ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

8-6-2017

ചിത്രം വിചിത്രം
അശോക് ഡിക്രൂസ്

വൈകിയതിൽ ക്ഷമ ചോദിച്ചുകൊണ്ട് ഇന്നത്തെ ചിത്രം വിചിത്രം ആരംഭിക്കുന്നു.🙏🏽                     

ചിത്രം വിചിത്രത്തിന്റെ മൂന്നാം സ്നാപ്പിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.🙏🏽                    

ഇന്ന് ജൂൺ 8
ഇന്നേക്ക് 45 വർഷങ്ങൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1972 ജൂൺ 8ന് എടുത്ത ചിത്രമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
 അസോസിയേറ്റഡ് പ്രസ്സി (AP) നു വേണ്ടി നിക്ക് ഉത് എടുത്ത ഈ ചിത്രം 1973 ലെ ലോകത്തിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ബഹുമതി നേടി, ഒപ്പം 1973 ലെ പുലിറ്റ്സർപ്രൈസും.
 നിക്ക് ഉത്

നിക്ക് ഉത്
1951 ൽ ജനിച്ച വിയറ്റ്നമീസ് അമേരിക്കൻ ഫോട്ടോഗ്രാഫർ. ദീർഘകാലത്തെ സേവനത്തിനു ശേഷം അസോസിയേറ്റഡ് പ്രസ്സിൽ നിന്ന് ഈ വർഷം മാർച്ച് 29 നാണ് നിക്ക് ഉത് വിരമിച്ചത്.

ഫൻ തി കിം ഫുക്ക്
1963 ഏപ്രിൽ 2 ന് വിയറ്റ്നാമിലെ ട്രാങ് ബാങ്ങിൽ ജനിച്ച കിം ഫുക്കിനെ സാധാരണയായി അറിയപ്പെടുന്നത് നാപാം പെൺകുട്ടി എന്നാണ്. കിം ഫുക്കിന് 9 വയസ്സുള്ളപ്പോഴാണ് നിക്ക് ഉത്തിന്റെ ക്യാമറയിൽ പതിഞ്ഞത്; അതും നഗ്നയായി! 20 വർഷം നീണ്ടു നിന്ന വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരമുഖമാണ് കിം ഫുക്ക്. ഇപ്പോൾ കാനഡയിലെ ടൊറന്റോയിൽ കുടുംബസമേതം കാനഡക്കാരിയായി താമസിക്കുന്നു. 1994 മുതൽ UNESCO യുടെ ഗുഡ്വിൽ അമ്പാസഡറാണ് കിം ഫുക്ക്.

 കിം ഫുക്ക് ഇപ്പോൾ
 ഫോട്ടോഗ്രാഫറും ഫോട്ടോയിലെ പെൺകുട്ടിയും വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയപ്പോൾ ...

ആ പെൺകുട്ടിയുടെ ഫോട്ടോയ്ക്കു മുന്നിലും പിന്നിലും ചില ചിത്രങ്ങൾ കൂടിയുണ്ട്...



 മുതുകിൽ പൊള്ളലേറ്റ കുട്ടിയുടെ മേൽ പട്ടാളക്കാർ വെള്ളമൊഴിച്ചു കൊടുക്കുന്നു.

 ഫോട്ടോഗ്രാഫറും പെൺകുട്ടിയും അന്ന് ...
 കിം ഫുക്കിന്റെ മുതുകിലെ ഇനിയും വിട്ടുമാറാത്ത പൊള്ളൽ വടുക്കൾ... ഒരുപക്ഷേ, മനസ്സിലെയും.
നിക്ക് ഉത്തിന്റെ മറ്റൊരു വിഖ്യാത ചിത്രം. (1972 വിയറ്റ്നാം യുദ്ധം)

അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഇന്നത്തെ ചിത്രം വിചിത്രം  അവസാനിപ്പിക്കുന്നു.🙏🏽

**********************************************
                   
പ്രവീണ്‍ വര്‍മ്മ: ഇന്നത്തെ ചിത്രം വിചിത്രം കണ്ടനേരം
2016ൽ വന്ന മംഗളം വെബ് പേജ് വാർത്തയുടെ ലിങ്ക് കൂടി ഇടാൻ തോന്നിയതിനാൽ👇                    
http://www.mangalam.com/news/detail/31328-international.html                    

