ലോകം തീർത്ത ചങ്ങലയിൽ തന്നെയാണ് നാം  എന്ന്  ഓർമിക്കുന്ന കവിത.

ഒന്നു വീതം മൂന്നു നേരം
നന്ദിത വിസ്മയ

ബാലപംക്തിയിലാണ് ഈ കവിത ചേർത്തിരിക്കുന്നത്.

പഠനം... പഠനം... പഠനം....
അതിന്റെ വ്യത്യസ്ത തലങ്ങളിൽ ഒരു കുട്ടിക്ക് അനുഭവപ്പെടുന്ന വൈകാരികത വരച്ചിടുന്നു.....
മരുന്ന്  കഴിക്കേണ്ട അസുഖമായി  പഠനം മാറുന്നു. അവിടെയും ക്ഷേത്രഗണിതത്തിന്റെ  മാത്രകൾ.......

ഭാവിയുള്ള ഒരെഴുത്തുകാരിയാണ്  ഈ കുഞ്ഞ് കവി.

കഥകൾ

കണ്ടശ്ശാംകടവ്
ദേവദാസ്  വി. എം.

ജീവിതം അനിശ്ചിതത്വം നിറഞ്ഞതാണ്. ഇന്നലെ തന്നെയൊപ്പം ജീവിതം പറഞ്ഞയാളെ  ഇന്ന്  ചരമക്കോളത്തിൽ കാണുമ്പോൾ  എന്തു കരുതണം.

കനോലിക്കനാലിന്റെ ചരിത്രത്തിലൂടെ ഊളിയിടുന്ന മാഷ്....
ഓർമ്മത്തെറ്റുകളിലൂടെ യാത്രയെങ്കിലും കുത്തേറ്റ് പിടയുന്നവനെ ആശുപത്രിയിൽ എത്തിക്കാൻ മകനെ പ്രേരിപ്പിക്കുന്നു.....

ഓർമ്മകൾകൊണ്ട് കഥ മെനയുമ്പോൾ കഥാപാത്രങ്ങൾ പലരും നമുക്ക് ചുറ്റും  നിരക്കും.....
അത്തരം ഒരു വിന്യാസം ഈ കഥയിൽ  വി .  എം ദേവദാസ് നടത്തുന്നു.
വായന  ഒരനുഭവമിക്കുന്ന..... എരിച്ചിലായി മാറ്റുന്ന കഥ.


വിഷുക്കാലത്തെ കൈനീട്ടം
അമൃതലക്ഷ്മി എ. എസ്

ബാലപംക്തിയിലാണ്
ഈ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒറ്റപ്പെട്ട  മനുഷ്യന്റെ വിഹ്വലതകളും, നൊമ്പരവും ആരുമില്ലാത്തവന് തുണയായി ഒരു ജീവിയെ (പൂച്ചക്കുട്ടി)  പ്രകൃതി നല്കുന്നതും അവരുടെ സ്നേഹവും  പ്രതിപാദിക്കുന്നു.....

മധുരച്ചൂരൽ

വെളിപ്പെടുത്താത്ത ചൂളം വിളി

കെ. എം ഭാഗ്യസരിത തന്റെ  അദ്ധ്യാപകനെ അനുസ്മരിക്കുന്നു. ഇന്നത്തേതിൽ നിന്ന്  എത്രമാത്രം വ്യത്യസ്തമായിരുന്നു അന്നത്തെ  അധ്യയനവും രീതികളും. കൃത്യമായി കുട്ടികളെ അറിയുന്ന ഗുരുനാഥന്മാർ..... ചെറുചലനങ്ങൾ വരെ ഒപ്പിയെടുക്കുന്ന അവരുടെ കാഴ്ച.......
ഓർമ്മകൾ  അങ്ങനെ നീളുന്നു.

ചോക്കുപൊടി

ഗർഭിണിയുടെ പരീക്ഷ

ഇപ്പോൾ  അദ്ധ്യാപികയായി ജോലി നോക്കുന്ന ശ്രീമതി മീനാംബിക കെ. കെ തന്റെ ജീവിതത്തിലെ  ഒരനുഭവം പങ്കുവെയ്ക്കുന്നു.

പരീക്ഷാഹാളിലിരുന്ന് പരീക്ഷ  എഴുതുന്ന  ഗർഭിണി. അവരെക്കാൾ ആകുലതയും പരവേശവും അനുഭവിച്ച ഇൻവിജിലേറ്റർ....
ഹൃദ്യമായ അനുഭവം...
ഭംഗിയായി അവതരിപ്പിച്ചു..


ട്രൂ കോപ്പി

ഗോമാംസ നിരോധനം എന്ന തീവ്രവാദം
എം. ജി. എസ്. നാരായണൻ

ഗോമാംസ നിരോധനത്തിന്റെ പേരിൽ കൊല ചെയ്യാൻ  ഇറങ്ങുന്നവർ പഴയ ചരിത്രം കൂടി പഠിക്കണം.
ഹൈന്ദവ ഗ്രന്ഥങ്ങളിൽ  ഒന്നും  ബ്രാഹ്മണരോ... മറ്റുള്ളവരോ സസ്യഭുക്കാണെന്ന് പറഞ്ഞിട്ടില്ല. ദുർവ്യാഖ്യാനം നിരത്തി... ജനതയെ ഭീതിയിലാഴ്ത്തുന്ന ഈ പ്രവണത ശരിയല്ലെന്ന്  ശ്രീ. എം. ജി. എസ് പറയുന്നു.