ജ്യോതി: രക്ഷപ്പെടാനാകുമെന്ന് കരുതിയതല്ല: വിയറ്റ്‌നാം യുദ്ധകാലത്ത് നഗ്‌നയായി ഓടേണ്ടിവന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മയിലൂടെ
വിയറ്റ്‌നാം യുദ്ധത്തിലെ മറക്കാനാകാത്ത നിരവധി കഥകളും ചിത്രങ്ങളും നമ്മുടെ ഓര്‍മ്മയിലുണ്ടാകും. അതില്‍ എന്നും മനസ്സിനെ പിടിച്ചുകുലുക്കിയ ചിത്രമായിരുന്നു തെക്കന്‍ വിയറ്റ്‌നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തില്‍ നിന്നും നാപാം ബോംബാക്രമണത്തില്‍ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്‌നയായി നിലവിളിച്ച് ഓടുന്ന ഒന്‍പത് വയസ്സുള്ള പാന്‍ തി കിം ഫുക് എന്ന പെണ്‍കുട്ടി. യുദ്ധം കഴിഞ്ഞ് 40 വര്‍ഷം ആകുന്നു. ആ പെണ്‍കുട്ടി ഇന്ന് ഒരു ഭാര്യയാണ് അമ്മയാണ്..
40 വര്‍ഷങ്ങള്‍ മുന്‍പ് ഒരൊറ്റ സെക്കന്റ് മാത്രമായിരുന്നു ഹ്യൂന്‍ കോംഗ് നിക് ഉത് എന്ന പ്രസ്സ് ഫോട്ടോഗ്രാഫര്‍ക്ക് മുന്‍പില്‍ ഉണ്ടായിരുന്നു. ആ ഒരു സെക്കന്റില്‍ എടുക്കുന്ന ആ സ്‌നാപ് ലോക ചരിത്രത്തില്‍ തന്നെ സ്ഥാനംപിടിക്കുമെന്ന് അയാള്‍ക്ക് അന്നേ തോന്നിയിരിക്കാം. ആ ഒരൊറ്റ ചിത്രം മതി വിയറ്റ്‌നാം യുദ്ധം എന്തെന്ന് അറിയാന്‍. വാക്കുകള്‍ കൊണ്ട് പറയാവുന്നതില്‍ അപ്പുറമായിരുന്നു ആ ഒരു ചിത്രം നമ്മെ കൊണ്ടുപോയത്.
അന്ന് 1972 ജൂണ്‍ 8 സൈനികരുടെ വെടിയൊച്ച കിം ഫുക്ക് കേള്‍ക്കുന്നുണ്ട്്. ‘ഈ സ്ഥലത്തു നിന്നും നമ്മള്‍ രക്ഷപ്പെടേണ്ടതുണ്ട്. അവര്‍ ഇവിടെ ബോംബിടും. നമ്മള്‍ മരിക്കും.” ഫുക്ക് തന്റെ സഹോദരനോട് പറഞ്ഞു.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ കാണുന്നത് മഞ്ഞ നിറത്തിലും പര്‍പ്പിള്‍ നിറത്തിലുമുള്ള പുക ബോംബുകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വര്‍ഷിക്കുന്നതാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവളും അവളുടെ കുടുംബവും അവിടെയായിരുന്നു അഭയം തേടിയിരുന്നത്. എന്നാല്‍ സൗത്ത് വിയറ്റ്‌നാമിലെ സൈന്യം ആ ഗ്രാമത്തെ അവരുടെ വരുതിയിലാക്കിക്കഴിഞ്ഞിരുന്നു. കുറച്ചുനിമങ്ങള്‍ക്കുള്ളില്‍ തന്നെ ആ ഗ്രാമം കത്തിച്ചാമ്പലാകാന്‍ തുടങ്ങി. അലറിയുള്ള കരച്ചിലാണ് പിന്നീട് അവള്‍ കേള്‍ക്കുന്നത്.
ആകാശത്തുനിന്നു സൈനിക വിമാനങ്ങളില്‍ നിന്നും ബോംബുകള്‍ വര്‍ഷിക്കുന്നത് അവള്‍ കണ്ടു. ബോംബിട്ടു കഴിഞ്ഞപ്പോള്‍ ആ പ്രദേശം മുഴുവന്‍ ചുട്ടുപഴുക്കാന്‍ തുടങ്ങി. ഫൂകിന്റെ ഇടതുകൈയ്യില്‍ തീപടര്‍ന്നു. കോട്ടണ്‍ വസ്ത്രത്തിലൂടെ തന്റെ ശരീരത്തിലേക്ക് തീപടരുന്നത് അവള്‍ കണ്ടു. മാനസിക നില തെറ്റിയതുപോലെ അവള്‍ ഓടി. വസ്ത്രത്തെ കുറിച്ച് ഓര്‍ത്തില്ല. അത് പറിച്ചെറിഞ്ഞു. ആളുകള്‍ എന്നെ കാണും എന്നൊന്നും ഓര്‍ത്തില്ല. എന്റെ മൂത്ത ജ്യേഷ്ഠനൊപ്പം ഹൈവേയിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടി. ഉടുതുണിയില്ലാതെ ഓടുന്ന തന്റെ ചിത്രം ഒരു ഫോറിന്‍ ജേണലിസ്റ്റ് എടുക്കുന്നതു പോലും കണ്ടില്ല.
യുദ്ധമുഖത്ത് നേരിട്ടുപോയി സാഹസികമായി ഫോട്ടോയെടുക്കുന്നതില്‍ ലോകപ്രശസ്തനാണ് നിക് ഉത്. തനിക്ക് പതിനാറുവയസ്സുമാത്രമുള്ളപ്പോള്‍ മൂത്ത ജ്യേഷ്ഠന്‍ ഹുയിന്‍ താന്‍ മൈ വിയത്‌നാം യുദ്ധത്തില്‍ കൊല്ലപ്പെട്ടത് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. അദ്ദേഹവും എപി ഫോട്ടോഗ്രാഫറായിരുന്നു.
ആ ദുരന്തചിത്രം ക്യാമറയില്‍ പകര്‍ത്തിയ നിക് ഉത് അവളെ ആശുപത്രിയിലെത്തിച്ച ശേഷം മാത്രമേ പത്രമോഫീസിലേക്ക് കുതിച്ചുള്ളൂ. ‘അവളുടെ ഓട്ടം കണ്ടപ്പോള്‍ എനിയ്ക്ക് കരച്ചില്‍ വന്നു. ഞാന്‍ അവളെ രക്ഷിച്ചില്ലെങ്കില്‍ ഒരു പക്ഷേ അവള്‍ മരിക്കും. പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. തന്റെ ചിത്രം ഓഫീസില്‍ എല്ലാവരേയും കാണിച്ചു. എന്നാല്‍ കണ്ടവരെല്ലാം അത് പ്രസിദ്ധീകരിക്കുന്നതിനെ വിലക്കി. നഗ്‌നതയെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന പുതിയ പോളിസിയുടെ ഭാഗമായിരുന്നു അത്.’
കുറേ ദിവസത്തേക്ക് പത്രങ്ങളില്‍ അത് അച്ചടിച്ചുവന്നില്ല. ഒമ്പതുകാരിയുടെ നഗ്‌നചിത്രം പ്രസിദ്ധീകരിക്കുന്നതുസംബന്ധിച്ച വിവാദങ്ങളാണ് തടസ്സമായത്. അമേരിക്കന്‍ ക്രൂരത മറച്ചുപിടിക്കാനുള്ള ഗൂഢാലോചനയായിരുന്നു ആ ‘ധാര്‍മിക ചര്‍ച്ച’യെന്നും ആക്ഷേപമുയര്‍ന്നിരുന്നു. അമേരിക്കന്‍ അധികൃതരാകട്ടെ ഫോട്ടോയുടെ വിശ്വാസ്യതയില്‍ സംശയം പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വിയറ്റ്‌നാമിലെ മികച്ച ഫോട്ടോ എഡിറ്ററായ ഹോഴ്‌സ് ഫാസ് ആ ചിത്രം കണ്ട ഉടന്‍ തന്നെ അതിന്റ വാര്‍ത്താപ്രാധാന്യം തിരിച്ചറിയുകയും ആ ഒരു ചിത്രം ചരിത്രത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റത്തെ കുറിച്ച് പറഞ്ഞ് അത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കി.
അങ്ങനെ വൈകിയാണെങ്കിലും ലോകം ആ ചിത്രം കണ്ട് ഞെട്ടിവിറച്ചു. രക്ഷപ്പെട്ടുവന്ന ആ പെണ്‍കുട്ടിയെ ക്രിസ്റ്റഫര്‍ വെയ്ന്‍ എന്ന ബ്രിട്ടിഷ് ഇന്‍ഡിപ്പന്‍ഡന്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്കറായി പിന്നീട് അവള്‍ക്ക് തുണ. അയാള്‍ അവള്‍ക്ക് വെള്ളവും ഭക്ഷണവും കൊടുത്തു. അവളുടെ മുറിവില്‍ മരുന്ന് പകര്‍ന്നുകൊടുത്തു. അവളെ അമേരിക്കന്‍ റണ്‍ ബാര്‍സ്‌കി യൂണിറ്റില്‍ ചേര്‍ത്തു.
‘ആദ്യമൊന്നും എനിയ്ക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ ഉണരുമ്പോള്‍ ആശുപത്രിയിലാണ് ഉള്ളത്. ശരീരമാസകലം വേദന. എന്റെ അടുത്ത് ഒരു നഴ്‌സ് ഉണ്ട്. കലശലായ വേദനയുമായി ഞാന്‍ എങ്ങിനെയോ എഴുന്നേറ്റിരുന്നു.’
ശരീരത്തിന്റെ മുപ്പത് ശതമാനത്തോളം പൊള്ളല്‍ ഏറ്റിരുന്നു. എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ഒരു നഴ്‌സ് വന്ന് എന്നെ എടുത്ത് ബേണ്‍ ബാത്തില്‍ കിടത്തി എന്റെ മൃദുകോശങ്ങളെയെല്ലാം മാറ്റും. ഞാന്‍ അവിടെ കിടന്ന് ഉറക്കെ കരയും. അവിടെ അധികനാള്‍ തുടരാന്‍ എനിയ്ക്ക് കഴിയില്ലായിരുന്നു. രണ്ടും മൂന്നും തവണ നടത്തിയ സര്‍ജ്ജറിയിലൂടെ ആശുപത്രി വിടാന്‍ കഴിഞ്ഞു. 13 മാസങ്ങള്‍ക്ക് ശേഷമാണ് പിന്നെ ഞാന്‍ ആ ഫോട്ടോ കാണുന്നത്. ആ ഒരു ചിത്രം പുലിസ്റ്റര്‍ പുരസ്‌ക്കാരമാണ് ഫോട്ടോഗ്രാഫര്‍ക്ക് നേടിക്കൊടുത്തതെന്നറിഞ്ഞു. എന്നാല്‍ അന്ന് ആ ഫോട്ടോയും അതിന്റെ ആഴവും അര്‍ത്ഥവും അന്നെനിക്ക് മനസ്സിലായില്ല. എങ്ങനെയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു അന്ന് തോന്നിയത്.