എന്റെ  വീക്ഷണം  :
കഥയും കവിതയും കാമ്പുള്ള ലേഖനങ്ങളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ലക്കം മധ്യമ നിലവാരം പുലർത്തി.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

തയ്യാറാക്കിയത് :
കുരുവിള ജോൺ
9495161182

ആർട്ടിക്കിൾ വായിച്ച്
സ്വതന്ത്രമായി തയ്യാറാക്കുന്ന കുറിപ്പാണിത്.

☘☘☘☘☘☘☘☘☘☘☘

വായനക്കാർ എഴുതുന്നു .....
കുട്ടി അനിയൻ രാജ. ചെർപ്പുളശ്ശേരി.

മലയാളികളുടെ മനസ്സിൽ വടക്കൻ മലബാറിലെ ഭാഷാശൈലിയും അതി മനോഹരമായി നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു. വായനയുടെ ആദ്യ ലക്കങ്ങളിൽ വടക്കേമല ബാറിലെ ഈ കാച്ചിക്കുറുക്കിയ മലയാളശൈലി കണ്ട് വായനക്കാരിൽ പലർക്കും അമ്പരപ്പും അത്ഭുതവും അരോചകവുമായി തോന്നിയിരിക്കാം.സി.വിയുടെ നോവലിൽ കൂടി നാം പെരിഞ്ചക്കോടനും ഭ്രാന്തൻ ചാന്നാനും തുടങ്ങി നിരവധി കഥാപാത്രങ്ങൾ പറയുന്ന തിരുവിതാംകൂറിലെ ആ പഴയ ഭാഷാശൈലി സ്വായത്തമാക്കി 'എന്തര് അപ്പീ' തുടങ്ങി പലതും. വള്ളുവനാടൻ മണ്ണിന്റെ സുഗന്ധം ഏറ്റുവാങ്ങിക്കൊണ്ട് എം.ടി.തന്റെ കഥാപാത്രങ്ങളിലൂടെ സംസാരിച്ചപ്പോൾ മലയാള ഭാഷ മനോഹരയി. അപ്പോൾ വല്യമ്മാമ, ചെറ്യമ്മാമ, കുഞ്ഞാത്തോല് തുടങ്ങിയവ നമുക്ക് ചിരപരിചിതമായി.എന്നാൽ വടക്കൻ വീരഗാഥയായ നൃത്തം ചെയ്യുന്ന കുടയിലൂടെ മലയാള ഭാഷയുടെ കാച്ചിക്കുറുക്കിയ കാളന്റെ സ്വാദ് ഓർമിപ്പിച്ചു കൊണ്ട് ഓൻ, ഓള്, ആട, ഈട, ഏച്ചി, തുടങ്ങിയ പലതും പരിചിതമാക്കിക്കൊണ്ടിരിക്കുന്നു.
ഒന്നു വീതം മൂന്നു നേരം (കവിത)

നന്ദിത വിസ്മയ
പത്താം ക്ലാസ് വിദ്യാർത്ഥിനി
ജി. എച്ച്.  എസ്. എസ്. എടപ്പാൾ,  മലപ്പുറം


പുസ്തകം തുറന്നാൽ തുമ്മലാണ്.
ഇൻസ്ട്രുമെൻറ്
ബോക്സെടുത്താൽ,
നിർത്താതെയുള്ള ചുമ.

പെൻസിൽ കൈ കൊണ്ട് തൊട്ടാൽ മതി,
മുട്ടു മുതൽ വിരലറ്റം വരെ ചെറിയൊരു വിറയൽ.

കോംപസ് കണ്ടാൽ,
തലയ്ക്കൊരു വട്ടം ചുറ്റൽ.

കണ്ണടച്ചാൽ,
പ്ലസും മൈനസും പറക്കണ പോലെ.

പൈ കുത്താൻ വരുന്നത് ഉറക്കത്ത് കാണും.

തീറ്റയൊന്നും ശരിയല്ലെന്നാണ് അമ്മ പറയുന്നത്.

അച്ഛന്റെ കൂടെ ഡോക്ടറെ പോയി കണ്ടു.

തുള്ളിമരുന്ന് നാലു നേരം.
ചെറിയ ഗുളിക മൂന്നു വീതം നാലു നേരം.
വലിയ ഗുളിക നാലു വീതം മൂന്നു നേരം.
തെറ്റാതെ കഴിക്കണം.
ഇതാണ് കണക്ക്.
                   🙄🙄
പുസ്തകക്കുറിപ്പുകൾ

നാട്ടുനാവ്

ഡോ.സി.ആർ.രാജഗോപാലൻ

ഭാഷാ ഹത്യധാന്യഹത്യ തന്നെ എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ്' പ്രസിദ്ധീകരിച്ച ലേഖനം വിപുലീകരിച്ചതുൾപ്പെടെ രണ്ട് ബൃഹത് ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. മൊഴി മലയാളത്തിന്റെ അന്യോന്യം ആണ് ഈ ലേഖനം. മൊഴി മലയാളങ്ങളുടെ തനതുലാവണ്യവും നാട്ടു തത്വചിന്തയുമാണ് ആദ്യ അധ്യായത്തിന്റെ ഉള്ളടക്കം. വായ് മൊഴി ഭാഷകളുടെ മഹാകുരുതിയുടെ ചരിത്രവും ഭാഷാ സംരക്ഷണ പ്രവർത്തനങ്ങളുമാണ് രണ്ടാം അധ്യായത്തിൽ.
ഭാഷാ വൈവിധ്യവും ജൈവ വൈവിധ്യവുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നും അതെങ്ങനെ നിലനില്പിന്റെയും അതിജീവനത്തിന്റെയും കാരണമായി മാറുന്നുവെന്നും ലളിതമായി പറഞ്ഞു വെയ്ക്കുന്നു നാട്ടു നാവ്
******************************************************************************