അങ്ങനെ ജീവിതം പതുക്കെ പഴയപടിയായി. ആ ഫോട്ടോ ഏറെ ഫെയ്മസ് ആയി. അങ്ങിനെ കുറച്ചുനാളുകള്‍ക്ക് ശേഷം നിക് ഉതും മറ്റു ചില ജേണലിസ്റ്റുകളും ചേര്‍ന്ന് ഇടയ്ക്കിടെ അവളെ കാണാന്‍ ചെന്നിരുന്നു. എന്നാല്‍ സൗത്ത് വിയറ്റ്‌നാമിന്റെ കണ്‍ട്രോള്‍ നോര്‍ത്തേണ്‍ കമ്മ്യൂണിസ്റ്റ് ഫോഴ്‌സുകളുടെ കൈയ്യിലായതിനുശേഷം ആ സന്ദര്‍ശനം നിന്നു.
ജീവിതത്തില്‍ പിന്നേയും ഒത്തിരി വേദനകള്‍ സഹിച്ചു. വേദനസംഹാരികളും മറ്റ് മെഡിക്കല്‍ ട്രീറ്റ്‌മെന്റുകളും എല്ലാം ചെയ്തു. തലവേദനയും മറ്റ് അസുഖങ്ങളും നിരന്തരമായി വരാന്‍ തുടങ്ങി.
എന്നിരുന്നാലും ഒരു ഡോക്ടര്‍ ആവുക എന്ന ലക്ഷ്യം മുന്നിലുള്ളതുകൊണ്ട് കഷ്ടപ്പെട്ട പഠിച്ച് മെഡിക്കല്‍ സ്‌കൂളില്‍ സീറ്റ് വാങ്ങി. എന്നാല്‍ നഗ്‌നയായി ഓടുന്ന കുട്ടി താനാണെന്ന് തിരിച്ചറിഞ്ഞ ചിലര്‍ അവളെ ആ കോളേജില്‍ തുടരാന്‍ അനുവദിച്ചില്ല. അവള്‍ക്ക് തിരിച്ച് അവളുടെ ഗ്രാമത്തിലേക്ക് തന്നെ വരേണ്ടി വന്നു. അവിടെയും ചില ഫോറിന്‍ ജേണലിസ്റ്റുകള്‍ വന്നു.അവര്‍ക്ക് അവള്‍ക്ക പറയാനുള്ള കഥകള്‍ കേള്‍ക്കണം അവളുടെ ഫോട്ടോ വേണം.
ആ ഫോട്ടോയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ഒരു ചിന്തമാത്രമേ പിന്നീട് എനിയ്ക്ക്ഉണ്ടായിരുന്നുള്ളു. കൂട്ടിന് ആരുമില്ലാത്ത അവസ്ഥ.സമൂഹത്തില്‍ ജീവിക്കാനുള്ള മടുപ്പ്. ആ യുദ്ധത്തില്‍ മരിച്ചുപോയിരുന്നെങ്കില്‍ എന്ന് ചിന്തിച്ച നിമിഷങ്ങളായിരുന്നു അത്.
അങ്ങിനെയിരിക്കെ ഒരു ലൈബ്രറിയിയില്‍ ചെന്നെടുത്ത ബൈബിള്‍ ആണ് തന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്ന് പഠിപ്പിച്ചത്. അങ്ങിനെ 1982 ല്‍ ജര്‍മ്മനിയിലേക്ക് യാത്ര തിരിച്ചു. അവിടുത്തെ ഫോറിന്‍ ജേണലിസ്റ്റിന്റെ സഹായത്തോടെ വിയറ്റ്‌നാമിലെ പ്രധാനമന്ത്രിയുടെ അടുത്ത് തന്റെ ആവശ്യം പറയാന്‍ കഴിഞ്ഞു.
തന്റെ കഥ കേട്ടതിനു ശേഷം ക്യൂബയില്‍ പഠിക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നു. നാളുകള്‍ക്ക് ശേഷമാണ് ലോസ് ഏന്‍ജസിലെ എ.പിയില്‍ ജോലി ലഭിക്കുന്നത്. അതിനിടെ പരിചയപ്പെട്ട വിയറ്റ്‌നാമിലെ ബുയി ഹുയി ടോണ് എന്ന യുവാവ് എന്നെ ഇഷ്ടമാണെന്ന് അറിയിക്കുന്നത്. അങ്ങനെ 1992 ല്‍ അവര്‍ വിവാഹിതരായി തിരിച്ച് ക്യൂബയിലേക്ക് തന്നെ ചെന്നു.
തന്റെ ജീവിതകഥ ലോകം അറയണമെന്ന് കൂടുതല്‍ ആഗ്രഹിച്ചിരുന്നത് ഭര്‍ത്താവായിരുന്നു. അങ്ങനെയാണ് പത്രത്തിലൂടെയും ചാനലിലൂടെയും ഇന്റര്‍വ്യൂകള്‍ വരാന്‍ തുടങ്ങിയത്. പിന്നീട് 1999 ല്‍ എന്റെ ജീവിതകഥ പറയുന്ന ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങി. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. ഞങ്ങളുടെ മകളോടൊത്ത് സന്തോഷമുള്ള ഒരു ജീവിതം നയിക്കുന്നു.
- See more at: http://www.doolnews.com/napalm-girl-photo-vietnam-war-turn-kim-phuc-456.html#sthash.wdZUMnxH.dpuf    
                
അശോക് ഡിക്രൂസ്: https://www.worldpressphoto.org/people/nick-ut                           1972 ലാണ് ഫോട്ടോ എടുത്തതെങ്കിലും 1973 ലെ പുലിറ്റ്സർ പ്രൈസാണ് നിക്ക് ഉത്തിന് ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ സൈറ്റ് പറയുന്നു. മംഗളം പറഞ്ഞ1972 തെറ്റിയതാണ്.                    

മിനി താഹിർ: ലോക മനസാക്ഷിയെ ഞെട്ടിച്ച ചിത്രങ്ങളിലൊന്ന്  പിന്നീട് പലപ്പോഴും വാർത്താപ്രാധാന്യം നേടിയിരുന്ന ഫോട്ടോഗ്രാഫ്....                    

അശോക് ഡിക്രൂസ്: പക്ഷേ, ഫേസ് ബുക്ക് നഗ്നതയുടെ പേരിൽ ആ ചിത്രത്തെ സെൻസർ ചെയ്തു!                     

രജനി: എല്ലാ യുദ്ധങ്ങൾക്കും പറയാനുണ്ടാകും ഓരോ കദന കഥകൾ.... മറച്ചു വെയ്ക്കപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്താൽ പോലും...  ചിലത് പുറത്തു വരുക തന്നെ ചെയ്യും.. ക്രൂരതയുടെ നിഴൽ പാട് എത്രത്തോളമുണ്ടെന്നത് അറിയിക്കുക തന്നെ ചെയ്യും..🙏🏻                    
   
സ്വപ്ന: മനസ്സിനെ കൊളുത്തി വലിക്കുന്ന ആ ഫോട്ടോയുടെ പിന്നാമ്പുറങ്ങൾ പലപ്പോഴായി അറിഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ അവതരണം, വർമ്മ മാഷിന്റെയും സജിത് മാഷിന്റെയും കൂട്ടിച്ചേർക്കൽ:... ഇവയെല്ലാം വളരെ ഉപകാരപ്രദമായി.                  

ശിവശങ്കരൻ: ചിത്രം വിചിത്രം
ഇന്നും തകർത്തു ..
അശോക് സാർ
അഭിനന്ദനങ്ങൾ

മിനി താഹിർ: നല്ല കുറിപ്പ്... ഇത്തരം കൂട്ടിച്ചേർക്കലുകളാണ് നമ്മുടെ ഗ്രൂപ്പിനെ അതിന്റെ ലക്ഷ്യലേത്തിക്കെത്തിക്കുന്നത്... അഭിനന്ദനങ്ങൾ....🌹🌹🌹🌹🌹     ചിത്രം വിചിത്രത്തിനും അഭിനന്ദനങ്ങൾ....🌹🌹🌹                     

വാസുദേവന്‍: വളരെ 🙏🙏ഉപകാര പ്രദം




മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ 
രജനി

എസ്. ഓമനക്കുട്ടി അമ്മ
1940 ഏപ്രില്‍ 19 ന് തിരുവനന്തപുരത്തെ തൃപ്പാദപുരത്ത് ജനിച്ചു. എം. ഗോവിന്ദപിള്ളയുടെയും ജി. സരസ്വതിയുടെയും മകള്‍. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് എം. എ. (മലയാളം) ബിരുദം നേടി. എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റില്‍ ട്രാന്‍സിലേറ്ററായും തുടര്‍ന്ന് മധുരയില്‍ ഗാന്ധിഗ്രാമിലും, നാഗര്‍കോവിലില്‍ ഹിന്ദു കോളേജിലും ലക്ചററായും ജോലി നോക്കി. പിന്നീട് കേരളാ യൂണിവേഴ്സിറ്റിയില്‍ സി. വിയുടെ ചരിത്യാഖ്യായികളെപ്പറ്റി ഗവേഷണം ചെയ്യവേ, യൂണിവേഴ്സിറ്റി വിമന്‍സ് ഹോസ്റ്റല്‍ വാര്‍ഡനായി കാര്യവട്ടത്ത് യൂണിവേഴ്സിറ്റി ക്യാമ്പസ്സിലും, വഴുതയ്ക്കാട് വിമന്‍സ് ഹോസ്റ്റലിലും സേവനം അനുഷ്ഠിച്ചു. “സാരഥി” (2008) എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ‘അഹം’ എന്ന കവിതയില്‍ പലപ്പോഴും നമ്മെ ഭരിക്കുന്ന അഹം എന്ന ബോധത്തെ - അഹങ്കാരത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്നതെങ്കിലും അഭംഗുരം തുടരുന്ന ജീവിതമെന്ന പ്രഹേളിക; മനസ്സിന്‍റെ ചഞ്ചല ചിന്തകളില്‍ മോഹവും സ്നേഹവും കോപവുമൊക്കെയുണ്ട്. എന്നാല്‍ ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ദേഹവും ജീവനും ആത്മാംശവും എല്ലാം കടം കൊണ്ടതാണ്. തിരിച്ചു കൊടുക്കേണ്ടതുമാണ്. കടം കൊണ്ട ഈ വസ്തുക്കളില്‍ അഹങ്കരിച്ചിട്ടു കാര്യമില്ല. ഈ വിഡ്ഢി വേഷം കണ്ട് ഇതൊക്കെ തന്നയാള്‍ ചിരിക്കുന്നുണ്ടാകും എന്ന് കവിയിത്രി നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുകയാണ്. “ജീവനോ? നാഥാ! നിന്നിഷ്ടദാനത്തിന- പ്പുറത്തൊന്നുമേയല്ലതും നിന്‍റെതല്ലേ? എന്തിനോതന്നെതിക്കെന്‍റെതായ് കാണുവാ- നെന്നാലതെന്‍ സ്വന്തമാവുന്നതെങ്ങനെ?”

എം. സാജിത
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ അദ്ധ്യാപിക. “എന്‍റെ കുട്ടിക്കാലം” (ചാര്‍ലി ചാപ്ലിന്‍), “അപ്സരസ്സുകളുടെ താഴ്വര”, “ഒടിഞ്ഞ ചിറകുകള്‍” (ഖലീല്‍ ജിബ്രാന്‍), “ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍” (ആന്‍ ഫ്രാങ്ക്), “എന്‍റെ ജീവിതകഥ” (ഹെലന്‍ കെല്ലര്‍) എന്നീ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിവര്‍ത്തനം എം. സാജിതക്ക് ഒരു തൊഴിലല്ല. അവര്‍ ഏറെ ആസ്വദിച്ചു ചെയ്യുന്ന ഒരു സര്‍ഗാത്മക പ്രവര്‍ത്തി തന്നെയാണ് അത്. പരിഭാഷക്കായി തിരഞ്ഞെടുത്തിട്ടുള്ള കൃതികള്‍ അവരുടെ ഹൃദയത്തോടടുത്ത് നില്‍ക്കുന്നവയാണെന്ന കാര്യം വായനക്കാര്‍ക്ക് പെട്ടെന്ന് തന്നെ ബോധ്യപ്പെടും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന ‘എന്‍റെ പുസ്തകം’ എന്ന പംക്തിയില്‍ അമൃതാ പ്രീതം എഴുതിയ “പോക്കറ്റടിക്കാര്‍” എന്ന നോവലിനെ കുറിച്ച് എം. സാജിത എഴുതിയിരുന്നു.              
        
ഇ. പി. സുഷമ
1964 മെയ് 17 ന് തളിക്കുളത്ത് ജനിച്ചു. ഇ. ആര്‍. പുഷ്പാംഗദന്‍ മാസ്റ്ററുടെയും കെ. കെ. ലീല ടീച്ചറുടെയും മകള്‍. നാട്ടിക ഈസ്റ്റ് യു. പി. സ്കൂള്‍, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ തളിക്കുളം, നാട്ടിക എസ്. എന്‍. കോളേജ്, തൃശൂര്‍ വിമല കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. പാരലല്‍ കോളേജ് അധ്യാപിക, കൈരളീസുധ വാരികയുടെ സബ് എഡിറ്റര്‍, അംഗവൈകല്യമുള്ള കുട്ടികളെ സഹായിക്കാന്‍ വേണ്ടി വാടാനപ്പള്ളിയില്‍ രുപീകൃതമായ സദ്ഭവനില്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു. 1996 ഫെബ്രുവരി 8 ന് അന്തരിച്ചു. മരണാനന്തരം “കഥയില്ലായ്മകള്‍” (1998) എന്ന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച കൃതി, ചെറുകഥാമത്സരങ്ങളില്‍ പങ്കെടുത്ത് അങ്കണം അവാര്‍ഡ്, ഗൃഹലക്ഷ്മി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പ്രത്യേക സാഹിത്യ പുരസ്ക്കാരം (മരണാനന്തരം) എന്നിവ നേടുകയുണ്ടായി. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ കൂടാതെ “പാഞ്ചാലി” എന്നൊരു നാടകവും എഴുതിയിട്ടുണ്ട്. ആത്മാവിന്‍റെ ദുഃഖസ്മൃതികള്‍ ആണ് ഇ. പി. സുഷമ തന്‍റെ കൃതികളില്‍ ആവിഷ്കരിച്ചിരിക്കുന്നത്. സുഷമയുടെ സമ്പൂര്‍ണ്ണകൃതികളുടെ സമാഹാരമാണ് “കഥയില്ലായ്മകള്‍” എന്ന ഗ്രന്ഥം. “കഥയില്ലാമയകള്‍” എന്ന സമാഹാരത്തിലെ എല്ലാ കഥകളിലും കഥകള്‍ നിറഞ്ഞു നില്‍ക്കുന്നതാണ് എന്ന് അവതാരികയില്‍ ഒ. എന്‍. വി. കുറുപ്പ് അഭിപ്രായപ്പെട്ടു. ഒരു സ്ത്രീയുടെ ജീവിത അനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് ‘വസുന്ധര’ എന്ന കഥ. വസുന്ധരയുടെ തന്‍റേടവും സൗന്ദര്യവും പലരേയും അസൂയാലുക്കളാക്കുന്നു. ഒരു ഗ്രാമത്തെ തന്നെ അവള്‍ പിടിച്ചു കുലുക്കുന്നു. തന്‍റെ യൗവനം അറുപതിനോടടുത്ത തന്‍റെ ഭര്‍ത്താവിന് അവള്‍ കാഴ്ചവയ്ക്കുന്നു. ഭര്‍ത്താവിന്‍റെ മരണശേഷം ഗ്രാമവാസികള്‍ വസുന്ധരയെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയും തെറ്റായ ജീവിതം നയിക്കുന്നവളായി കാണുകയും ചെയ്തു. വസുന്ധരയുടെ തെറ്റു കണ്ടുപിടിക്കാന്‍ ഉറങ്ങാതെ കാത്തിരുന്ന ഗ്രാമവാസികള്‍ക്ക് അവളുടെ രൗദ്രവേഷവും കാണേണ്ടി വരുന്നു. അകലെ ഏതോ ഒരു ഗ്രാമത്തില്‍ ജോലികിട്ടി വസുന്ധര ഗ്രാമത്തോട് യാത്ര പറയുന്ന നിമിഷം വളരെ ഹൃദ്യമായി കഥാകാരി ആവിഷ്ക്കരിക്കുന്നു. ഗ്രാമവാസികള്‍ വസുന്ധരയെ മനസ്സിലാക്കാന്‍ ശ്രമിച്ചത് വളരെ വൈകിയാണ്. ഗ്രാമവാസികളില്‍ വെറുപ്പില്‍ നിന്ന് അന്‍പിന്‍റെയും അലിവിന്‍റെയും പ്രവാഹമുണരാന്‍ തുടങ്ങുന്നു. അപ്പോഴേയ്ക്കും വസുന്ധര കയറിയ ബസ്സ് വളവ് തിരിഞ്ഞ് മറഞ്ഞു കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് കഴിയുന്ന ഒരു സ്ത്രീ എന്തെല്ലാം ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നതിന് ഉദാഹരണമാണ് ഈ കഥയിലെ വുസന്ധര. ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തി സമൂഹം അവളെ പഴിക്കുന്നു. ഈ കഥയിലെ വസുന്ധര എന്ന കഥാപാത്രം ആരുടെയും മനസില്‍ കയറി പറ്റാന്‍ കഴിയുന്ന തരത്തിലുള്ള വ്യക്തിത്വത്തിനുടമയാണ്. സുഷമയുടെ മയൂഖമാലകള്‍ പ്രസരിപ്പിച്ച ‘വസുന്ധര’ എന്ന കഥ ഒരു രത്മാണെന്നാണ് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ വിലയിരുത്തിയിട്ടുള്ളത്.        
             
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമത്തില്‍ ജനനം. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ബി. എഡും നേടി. ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റിയില്‍ നിന്ന് അധ്യാപനത്തിലും കെമിക്കല്‍ എഞ്ചിനീയറിംഗിലും മാസ്റ്റര്‍ ബിരുദം നേടിയ നീലഗിരി സ്റ്റെയിന്‍സ് ഹൈസ്കൂളിലും കടമ്പനാട് ഹൈസ്കൂളിലും അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. അമേരിക്കയിലെത്തി ഉന്നത വിദ്യാഭ്യാസം നേടിയതിന് ശേഷം നാസാകുണ്ടി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പബ്ലിക് വര്‍ക്സില്‍ എഞ്ചിനീയറായി ദീര്‍ഘകാലം ജോലി ചെയ്തു.
ആറ് കവിതാ സമാഹാരങ്ങള്‍, ഗീതാഞ്ജലിയുടെ പരിഭാഷയും എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‍റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മലയാളഭാഷയുമായുള്ള അവരുടെ ബന്ധത്തെ ബാധിച്ചിട്ടില്ല. മാത്രമല്ല നാട്ടിന്‍ പുറത്തെ അതിസാധാരണമായ ജീവിതത്തെ അതിസാധാരണമായ ഭാഷയില്‍ അവതരിപ്പിക്കുന്നതിനും അവര്‍ക്ക് കഴിയുന്നുണ്ട്. ڈപിന്നെയും പൂക്കുന്ന സ്നേഹംڈ എന്ന കാവ്യ ഗ്രന്ഥം തന്നെ ഇതിന് ഉദാഹരണം. കുടുംബത്തിനുള്ളില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും അവയുടെ ശുഭകരമായ പര്യവസാനവുമാണ് കവിതക്ക് വിഷയം. കുടുംബത്തിനുള്ളില്‍ അമ്മായിയമ്മയും മരുമകളും തമ്മിലുണ്ടാകുന്ന സംഘര്‍ഷം എല്ലാകാലത്തും സമൂഹത്തില്‍ ചര്‍ച്ചാവിഷയമാണ്. ഈ വിഷയത്തെ ഏകപക്ഷീയമായി കാണുന്നില്ല എന്നതാണ് എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‍റെ പ്രത്യേകത.
എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‍റെ രചനകള്‍ ധാരാളം പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്. ഫൊക്കാന അവാര്‍ഡ് (യു. എസ്. എ) 1994, 96, 98, ജ്വാല അവാര്‍ഡ്, (ഹ്യൂസ്റ്റണ്‍), 1996, നാലപ്പാട്ടു നാരായണ മേനോന്‍ അവാര്‍, 1998, തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടതായണ്.                        
**********************************************************